സാവോപോളോ: കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോട് നേരിട്ട നാണംകെട്ട തോല്‍വിയുടെ ഓര്‍മ്മകളുമായാണ് ഇത്തവണ ബ്രസീല്‍ വിശ്വ കിരീടത്തിനെത്തുന്നത്. നെയ്മര്‍ക്കൊപ്പം ഗബ്രിയേല്‍ ജീസസ്, ഫിലിപ്പ് കുട്ടിഞ്ഞോ തുടങ്ങിയ യുവനിരയിലാണ് ബ്രസീലിന്റെ പ്രതീക്ഷകളെല്ലാം. ഗബ്രിയേല്‍ ജീസസ് ഈ ലോകകപ്പിന്റെ താരമാകുമെന്ന് പ്രവചിക്കുന്നവരും നിരവധിയാണ്.

ലോകകപ്പിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ബ്രസീലിന്റെ ലോകകപ്പ് ചാമ്പ്യനായ റൊമാരിയോ. ആവശ്യത്തിന് സെക്‌സ് ചെയ്യൂ, ലോകകപ്പില്‍ ഗോളടിക്കൂ എന്നാണ് റൊമാരിയോ നല്‍കുന്ന ഉപദേശം. ലാന്‍സ് മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് റൊമാരിയോ ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ നൂറു ശതമാനം ശ്രദ്ധിച്ചാല്‍ മാത്രമേ ലോകകപ്പ് നേടാനാകൂ എന്നും ലോകകപ്പില്‍ കളിച്ചു ഗോളടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും റൊമാരിയോ വ്യക്തമാക്കി. 

ഇതുവരെ ബ്രസീലിനായി 15 മത്സരങ്ങളില്‍ നിന്ന് 21-കാരന്‍ ഒമ്പത് ഗോളടിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണവും നേടിയത് ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ്. അതേസമയം രാജ്യത്തിനായി 70 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് റൊമാരിയോ നേടിയത്.

Content Highlights: Gabriel Jesus offered World Cup advice by Brazil legend Romario