പാരമായ പ്രതിഭയും അൽപം വികൃതിയും ഒത്തുചേർന്ന ഒരാൾ... കളിക്കളത്തിൽ ലൂയി സുവാരസ് എന്ന യുറഗ്വായ് താരത്തിന് എന്നും എപ്പോഴും ചേരുന്ന മേൽവിലാസം അതായിരുന്നു. 2010-ലെ ലോകകപ്പിൽ ഘാനയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഗോൾലൈനിൽ നിന്ന് മനഃപൂർവം കൈകൊണ്ട് തട്ടി അവരുടെ ഗോളും സെമിഫൈനൽ പ്രവേശവും നിഷേധിച്ചവൻ. 2014-ലെ ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ അവരുടെ ഡിഫൻഡർ ജോർജിയോ ചെല്ലിനിനിയുടെ ഇടത്തേ കൈയിൽ കടിച്ചവൻ... വിവാദങ്ങളുടെ തോഴനായി കഴിഞ്ഞ ലോകകപ്പുകളിൽ നിറഞ്ഞ സുവാരസ് പക്ഷേ, മൂന്നാം ലോകകപ്പിനായി റഷ്യയിലെത്തുമ്പോൾ നിറഞ്ഞ പ്രതീക്ഷയിലാണ്. ബാഴ്‌സലോണയ്ക്കുവേണ്ടി മിന്നുന്ന ഫോമിൽ കളിക്കുന്ന സുവാരസ് ലോകകപ്പ് പ്രതീക്ഷകൾ പങ്കുവെക്കുന്നു.

മൂന്നാം ലോകകപ്പിന് താങ്കൾ റഷ്യയിലെത്തുന്നു. ഇക്കുറി എന്തൊക്കെയാണ് പ്രതീക്ഷകൾ

ഞാൻ കാത്തിരിക്കുന്ന ലോകകപ്പാണിത്. 2010ൽ ലോകകപ്പിന്റെ സെമിയിലെത്തിയ ഞങ്ങൾ കഴിഞ്ഞവർഷം പ്രീ-ക്വാർട്ടറിൽ പുറത്തായി. ഇക്കുറി അതിലും മികച്ച പ്രകടനമാണ് മനസ്സിലുള്ള ആഗ്രഹം... എനിക്കും രാജ്യത്തിനും അത് കൂടിയേ തീരൂ.

കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും വിവാദങ്ങളിലൂടെയായിരുന്നു താങ്കൾ ശ്രദ്ധിക്കപ്പെട്ടത്. 2010-ലെ ലോകകപ്പിൽ കൈകൊണ്ട് പന്ത് തട്ടിയതിന് റെഡ് കാർഡ് കണ്ട താങ്കൾക്ക് സെമിയിൽ കളിക്കാൻ കഴിഞ്ഞില്ലല്ലോ

 ഘാനയ്ക്കെതിരായ മത്സരത്തിൽ ഗോൾലൈനിൽ നിന്ന് ഞാൻ കൈകൊണ്ട് പന്ത് തട്ടിയതിനെപ്പറ്റി നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. പക്ഷേ, ആ സമയത്ത് എങ്ങനെയെങ്കിലും ഗോൾ തടയുക എന്നത് മാത്രമായിരുന്നു എന്റെ മുന്നിലുള്ള ഏകവഴി. ആ ഗോൾ പോസ്റ്റിൽ കയറിയാൽ എന്റെ ടീം തോൽക്കുമായിരുന്നു. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും പന്ത് തടഞ്ഞ് പെനാൽട്ടി എന്ന സാധ്യതയിലേക്ക് കളി കൊണ്ടുപോകാനാണ് ആ നിമിഷം എനിക്ക് തോന്നിയത്. ആ ഫൗളിൽ ഘാനയ്ക്ക് കിട്ടിയ പെനാൽട്ടി ക്രോസ്ബാറിൽ തട്ടിത്തെറിച്ചതോടെ ഞാൻ ചെയ്തതുതന്നെയായിരുന്നു ശരിയെന്ന് എനിക്ക് തോന്നി.

2014-ലെ ലോകപ്പിലെ സംഭവങ്ങളെപ്പറ്റി എന്തു തോന്നുന്നു

അത് വീണ്ടും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അന്ന് ചെല്ലിനിയെ കടിച്ചതിന് സസ്പെൻഷൻ കിട്ടിയെന്നത് നേരാണ്. അതുകഴിഞ്ഞ് നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ റഷ്യൻ ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്.

ഇത്തവണ ആദ്യ റൗണ്ട് എളുപ്പമാണെന്ന് കരുതുന്നുണ്ടോ

റഷ്യ, സൗദി അറേബ്യ, ഈജിപ്ത് എന്നിവർക്കൊപ്പമാണ് ഞങ്ങളുടെ ആദ്യറൗണ്ട് പോരാട്ടം. ആതിഥേയരായ റഷ്യയും ഈജിപ്തും കരുത്തരാണ്. സൗദി താരതമ്യേന എളുപ്പമുള്ള എതിരാളികളാണെന്ന് തോന്നാമെങ്കിലും ലോകകപ്പിൽ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനത്തിനാണെത്തുന്നതെന്ന് ഞങ്ങൾക്കറിയാം.

ഈജിപ്തിനെതിരായ ആദ്യ മൽസരത്തിനുള്ള ഒരുക്കങ്ങൾ എവിടെ വരെയായി

ഈജിപ്തിനെതിരായ മത്സരം വളരെ കടുപ്പമുള്ളതാകുമെന്ന് ഉറപ്പാണ്. 28 വർഷങ്ങൾക്കുശേഷം ലോകകപ്പിനെത്തുന്ന ഈജിപ്തിന് പലതും തെളിയിക്കാനുണ്ടാകുമെന്നറിയാം. ആഫ്രിക്കൻ ടീമുകൾ എന്നും ലോകകപ്പിലെ അട്ടിമറിക്കാരാണെന്ന യാഥാർഥ്യവും ഉൾക്കൊണ്ടാണ് ഞങ്ങളുടെ ഒരുക്കം.

ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത്

നിലവിലുള്ള ചാമ്പ്യൻമാരായ ജർമനി ലോക നമ്പർ വൺ ടീമാണ്. ബ്രസീൽ സമീപകാലത്ത് പ്രകടിപ്പിക്കുന്ന അസാമാന്യമികവ് ആർക്കും ഭീഷണിയുയർത്തുന്നതാണ്. സ്‌പെയിൻ, ഫ്രാൻസ് ടീമുകൾ ശക്തരാണ്. പോർച്ചുഗലും ബെൽജിയവും ഇത്തവണ ഏറെ മുന്നേറാൻ കെൽപുള്ളവരാണ്. അർജന്റീനയും ഞങ്ങളും വലിയ പ്രതീക്ഷകളോടെതന്നെയാണ് എത്തുന്നത്.

ബാഴ്‌സയിൽ താങ്കളുടെ ടീംമേറ്റായ ലയണൽ മെസ്സിയെക്കുറിച്ച് എന്താണ് പറയാനുള്ളത്.

മെസ്സിക്ക് എല്ലാ ആശംസകളും നേരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറാണ് അദ്ദേഹം. പക്ഷേ, ലോകകപ്പിൽ ഞങ്ങൾക്കെതിരേ കളിക്കേണ്ടിവന്നാൽ അദ്ദേഹത്തെ തടയാൻ പരമാവധി ശ്രമിക്കുമെന്ന് മെസ്സിയോട് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. നിറഞ്ഞ ചിരിയോടെയാണ് മെസ്സി എന്റെ വാക്കുകൾ സ്വീകരിച്ചത്.

Content Highlights: Fifa World Cup 2018 Luis Suarez Interview