സ്‌ലന്‍ഡ് ഫുട്‌ബോള്‍ ടീമിന്റെ കോച്ച് ഒരു പല്ലു ഡോക്ടറാണ്. ഗോള്‍കീപ്പര്‍ ഹാനസ് ഹാള്‍ഡോര്‍സണ്‍ ചലച്ചിത്ര സംവിധായകനായിരുന്നു. പിന്നീടാണ് മുഴുവന്‍സമയ ഫുട്‌ബോളിലെത്തുന്നത്. 
ഉത്തര അറ്റ്‌ലാന്റിക് പ്രവാഹത്തിനും ആര്‍ട്ടിക് വൃത്തത്തിനും മധ്യേ തണുത്തുവിറച്ചുകൊണ്ടേയിരിക്കുന്ന ഹിമരാജ്യം- ഐസ്‌ലന്‍ഡ്. 

ദിവസം ശരാശരി നാല് മണിക്കൂര്‍ മാത്രമാണ് അവിടെ സൂര്യപ്രകാശം കിട്ടുക. ജനസംഖ്യ മൂന്ന് ലക്ഷത്തി മുപ്പത്തിനാലായിരം മാത്രം. റഷ്യ ലോകകപ്പിലെ അദ്ഭുതടീമാണ് ഐസ്‌ലന്‍ഡ്. ലോകകപ്പ് കളിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെയാണ് ഇക്കാര്യത്തില്‍ അവര്‍ മറികടന്നത്. 

ലോകകപ്പിന് നേരിട്ടുള്ള യോഗ്യതയ്ക്കായി ഐസ്‌ലന്‍ഡിന് ക്രൊയേഷ്യ, യുക്രൈന്‍, തുര്‍ക്കി ടീമുകളെ തോല്പിക്കേണ്ടിയിരുന്നു. രണ്ട് ദശ്ശാബ്ദങ്ങള്‍ക്കിടെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ കളിച്ച ടീമുകളാണെല്ലാം. പക്ഷേ, മഞ്ഞുരാജ്യം നേടി. ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണ് അവരുടെ കഥ. 

കടുത്ത തണുപ്പില്‍ രാജ്യത്തെ ഫുട്‌ബോള്‍ മരവിച്ചുപോയതോടെ ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ 2000ല്‍ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു. ഇപ്പോള്‍ കളിക്കാനും പരിശീലിക്കാനും ഏഴ് ഇന്‍ഡോര്‍ സൗകര്യങ്ങളുണ്ട്. പിന്നീട് ഫിഫയും ഇടപെട്ടു. ഏത് കാലാവസ്ഥയിലും കളിക്കാന്‍ കഴിയുന്ന വിധം സ്‌കൂളുകളില്‍ കൃത്രിമ പ്രതലങ്ങളൊരുക്കി. മൈതാനങ്ങളെ ചൂടുപിടിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ പ്രയോഗം. 

2003 വരെ യുവേഫയുടെ എ ലെവലോ ബി ലെവലോ യോഗ്യതയുള്ള ഒരൊറ്റ ഐസ്‌ലന്‍ഡുകാരനും ഉണ്ടായിരുന്നില്ല. ഫിഫ ഇടപെട്ടു. ഇന്ന് ആ യോഗ്യതകളുള്ള എണ്ണൂറോളം പേര്‍ രാജ്യത്തുണ്ട്. ആ പരിശീലകരുടെ സേവനങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കി. കൃത്യമായ ആസൂത്രണം വന്‍കുതിച്ചുചാട്ടമാണ് രാജ്യത്തെ ഫുട്‌ബോളിന് നല്‍കിയത്. ഇന്ന് സീനിയര്‍ ടീമിലുള്ളവരെല്ലാം വിദേശക്ലബ്ബുകളില്‍ കളിക്കുന്നവരാണ്. അതില്‍ ആറ് പേര്‍ ഇംഗ്ലണ്ടിലും രണ്ട് പേര്‍ ജര്‍മനിയിലും കളിക്കുന്നു. ഗില്‍ഫി സിഗറോസണെ ഈ സീസണില്‍ എവര്‍ട്ടണ്‍ സ്വന്തമാക്കിയത് 60 മില്യണ്‍ ഡോളറിനാണ്. 

Aron Gunnarsson
ക്യാപ്റ്റന്‍ ആരോണ്‍ ഗണ്ണേഴ്‌സണ്‍  ഫോട്ടോ:എ.പി

ബോള്‍ പൊസഷനില്‍ ഐസ്‌ലന്‍ഡ് എന്നും പിന്നിലായിരുന്നു. യോഗ്യതാറൗണ്ടില്‍ 41.6 ശതമാനം മാത്രമാണ് അവരുടെ ശരാശരി. ഗോളടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കുക. പിന്നെ, പ്രതിരോധം ഉരുക്കുകോട്ടയാക്കുക. അത്‌ലറ്റിക്കോ മഡ്രിഡിന്റെ തന്ത്രമതാണ്. കഴിഞ്ഞ അഞ്ച് സീസണുകളില്‍ അത്‌ലറ്റിക്കോ അത് വിജയകരമായി പരീക്ഷിച്ചു. ഇതില്‍ രണ്ടുവട്ടം അവര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തി. ഒരു വട്ടം ലാലിഗ നേടി. ഐസ്‌ലന്‍ഡും ആ തന്ത്രം പരീക്ഷിച്ചു വിജയിച്ചു. 

ചെറിയൊരു രാജ്യമെങ്കിലും വലിയ ആരാധകവൃന്ദമുണ്ട് ഐസ്‌ലന്‍ഡിന്. ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പില്‍ ടീമിനൊപ്പം രാജ്യത്തെ പത്തിലൊന്ന് ജനങ്ങളും പോയി. അതിനും ഫലംകണ്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനോടും ഹംഗറിയോടും സമനില. ഓസ്ട്രിയയെ തോല്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഫ്രാന്‍സിനോട് പൊരുതിത്തോറ്റു (5-2). 

ഐസ്‌ലന്‍ഡില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 30.5 ഡിഗ്രി സെല്‍ഷ്യസാണ്. 1939-ലായിരുന്നു അത്. രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട്, -39.7 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടെ ഐസ്‌ലന്‍ഡിലെ ശരാശരി വാര്‍ഷിക താപനില ഇങ്ങനെ: കൂടിയ ചൂട് : 6.7 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ ചൂട്: 0.2 ഡിഗ്രി സെല്‍ഷ്യസ്. 

വേനല്‍ക്കാലത്ത് തുടര്‍ച്ചയായ രണ്ടാഴ്ച ഈ രാജ്യത്ത് രാത്രിയില്ല. ഏറ്റവും കൂടിയ താപനില ജൂലായിലാണ്: ശരാശരി 11 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ താപനില ജനുവരിയിലും : 0 ഡിഗ്രി സെല്‍ഷ്യസ്. ഏത് കാലാവസ്ഥയാണെങ്കിലും അസഹനീയമായ ശീതക്കാറ്റ് ആഞ്ഞുവീശിക്കൊണ്ടേയിരിക്കുന്നു. മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ അവരുടെ ആദ്യമത്സരം അര്‍ജന്റീനയുമായാണ്. കൊടുംതണുപ്പില്‍ നിന്ന് മത്സരച്ചൂടിലേക്ക് മഞ്ഞുരാജ്യം നീങ്ങുകയാണ്.

Content Highlights: Iceland Football Team and 2018 Football World Cup