ജീസസെന്നാല്‍ ദൈവവും ഗബ്രിയേലെന്നാല്‍ ദൈവത്തിന്റെ സന്ദേശവാഹകനായ മാലാഖയുമാണ്. എന്നാല്‍ ദൈവത്തെയും മാലാഖയെയും ചിലപ്പോഴൊക്കെ ഒരാള്‍ക്കുള്ളില്‍ തന്നെ നമുക്ക് കാണാനാകും. ഗബ്രിയേല്‍ ജീസസെന്ന ബ്രസീലിന്റെ വണ്ടര്‍കിഡ് ബൂട്ടുകെട്ടി മൈതാനത്തേക്കിറങ്ങിയാല്‍ അവനില്‍ നിന്ന് ദൈവത്തെയും മാലാഖയെയും വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല.

ദിദി, പെലെ, ഗാരിഞ്ച, സീക്കോ, സോക്രട്ടീസ്, റൊണാള്‍ഡോ, റൊമാരിയോ, റിവാള്‍ഡോ, റൊണാള്‍ഡീന്യോ തുടങ്ങി പ്രതിഭയുടെ ധാരാളിത്തം നിറഞ്ഞ ബ്രസീലിലെ തെരുവോരങ്ങളിലൂടെ  നഗ്നപാദയായി പന്തുതട്ടി കളിച്ചു വളര്‍ന്ന ഒരുവന്‍ ഒരു ഗാലറിക്കുള്ളിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അവനില്‍ ദൈവത്തെയും മാലാഖയേയുമല്ലാതെ മറ്റാരെ കണാനാണ്? 2014ല്‍ ബ്രസീലിലെ തെരുവില്‍ മഞ്ഞയും പച്ചയും ചായമടിച്ചു നടന്ന പയ്യന്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മഞ്ഞക്കുപ്പായത്തില്‍ കീഴില്‍ കളിക്കാനിറങ്ങുമ്പോള്‍ അവനെ ഗബ്രിയേല്‍ ജീസസെന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്?

ജയിലുള്ളിനിലെ കളി, അമ്മയെന്ന നായിക

റിയോ ഡി ജനീറോയെ പോലെ തന്നെ ലോക ഫുട്ബോളിന്റെ ഈറ്റില്ലമായ പെലെ മുതല്‍ നെയ്മര്‍ വരെയുള്ള ഇതിഹാസങ്ങള്‍ക്ക് ജന്മം നല്‍കിയ സാവോപോളയില്‍ തന്നെയാണ് ജീസസും ജനിച്ചത്. സാവോപോളയുടെ വടക്ക് പരുക്കന്‍ സ്ഥലമെന്നറിയപ്പെടുന്ന ജാര്‍ദിം പെരിയില്‍. ഒരു ഫുട്‌ബോള്‍ താരത്തിലേക്കുള്ള ജീസസിന്റെ യാത്ര ഡബിള്‍ ബെല്ലടിച്ചു തുടങ്ങിയത് ജാര്‍ദിം പെരിയിലെ തെരുവുകളില്‍ നിന്നാണ്. എന്നാല്‍ ആ കഥയില്‍ ഒളിച്ചിരിപ്പുള്ള ഒരു നായികയുണ്ട്. ജീസസിന്റെ അമ്മ വേര ലൂസിയ. ഒരു വൈകുന്നേരം ഭര്‍ത്താവ് വീട്ടില്‍ നിന്നിറങ്ങിപ്പോയപ്പോള്‍ കൗമാരം പിന്നിടാത്ത മൂന്നു കുട്ടികളെയും ഉദരത്തിലുള്ള കുഞ്ഞിനെയും എന്തു ചെയ്യണമെന്നറിയാതെ ലൂസിയ മിഴിച്ചു നിന്നില്ല. ജാര്‍ദിം പെരിയില്‍ തനിക്ക് ചെയ്യാവുന്ന ജോലികളെല്ലാം ചെയ്ത് നാലു മക്കളേയും വളര്‍ത്തി. അങ്ങിനെ അച്ഛനില്ലാത്ത വീട്ടില്‍ ജനിച്ച ജീസസിന് പക്ഷേ അച്ഛനും അമ്മയുമായി ലൂസിയയുണ്ടായിരുന്നു. അച്ഛന്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ജീസസിന് ഇന്നും അറിയില്ല. 

ജീസസിന്റെ കൈയില്‍ പച്ച കുത്തിയിട്ടുള്ള സ്ത്രീയുടെ മുഖത്തിന് പിന്നിലെ കഥ അന്വേഷിച്ചു പോയാല്‍ അതിനുള്ള ഉത്തരവുമെത്തി നില്‍ക്കുക ലൂസിയയിലാണ്. കളര്‍ഫുള്ളായ ജീവിതത്തിന്റെ തിരശ്ശീലയിലെ ബ്ലാക്ക് ആന്റ് വൈറ്റ് ജീവിതത്തിന് ജീസസ് സമര്‍പ്പിച്ചതാണ് കൈയിലെ പച്ചകുത്തിയ അമ്മയുടെ ആ മുഖം. ഇങ്ങിനെയാരു ടാറ്റൂ ചെയ്യുന്ന കാര്യം ജീസസ് അമ്മയെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ എല്ലാം കഴിഞ്ഞ് അമ്മയ്ക്ക് സര്‍പ്രൈസായി ഈ ടാറ്റു കാണിച്ചപ്പോള്‍ അമ്മയുടെ പ്രതികരണം അതിലും രസകരമായിരുന്നുവെന്ന് ജീസസ് പറയുന്നു. 'എന്റെ മുഖത്തെ ചുളിവിനേക്കാള്‍ കൂടുതല്‍ ചുളിവുകള്‍ ഈ ടാറ്റൂവിലെ എനിക്കുണ്ടല്ലോ' എന്നായിരുന്നു ലൂസിയയുടെ പ്രതികരണം. അമ്മക്ക് ഏതായാലും വയസ്സായി വരികയല്ലേ എന്ന് ജീസസ് അമ്മയുടെ ആ തമാശക്ക് മറുപടിയും നല്‍കി.

gabriel jesus
Photo: Twitter

സാവോപോളയിലെ തെരുവുകളിലൂടെയുള്ള പന്തുമായുള്ള ഓട്ടം വിരസമായപ്പോള്‍ ജീസസ് പരിശീലനം ഒരു ഗ്രൗണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പക്ഷേ ഒരു സാധാരണ ഗ്രൗണ്ടായിരുന്നില്ല അത്. അവിടുത്തെ പ്രശസ്തമായ റോമാവോ ഗോമസ് ജയിലിനുള്ളിലെ ഗ്രൗണ്ടായിരുന്നു ജീസസിന് ആകെ കളിക്കാനുണ്ടായിരുന്നത്. ഒരുപക്ഷേ ഒരമ്മയും തടവുപുള്ളികള്‍ താമസിക്കുന്ന ജയിലിനുള്ളില്‍ കളിക്കാന്‍ ഒരു മകനെയും വിടില്ല. പക്ഷേ ലൂസിയ അവിടെയും വ്യത്യസ്തയായിരുന്നു. അങ്ങിനെ പുലര്‍ച്ചെ അഞ്ചു മണിക്കെഴുന്നേറ്റ് ജയിലിനുള്ളിലെ ഗ്രൗണ്ടില്‍ പോലീസുകാരോടൊപ്പം ജീസസ് പരിശീലനം തുടങ്ങി. ജയിലിനുള്ളിലെ ഈ സഹവാസം നാട്ടുകാര്‍ക്കിടയില്‍ തെറ്റിദ്ധാരണയുമുണ്ടാക്കി. നീ എന്തു കുറ്റിത്തിനാണ് അകത്തായതെന്ന് പലരും ജീസസിനോട് ചോദിച്ചു. എന്നാല്‍ മറുപടിയെല്ലാം ജീസസ് ഒരു ചിരിയിലൊതുക്കുകയാണുണ്ടായത്. പക്ഷേ ലൂസിയക്ക് അതൊന്നുമായിരുന്നില്ല പ്രശ്‌നം. സിഗരറ്റു വലിക്കുന്നത് അവര്‍ക്ക് സഹിക്കാനാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ എന്നും പരിശീലനം കഴിഞ്ഞുവരുമ്പോള്‍ ജീസസിനെക്കൊണ്ട് ലൂസിയ ഊതിക്കും. സിഗരറ്റു മണം വരുന്നുണ്ടോയെന്ന് നോക്കും.  

എന്നാല്‍ ഇന്ന് ഗബ്രിയേലിനെക്കുറിച്ച് ലൂസിയക്കുള്ള പരാതി ഓഫ്‌സൈഡായി കളിക്കുന്നുവെന്നതാണ്. ഇതിനെക്കുറിച്ച് പല അഭിമുഖത്തിലും ജീസസ് പറഞ്ഞിട്ടുണ്ട്. വീട്ടിലെത്തിയാല്‍ ലൂസിയയുടെ ഡയലോഗ് ഇങ്ങിനെയാകും 'ഗബ്രിയേല്‍, നീ എന്താണിങ്ങനെ? കളിക്കുമ്പോള്‍ ഓഫ്‌സൈഡാണോ എന്ന് നോക്കണം, എന്നിട്ടു വേണം ലക്ഷ്യം കാണാന്‍..' ഇങ്ങിനെ അമ്മയുടെ ഉപദേശം മനസ്സില്‍വെച്ച് ഓഫ്‌സൈഡാകാതെ എതിര്‍വല ചലിപ്പിക്കുമ്പോഴുള്ള ആഹ്ലാദവും ജീസസ് പ്രിയപ്പെട്ട അമ്മയ്ക്കു തന്നെയാണ് സമര്‍പ്പിക്കുന്നത്. ഫോണ്‍ വിളിക്കുന്നതു പോലെയുള്ള ആ ഗോളാഘോഷം കാണുമ്പോള്‍ ലൂസിയയുടെ കണ്ണു നിറയും. കാരണം മറ്റൊന്നുമല്ല, കൂട്ടുകാരോടൊപ്പം ജീസസ് പുറത്തു പോകുമ്പോള്‍ ഇടക്കിടെ ലൂസിയ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കും. ഇനിയെങ്ങാനും ജീസസിനെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ പിന്നെ കൂട്ടുകാരുടെ ഫോണിലേക്കാകും വിളിക്കുക. ഈ ഫോണ്‍വിളിയുടെ ഓര്‍മ്മയുടെ ജീസസിന് ഓരോ ഗോളാഘോഷവും. 

ആദ്യം തെരുവ്, പിന്നീട് പാല്‍മിറാസ് 

ഫുട്ബോളിലെ ആദ്യത്തെ ഗുരു ആരെന്ന് ചോദിച്ചാല്‍ ജീസസിന് അതിനുള്ള ഉത്തരം തെരുവെന്നാണ്. ഇടുങ്ങിയ വഴികളിലൂടെ പന്തുമായുള്ള ഓട്ടത്തിനിടയില്‍ ചുട്ടുപൊള്ളുന്ന കാലിനെപ്പോലും അഞ്ചു വയസ്സുള്ള ജീസസ് മറന്നുപോകും. നാലോ അഞ്ചോ വയസ്സില്‍ തന്നെ പ്രൊഫഷണല്‍ ഫുട്ബോള്‍ അക്കാദമിയൂലെട കളിച്ചുവളരുന്ന യൂറോപ്യന്‍ താരങ്ങളെപ്പോലെയായിരുന്നില്ല ജീസസിന്റെ ബാല്യം. അക്കാദമിയും അധ്യാപനവും അനുഭവവുമെല്ലാം തെരുവായിരുന്നു. സ്ട്രീറ്റ് ഫുട്ബോളില്‍ ജീസസിന്റെ മികവ് കണ്ട് ബ്രസീസില്‍ തന്നെ പ്രശസ്തമല്ലാത്ത അന്‍ഹന്‍ഗ്യുറ (Anhanguera ) എന്ന അമേച്വര്‍ ക്ലബ്ബാണ് പ്രൊഫഷണല്‍ തലത്തിലേക്ക് ജീസസിന്റെ ബൂട്ടുകളെ നയിച്ചത്. അവിടെ മൂന്നു വര്‍ഷക്കാലം ജീസസ് പന്തുതട്ടി. പിന്നീട് 16-ാം വയസ്സില്‍ പാല്‍മിറാസ്സിന്റെ യൂത്ത് അക്കാദമിയിലെത്തിയതോടെ അത് ജീസസെന്ന താരത്തിന്റെ കഥയിലെ ട്വിസ്റ്റായി മാറി. 

ആദ്യ വര്‍ഷം തന്നെ 48 കളികളില്‍ നിന്ന് 54 ഗോളുകളടിച്ചുകൂട്ടിയായിരുന്നു കുഞ്ഞ് ജീസസ് പ്രൊഫഷണല്‍ യൂത്ത് ഫുട്ബോളിലേക്കുള്ള വരവറിയിച്ചത്. അവിടെയും തീരുന്നതായിരുന്നില്ല ജീസസിനുള്ളിലെ പ്രതിഭ. ചെറുപ്പത്തില്‍ തന്നെ ഫുട്ബോളില്‍ ദൈവത്തിന്റെ കാലൊപ്പ് കിട്ടിയ ജീസസ് 2014ലെ അണ്ടര്‍-17 പൗളിസ്റ്റ (Paulista) ചാമ്പ്യന്‍ഷിപ്പില്‍ വാരിക്കൂട്ടിയത് 22 കളിയില്‍ നിന്ന് 37 ഗോളുകളാണ്. എല്ലാവരെയും 'വണ്ടറിപ്പിടിച്ച' ഒരു പ്രകടനം തന്നെയായിരുന്നു അത്. ഇതോടെ ജീസസിന് വണ്ടര്‍ കിഡെന്ന പേരും പാല്‍മിറാസുമായി പ്രൊഫഷണല്‍ കരാറും ലഭിച്ചു.  2014 സീസണില്‍ ബ്രസീല്‍ സീരി എ ലീഗില്‍ വിജയിക്കാനാകാതെ തപ്പിത്തടഞ്ഞ പാല്‍മിറാസിന്റെ രക്ഷകനായി ജീസസിനെ അവതരിപ്പിക്കാന്‍ ആരാധകര്‍ മുറവിളി കൂട്ടിയെങ്കിലും മാറിമാറി വന്ന പരിശീലകര്‍ അതിനു മുതിര്‍ന്നില്ല. എന്നാല്‍ ഒസ്വാള്‍ഡോ ഒലിവേര പരിശീലകനായി എത്തിയതോടെ ജീസസിന് പാര്‍മിറാസിന്റെ വെര്‍ഡാവോ ജഴ്സിയില്‍ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. 2015 മാര്‍ച്ച്-7ന് പൗളിസ്റ്റ ചാമ്പ്യന്‍ഷിപ്പില്‍ ബ്രാഗാന്റ്റീന്യോക്കെതിരെ പകരക്കാരനായിട്ടായിരുന്നു അരങ്ങേറ്റം.

GABRIEL JESUS
Photo Courtesy: Getty Images

ഇതോടെ പാല്‍മിറാസിന്റെ ആരാധകര്‍ ജീസസില്‍ അവരുടെ രക്ഷകനെ കണ്ടു. പാല്‍മിറാസിലെ സീനിയര്‍ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ  സാവോപോളോ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടടക്കം ടൂര്‍ണമെന്റിന്റെ താര പദവി നേടി ജീസസ് തന്നെ രക്ഷകനായി കണ്ടവരുടെ കണ്ണീരൊപ്പി. ഇതോടെ ബ്രസീലിയന്‍ സീരി-എയിലേക്കുള്ള വാതിലും യുവതാരത്തിന് മുന്നില്‍ തുറന്നു. അത്‌ലറ്റികോ മിനെയ്‌റോക്കെതിരെയായിരുന്നു ആദ്യ മത്സരം.  പിന്നീട് കോപ്പാ ഡോ ബ്രസീല്‍ ചാമ്പ്യന്‍ഷിപ്പില്‍ അരപിരാക്വെന്‍സിനെതിരെ ലക്ഷ്യം കണ്ട് ജീസസ് തന്റെ ആദ്യ പ്രൊഫഷണല്‍ ഗോളും നേടി. ഈ ഒരൊറ്റ ഗോളില്‍ പാല്‍മിറാസ് കോപ്പ ഡോ ബ്രസീല്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇതിനിടയില്‍ മാര്‍സലൊ ഒലിവേറ പാല്‍മിറാസിന്റെ പരിശീലകനായെത്തുകയും പകരക്കാരന്റെ റോളില്‍ നിന്ന് ജീസസിന് മോചനം ലഭിക്കുകയും ചെയ്തു. 

തുടര്‍ന്നായിരുന്നു ജീസസിന്റ ഉയര്‍ത്തെഴുന്നേല്‍പ്പ്. മൂന്ന് ദിവസത്തിനിടെ നാല് നിര്‍ണായക വിജയ ഗോളുകള്‍ അടിച്ച് ജീസസ് പാല്‍മിറാസിന്റെ പകരംവെയ്ക്കാനില്ലാത്ത താരമായി മാറി. കോപ്പ ഡോ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ ക്രൂസെയ്റോ ഗോള്‍കീപ്പറെ വിഡ്ഡിയാക്കി ജീസസ് നേടിയ ഗോളില്‍ ലോകം കണ്ണുമിഴിച്ചുനിന്നു. പ്രതിരോധ നിരയെ മറികടന്ന് ബോക്‌സില്‍ കയറിയ ജീസസ്സ് വണ്‍-ഓണ്‍-വണ്‍ സ്വിറ്റേഷനില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഇലാസ്റ്റികോ സ്‌കില്ലിലൂടെ ലക്ഷ്യം കണ്ടു. ആ വര്‍ഷത്തിലെ ബ്രസീലിയന്‍ കപ്പ് ക്ലബിന് നേടികൊടുത്ത ജീസസിനെ ബ്രസീല്‍ സീരി എ ലീഗിലെ ആ സീസണിലെ പുതുമുഖ താരമായും തിരഞ്ഞെടുത്തു. 

അവിടെയും തീരുന്നതായിരുന്നില്ല പാല്‍മിറാസും ജീസസും തമ്മിലുള്ള ബന്ധം. അടുത്ത സീസണില്‍ ക്ലബിനെ നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിയന്‍ ലീഗ് നേടികൊടുത്തു ജീസസ് കഥ തുടര്‍ന്നുകൊണ്ടേയിരുന്നു. 12 ഗോളും 8 അസിസ്റ്റുകളും സ്വന്തമാക്കി ഏതാണ്ട് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് ജീസസ് ഒന്‍പതാം ബ്രസീലിയന്‍ ലീഗ് കിരീടം സാവോപോളോയിലെ പച്ച കുപ്പായക്കാര്‍ക്ക് നേടികൊടുത്തത്. ബ്രസീലിയന്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ക്ലബെന്ന ഖ്യാതി സ്വന്തമാക്കാനും പാല്‍മിറാസിന് ജീസസിന്റെ മികവില്‍ കഴിഞ്ഞു. സാന്റോസിന്റെ എട്ട് ലീഗ് നേട്ടമെന്ന റെക്കോഡാണ് പാല്‍മിറാസിന് മുന്നില്‍ വഴിമാറിയത്. 

മഞ്ഞപ്പടയുടെ അമരത്തേക്ക് 

നെയ്മറെന്ന സൂപ്പര്‍ താരം ബ്രസീലിനൊപ്പം ചേര്‍ന്നെങ്കിലും മുന്നേറ്റനിരയില്‍ സ്ട്രൈക്കറായും മധ്യനിരയിലേക്കിറങ്ങി പ്ലേമേക്കറായും കളിച്ചിരുന്ന റൊണാള്‍ഡോയുടെ പൊസിഷന്‍ അപ്പോഴും ബ്രസീല്‍ ടീമില്‍ അനാഥമായി കിടക്കുകയായിരുന്നു. പലരും മുഖം കാണിച്ചുമടങ്ങിയെങ്കിലും ആ പൊസിഷനില്‍ പിടിച്ചുനിന്നവര്‍ ആരുമില്ലായിരുന്നു. ഒടുവില്‍ അതിനുള്ള ഉത്തരമായി ജീസസ് കാനറിപ്പടയുടെ പാളയത്തിലെത്തി. അവനെ അങ്ങോട്ട് എത്തിക്കാനുള്ള ദൗത്യം പരിശീലകന്‍ ടിറ്റെയ്ക്കുള്ളതായിരുന്നു. അനുഭവസമ്പത്തില്ലെന്ന് പറഞ്ഞ് ദുംഗ തഴഞ്ഞെങ്കിലും ടിറ്റെ രംഗപ്രവേശനം ചെയ്തതോടെ കാനറിപ്പാളയത്തിലേക്കുള്ള വാതില്‍ ജീസസിന് മുന്നില്‍ തുറക്കുകയായിരുന്നു. 

gabriel jesus
Photo:Twitter

തന്നെ ടീമിലെടുത്തതിന് പ്രിയപെട്ട പരിശീലകന്‍ ടിറ്റെക്കുള്ള ദക്ഷിണ ജീസസ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നല്‍കി. കാനറികളുടെ വിഖ്യാതമായ, റൊണാള്‍ഡോയെന്ന പ്രതിഭാസം അനശ്വരമാക്കിയ ഒമ്പതാം നമ്പര്‍ ജെഴ്‌സി അണിഞ്ഞായിരുന്നു ക്വിറ്റോയില്‍ ഇക്വഡോറിനെതിരെ ജീസസിന്റെ അരങ്ങേറ്റം. അതുല്ല്യമായ ഫിനിഷിങ്ങിലൂടെ രണ്ട് ഗോളടിച്ച് ആ ഒമ്പതാം നമ്പറിനോട് ജീസസ് അരങ്ങേറ്റത്തില്‍ തന്നെ കൂറുകാട്ടി. ഇതോടെ ബ്രസീലില്‍ നിന്നും അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇരട്ട ഗോളടിക്കുന്ന ആദ്യ താരം എന്ന തകര്‍ക്കപ്പെടാനാകാത്ത റെക്കോഡ് ജീസസ് സ്വന്തം പേരില്‍ കുറിച്ചു. ഇതോടെ ആ കുഞ്ഞു കാനറിയെ ടിറ്റെ തുറന്നുവിട്ടു. അവന്റെ സ്വാതന്ത്ര്യന് അനുസരിച്ചു കളിക്കാനുള്ള സമ്മതം നല്‍കി. ഒളിമ്പിക്സില്‍ ബ്രസീലിന്റെ സ്വര്‍ണമെഡലിലും 2018 റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലും ജീസസ് പലപ്പോഴും ബ്രസീലിന്റെ രക്ഷകനായി മാറി. യോഗ്യതാ റൗണ്ടില്‍ ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ പ്രയാസകരമായ ആംഗിളില്‍ കോരിയിട്ട് നേടിയ ചിപ്പ് ഗോളുകള്‍ ജീസസെന്ന ഫിനിഷറുടെ കൃത്യത വെളിപ്പെടുത്തുന്നതായിരുന്നു. 

ഒളിമ്പിക്സിന് വേദിയായ റിയോയില്‍ നെയ്മര്‍-ഗാബി കൂട്ടുകെട്ടിനൊപ്പം ടീമിന്റെ മുന്നണിപ്പോരാളിയായി ജീസസ് കളിച്ചു. 4-2-4 എന്ന ബ്രസീലിയന്‍ പരമ്പരാഗത ആക്രമണ ശൈലിയില്‍ കൂട്ടിലിട്ട കിളിയെ പോലെ ജീസസിന് കളിക്കേണ്ടി വന്നെങ്കിലും സെമിയിലെ രണ്ടു ഗോളടക്കം മൂന്ന് ഗോളും മൂന്ന് ഗോളിനുള്ള അവസരവുമുണ്ടാക്കി ജീസസ് ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വര്‍ണനേട്ടത്തില്‍ നിര്‍ണായ സാന്നിദ്ധ്യമായി. 

യൂറോപ്പിന്റെ കളിമുറ്റത്തേക്ക്

കൗമാര പ്രായത്തില്‍ തന്നെ യൂറോപ്പിലേക്കുള്ള കൂടുമാറ്റത്തില്‍ കരിയര്‍ നശിച്ചുപോയ ബ്രസീല്‍ താരങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്. ബാഴ്സലോണയിലേക്ക് കൂടുമാറിയ കെറിസെണ്‍ കെര്‍ലോണും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കോച്ച് ഫെര്‍ഗൂസണ്‍ പ്രതീക്ഷയോടെ കൊണ്ടുവന്ന ക്ലബേഴ്സണുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഈ ആശങ്കയുടെ മുള്‍മുനയിലാണ് ജീസസ് അറബിപ്പൊന്നിന്റെ മാറ്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇളംനീലക്കുപ്പായത്തിലെത്തിയത്. ആഴ്സണലും യുവന്റസും റോമയുമെല്ലാം വണ്ടര്‍ കിഡിന് പിന്നാലെയുണ്ടായിരുന്നെങ്കിലും ഒടുവില്‍ 32 മില്ല്യന്‍ യൂറോക്ക് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളി തുടരാനായിരുന്നു ജീസസിന് വിധിച്ചിരുന്നത്. 

യൂറോപ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന് തുടക്കമിട്ടപ്പോള്‍ ജീസസിന്റെ അരങ്ങേറ്റത്തിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. യൂറോപ്പിലെത്തി നശിച്ചുപോകുന്ന ബ്രസീലിലെ യുവപ്രതിഭകളുടെ ഗണത്തിലേക്ക് താനില്ലെന്ന് വ്യക്തമാക്കി ജീസസ് യൂറോപ്പിലേക്കും തന്റെ ആരാധകവൃന്ദത്തെ നീട്ടി. സിറ്റിക്ക് വേണ്ടി ജീസസ് കളിച്ച മത്സരങ്ങളുടെ എണ്ണം 20 പിന്നിടുമ്പോള്‍ 14 ഗോളുകള്‍ യുവതാരം കണ്ടെത്തിക്കഴിഞ്ഞു. 

Gabriel Jesus
Photo: Twitter

പുതിയ നെയ്മര്‍ എന്ന വിളിപ്പേര്് പണ്ഡിറ്റുകളും ആരാധകരും ചാര്‍ത്തി കൊടുക്കുമ്പോള്‍ പുതിയ റൊണാള്‍ഡോ എന്ന വിളിപ്പേരിലാണ് ജീസസിന് താല്‍പ്പര്യം. ഡാനി ആല്‍വ്സ് അതു തന്നെ അടിവരയിടുന്നു. ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിന് മുമ്പ് ഡാനി ആല്‍വ്സ് പറഞ്ഞത് ഇങ്ങിനെയാണ്..'ജീസസിനെ റൊണാള്‍ഡോ എന്നു ഞാന്‍ വിളിച്ചത് തമാശയായിട്ടല്ല. അവന്‍ ഇപ്പോള്‍ തന്നെ മികച്ച താരമാണ്. ഒട്ടും സമ്മര്‍ദമില്ലാതെ ജീസസ് കല്‍ക്കുന്നതു കാണുമ്പോള്‍ അതില്‍ സ്നേഹമാണ് കാണാന്‍ കഴിയുക'..അതെ, സ്നേഹം നിറച്ച ഒരു ബൂട്ടും നല്‍കി ഫുട്ബോളിനെ കൂടുതല്‍ മനസ്സിലേക്കെത്തിക്കാന്‍ ദൈവം പറഞ്ഞയച്ച മാലാഖ തന്നെയാണ് ഗബ്രിയേല്‍ ജീസസ്. 

Content Highlights: Gabriel Jesus Brazil Footballer Life Story