സ്പാനിഷ് ഫുട്‌ബോളിന്റെ മുത്ത്. 2010 ലോകകപ്പില്‍ 116-ാം മിനിറ്റില്‍ ഇനിയേസ്റ്റ നേടിയ ഗോളിലൂടെ ലാ റോജ ചരിത്രത്തിലാദ്യമായി ലോകകപ്പുയര്‍ത്തി. നാലു വര്‍ഷങ്ങള്‍ക്കിടെ സ്‌പെയിന്‍ ഒരു ലോകകപ്പും രണ്ടു യൂറോ കിരീടങ്ങളും നേടി. എന്നാല്‍, 2014 ബ്രസീല്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ മടങ്ങിയ സ്‌പെയിന്‍ ആരാധകരെ നിരാശപ്പെടുത്തി. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമായി സ്പാനിഷ് സംഘം റഷ്യയിലേക്കെത്തുമ്പോള്‍ മിഡ്ഫീല്‍ഡ് ജനറലായ ആന്ദ്രേ ഇനിയേസ്റ്റ സംസാരിക്കുന്നു...

ജൊഹാനസ്ബര്‍ഗില്‍ 2010 ലോകകപ്പ് ഫൈനലിന്റെ 116-ാം മിനിറ്റില്‍ നിങ്ങള്‍ നേടിയ ഗോള്‍ സ്പാനിഷ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ആ ദിവസം നിങ്ങളുടെ ഓര്‍മയിലില്ലേ?

ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില സന്ദര്‍ഭങ്ങളുണ്ടാകും. ആദ്യമായി ലോകകപ്പ് വിജയിച്ച ദിവസമാണ് എന്റെ കരിയറിലെ അവിസ്മരീണയ മുഹൂര്‍ത്തം. ഒരു മത്സരത്തില്‍ വിജയഗോള്‍ നേടുക എന്നത് ആഹ്ലാദകരമായ കാര്യമാണ്. ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍ നേടുക എന്നത് ആനന്ദത്തിന്റെ പരകോടിയും. ഞങ്ങളെല്ലാം അന്ന് മതിമറന്ന് ആനന്ദിച്ചു. അവിസ്മരണീയമായ ദിവസമാണത്.

2008 മുതല്‍ 2012 വരെ ഓരോ വര്‍ഷവും അന്താരാഷ്ട്ര ഫുട്ബോളില്‍ അല്ലെങ്കില്‍ ക്ലബ്ബ് തലത്തില്‍ നിങ്ങള്‍ സുപ്രധാനമായ ഓരോ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കരിയറിലെ ഏറ്റവും നല്ലകാലം അതായിരുന്നോ?

ഓരോ ഘട്ടത്തിലും ഇതിലും നന്നായി കളിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ബാഴ്സലോണയിലും സ്പാനിഷ് ദേശീയ ടീമിലും അത് നേട്ടങ്ങളുടെ കാലമായിരുന്നു. ബാഴ്സയ്ക്കു വേണ്ടി അക്കാലത്ത് രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ദേശീയ തലത്തില്‍ രണ്ട് യൂറോ കിരീടങ്ങളും അതിനിടെ ഒരു ലോകകപ്പും വിജയിച്ചു. അതുമായി ബന്ധപ്പെട്ടുനിന്ന എല്ലാവര്‍ക്കും അക്കാലം ആവേശകരമായിരുന്നു. ഫുട്ബോള്‍ ഒരു ടീം ഗെയിമാണ്. കിരീടങ്ങള്‍ നേടണമെങ്കില്‍ ടീം ഒന്നടങ്കം നന്നായി കളിക്കേണ്ടതുണ്ട്. ആ അഞ്ചുവര്‍ഷങ്ങള്‍ ഞങ്ങളുടേതായിരുന്നു.

റഷ്യയില്‍ മറ്റൊരു ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. പക്ഷേ 2014 ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയിനിന് എന്താണ് പറ്റിയത്?

സത്യം പറഞ്ഞാല്‍, അന്ന് ഞങ്ങള്‍ മികവിലായിരുന്നില്ല. ഉദ്ദേശിച്ച രീതിയില്‍ ടീം ക്ലിക്കായില്ല, ആദ്യറൗണ്ട് കഴിഞ്ഞതോടെ രാജ്യത്ത് തിരിച്ചെത്തി. നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ കുറച്ചുകൂടി നന്നായി കളിക്കേണ്ടതായിരുന്നു, സംശയമില്ല. ഹോളണ്ടിനോട് കനത്ത തോല്‍വിയോടെ (5-1) തുടങ്ങി, അടുത്ത കളിയില്‍ ചിലിയോടും തോറ്റു (2-0). അന്നത്തെ മോശം കളി ഇന്നും ഞങ്ങളെ വേദനിപ്പിക്കുന്നു. എന്തായാലും കളി തുടരുകതന്നെ, കൂടുതല്‍ ശക്തരായി ഞങ്ങള്‍ മറ്റൊരു ലോകകപ്പിന് എത്തിയിരിക്കുന്നു. 

ഇക്കുറി സ്‌പെയിന്‍ ഫേവറിറ്റുകളുടെ കൂട്ടത്തിലും?

ഞങ്ങള്‍ നന്നായി കളിച്ചു. പരിചയസമ്പന്നരായ ഒരു തലമുറ ടീമില്‍ ഉണ്ടായിരിക്കേ യുവാക്കളുടെ ഒരു സംഘം ടീമിലെത്തി. എല്ലാം തികഞ്ഞ കൂട്ടമാണിത്. പുതിയ പരിശീലകനുകീഴില്‍, അതിശക്തമായ ഗ്രൂപ്പില്‍നിന്ന് ഇറ്റലിയെ അടക്കം തോല്‍പ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ വന്നത്. ഗ്രൂപ്പില്‍ ഒരു കളിയും തോറ്റിട്ടില്ല. ടീം ആത്മവിശ്വാസത്തിലാണ്.

എന്തായാലും റഷ്യയില്‍ ഐബീരിയന്‍ ഡെര്‍ബിയോടെയാണ് (പോര്‍ച്ചുഗല്‍xസ്‌പെയിന്‍) തുടങ്ങേണ്ടത്?

അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. മികച്ച എതിരാളികളോട് കളിച്ചുകൊണ്ട് തുടങ്ങുന്നത് ടീമിന്റെ യഥാര്‍ഥ ശക്തി പുറത്തെടുക്കാന്‍ സഹായിക്കും. നിലവിലെ യൂറോ ചാമ്പ്യന്‍മാരാണ് പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ മറ്റ് ടീമുകളായ ഇറാനും മൊറോക്കോയും മികച്ച എതിരാളികളാകും.

റഷ്യന്‍ ലോകകപ്പ് അവസാനത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റായിരിക്കുമെന്ന് നിങ്ങള്‍ നേരത്തേ പറഞ്ഞിട്ടുണ്ട്... മറ്റൊരു ലോകകപ്പുമായി മടങ്ങണമെന്ന ആഗ്രഹം?

മുന്‍പ് സൂചിപ്പിച്ചപോലെ, പണ്ട് നന്നായി കളിച്ചിരുന്നു എന്നതിന്റെ പേരില്‍ എവിടെയും കടിച്ചുതൂങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ അവസാന ലോകകപ്പ് ആയിരിക്കും. സ്പാനിഷ് ടീമിനുവേണ്ടി ഏറെക്കാലം കളിച്ചു, ഏറെ നേട്ടങ്ങളുണ്ടാക്കി. റഷ്യയിലും നന്നായി കളിച്ച് കളംവിടാനാണ് എന്റെ ശ്രമം.

നിങ്ങള്‍ പല പരിശീലകര്‍ക്കുകീഴില്‍ കളിച്ചു. സ്‌പെയിനിന്റെ പുതിയ കോച്ച് ലോപ്ടേഗുയിയെ എങ്ങനെ കാണുന്നു?

ഓരോ കോച്ചിനും ടീമിനെക്കുറിച്ച് ഒരു പദ്ധതിയുണ്ടാകും. ലോപ്ടേഗുയിയുടെ സങ്കല്‍പ്പങ്ങളും പദ്ധതികളും ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട് എന്നാണ് ഇതുവരെയുള്ള മത്സരഫലം തെളിയിക്കുന്നത്. കളിക്കാര്‍ക്കെന്നപോലെ പരിശീലകര്‍ക്കും കരിയരിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകകപ്പ്. 

ടീമില്‍ നിങ്ങളുടെ സഹോദരതുല്യനായിരുന്ന സാവി ഹെര്‍ണാണ്ടസ് ഇക്കുറിയില്ല. സാവിയുടെ അഭാവം ടീമിനെ ബാധിക്കുമോ?

സാവിക്ക് പകരം മറ്റൊരാളില്ല. വിരമിച്ചശേഷം ഓരോ നിമിഷവും അദ്ദേഹത്തെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു. സ്പാനിഷ് ടീമിനൊപ്പവും ബാഴ്സയ്‌ക്കൊപ്പവും ഞങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്. അദ്ദേഹം ഞങ്ങളുടെയെല്ലാം അടുത്ത സുഹൃത്തുമായിരുന്നു.

ബാഴ്സയിലെ നിങ്ങളുടെ മറ്റൊരു സഹതാരം, ലയണല്‍ മെസ്സി ലോകകപ്പ് വിജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി  വരുന്നു?

നോക്കൂ, ഫുട്ബോളില്‍ ആര്‍ക്കും കിരീടം ജയിക്കാം. ടീമിലെ ഓരോരുത്തരുടെയും പരിപൂര്‍ണമായ സമര്‍പ്പണവും പിന്തുണയും ഉണ്ടെങ്കില്‍. ലയണല്‍ മെസ്സിക്കു വേണ്ടി ടീം ഒന്നടങ്കം ഉണരേണ്ടതുണ്ട്, തിരിച്ചും. ടെന്നീസല്ല ഫുട്ബോള്‍, ഒറ്റയ്ക്ക് ഒന്നും നേടാനാകില്ല. എന്നുമെന്നപോലെ മെസ്സി ഇപ്പോഴും തകര്‍പ്പന്‍ ഫോമിലാണ്. എന്തായാലും, ഞങ്ങളും റഷ്യയിലെത്തുന്നത് കിരീടം നേടാനാണെന്ന് മെസ്സിക്കറിയാം.

(ലോകകപ്പിനോടനുബന്ധിച്ച് പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖം. വിവിധ ഭാഷകളില്‍ നല്‍കുന്ന അഭിമുഖം മലയാളത്തില്‍ മാതൃഭൂമിക്ക് മാത്രം)

Content Highlights: Andres Iniesta Interview ahead of Russia World Cup