സ്വന്തം നാട്ടില്‍ നടന്ന യൂറോകപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോല്‍വി. അതേവര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് തോറ്റു. ഫ്രാന്‍സിന്റെയും അത്‌ലറ്റിക്കോയുടേയും മുന്‍നിരയിലെ പോരാളിയായിരുന്ന ഗ്രീസ്മാന്‍ ഈ തോല്‍വികളിലെല്ലാം നിസ്സഹായനായി നിന്നു. പക്ഷേ തളര്‍ന്നില്ല. 2018 യൂറോപ്പ ലീഗില്‍ അത്ലറ്റിക്കോയ്ക്കു വേണ്ടി കിരീടമുയര്‍ത്തി. കൂടുതല്‍ കരുത്തോടെ, ഫ്രാന്‍സിനൊപ്പം റഷ്യയിലേക്ക്... 

അത്ലറ്റിക്കോ മഡ്രിഡിനുവേണ്ടി യൂറോപ്പ ലീഗ് കിരീടം നേടിയതിന്റെ സന്തോഷത്തോടെയാകും റഷ്യയിലേക്ക് പോകുന്നത്?

സത്യമായും വലിയ ആശ്വാസമാണത്. അവസാനം, ഒരു യൂറോപ്യന്‍ കിരീടത്തില്‍ എന്റെ കൈ പതിഞ്ഞിരിക്കുന്നു. 2016 ഞങ്ങള്‍ക്ക് നിരാശയുടെ വര്‍ഷമായിരുന്നു. ആദ്യം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ റയലിനോട് തോറ്റു. പിന്നാലെ, യൂറോ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ തന്നെ പോര്‍ച്ചുഗലിനോട് തോറ്റു. യൂറോ കപ്പില്‍ ഞങ്ങള്‍ ആതിഥേയരായിരുന്നതിനാല്‍ തോല്‍വി വേദനകരമായിരുന്നു. പക്ഷേ, ആ രണ്ടു തോല്‍വികള്‍ എന്നെ കൂടുതല്‍ കരുത്തനാക്കി.

യൂറോപ്പ ലീഗ് ഫൈനലില്‍ നേടിയ രണ്ടു ഗോളുകള്‍ നിങ്ങള്‍ വിജയം എത്ര ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തി?

ജയിക്കാന്‍ അത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അത്ലറ്റിക്കോയിലെ എന്റെ സഹതാരങ്ങള്‍ക്ക് നന്ദി. അവരില്ലായിരുന്നെങ്കില്‍ അത് നടക്കുമായിരുന്നില്ല. അത്ലറ്റിക്കോയില്‍, ഏതെങ്കിലും കളിക്കാരനെ കൂടുതല്‍ ആശ്രയിക്കാതെ, ടീം ഗെയിമാണ് ഞങ്ങളുടേത്. ജയിച്ചാലും തോറ്റാലും അത് ടീമിനുള്ളതാണ്.

റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കളിയും അങ്ങനെയായിരിക്കുമോ?

തീര്‍ച്ചയായും. ഫുട്ബോളില്‍ ഒറ്റയ്ക്ക് ഒന്നും നേടാനാകില്ലെന്ന് ഫ്രാന്‍സിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. അത്ലറ്റിക്കോയില്‍ സിമിയോണിയും ഇതുതന്നെയാണ് പറയാറുള്ളത്.

റഷ്യയില്‍ ഓസ്ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സിന് രണ്ടാം റൗണ്ടിലെത്താന്‍ വലിയ പ്രയാസമുണ്ടാകില്ലെന്ന് കരുതുന്നു. നിങ്ങള്‍ എന്തുപറയുന്നു?

എന്റെ കണക്കുകൂട്ടലില്‍ ഈ മൂന്നുടീമും അപകടകാരികളാണ്, തങ്ങളുടേതായ ദിവസം ഏതു ടീമിനെയും ഞെട്ടിക്കാന്‍ ശേഷിയുള്ളവര്‍. ഈ ലോകകപ്പില്‍ പ്രത്യേകിച്ചും. രണ്ടാം റൗണ്ട് ഉറപ്പിക്കണമെങ്കില്‍ ആദ്യ മത്സരംതൊട്ട് ഞങ്ങള്‍ പരിശ്രമിക്കണം. പിന്നെ മാധ്യമങ്ങള്‍ എന്തുപറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാനെന്നല്ല, ടീമിലാരും ശ്രദ്ധിക്കാറില്ല. ഞങ്ങള്‍ കളിയില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.

അവസാന നിമിഷം ദിമിത്രി പയെറ്റ് പരിക്കേറ്റ് പുറത്തായത് ലെ ബ്ലൂസിന്റെ കളിയെ ബാധിക്കുമോ?

ക്ലബ്ബ് സീസണിലെ അവസാന മത്സരത്തില്‍ പരിക്കേറ്റ് ലോകകപ്പ് ടീമില്‍നിന്ന് പുറത്തുപോകേണ്ടിവന്നത് സങ്കടകരമായ കാര്യമാണ്. ടീമിന്റെ കളിയെ സ്വാധീനിക്കാന്‍ കഴിയുന്ന, പ്രധാനപ്പെട്ട കളിക്കാരനാണ് പയെറ്റ്. പക്ഷേ, ഇത്തരം കാര്യങ്ങളെ നേരിട്ടേ മതിയാകൂ. പരിക്കുകള്‍ നമ്മുടെ നിയന്ത്രണത്തിലല്ല, പ്രത്യേകിച്ച് ഫുട്ബോളില്‍. ഒരു ലോകകപ്പ് നഷ്ടപ്പെടുത്താന്‍ ഒരു ഫുട്ബോളറും താത്പര്യപ്പെടില്ല. പയെറ്റ് പോയതുകൊണ്ട് ഞങ്ങള്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടതുണ്ട്. പരിശീലകന്റെ കൈയില്‍ അതിനുള്ള മറുമരുന്നുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.

ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍, ചാമ്പ്യന്‍മാരായ ജര്‍മനിയോട് തോറ്റുമടങ്ങി. ആ അനുഭവം എങ്ങനെയായിരുന്നു?

പറയാതിരിക്കാനാകില്ല, വളരെ വളരെ സങ്കടകരമായിരുന്നു. കളിയുടെ തുടക്കത്തില്‍വന്ന ഒരേയൊരു ഗോളിനാണ് ഞങ്ങള്‍ തോറ്റത്. ഒപ്പമെത്താന്‍ ഞങ്ങള്‍ക്ക് ധാരാളം സമയമുണ്ടായിരുന്നു. അവര്‍ നന്നായി പ്രതിരോധിച്ചു. അവസരങ്ങള്‍ കിട്ടിയെങ്കിലും ഞങ്ങള്‍ക്ക് അത് മുതലാക്കാനായില്ല. ഫുട്ബോള്‍ അങ്ങനെയാണ്. യൂറോ ഫൈനലിലും പോര്‍ച്ചുഗലിനെതിരേ ഞങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ടായിരുന്നു. കിട്ടിയ അവസരം അവര്‍ മുതലാക്കി. അത് തടയാവുന്നതായിരുന്നു.

പയെറ്റിന്റെ അഭാവത്തില്‍, ഫ്രാന്‍സിന്റെ ആക്രമണച്ചുമതല നിങ്ങളുടെ ചുമലിലായിരിക്കും?

കൈലിയന്‍ എംബാപ്പെ, ഒസ്മാനെ ഡെംബലെ, ഒളിവര്‍ ജിറൂഡ്... അങ്ങനെ ഒരുകൂട്ടം പ്രതിഭകളുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. അതുകൊണ്ട് ഗോളടിക്കുന്നതിനെപ്പറ്റി ആശങ്കകളില്ല. പയെറ്റ് ഇല്ലാത്തതുകൊണ്ട് ഉത്തരവാദിത്വം കൂടും എന്നത് ശരിയാണ്. പക്ഷേ, സ്‌കോര്‍ ചെയ്യാന്‍ പറ്റുന്ന ഒന്നിലേറെ താരങ്ങള്‍ ഞങ്ങളുടെ മധ്യനിരയിലുമുണ്ട്.

1998 ലോകകപ്പ് വിജയിച്ച ഫ്രാന്‍സ് ടീമിലെ കളിക്കാരനായിരുന്നു ദെഷാംപ്സ്. പരിശീലകനായി അത് ആവര്‍ത്തിക്കാനാകുമോ?

ദെഷാംപ്സിനു കീഴില്‍ ബ്രസീലിലും (2014) ഫ്രാന്‍സിലും (യൂറോ 2010) ഞങ്ങള്‍ നന്നായി കളിച്ചു. പക്ഷേ, ഭാഗ്യം ഞങ്ങള്‍ക്കൊപ്പമായിരുന്നില്ല. അല്ലെങ്കില്‍ കിരീടം നേടേണ്ടതായിരുന്നു, യൂറോ കപ്പിലെങ്കിലും. ടീം എന്നനിലയില്‍ ഞങ്ങള്‍ക്ക് ടൂര്‍ണമെന്റ് ജയിക്കാനുള്ള കരുത്തുണ്ടെന്നതിന് തെളിവാണത്. ദെഷാംപ്സ് ഇല്ലായിരുന്നെങ്കില്‍ ടീമിന് ഈ തലത്തിലെത്താനാകുമായിരുന്നില്ല. ടീം നല്ലതാണ്, ഞങ്ങള്‍ നന്നായി തയ്യാറെടുത്തുകഴിഞ്ഞു. പിന്നെ റഷ്യയില്‍ എന്തുകൊണ്ട് കപ്പ് നേടിക്കൂടാ.

നിങ്ങളുടെ അഭിപ്രായത്തില്‍ ലോകകപ്പിലെ ഫേവറിറ്റ് ആരാണ്?

ഏറെയുണ്ടെന്നാണ് എന്റെ തോന്നല്‍. യൂറോപ്പില്‍നിന്നുള്ള പ്രധാന ടീമുകളെല്ലാം കപ്പ് വിജയിക്കാന്‍ ശേഷിയുള്ളവരാണ്. ഒപ്പം ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയും. ഒരു ടീമിനെ മാത്രമായി പറയാന്‍ ബുദ്ധിമുട്ടാണ്.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Antoine Griezmann Interview Ahead Of Russia World Cup