1966 ലോകകപ്പില്‍ ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ബോബി മൂറിന് 25 വയസ്സായിരുന്നു. ആ ഇരുപത്തിയഞ്ചുകാരന്റെ ചുമലിലേറി അന്ന് ഇംഗ്ലണ്ട് ലോകകപ്പ് കിരീടമുയര്‍ത്തി. ഇംഗ്ലണ്ടിന്റെ ഒരേയൊരു ലോകകപ്പ്. 52 വര്‍ഷങ്ങള്‍ക്കുശേഷം 24 വയസ്സുള്ള ഹാരി കെയ്നിനെ നായകനാക്കി ഇംഗ്ലീഷ് ടീം റഷ്യയിലെത്തുന്നു. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ഫുട്ബോളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ സ്ട്രൈക്കര്‍മാരിലൊരാളായ ഹാരി കെയ്ന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. 

? ഇംഗ്ലണ്ട് ടീമിനെ നയിക്കാനാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും കരുതിയിരുന്നോ

- ലോകകപ്പില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കണമെന്ന സ്വപ്നം എനിക്കുണ്ടായിരുന്നു. എന്നാല്‍, ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പില്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത് വലിയ ബഹുമതിയായി കരുതുന്നു.

? ടീമിനെ നയിക്കണമെന്ന് കോച്ച് പറഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം

- സത്യം പറഞ്ഞാല്‍, കുറച്ചുദിവസം മുന്‍പേ എനിക്ക് അതേപ്പറ്റി സൂചന തന്നിരുന്നു. പുറത്തു പറയരുതെന്നും പറഞ്ഞിരുന്നു! അറിഞ്ഞപ്പോള്‍ വലിയ ആവേശമായിരുന്നു. എനിക്ക് 24 വയസ്സേ ആയുള്ളൂ, രാജ്യത്തിനുവേണ്ടി 23 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ലോകകപ്പ് ടീമില്‍ ഞാന്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, ടീമിന്റെ ചുമതല എന്റെ ചുമലില്‍ വരുമെന്ന് ചിന്തിച്ചതേയില്ല.

? അത് കൂടുതല്‍ സമ്മര്‍ദം തരുന്നുണ്ടോ

- ഞങ്ങള്‍ ഫേവറിറ്റുകളുടെ കൂട്ടത്തിലില്ല. ഫുട്ബോള്‍ പണ്ഡിതര്‍ അങ്ങനെ കരുതുന്നില്ല എന്നതാണ് സത്യം. വിജയതൃഷ്ണയുള്ള, താരതമ്യേന ചെറുപ്പക്കാരുടെ സംഘം എന്നാണ് ഞങ്ങളുടെ വിശേഷണം. അതുകൊണ്ടുതന്നെ അതിസമ്മര്‍ദം ഉണ്ടാകേണ്ട കാര്യമില്ല.

? ഇംഗ്ലണ്ടിലെ മാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദമോ

- ലോകകപ്പില്‍ ഇംഗ്ലണ്ടിനുവേണ്ടി ഇറങ്ങുന്ന ടീമിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടാകും. അത് അവഗണിക്കാനാകില്ല. അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

? ഇംഗ്ലണ്ടിന്റെ നായകന് എന്തുതോന്നുന്നു? അവരുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ

- അതിനുള്ള പ്രതിഭാശേഷിയും തീപ്പൊരിയും ഞങ്ങളില്‍ ഉണ്ടെന്നുതന്നെ ഞാന്‍ കരുതുന്നു. മുന്നേറാന്‍ ഞങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുക്കണം. ബാക്കിയെല്ലാം അതിന്റെ വഴിയേ നടന്നോളും. ഫുട്ബോളില്‍ എന്തും സംഭവിക്കാം, നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് നേരത്തേ നിശ്ചയിക്കാനാകില്ല.

? ഗ്രൂപ്പ് ജിയില്‍ നിങ്ങള്‍ക്കൊപ്പം ബെല്‍ജിയം, ടുണീഷ്യ, പാനമ എന്നീ ടീമുകളാണ്. ടുണീഷ്യയെയും പാനമയെയും മറികടന്ന് രണ്ടാം റൗണ്ടിലെത്താന്‍ ഇംഗ്ലണ്ടിന് ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍, ഒന്നാം സ്ഥാനത്തിനുവേണ്ടി ബെല്‍ജിയവുമായി ഏറ്റുമുട്ടേണ്ടിവരും

- കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ് ബെല്‍ജിയം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലോകഫുട്ബോളില്‍ ഏറ്റവും നന്നായി കളിക്കുന്ന ടീമുകളിലൊന്നാണ് ബെല്‍ജിയം. അവരുടെ മിക്കതാരങ്ങളും ഇംഗ്ലീഷ് ലീഗിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ എതിരാളികളുടെ ശക്തി ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്തായാലും ഇംഗ്ലണ്ട്-ബെല്‍ജിയം മത്സരം കഴിഞ്ഞാലേ അതിന്റെ റിസള്‍ട്ട് പറയാനാകൂ. ഗ്രൂപ്പിലെ അവസാനമത്സരമാണത്. ബെല്‍ജിയത്തെ നേരിടുംമുന്‍പ്, ഗ്രൂപ്പിലെ ആദ്യ രണ്ടു കളികളും ജയിച്ച് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കേണ്ടതുണ്ട്. അമേരിക്കയും ഹോണ്ടുറസും ഉള്‍പ്പെട്ട മേഖലയില്‍നിന്ന് അവരെ മറികടന്നാണ് പാനമ വരുന്നതെന്നോര്‍ക്കണം. ഏത് എതിരാളിയെയും ഞെട്ടിക്കാന്‍ ശേഷിയുണ്ട് ടുണീഷ്യക്ക്. എല്ലാം അനായാസമാണെന്നു കരുതി ഇരിക്കാനാകില്ല ഞങ്ങള്‍ക്ക്.

? നോക്കൗട്ടില്‍ കൊളംബിയയോ പോളണ്ടോ ആയിരിക്കും നിങ്ങളുടെ എതിരാളി. ക്വാര്‍ട്ടറില്‍ ബ്രസീല്‍ അല്ലെങ്കില്‍ ജര്‍മനി

- ക്ഷമിക്കണം, ആ രീതിയില്‍ ഞാന്‍ കണക്കുകൂട്ടിയിട്ടില്ല. രണ്ടാം റൗണ്ടിലേക്ക് കടക്കുക എന്നതാണ് ഞങ്ങളുടെ ആദ്യലക്ഷ്യം. ഞങ്ങള്‍ ചിന്തിക്കുന്നതും കണക്കുകൂട്ടുന്നതും ഗ്രൂപ്പിലെ മൂന്നുമത്സരങ്ങളെക്കുറിച്ചാണ്. അതില്‍ത്തന്നെ, ആദ്യ മത്സരത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചന. ഒന്നുകഴിഞ്ഞാല്‍ ഒന്ന്, ആ രീതിയില്‍ മുന്നേറുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ക്വാര്‍ട്ടര്‍ ലൈനപ്പുകളെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല.

? റഷ്യയില്‍ നിങ്ങളുടെ ഫേവറിറ്റ്

- രണ്ടാം റൗണ്ടിനെപ്പറ്റി എന്നതുപോലെ, മറ്റു ടീമുകളെക്കുറിച്ചും ഞാന്‍ ആലോചിക്കാറില്ല. ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ വന്‍കിട ടീമുകള്‍ റഷ്യയിലും ഫേവറിറ്റുകളാണ്. 2016 യൂറോകപ്പ് ഫൈനല്‍ കളിച്ച പോര്‍ച്ചുഗലിനെയും ഫ്രാന്‍സിനെയും അവരോടൊപ്പം ചേര്‍ക്കണം. 2010 ലോകകപ്പ് വിജയികളായ സ്‌പെയിനിന് ഇക്കുറി മികച്ച സംഘമുണ്ട്. അവരും ഫേവറിറ്റുകളാണ്. ഒപ്പം ഞങ്ങളെയും ചേര്‍ക്കുകയാണെങ്കില്‍ അതും സന്തോഷം.

? ഗോള്‍ഡന്‍ ബൂട്ട് സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഹാരി കെയ്നും ഉണ്ടോ

- സ്ട്രൈക്കര്‍ എന്ന നിലയില്‍ ഗോള്‍ നേടുക എന്നതാണ് എന്റെ ദൗത്യം. ഗോളടിക്കുന്നതില്‍ ഞാന്‍ ആഹ്ലാദം കണ്ടെത്തുന്നു. ഗോളടിക്കുമ്പോള്‍ നേടുന്ന ആഹ്ളാദം പറഞ്ഞറിയിക്കാനാകില്ല. ലോകകപ്പിലും പരമാവധി ഗോള്‍ നേടാനാകും എന്റെ ശ്രമം. ഗോളടിക്കാന്‍ ആഗ്രഹമുണ്ട് എന്നതുകൊണ്ട് എപ്പോഴും അതിന് പറ്റണമെന്നില്ല. പന്ത് കൈവശംവയ്ക്കുക, പിന്നില്‍നിന്ന് മറ്റുള്ളവരെ കളിപ്പിക്കുക, ഗോള്‍ നേടാന്‍ നമ്മളേക്കാള്‍ സാധ്യത മറ്റുള്ളവര്‍ക്കാണെങ്കില്‍ അവര്‍ക്ക് പന്ത് കൈമാറുക അങ്ങനെ ടീമിന് ആവശ്യമായത് നല്‍കുക എന്നതാണ് പ്രധാനം. തിരിച്ച്, ഞാന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ അത് ടീമിനും ഗുണകരമാകും.

Content Highlights: Harry Kane Interview and Expectations Of England In World Cup