ബെല്‍ജിയത്തിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഈഡന്‍ ഹസാര്‍ഡ് 27 വയസ്സിനിടെ ബെല്‍ജിയത്തിനുവേണ്ടി 83 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരിക്കുന്നു. കളിക്കളത്തില്‍ സര്‍ഗാത്മക നീക്കങ്ങള്‍കൊണ്ടും സ്‌കോറിങ് പാടവംകൊണ്ടും ശ്രദ്ധേയനായ ഈഡന്‍ ഹസാര്‍ഡ് ബെല്‍ജിയത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നു

? ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും റഷ്യന്‍ ലോകകപ്പ്. നിങ്ങള്‍ അതിനോട് യോജിക്കുമോ

- തീര്‍ച്ചയായും. ഏതൊരു ഫുട്ബോളറെ സംബന്ധിച്ചും ഏറ്റവും വലിയ വേദി ലോകകപ്പാണ്. ഒരു ടീമെന്ന നിലയില്‍ ഇപ്പോള്‍ ബെല്‍ജിയം ടീം ഒത്തൊരുമയോടെ കളിക്കുന്നു. ഫിഫ റാങ്കിങ്ങില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഞങ്ങള്‍. റാങ്കിങ്ങിലെ സ്ഥാനംകൊണ്ട് കളി ജയിക്കാനാകില്ലെന്ന് അറിയാം. എന്നാല്‍ മൂന്നാം റാങ്കിലെത്തുന്നത് അത്ര എളുപ്പമല്ല. മികച്ച റാങ്ക് എന്നത് നേട്ടത്തിന്റെ സൂചനതന്നെയാണ്. സമീപകാലത്ത് ഞങ്ങള്‍ നന്നായി കളിച്ചു എന്നതിന്റെ തെളിവാണത്.

? മില്യന്‍ ഡോളര്‍ ചോദ്യം- ബെല്‍ജിയം ഇക്കുറി ആദ്യ ലോകകപ്പ് കിരീടം നേടുമോ

- അതെനിക്ക് പ്രവചിക്കാനാകില്ല. സത്യത്തില്‍ ആര്‍ക്കും പ്രവചിക്കാനാകില്ല. എന്നാല്‍ ബ്രസീലില്‍ കളിച്ചതിനേക്കാള്‍ നന്നായി ഞങ്ങള്‍ റഷ്യയില്‍ കളിക്കുമെന്ന് ഉറപ്പിച്ചുപറയാം. ഈ നാലുവര്‍ഷങ്ങളില്‍ ഞങ്ങള്‍ കളിക്കാര്‍ ഒന്നിച്ചുവളര്‍ന്നു. ടീം ഒന്നടങ്കം പക്വത നേടി. എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും ഇപ്പോള്‍ ഞങ്ങള്‍ക്ക് നന്നായറിയാം.

? റഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നീ ടീമുകള്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് കൊളംബിയ. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പില്‍നിന്ന് ചാമ്പ്യന്‍മാരായി ബെല്‍ജിയം മുന്നേറുമെന്നാണ് വിലയിരുത്തല്‍

- എ ഗ്രൂപ്പില്‍ എളുപ്പമാണെന്ന് ആരുപറഞ്ഞാലും ശരി, അത് മുഖവിലയ്ക്ക് എടുക്കാനാകില്ല. ഈജിപ്ത് മികച്ച ടീമാണ്. മുഹമ്മദ് സലയ്ക്ക് ലോകകപ്പ് കളിക്കാനാകുമോ എന്ന് എനിക്കറിയില്ല. ഇല്ലെങ്കില്‍ അത് വലിയ നഷ്ടമാകും. എന്തായാലും ഏത് ടീമിനും ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയും. ആതിഥേയരായ റഷ്യയ്ക്ക് ആരാധകരുടെ പിന്തുണ കൂടും എന്നോര്‍ക്കണം. സൗദി അറേബ്യ ആരെയും അമ്പരപ്പിക്കാന്‍ പോന്ന ടീമാണെന്ന് ഞാന്‍ കരുതുന്നു. ചുരുക്കത്തില്‍, ചുഴികള്‍ നിറഞ്ഞ ഗ്രൂപ്പാണിത്.

? വലിയ ലക്ഷ്യങ്ങളോടെയാണ് കൊളംബിയ ഇറങ്ങുന്നത്. ഏത് ടീമിനെയും നേരിടാന്‍ നിങ്ങള്‍ തയ്യാറാകേണ്ടതല്ലേ..

- അത് ശരിയാണ്. അതിന് ആദ്യം ഗ്രൂപ്പില്‍നിന്ന് മുന്നേറണം. ക്ലീഷേയാണെന്ന് തോന്നാം, എന്നാലും ലോകകപ്പില്‍ പങ്കെടുക്കുന്ന ഏതൊരു ടീമിന്റെയും പ്രാഥമിക ലക്ഷ്യം നോക്കൗട്ടിലേക്ക് കടക്കുകയാണ്. പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നതോടെ എതിരാളിയുടെ ശക്തി അറിഞ്ഞ് ഓരോ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കാം.

? പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലോ സ്പെയിനോ ആയിരിക്കും നിങ്ങളുടെ എതിരാളി

- നോക്കൗട്ടിലെത്തുന്നതോടെ അറിയാനാകും ആരാണ് എതിരാളിയെന്ന്. ഈ ഘട്ടത്തില്‍ അതിനെക്കുറിച്ചൊന്നും വേവലാതിപ്പെടുന്നില്ല. ആദ്യ മൂന്നു കളികള്‍ നന്നായി കളിച്ചു ജയിക്കട്ടെ...

? നിങ്ങളുടെ സഹപരിശീലകനായി തിയറി ഹെന്റി എത്തിയത് ഗുണം ചെയ്‌തോ

- കളിക്കാരന്‍ എന്ന നിലയില്‍ ഹെന്റിയുടെ മഹത്ത്വം ഞാന്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അദ്ദേഹത്തിന് കൃത്യമായ വീക്ഷണങ്ങളും കണക്കുകൂട്ടലുകളുമുണ്ട്. ഓരോത്തുരുടെയും കളി മെച്ചപ്പെടുത്താവുന്ന ചില ചെറിയവിദ്യകള്‍ അദ്ദേഹം പറഞ്ഞുതരും. അത് എല്ലാവര്‍ക്കും ഗുണകരമാവും.

? റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലകനായി ചുമതലയേറ്റശേഷം ഒരു കളിപോലും തോല്‍ക്കാതെയാണ് നിങ്ങള്‍ ലോകകപ്പിനു യോഗ്യത നേടിയത്. യൂറോ 2016 ക്വാര്‍ട്ടറിലെ തോല്‍വിക്കുശേഷം ടീമില്‍ എന്താണ് സംഭവിച്ചത്

- അത് വളരെ ലളിതമാണ്, ഞങ്ങള്‍ പിന്നീട് നന്നായി കളിച്ചു! അതിനുശേഷം ഒന്നൊഴികെ മറ്റെല്ലാ കളികളും ജയിച്ചു. ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ ഗോള്‍ വ്യത്യാസം നാല്‍പ്പതിലേറെയായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ അതുപോലെയാകില്ലെന്ന് എനിക്കറിയാം. എതിരാളി ഗോള്‍നേടുന്നത് തടയാന്‍ എല്ലാവരും പരമാവധി ശ്രമിക്കും. അതാണ് ലോകകപ്പിലെ കളി. എളുപ്പത്തിലുള്ള മത്സരങ്ങളില്ല, എളുപ്പമുള്ള എതിരാളിയുമില്ല. മാനസികമായും ശാരീരികമായു നമ്മള്‍ അങ്ങേയറ്റം ശക്തരായിരിക്കണം.

? 1986 ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതാണ് ഇപ്പോഴും ബെല്‍ജിയത്തിന്റെ മികച്ച പ്രകടനം

- അന്ന് മാറഡോണ പ്രഭാവത്തില്‍ ഞങ്ങള്‍ സെമിയില്‍ അര്‍ജന്റീനയോട് തോറ്റു. പിന്നീട് മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിലും തോറ്റു.

Content Highlights: Eden Hazard Interview On Russia World Cup And Expectations Of Belgium