ബ്രസീലും ബാഴ്‌സയും ഫുട്‌ബോളില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടു പേരുകളാണ്. ഫിലിപ്പ് കുടിന്യോ കളിച്ചുതുടങ്ങിയ കാലത്ത് ലക്ഷ്യംവെച്ചതായിരുന്നു ആ രണ്ടു ടീമുകളും. 25 വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും അത് രണ്ടും യാഥാര്‍ത്ഥ്യമായിരിക്കുന്നു. വിങ്ങറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും കളിക്കുന്ന കുടിന്യോയ്ക്ക് റഷ്യയില്‍ പലതും ചെയ്യാനുണ്ട്. ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകളെ കുറിച്ച് കുടിന്യോ സംസാരിക്കുന്നു.

2014 ലോകകപ്പില്‍ നിങ്ങള്‍ക്ക് ബസ് നഷ്ടമായി. അതില്‍ ഇക്കുറി സീറ്റുപിടിച്ചിരിക്കുന്നു. എന്തുതോന്നുന്നു?

ലോകകപ്പില്‍ കളിക്കുകയെന്നത് ഓരോ ഫുട്ബോളറുടെയും സ്വപ്നമാണ്. തീര്‍ച്ചയായും വലിയ കാര്യം. 2014 ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടംകിട്ടാതായപ്പോള്‍ വല്ലാതെ നിരാശതോന്നിയിരുന്നു. അത് കഴിഞ്ഞ കാര്യം. അതിനുശേഷം ഞാന്‍ കഷ്ടപ്പെട്ടു. ദേശീയ ടീമിലേക്ക് എത്താന്‍ കഷ്ടപ്പെട്ടു. അതിനു ഫലമുണ്ടായി. ലാറ്റിനമേരിക്കയില്‍നിന്ന് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഞങ്ങള്‍. അന്തിമടീമിലും ഇടം നേടിയതോടെ എന്റെ സ്വപ്നം സത്യമായി.

ഫിഫ റാങ്കിങ്ങില്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാമതുള്ള ബ്രസീല്‍, റഷ്യയില്‍ കിരീടമുയര്‍ത്താന്‍ സാധ്യതയുള്ള പ്രധാന ടീമുകളുടെ കൂട്ടത്തിലാണ്?

ബ്രസീല്‍ എന്നും ഫേവറിറ്റുകളുടെ കൂട്ടത്തിലാണ്. ഞങ്ങള്‍ അഞ്ചുതവണ കിരീടം നേടി. ആറാം കിരീടത്തിനുവേണ്ടിയാണ് (Hexa) റഷ്യയിലേക്ക് പോകുന്നത്. ലോകകപ്പ് ജയിക്കുകയെന്നത് ലോകത്തെ ഏറ്റവും പ്രയാസകരമായ കാര്യങ്ങളിലൊന്നാണ്. അത് ഞങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. ഏറ്റവും ഉന്നതിയിലേക്ക് കുതിക്കാന്‍ശേഷിയുള്ള ടീമാണ് ബ്രസീലെന്ന് ഞങ്ങള്‍ക്കറിയാം. ആ ഉയരം കീഴടക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

ലോകകപ്പ് നേടുന്നതില്‍നിന്ന് നിങ്ങളെ തടയാന്‍ ശേഷിയുള്ള മറ്റൊരു പ്രധാന ശക്തി? 

തുറന്നുപറയട്ടെ, ലോകകപ്പ് ഉയര്‍ത്താന്‍ ശേഷിയുള്ള ഒന്നിലേറെ ടീമുകള്‍ റഷ്യയിലെത്തുന്നുണ്ട്. 2014 ലോകകപ്പ് നേടിയ ജര്‍മനി ഇക്കുറിയും ശക്തരാണ്. രണ്ടാംനിര ടീമുമായെത്തി അവര്‍ കഴിഞ്ഞവര്‍ഷം കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടി. അവരുടെ സ്‌ക്വാഡ് എത്ര ശക്തമാണെന്നതിന്റെ തെളിവാണത്.

ലയണല്‍ മെസ്സിയും അദ്ദേഹത്തിന്റെ അര്‍ജന്റീനയും ഏതൊരു ടീമിനും ഭീഷണിയാകും. പോര്‍ച്ചുഗലാകട്ടെ, നിലവിലെ യൂറോ ചാമ്പ്യന്‍മാരും. സ്‌പെയിനാണെങ്കില്‍ യുവത്വവും പരിചയസമ്പത്തും കൃത്യമായി ഒത്തുചേര്‍ന്ന കൂട്ടായ്മ. അവര്‍ക്ക് ഒന്നിന്റെയും കുറവില്ല. കഴിഞ്ഞ യൂറോ ഫൈനലിലെ തോല്‍വിക്ക് പകരംവീട്ടാനെത്തുന്ന ഫ്രാന്‍സും അപകടകാരികളാകും. യുറഗ്വായ്ക്കും നല്ല ടീമുണ്ട്. ചുരുക്കത്തില്‍, ലോകകപ്പില്‍ എപ്പോഴും അപ്രതീക്ഷിത ഫലങ്ങളുണ്ടാകാം.

ലിവര്‍പൂളില്‍നിന്ന് ബാഴ്സലോണയിലേക്കുള്ള നിങ്ങളുടെ കൂടുമാറ്റം ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അതിനുശേഷമുള്ള അഞ്ചുമാസങ്ങളില്‍ നിങ്ങള്‍ പൂര്‍ണമായും ബാഴ്സയുടെ ആളായി മാറിയോ?

ബ്രസീലിനെപ്പോലെ ബാഴ്സയും എന്റെ സ്വപ്നമായിരുന്നു. അങ്ങനെയൊരു ടീമാണത്. ഡ്രസ്സിങ് റൂമില്‍, ചുറ്റിലും ലോകോത്തര താരങ്ങള്‍. അവര്‍ക്കൊപ്പമായിരിക്കുക എന്നത് കളിക്കാരന്‍ എന്നനിലയിലും വ്യക്തി എന്നനിലയിലും നമ്മളെ പ്രചോദിപ്പിക്കും. റിയോയിലെ തെരുവില്‍ ഒരു കുട്ടി പന്തുതട്ടി പഠിക്കുന്നതുപോലെ, ബാഴ്സയിലായിരിക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗിലും വന്‍കിട യൂറോപ്യന്‍ ക്ലബ്ബുകളിലും കളിക്കാന്‍ പഠിക്കുന്നു. ഇന്റര്‍ മിലാനിലും ലിവര്‍പൂളിലും ബാഴ്സയിലും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇക്കുറി ബാഴ്സയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കളിക്കാനായില്ല. എങ്കിലും ഇറ്റാലിയന്‍ ലീഗിലും ഇംഗ്ലണ്ടിലും സ്‌പെയിനിലും കളിച്ച അനുഭവങ്ങള്‍ തീര്‍ച്ചയായും എന്നെ ഏറെ വലുതാക്കിയിരിക്കുന്നു.

അഞ്ചുമാസത്തിനിടെ ഒരു കിരീടത്തിന്റെ മധുരവും ബാഴ്‌സ സമ്മാനിച്ചു?

സത്യത്തില്‍ രണ്ടു കിരീടങ്ങളുണ്ട്. അവസാനത്തെ പടവില്‍ ലവാന്റെയോട് തോറ്റിരുന്നില്ലെങ്കില്‍, ഒരു കളിപോലും തോല്‍ക്കാതെ ലാലിഗ കിരീടം എന്ന മറ്റൊരുനേട്ടംകൂടി സ്വന്തമായേനെ. പക്ഷേ, ഇത് ഫുട്ബോളാണ്.  അങ്ങനെയൊരു നേട്ടം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ലവാന്റെയോട് തോറ്റ രാത്രി എല്ലാവരും അസ്വസ്ഥരായി. അതില്‍നിന്ന് ഒരു പാഠം പഠിച്ചു, കിരീടം ഉറപ്പായാലും 38 കളികള്‍ നീണ്ട ലീഗില്‍ 37 കളിയും ജയിച്ചാലും അപൂര്‍വതകള്‍ സൃഷ്ടിക്കണമെങ്കില്‍ എപ്പോഴും ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുക്കണമെന്ന പാഠം. അഞ്ചുമാസത്തിനിടെ രണ്ടു കിരീടങ്ങള്‍.നല്ല തുടക്കംതന്നെ.

coutinho
റഷ്യക്കെതിരായ സൗഹൃദ മത്സരത്തിനിടെ കുടിന്യോ   ഫോട്ടോ: ട്വിറ്റര്‍

സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കോസ്റ്ററീക്ക- അപകടകരമായ ഗ്രൂപ്പിലാണോ ബ്രസീല്‍?

തീര്‍ച്ചയായും. സ്വിറ്റ്സര്‍ലന്‍ഡ് നേരത്തേ പലതവണ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ 2010 ലോകകപ്പില്‍ ആദ്യമത്സരത്തില്‍ അവര്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു. ആ ലോകകപ്പില്‍ സ്‌പെയിനിന്റെ ഒരേയൊരു തോല്‍വി. ലോകകപ്പില്‍ ഒന്നും എളുപ്പമാണെന്ന് കരുതരുത്. ഏറ്റവും മികച്ച ടീമുകള്‍ മാത്രം കളിക്കുന്ന ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റാണിത്. ഒരു ചെറിയ പിഴവുപോലും അവിടെ പാടില്ല.

ബ്രസീലിന് മുന്നേറ്റത്തില്‍ ഒന്നിലേറെ താരങ്ങളുണ്ട്. കുടീന്യോയുടെ സ്ഥാനം എവിടെയായിരിക്കും?പത്താം നമ്പര്‍, ഒന്‍പത് അല്ലെങ്കില്‍ ഫാള്‍സ് നയന്‍, അതുമല്ലെങ്കില്‍ വിങ്ങുകളില്‍?

അതെല്ലാം കോച്ച് തീരുമാനിക്കും. ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കും. എവിടെ ആരെ നിയോഗിച്ചാലാണ് ഏറ്റവും മികച്ച ഫലം കിട്ടുകയെന്ന് അദ്ദേഹത്തിന് നന്നായറിയാം. കോച്ച് പറയുന്ന ഏതു സ്ഥാനത്തും ഞാന്‍ റെഡി.

2014-ല്‍ ജര്‍മനിയോടേറ്റ തോല്‍വി?

അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്, അതിനെ അവഗണിക്കാനാകില്ല. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ചരിത്രം മാറ്റിമറിക്കാനാകില്ല. പക്ഷേ, ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കാനാകും. അതിനുവേണ്ടിയാണ് ഞങ്ങള്‍ റഷ്യയിലേക്കുവരുന്നത്. 

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം).

Content Highlights: Brazil Footballer Philippe Coutinho Interview World Cup 2018