ക്ലബ്ബ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കാത്ത നേട്ടങ്ങളില്ല. നിര്‍ണായക മത്സരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോയുടെ കാലുകള്‍ റയല്‍ മഡ്രിഡിനുവേണ്ടി ലക്ഷ്യം കാണുന്നു. ലോകഫുട്ബോളില്‍ അതല്ല സ്ഥിതി. പരിമിതമായ വിഭവശേഷിയുമായി വന്‍കിട ടീമുകളോട് ഏറ്റുമുട്ടുമ്പോള്‍ പോര്‍ച്ചുഗലിന്റെ പോര്‍മുന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഒറ്റയാന്‍ മാത്രമാണ്. യൂറോകപ്പില്‍ മുന്നില്‍ നിന്ന് കിരീടനേട്ടത്തിലേക്ക് നയിച്ചതുപോലെയുള്ള പ്രകടനമാണ് ആരാധകരും റഷ്യയില്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിനെയും പോര്‍ച്ചുഗല്‍ ടീമിനേയും കുറിച്ച് ക്രിസ്റ്റ്യാനോയുടെ പ്രതീക്ഷകള്‍...

? നാലാം ലോകകപ്പ് കളിക്കാനാണ് നിങ്ങള്‍ റഷ്യയിലെത്തുന്നത്. ഏതൊരു ഫുട്ബോള്‍ താരത്തെ സംബന്ധിച്ചും വലിയ നേട്ടമാണിത്. റഷ്യയില്‍ ക്രിസ്റ്റ്യാനോയില്‍നിന്ന് ഞങ്ങള്‍ക്ക് എന്തുപ്രതീക്ഷിക്കാം

അനുകൂലമായ റിസല്‍ട്ടിനുവേണ്ടി ഞങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്യും. പക്ഷേ, ഇത് ലോകകപ്പാണ്. ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് സ്പെയിന്‍, ഇറാന്‍, മൊറോക്കോ എന്നിവരുള്‍പ്പെട്ട കഠിനമായ ഗ്രൂപ്പിലും. പ്രാഥമികഘട്ടം കടന്ന് നോക്കൗട്ടിലെത്തുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അത് നേടിക്കഴിഞ്ഞാല്‍പിന്നെ എന്തും സംഭവിക്കാം.

? നിലവിലെ യൂറോകപ്പ് ജേതാക്കളാണ് പോര്‍ച്ചുഗല്‍. ഈ ലോകകപ്പ് ജയിക്കാന്‍ സാധ്യതയുള്ള ഫേവറിറ്റുകളുടെ കൂട്ടത്തിലാണോ പോര്‍ച്ചുഗല്‍

തുറന്നുപറയട്ടെ, അതിന് സാധ്യത കുറവാണ്. ഞങ്ങള്‍ ഫേവറിറ്റുകളുടെ കൂട്ടത്തിലല്ല. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി, അഞ്ചുതവണ കിരീടം നേടിയ ബ്രസീല്‍, സ്പെയിന്‍, അര്‍ജന്റീന തുടങ്ങി ചുരുക്കം ടീമുകളേ ഫേവറിറ്റുകളുടെ കൂട്ടത്തില്‍ വരുന്നുള്ളൂ എന്നാണ് എന്റെ വിലയിരുത്തല്‍. അതെല്ലാം വലിയ ടീമുകളാണ്. പക്ഷേ, ഫുട്ബോളില്‍ ഒന്നും പ്രവചിക്കാനാകില്ല. ഓരോ ദിവസത്തേയും പ്രകടനങ്ങള്‍ക്കനുസരിച്ചാണ് മത്സരഫലം. ഞങ്ങളുടെ ശക്തി അതുപോലെ മൈതാനത്ത് പ്രകടിപ്പിക്കുക എന്നതേ ചെയ്യാനുള്ളൂ. അതിന് തയ്യാറായിക്കഴിഞ്ഞു.

? സ്പെയിനിനെതിരേയാണ് നിങ്ങളുടെ ആദ്യമത്സരം. 2009 മുതല്‍ റയല്‍ മഡ്രിഡില്‍ കളിക്കുന്നതിനാല്‍ സ്പെയിന്‍ ടീമും താരങ്ങളും നിങ്ങള്‍ക്ക് അപരിചിതരല്ല. റയലിലെ സഹതാരങ്ങള്‍, പ്രത്യേകിച്ച് ക്യാപ്റ്റന്‍ സെര്‍ജി റാമോസ് ഉള്‍പ്പെട്ട സ്പാനിഷ് ടീമിനെതിരേ കളിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ

ഞങ്ങള്‍ ഒരേ ക്ലബ്ബിലാണെന്ന കാര്യം 90 മിനിറ്റ് നേരത്തേക്ക് ഞാനും റാമോസും മറക്കും. റാമോസ് നല്ല മനുഷ്യനാണ്. ആ 90 മിനിറ്റിന് മുന്‍പും ശേഷവും ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. റാമോസ് മാത്രമല്ല, എനിക്ക് നന്നായി അറിയുന്ന പലരുമുണ്ട് അവരുടെ സംഘത്തില്‍. എന്നെ അവര്‍ക്കും നന്നായി അറിയാം. അതുകൊണ്ട് രണ്ട് ടീമുകള്‍ക്കും ഇത് വലിയ പരീക്ഷണമായിരിക്കും.

? ലോകകപ്പ് കിരീടം ഒരു ഒഴിയാബാധയായി അസ്വസ്ഥപ്പെടുത്തുന്നുണ്ടോ

ഒരിക്കലുമില്ല. നിങ്ങള്‍ എന്തിലേക്കെങ്കിലും അതിയായി പ്രലോഭിപ്പിക്കപ്പെടുന്നുവെങ്കില്‍ അത് നേടാനാകില്ലെന്ന് ജീവിതത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. സങ്കല്‍പ്പങ്ങളെല്ലാം യാഥാര്‍ഥ്യമാകണമെങ്കില്‍ മറ്റൊരു ശക്തികൂടി അനുഗ്രഹിക്കേണ്ടതുണ്ട്. പരിശീലനത്തിലും കളിക്കളത്തിലും ആവുന്നത്ര അധ്വാനിക്കുക എന്നതേ എനിക്ക് ചെയ്യാനാകൂ. ആ ശ്രമം ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം സ്പോര്‍ട്സ് മാസികയില്‍ വായിക്കാം 

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Cristiano Ronaldo Interview On World Cup and Portugal Expectations