സഫിക് സമുദ്രത്തിലെ ചെറുദ്വീപായ ന്യൂ കാലഡോണിയ, ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടം ഇന്നും തുടരുകയാണ്. കോളനി ഭരണകാലം മുതല്‍ തദ്ദേശീയരായ കാനക് ഗോത്രവിഭാഗം വിദേശീയരുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിവരുന്നു. അന്നത്തെ മുറിവുകളില്‍ പലതും ഇന്നും ഉണങ്ങിയിട്ടില്ല.

എന്നാല്‍, 1998ലെ ഫിഫ ലോകകപ്പില്‍ എതിരാളിയായ ബ്രസീലിന് കുറുകെയുള്ള ഫ്രാന്‍സിന്റെ വന്‍മതിലുകളില്‍ ഒരാള്‍ കാലഡോണിയക്കാരനായിരുന്നു; കാനക് വംശജനായിരുന്നു. സുവര്‍ണനേട്ടവുമായി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ഫ്രെഞ്ച് കാലാള്‍പ്പടയിലെ ആ മിഡ്ഫീല്‍ഡറുടെ പേരാണ് ക്രിസ്റ്റ്യന്‍ കരേമ്പു.

റഷ്യയില്‍ മറ്റൊരു ലോകകപ്പിന് അരങ്ങൊരുങ്ങുകയാണ്. ശ്രീലങ്കയില്‍ നിന്ന് ജനുവരി അവസാനം ലോകകപ്പ് ട്രോഫി പര്യടനം ആരംഭിച്ചു; ഫുട്‌ബോളിന് മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മാന്ത്രികശക്തിയുണ്ടെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച അതേ കരേമ്പുവിന്റെ സാന്നിധ്യത്തില്‍.

ലോകക്കപ്പിന് മുന്നോടിയായി കൊളംബോയില്‍ ആരംഭിച്ച ഫിഫ ട്രോഫി ടൂര്‍ വേദിയില്‍ നിന്ന് ക്രിസ്റ്റ്യന്‍ കെരേമ്പു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്...

കൂടുതല്‍ രാജ്യങ്ങള്‍ ഫിഫ ലോകകപ്പിന്റെ ഭാഗമാകേണ്ടതില്ലേ?

ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഫിഫ ലോകകപ്പിന്റെ ഭാഗമാകും. ഇന്ത്യ, സിംഗപൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. മിഡില്‍ ഈസ്റ്റും ഫുട്‌ബോളില്‍ തിളങ്ങുന്നു.

പല രാജ്യങ്ങളിലും കളിക്കാനുള്ള സൗകര്യങ്ങള്‍ കൂടിയിട്ടുണ്ട്. കളികള്‍ സംഘടിപ്പിക്കാന്‍ കൂടുതല്‍ സംരംഭകര്‍ മുന്നോട്ടുവരുന്നുണ്ട്. ഫുട്‌ബോളിന് ലോകത്തെമ്പാടും ആരാധകര്‍ വര്‍ധിക്കുന്നു. ഫിഫ ലോകകപ്പ് ട്രോഫി ടൂര്‍ പോലെയുള്ള പരിപാടികള്‍ ഫുട്‌ബോളില്‍ ആളുകളുടെ താത്പര്യം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

പുതുതലമുറയ്ക്ക് ഫുട്‌ബോളിനെ ഒരു പ്രൊഫഷനായി സ്വീകരിക്കാനുള്ള പരിശീലനം നല്‍കേണ്ടതില്ലേ?

കുട്ടികളില്‍ താത്പര്യം വര്‍ധിപ്പിക്കാന്‍ ഫുട്‌ബോള്‍ സാങ്കേതികമായി തന്നെ പഠിപ്പിക്കണം. ടീം മാനേജറും കോച്ചും ആകാന്‍ അവരെ പരിശീലിപ്പിക്കണം. ചെറിയപ്രായത്തില്‍ തന്നെ അതിനുള്ള പരിശീലനം നല്‍കണം. ചൈന ഇത്തരത്തിലുള്ള സമീപനം ആരംഭിച്ചുകഴിഞ്ഞു.

christian karembu

തീവ്രവാദം ലോകത്തെ വേര്‍തിരിച്ചുകൊണ്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഫുട്‌ബോള്‍ പോലുള്ള കായികവിനോദങ്ങള്‍ക്ക് ലോകത്തെ ഒന്നിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടിയില്ലേ?

ലോകത്തെ ഒന്നിപ്പിക്കുക എന്നതാണ് ഏതൊരു കായികവിനോദത്തിന്റേയും ലക്ഷ്യം. ഫുട്‌ബോളിന് ലോകത്തെ ഒന്നിപ്പിക്കാനുള്ള മാന്ത്രികശക്തിയുണ്ട്. ഫുട്‌ബോള്‍ ആര്‍ക്കും കളിക്കാം, മതമോ രാജ്യമോ വിലങ്ങുതടിയല്ല. 

രണ്ടാം ലോകമഹായുദ്ധകാലത്ത് എതിരാളികളായിരുന്ന ജര്‍മനിയും ഫ്രാന്‍സും ഇടവേളകളില്‍ ഫുട്‌ബോള്‍ കളിച്ചിരുന്നു. ഇന്ന് പരസ്പരം യുദ്ധം ചെയ്യുന്ന ഇറാനും അമേരിക്കയും തമ്മില്‍ കളിക്കുന്നുണ്ട്. മൈതാനം അവരെയെല്ലാം ഒന്നിപ്പിക്കുന്നു

ലോക ഫുട്‌ബോള്‍ വേദിയില്‍ ഇന്ത്യയുടെ ഭാവി എന്താണ്? 

അണ്ടര്‍ 17 ലോകകപ്പ് മികച്ച രീതിയില്‍ ഇന്ത്യക്ക് സംഘടിപ്പിക്കാനായി. പ്രതികരണത്തില്‍ ഫിഫ സന്തുഷ്ടരാണ്. സൗകര്യങ്ങള്‍ എല്ലാം നല്ലതായിരുന്നു. ഇനിയും ആവര്‍ത്തിക്കണം. മറ്റു വിഭാഗങ്ങളിലുള്ള ലോകകപ്പ് മത്സരങ്ങള്‍ നടത്താനും ഇന്ത്യക്ക് അധികം വൈകാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇത്തവണ ഫിഫ ലോകകപ്പ് ആര് നേടും?

വിജയികളുടെ പട്ടികയിലേക്ക് ഫ്രാന്‍സും ബ്രസീലുമൊക്കെയാണ് നമ്മുടെ സ്ഥിരം പ്രതീക്ഷകള്‍. എന്നാല്‍ ഇത്തവണത്തെ ഫിഫ ലോകകപ്പില്‍ സ്‌പെയിനിന് സാധ്യതയുണ്ട്. ആഫ്രിക്കയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാം; ഇംഗ്ലണ്ടിനെ സൂക്ഷിക്കണം. അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കൻ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഫിഫ ലോകകപ്പ് ഓര്‍മകള്‍?

ഫിഫ ലോകകപ്പ് ആദ്യമായി കാണാനുള്ള അവസരം ലഭിക്കുന്നത് 1986ലാണ്. അന്ന് അത്ഭുതം തോന്നി. പിന്നീട് അത് നേടണമെന്ന് ആഗ്രഹിച്ചു. 1998ല്‍ കളിച്ച് സ്വന്തമാക്കാനായി; ലോകകപ്പില്‍ മുത്തമിടാനായി.

2018ലെ ഫിഫ ലോകകപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി ശ്രീലങ്കയില്‍ എത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ശ്രീലങ്ക പോലൊരു ചെറിയ ദ്വീപിലാണ് ഞാനും ജനിച്ചത്. ലോകകപ്പിലേക്ക് കളിക്കാന്‍ ഈ ദ്വീപില്‍ നിന്നും ഒരാള്‍ പോകുന്നുവെന്നത് സന്തോഷം പകരുന്നു.

Content Highlights: Fifa WorldCup 2018 Christian Karembeu France Who Will Win WorldCup