ഞ്ചു കളിയിൽ ആറുഗോൾ. ബ്രസീൽ ലോകകപ്പിൽ (2014) ടോപ്‌ സ്കോററായ ഹാമിഷ് റോഡ്രിഗസിന് അന്ന് പ്രായം 22. ഈ മധ്യനിരതാരത്തിന്റെ മികവിലാണ് അന്ന് കൊളംബിയ ക്വാർട്ടറിലെത്തിയത്. നാലുവർഷങ്ങൾക്കിപ്പുറം റോഡ്രിഗസും കൊളംബിയയും വീണ്ടും ലോകകപ്പിനെത്തുകയാണ്. ലോകകപ്പിലെ പ്രതീക്ഷകളുമായി റോഡ്രിഗസ് സംസാരിക്കുന്നു.

കൊളംബിയയെ കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിലെത്തിക്കുന്നതിൽ നിങ്ങളുടെ പ്രകടനം നിമിത്തമായി. റഷ്യൻ ലോകകപ്പിൽ നിങ്ങളുടെ പ്രതീക്ഷ

ഒരുപക്ഷേ സെമി, അല്ലെങ്കിൽ ഫൈനൽ! ലോകകപ്പ് ഫൈനൽ മഹത്തരമാണ്. എന്നാൽ, തമാശയ്ക്കപ്പുറം എല്ലാ ടീമിനെയുംപോലെ ഞങ്ങളും ഫൈനലിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആദ്യ ലക്ഷ്യം ജൂൺ 19-ന് ജപ്പാനെതിരായ ആദ്യമത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ്.

കഴിഞ്ഞ ബ്രസീൽ ലോകകപ്പിലും ജപ്പാൻ നിങ്ങളുടെ ഗ്രൂപ്പിലായിരുന്നു. ജപ്പാനൊപ്പം, ഗ്രീസ്, ഐവറികോസ്റ്റ് എന്നിവരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്. ഇത്തവണ പോളണ്ടും സെനഗലുമാണ്. ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ ഏത് ഗ്രൂപ്പാണ് കടുപ്പമേറിയത്.

 ബ്രസീലിൽ ഗ്രൂപ്പിലെ എല്ലാ മത്സരത്തിലും ഞങ്ങൾ ജയിച്ചു. എന്നാൽ, ടൂർണമെന്റ് തുടങ്ങുന്നതിനുമുൻപ്‌ മൂന്നു ടീമിനെയും ഭയപ്പെട്ടിരുന്നു. എല്ലാ കളിയും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്ക് കടന്നപ്പോൾ ഞങ്ങൾ നന്നായി ചെയ്തെന്ന് മനസ്സിലായി. അതുതന്നെയാണ് ഇവിടെയും. തീർച്ചയായും എല്ലാം മത്സരവും ജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല.

ദക്ഷിണ അമേരിക്കൻ രാജ്യമല്ല, മറിച്ച് യൂറോപ്പാണ് ഇത്തവണ ലോകകപ്പിന് വേദിയാവുന്നത്. ഇത് യൂറോപ്യൻ രാജ്യങ്ങൾക്ക് സഹായകരമാവുമോ

ബ്രസീലിൽ യൂറോപ്യൻ രാജ്യമായ ജർമനിയാണ് കിരീടം ചൂടിയത്! ദക്ഷിണ അമേരിക്കയിലെ ഭൂരിപക്ഷം താരങ്ങളും യൂറോപ്യൻ ലീഗുകളിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരം യൂറോപ്പിലാണെന്നകാര്യം ഞങ്ങൾക്ക് വിജയം കണ്ടെത്തുന്നതിന് തടസ്സമാകില്ല. അതുപോലെ എല്ലാം യൂറോപ്യൻ ടീമുകൾക്കും സ്വന്തം നാട്ടിൽ കളിക്കുന്നതുപോലെ തോന്നും. അത് ഈ ലോകകപ്പിനെ കൂടുതൽ രസകരമാക്കും.

കഴിഞ്ഞ നാലു ടൂർണമെന്റുകളിൽ യൂറോപ്യൻ രാജ്യങ്ങളാണ് കിരീടത്തിൽ മുത്തമിട്ടുള്ളത്. ഇത്തവണ അതിന് മാറ്റമുണ്ടാകുമോ

എന്തുകൊണ്ട് പറ്റില്ല? എന്റെ അഭിപ്രായത്തിൽ ബ്രസീലും അർജന്റീനയും ലോകകപ്പ് കിരീടം നേടാൻ കെല്പുള്ളവരാണ്. അർജന്റീന കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായിരുന്നു. പുതിയ പരിശീലകനും പുതിയ താരങ്ങളുമായി ബ്രസീൽ ആ പഴയ ദിനങ്ങളെ മറികടന്നു. ഡീഗോ ഗോഡിൻ, ലൂയിസ് സുവാരസ്, എഡിൻസൺ കവാനി എന്നിവരുള്ള യുറഗ്വായും ശക്തരാണ്. പക്ഷേ, ഞങ്ങളെ ആ കൂട്ടത്തിൽ കൂട്ടണ്ട!

കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബോൾ നഷ്ടമായി

ആറു ഗോളുകാണ് ഞാൻ കഴിഞ്ഞ തവണ സ്കോർ ചെയ്തത്. ടീം സെമിയിലെങ്കിലും എത്തിയാൽ മാത്രമേ ഗോൾഡൻ ബോളിനെപ്പറ്റി ചിന്തിക്കേണ്ടതായുള്ളൂ. അതിലുപരി അത് അപ്രസക്തമാണ്. പരമാവധി മത്സരങ്ങളിൽ ടീം ജയിക്കുക എന്നത് മാത്രമാണ് പരമമായ ലക്ഷ്യം.

ഇത്തവണ ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ള താരങ്ങൾ

ഒരുപാടു പേരുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, ആന്ദ്രെ ഇനിയേസ്റ്റ, ടോണി ക്രൂസ് പിന്നെയും ഒരുപാട് മികച്ച താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്, എല്ലാവരുടെയും ആഗ്രഹം സ്വന്തം ടീമിനെ ഉയരങ്ങളിലേക്ക് ചുമലിലേറ്റാനാവും.

ആത്യന്തികമായി വ്യക്തിഗത മികവിനേക്കാൾ ടീമിന്റെ പ്രകടനമാവും ലോകകപ്പിൽ നിർണായകമാവുക. അതുകൊണ്ടുതന്നെ ഗോൾഡൻ ബോളിനെക്കുറിച്ച് ആരും അസ്വസ്ഥമാകില്ല. എല്ലാവരും അവരുടെ ടീമിനെ, രാജ്യത്തിനെ കൂടുതൽ വിജയങ്ങളിലേക്കെത്തിക്കാനാവും ശ്രമിക്കുക. അങ്ങനെ സംഭവിക്കുമ്പോൾ മികച്ച താരത്തിനുള്ള അവാർഡ് അവരിലേക്കെത്തും.

Content Highlights: Fifa WorldCup Soccer 2018 Columbia James Rodríguez Messi Christiano Ronaldo Neymar Golden Ball