ബ്രസീലിയന്‍ ഫുട്ബോളിന് കിട്ടിയ ഒറ്റമൂലിയാണ് അഡെനര്‍ ലിയോണാര്‍ഡോ ബാച്ചി എന്ന ടിറ്റെ. 2014 ലോകകപ്പില്‍ സ്വന്തം നാട്ടില്‍ ജര്‍മനിയോട് അപമാനകരമായ തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ടീമിന് ശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് ടിറ്റെ ടീമിനെ മാറ്റിയെടുത്തു. രണ്ടുവര്‍ഷം മുന്‍പ്, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ തപ്പിത്തടയുന്ന കാലത്താണ് ടിറ്റെ പരിശീലകനായി എത്തിയത്.

അദ്ദേഹത്തിനുകീഴില്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ബ്രസീല്‍ റഷ്യയിലേക്ക് ടിക്കറ്റെടുത്തു. ടിറ്റെയ്ക്കുകീഴില്‍ 19 കളിയില്‍ 15 ജയവും മൂന്നു സമനിലയും. തോറ്റത് ഒരേയൊരു കളിയില്‍ മാത്രം. ഇതിനിടെ 42 തവണ ബ്രസീല്‍ താരങ്ങള്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ വഴങ്ങിയത് അഞ്ചുഗോളുകള്‍ മാത്രം. ഇത്രയും മികച്ച റെക്കോഡുകളുമായി റഷ്യയിലെത്തുന്ന ബ്രസീലിനെ പേടിച്ചേ മതിയാകൂ.ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകളെപ്പറ്റി ടിറ്റെ മനസ്സുതുറന്നപ്പോള്‍...

യോഗ്യതാ മത്സരത്തിലൂടെ റഷ്യന്‍ ലോകകപ്പില്‍ ആദ്യം സ്ഥാനമുറപ്പിച്ച ടീമാണ് ബ്രസീല്‍. റഷ്യയില്‍ കപ്പടിക്കാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിലൊന്ന്. അങ്ങനെയെങ്കില്‍ 1958-നുശേഷം ഒരിക്കല്‍ക്കൂടി യൂറോപ്പില്‍ ബ്രസീല്‍ കിരീടമുയര്‍ത്തും. നിങ്ങള്‍ സമ്മര്‍ദത്തിലാണോ?

ബ്രസീലിന്റെ പരിശീലകനാവുകയെന്നാല്‍ സമ്മര്‍ദങ്ങളെ നിയന്ത്രിക്കുക എന്നുകൂടി അര്‍ഥമുണ്ട്. ഞങ്ങള്‍ അഞ്ചുതവണ കപ്പുനേടി. എങ്കിലും ഓരോ ലോകകപ്പിലും കിരീടത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിയാകില്ല ഞങ്ങളുടെ ആരാധകര്‍. അങ്ങനെയൊരു വിശ്വാസത്തിന്റെപുറത്താണ് ഞങ്ങളുടെ നിലനില്‍പ്പുതന്നെ. അതുകൊണ്ടുതന്നെ പ്രതീക്ഷകള്‍ നല്‍കുന്ന സമ്മര്‍ദം എന്നും കൂടെയുണ്ടാകും. മറ്റുകാര്യങ്ങളൊന്നും ആലോചിക്കാതെ, ചെയ്യാനുള്ള കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി ചെയ്യുക.


 നിങ്ങള്‍ക്കു കീഴില്‍ 19 കളികളില്‍ പതിനഞ്ചിലും ജയിച്ചെങ്കിലും 2014 ലോകകപ്പില്‍ ജര്‍മനിയോടേറ്റ 7-1ന്റെ തോല്‍വി ബ്രസീലിനെ ഇന്നും പിന്തുടരുന്നുണ്ടാകും?

ഞാന്‍ ചുമതലയേറ്റശേഷം കുട്ടികളെല്ലാം നല്ല രീതിയില്‍ കളിച്ചു. അവര്‍ക്ക് ലോകത്തിനുമുന്നില്‍ ശക്തി വെളിപ്പെടുത്തണമായിരുന്നു. അവരത് ചെയ്തു. ഗ്രൗണ്ടിനുപുറത്തും സന്തോഷകരമായ അന്തരീക്ഷമാണ്. കളിക്കളത്തിലും പുറത്തും അവര്‍ സ്വതന്ത്രമായി പെരുമാറുന്നു.

ഈ മാറ്റത്തില്‍ നിങ്ങളുടെ പങ്ക് എന്തായിരുന്നു?

മത്സരഫലങ്ങളേക്കാള്‍ പ്രകടനമികവില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. റിസള്‍ട്ട് നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാല്‍, നന്നായി കളിക്കാന്‍ കഴിയും. അതിലാണ് ഞാന്‍ എപ്പോഴും ഊന്നുന്നത്. ടീം ഏതുരീതിയില്‍ കളിക്കണമെന്ന് നമ്മള്‍ തീരുമാനിക്കേണ്ടതുണ്ട്. കളിക്കാരുടെ മികവാണ് അതിന്റെ അടിസ്ഥാനം. ടീമിന്റെ കഴിവിനും താത്പര്യത്തിനും അനുസരിച്ച ശൈലി വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിച്ചു.

ഗ്രൂപ്പ് മത്സരങ്ങളില്‍ നിങ്ങളുടെ എതിരാളികളെല്ലാം ബ്രസീലിനെതിരേ പ്രതിരോധത്തില്‍ ഊന്നി കളിക്കാന്‍ ശ്രമിക്കും. അതിനുള്ള മറുമരുന്ന് എന്താണ്?

പ്രതിരോധത്തില്‍നിന്ന് കളിച്ചുതുടങ്ങാനാകും സ്വിറ്റ്സര്‍ലന്‍ഡിന് ഇഷ്ടം. കൗണ്ടര്‍ അറ്റാക്കുകളിലൂടെയും സെറ്റ് പീസുകളിലൂടെയും തിരിച്ചടിക്കാനാകും അവരുടെ ശ്രമം. സെര്‍ബിയ, പഴയ യുഗോസ്ലാവ്യന്‍ സ്‌കൂളിന്റെ സന്തതിയാണ്. സാധാരണയായി, എതിരാളികളെ കളിക്കാന്‍ അനുവദിക്കുകയും അവരുടെ സ്വതസിദ്ധമായ ഷോര്‍ട്ട് പാസ് കളിക്കാനുമാകും സെര്‍ബിയയുടെ ശ്രമം. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ടീമാണ് കോസ്റ്ററീക്ക. ലോകകപ്പില്‍ അവര്‍ ഒരു കളിപോലും തോറ്റിട്ടില്ല. ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലാണ് ഹോളണ്ടിനോട് തോറ്റത്. സ്വിറ്റ്സര്‍ലന്‍ഡിന്റെയും കോസ്റ്ററീക്കയുടെയും പ്രതിരോധം തകര്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സെര്‍ബിയയുടെ ആക്രമണത്തെ പേടിക്കണം. ചുരുക്കത്തില്‍ ഗ്രൂപ്പ് ഇ-യിലെ മത്സരം അവേശകരമായിരിക്കും.

neymar
നെയ്മര്‍ പരിശീലനത്തിനിടെ   ഫോട്ടോ: ട്വിറ്റര്‍

നിങ്ങളുടെ പദ്ധതിയിലെ അവിഭാജ്യഘടകമായിരുന്നു ഡാനി ആല്‍വസ്. മത്സരം അടുത്തിരിക്കേ, ആല്‍വസ് പരിക്കേറ്റ് പുറത്തുപോയിരിക്കുന്നു. ആല്‍വസിനുപകരം നിങ്ങളുടെ പ്ലാന്‍ ബിയിലെ പദ്ധതികള്‍ എങ്ങനെയാണ്?

പരിക്കും അപ്രതീക്ഷിത നഷ്ടങ്ങളും കളിയുടെ ഭാഗം തന്നെയാണ്. തീര്‍ച്ചയായും ഞങ്ങളുടെ പ്രധാനതാരമാണ് ആല്‍വസ്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തിയേ മതിയാകൂ. 

ആല്‍വസിന്റെ അഭാവത്തില്‍ 3-4-1-2 ഫോര്‍മേഷനിലേക്ക് മാറാന്‍ സാധ്യതയുണ്ടോ?

ഞങ്ങള്‍ക്ക് പല സാധ്യതകളുണ്ട്. സാഹചര്യത്തിനനുസരിച്ച് ഒരു ഫോര്‍മേഷനില്‍നിന്ന് മറ്റൊന്നിലേക്ക് മാറാന്‍  തയ്യാറാവുക എന്നതാണ് പ്രധാനം. ഒരു കാര്യം ഉറപ്പാണ്, മുന്‍പുചെയ്യാത്ത ഒരു കാര്യവും ഇക്കുറി ചെയ്യില്ല. ലോകകപ്പ് പോലൊരു വേദിയില്‍ പരീക്ഷണത്തിന് നില്‍ക്കാനാകില്ല.

ലോകകപ്പില്‍ പരീക്ഷണം പറ്റില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അത് ടീമിന് ഗുണം ചെയ്യില്ല. കളിക്കാരില്‍ അരക്ഷിതത്വവും സംശയങ്ങളുമുണ്ടാകും. മുന്‍കാല പരിശീലകര്‍ എന്നോട് പറഞ്ഞിട്ടുള്ളത് അങ്ങനെയാണ്. പരീക്ഷിച്ചുവിജയിച്ച രീതികള്‍ തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ നല്ലത്. പെട്ടെന്ന്, വലിയൊരു മാറ്റം പറ്റില്ല. 

ജര്‍മനിയുമായി ഈയിടെ സൗഹൃദമത്സരം കളിച്ചു. അന്നത്തെ മാനസികാവസ്ഥ എന്തായിരുന്നു?
 
കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ നേടിയ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസമുണ്ടായിരുന്നു. 1-7 ഫലം ഒരു ദുരന്തമായിരുന്നു, ദുരന്തങ്ങള്‍ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കില്ല. എവിടെയാണ് തെറ്റിയതെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍വേണ്ട മുന്‍കരുതലുണ്ട്. ജര്‍മനിയുമായുള്ള ആ മത്സരം എന്നും ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് മറന്നിട്ട് മുന്നോട്ടുപോകേണ്ടതുണ്ട്.

റഷ്യയില്‍ ബ്രസീല്‍ കിരീടം നേടുമെന്നാണോ പറയുന്നത്?

അങ്ങനെ ഉറപ്പിച്ചുപറയാന്‍ ആര്‍ക്കുമാകില്ല. ഏഴു മത്സരങ്ങളുടെ ടൂര്‍ണമെന്റാണ് ലോകകപ്പ്. കുറഞ്ഞത് ആറുകളികളെങ്കിലും ജയിച്ചാലേ കപ്പ് ഉറപ്പിക്കാനാകൂ. അത് ഒട്ടും എളുപ്പമല്ല. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു തോല്‍വിക്കുപോലും വലിയ വിലകൊടുക്കേണ്ടിവരും. അവസാന നാലുകളികള്‍ ജയിച്ചേ മതിയാകൂ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളില്‍ ഏഴു പോയന്റെങ്കിലും ഉറപ്പിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. നോക്കൗട്ട് ഘട്ടത്തിലെ കളി പ്രവചിക്കാനാകില്ല. ചാമ്പ്യന്‍മാരാകണമെങ്കില്‍ മികച്ച എതിരാളികള്‍ക്കെതിരെയും തുടക്കത്തിലെ അതേ മികവ് നിലനിര്‍ത്തുകതന്നെ വേണം.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Brazil Coach Tite Interview and World Cup 2018 Expectations