പരിശീലകന് എന്ന നിലയില്‍ തുര്‍ച്ചയായ രണ്ടു ലോകകിരീടങ്ങള്‍ നേടിയ ഒരേയൊരാളേയുള്ളൂ, 1934, '38 വര്‍ഷങ്ങളില്‍ ഇറ്റലിയുടെ പരിശീലകനായ വിട്ടോറിയോ പിസ്സി. അങ്ങനെയൊരു ചരിത്ര മുഹൂര്‍ത്തത്തിന് മുന്നിലാണിപ്പോല് ജര്‍മന്‍ പരിശീലകന് ജോക്കിം ലോവ്. കഴിഞ്ഞതവണ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന് വഴികാട്ടിയ പരിശീലകന് നാലുവര്‍ഷത്തിനുശേഷം റഷ്യയിലും ടീമിന്റെ അമരത്തുണ്ട്. ചരിത്ര നേട്ടത്തിന് മുന്നില്‍നില്‍ക്കേ ജോക്കിം ലോവ് സംസാരിക്കുന്നു.
ഇറ്റലിയും (1934, 1938) ബ്രസീലും (1958, 1962) മാത്രമേ തുടര്‍ച്ചയായി രണ്ടു ലോകകപ്പുകള്‍ ജയിച്ചിട്ടുള്ളൂ. ജര്‍മനി അവര്‍ക്കൊപ്പം ചേരുമോ?
തീര്‍ച്ചയായും ഞങ്ങള്‍ക്ക് അതിന് കഴിയും. അതേസമയം, അതൊട്ടും എളുപ്പവുമല്ല. ഒരു ലോകകപ്പ് ജയിക്കുക എന്നതുതന്നെ മഹത്തരമായ കാര്യമാണ്. അത് നിലനിര്‍ത്താന്‍ സാധിക്കുക എന്നത് ആത്യന്തികമായ സന്തോഷവും. ആ രണ്ടു ടീമുകള്‍ക്കൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കാനായാല് അത് വലിയ ബഹുമതിയും അതിരില്ലാത്ത ആഹ്ലാദവുമാകും.
2017 കോണ്‍ഫെഡറേഷന്‍സ് കപ്പിലും ജര്‍മനി ജേതാക്കളായി. കോണ്‍ഫെഡറേഷന്‍സ് കപ്പ് ജയിച്ച ടീം പിന്നീട് വരുന്ന ലോകകപ്പ് ജയിച്ച ചരിത്രമില്ല?
ചരിത്രം എനിക്കറിയാം, അത് തിരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്. പുതിയൊരു പാത വെട്ടിത്തുറക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇക്കുറി ജര്‍മനിയുടേത് പുതിയ ടീമാണ്.
ഇതിഹാസ താരങ്ങളായ ഫിലിപ്പ് ലാം, മിറോസ്ലാവ് ക്ലോസെ, ബാസ്റ്റിന് ഷ്വെയ്ന്‍സ്റ്റീഗര്‍ തുടങ്ങിയവര്‍ ഇക്കുറി ടീമിനൊപ്പമില്ല. പുതിയ സംഘത്തെ വാര്‍ത്തെടുക്കല്‍ പ്രയാസകരമായിരുന്നോ?
ഞങ്ങള്‍ യുവ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഓരോ അക്കാദമികളിലൂടെയും ഓരോ പ്രായവിഭാഗത്തിലൂടെയും അത് തുടരുന്നു. ഈ സ്ഥാപനങ്ങളെല്ലാം ദേശീയ ടീമിലേക്കുള്ള സപ്ലൈ ലൈനായി പ്രവര്‍ത്തിക്കുന്നു. ഒരു കാരണവശാലും ദേശീയടീമില്‍ പ്രതിഭകള്‍ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. ലാം, ക്ലോസെ തുടങ്ങിയവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍, ഞങ്ങള്‍ പുതിയ താരങ്ങളെ വിശ്വസിക്കുകയും അവര്‍ ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
രണ്ടാംനിര ടീമിനെക്കൊണ്ടാണ് നിങ്ങള്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയിച്ചത്?
ഏതുസമയത്തും കളത്തിലിറങ്ങാന്‍ തയ്യാറുള്ള 23 അംഗ സംഘം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ലോകകപ്പ് പോലുളള ടൂര്‍ണമെന്റുകളില്‍ ആദ്യ ഇലവന് മാത്രമല്ല, 23 പേരും അങ്ങനെയായിരിക്കണം. ആദ്യ ഇലവനെയല്ല, 23 അംഗ സംഘത്തെ വളര്‍ത്തിയെടുക്കുന്നതിലാണ് ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുന്നത്. അതൊരു തുടര്‍പ്രവര്‍ത്തനമാണ്.
ജര്മനിയെക്കൂടാതെ, കിരീടസാധ്യതയുള്ള ടീമുകള്‍ ഏതെല്ലാം?
പല ടീമുകളുണ്ടെന്നാണ് എന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ മൂന്നുതവണയും ലോകകപ്പ് ജേതാക്കള്‍ യൂറോപ്പില്‍ നിന്നായിരുന്നു. 2006-ല്‍ ഇറ്റലി, 2010-ല്‍ സ്പെയിന്, പിന്നെ ഞങ്ങള്‍. ഇക്കുറി കളി വീണ്ടും യൂറോപ്പിലെത്തി. സ്പെയിന്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ ടീമുകള്‍ കപ്പ് നേടാന്‍ കരുത്തരാണ്. ലാറ്റിനമേരിക്കയില്‍നിന്ന് ബ്രസീലും അര്‍ജന്റീനയും. ബെല്‍ജിയത്തെ എങ്ങനെ കുറച്ചുകാണാനാകും? ഏറെ മുന്നോട്ടുപോകാന്‍ ശേഷിയുള്ള ടീമാണ് ബെല്‍ജിയം.
ഇറ്റലിയും ഹോളണ്ടും റഷ്യയിലില്ല. അതിനെ എങ്ങനെ കാണുന്നു?
ഒരു ഫുട്ബോള്‍ സ്നേഹി എന്നനിലയില്‍ ലോകകപ്പില്‍ വലിയ പാരമ്പര്യമുള്ള ടീമുകളുടെ കളി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ലോക ഫുട്ബോളിന് ഏറെ സംഭാവനകള്‍ നല്കിയ രാജ്യങ്ങളാണ് ഇറ്റലിയും ഹോളണ്ടും. അവര്‍ കളിക്കാനില്ലാത്തത് വ്യക്തിപരമായി എന്റെ നഷ്ടമായി കരുതുന്നു. അതുപോലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും റഷ്യയിലില്ല. ഒരര്‍ഥത്തില്‍ ഇതെല്ലാമാണ് ലോകകപ്പ്. മികച്ച ടീമുകള്‍പോലും അവിടെ പ്രവേശനം നേടാന്‍ ബുദ്ധിമുട്ടുന്നു.
ലോകചാമ്പ്യന്മാരാകാന് എന്തുചെയ്യണം?
അതിപ്പോള്‍ ഒരു പട്ടിക തയ്യാറാക്കി ഓരോരോ കാര്യങ്ങളായി ചെയ്യാനാകില്ല. പ്രതിഭാശേഷിയുള്ള കളിക്കാര്‍ വേണമെന്ന് ഉറപ്പ്. എന്നാല്‍, അതുമാത്രം പോരാ, ജീവിതത്തിന്റെ ഓരോ മേഖലയിലും കഠിനാധ്വാനം വേണം. അതുംകൂടിയായാലും കപ്പ് ഉറപ്പിക്കാനാകില്ല. ആ പ്രക്രിയ, അതിന്റെ രീതികള്‍, അതിലുള്ള ഏകാഗ്രത, വ്യക്തി എന്ന നിലയിലും ടീം എന്ന നിലയിലും കളിയോടുള്ള സമര്‍പ്പണം... അങ്ങനെ പല ഘടകങ്ങളും ഒത്തുചേരുമ്പോഴാണ് ടീം കപ്പുയര്‍ത്താന്‍ പ്രാപ്തമാവുക. ഇതിനെല്ലാം പുറമേ അല്‍പ്പം ഭാഗ്യവും വേണം.!
റഷ്യയിലെത്തുന്നവരില് യുറുഗ്വായുടെ ഓസ്കര് ടബരേസും നിങ്ങളുമാണ് ദേശീയ ടീമിനെ തുര്‍ച്ചയായി കൂടുതല്‍ കാലം പരിശീലിപ്പിച്ചവര്‍. ഈ തുടര്‍ച്ച എത്രത്തോളം ഗുണകരമാണ്?
തീര്‍ച്ചയായും അത് ഗുണകരമാണ്. നിങ്ങള്‍ക്ക് ഓരോ കളിക്കാരെയും വ്യക്തമായി അറിയാം, അവര്‍ക്ക് നിങ്ങളെയും. ഒരു പ്രതിസന്ധിഘട്ടത്തില്‍ ആരെ കാണണമെന്നും ആരോട് സംസാരിക്കണമെന്നും അറിയാം. അത് പരീക്ഷണത്തിനുള്ള ധൈര്യം നല്‍കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രതീക്ഷകള്‍ തരുന്ന സമ്മര്‍ദം കൂടുതലായിരിക്കും. ലോക ഫുട്ബോളില്‍ ഞങ്ങളുടെ നേട്ടങ്ങള്‍ ശ്രദ്ധിച്ചാലറിയാം, പ്രതീക്ഷകള്‍ തരുന്ന സമ്മര്‍ദം ജര്‍മന്‍ ടീമിന്റെ പര്യായം തന്നെയാണ്. അനുകൂലങ്ങളും പ്രതികൂലങ്ങളും ഏറെയുണ്ടാകും. കൂടുതല്‍ കാലം ഇതേ സ്ഥാനത്ത് തുടരുന്നു എന്നത് എന്നെ സംബന്ധിച്ച് ശക്തിയാണ്.
Content Highlights: Joachim Low Geraman Coach Interview ahead of Russian World Cup 2018