1998ലെ ആ രാത്രി ലോകം സിനദിന്‍ സിദാന്റെ ഉദയവും ഫ്രാന്‍സിന്റെ ലോകകപ്പ് വിജയവും ആഘോഷിക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ മറ്റൊരു ചോദ്യം ഉറങ്ങാതെകിടന്നു. ഫൈനലില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോറ്റ ബ്രസീലിന് സത്യത്തില്‍ എന്താണ് പറ്റിയത്. ആദ്യത്തെ ടീം ലിസ്റ്റില്‍ നിന്ന് റൊണാള്‍ഡോ എങ്ങനെ പുറത്തായി? സുവര്‍ണപാദുകം ഉറപ്പിച്ച സ്‌ട്രൈക്കര്‍ റൊണാള്‍ഡോ എങ്ങിനെ തന്റെ സ്വപ്‌നതുല്ല്യമായ ഫോമിന്റെ ഒരു വെറും നിഴല്‍രൂപം മാത്രമായി? പാരിസിലെ ആ ദുരൂഹമായ രാത്രിക്കുശേഷം രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ ചോദ്യങ്ങള്‍ക്ക് മാത്രം ഇന്നും ഉത്തരമായില്ല.

ഫൈനലിന് മുന്‍പ് ഫ്രാന്‍സ് ഏറ്റവും വലിയ ഒരുക്കം നടത്തിയത് റൊണാള്‍ഡോയെ വരിഞ്ഞുകെട്ടുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍, തലേദിവസം പുറത്തുവന്ന ടീം ലിസ്റ്റില്‍ റൊണാള്‍ഡോ ഇല്ല. പകരം എഡ്മണ്ടോ. ഫ്രഞ്ച്കാരും ബ്രസീലുകാരും മാത്രമല്ല, ലോകമാകെ ഞെട്ടി ആ വാര്‍ത്ത കേട്ട്. എന്നാല്‍, പിറ്റേ ദിവസം കളിയുടെ തൊട്ടു മുന്‍പ് ടീം ലിസ്റ്റ് വന്നപ്പോള്‍ അതില്‍ അവസാന നിമിഷം തിരുകിക്കയറ്റിയ നിലയില്‍ റൊണാള്‍ഡോ. കളിക്കളത്തില്‍ റൊയാവട്ടെ സമ്പൂര്‍ണ പരാജയവുമായി. എന്തെല്ലാം നാടകീയ സംഭവങ്ങളാവാം അന്ന് ബ്രസീലിയന്‍ ടീം താമസിച്ച പാരിസിലെ ഹോട്ടലില്‍ നടന്നിട്ടുണ്ടാവുക.

പരിശീലനത്തിനുശേഷം ബ്രസീലിയന്‍ ടീം പാരീസിലെ ഒരു ഹോട്ടലില്‍ ഒത്തുകൂടി. എന്നാല്‍, പതിവ് പോലെ ഉത്സാഹത്തിലല്ലായിരുന്നു റോണോ. അയാളുടെ മുഖത്ത് എന്തൊക്കെയോ അസ്വസ്ഥത ഉണ്ടായിരുന്നു. റോണോയെ ഒരിക്കലും ലിയണാര്‍ഡോ അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യവും ആശ്വാസവാക്കുകളും റൊണാള്‍ഡോയില്‍ ചലനമുണ്ടാക്കിയില്ല. എല്ലാം ശരിയാകുമെന്ന ആശ്വാസത്തില്‍  ലിയണാര്‍ഡോ പിന്നീട് കൂടുതല്‍ സംസാരിക്കാന്‍ മുതിര്‍ന്നില്ല.

Ronaldo

വൈകീട്ട് അഞ്ച് മണിയോടെ ബ്രസീല്‍ ടീം ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നു. പതിവ് പോലെ സാംബ നൃത്തച്ചുവടുകളില്ല. കളിയുടെ ആവേശവുമില്ല. അത് മതിയായിരുന്നു അവിടെ കൂടി നിന്നവരില്‍ വലിയ സന്ദേഹമുണര്‍ത്താന്‍. ആ കൂട്ടത്തില്‍ റൊണാള്‍ഡോ ഇല്ലായിരുന്നു. റൊണാള്‍ഡോ എവിടെ?  ജനക്കൂട്ടം പിറുപിറത്തു. കളിക്ക് മുന്നോടിയായി ഇറക്കിയ പട്ടികയിലും അയാളില്ല. പകരം എഡ്മണ്ടോ. ഒരു ശരാശരി ബ്രസീലിയന്‍ ഫുട്‌ബോള്‍പ്രേമിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. റൊണാള്‍ഡോയ്ക്ക് പകരം സാക്ഷാല്‍ ദൈവം തമ്പുരാന്‍ വന്ന് കളിച്ചാല്‍ പോലും അംഗീകരിക്കില്ല അവര്‍. റൊണോയുടെ അസാന്നിധ്യം തിരിച്ചറിഞ്ഞ ഫ്രഞ്ച് ക്യാമ്പ് പോലും ആശ്വസിച്ചിരിക്കാന്‍ വഴിയില്ല. കാരണം പഠിച്ച തന്ത്രം മുഴുവന്‍ റൊണാള്‍ഡോയ്ക്ക് വേണ്ടിയാണ്. അയാളെ തളയ്ക്കാന്‍ മാത്രമായിരുന്നു. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ ഫ്രഞ്ച് ടീം വാം അപ്പിനിറങ്ങി. ബ്രസീല്‍ ടീം വരുന്നത് കാണാനാണ് സ്റ്റേഡിയത്തിലെ സര്‍വരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മത്സരം തുടങ്ങാന്‍ വെറും ഏകദേശം 45 മിനിറ്റ് ബാക്കി നില്‍ക്കേ ബ്രസീല്‍ ടീമിന്റെ ലൈനപ്പ് വീണ്ടും കാണികള്‍ക്ക് മുന്‍പില്‍ തെളിഞ്ഞു. ലൈനപ്പിലെ ആ ഏഴക്ഷരം അവരുടെ ഹൃദയത്തെ ആഹ്ളാദത്തില്‍ ആറാടിച്ചു. അതെ റൊണാള്‍ഡോ... ആരവങ്ങളുടെയും കൈയടികളുടെയും അതിലേറെ ആയിരക്കണക്കിന് കാണികളുടെയും പ്രാര്‍ഥനയോടും കൂടിയാണ് ആ 21 കാരന്‍ ഗ്രൗണ്ടിലേക്ക് കാലെടുത്ത് വച്ചത്. 

 പക്ഷേ, അന്ന് കളി കണ്ടവര്‍ ഞെട്ടി. ടൂര്‍ണമെന്റില്‍ അതുവരെ കണ്ട റൊണാള്‍ഡോ ആയിരുന്നില്ല അത്. ഉജ്വല ഫോമിന്റെ ഏഴയലത്തുവരില്ല. പൂട്ടാന്‍ ഏല്‍പിച്ച സിദാന്‍ ഗ്രൗണ്ടില്‍ സര്‍വതന്ത്ര സ്വതന്ത്രന്‍. ഗോളുകള്‍ യഥേഷ്ടം അടിച്ചുകൂട്ടുന്നു. മഞ്ഞപ്പടയുടെ ആരാധകര്‍ റൊണാള്‍ഡോയെ കൂവി. പ്രാകി. പഴിച്ചുകൊണ്ടിരുന്നു. പക്ഷേ, എന്താണ് സത്യത്തില്‍ അവിടെ സംഭവിച്ചത് എന്നതിന് മാത്രം അവര്‍ക്ക് ഉത്തരം ലഭിച്ചില്ല.

ronaldo

 റൊണാള്‍ഡോയ്ക്ക് കാല്‍മുട്ടിന് പരിക്കായിരുന്നെന്നും 105 ദശലക്ഷം പൗണ്ടിന്റെ കരാര്‍ ഒപ്പിട്ട നൈക്കിയുടെ നിര്‍ബന്ധത്തിനാണ് അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് അന്ന് ഉയര്‍ന്ന ഒരു ആക്ഷേപം.

തലേദിവസം ഉച്ചഭക്ഷണത്തിനുശേഷം റൊണാള്‍ഡോയ്ക്ക് കടുത്ത അപസ്മാരബാധയുണ്ടായെന്നും ഇതു കണ്ട്  റോബര്‍ട്ടോ കാര്‍ലോസ് അലറിവിളിച്ചെന്നും എഡ്മണ്ടോയും സീസര്‍ സാംപാലോയും മുറിയിലേയ്ക്ക് ഓടിയെത്തിയെന്നും മറ്റൊരു കഥയുണ്ടായിരുന്നു. റൊണാള്‍ഡോയുടെ അവസ്ഥ ഓര്‍ത്ത് ടീം  ഡോക്ടര്‍ ലിഡിയോ ടൊലേഡോ അന്ന് തേങ്ങിക്കരഞ്ഞെന്നും കേട്ടിരുന്നു.

ടൂര്‍ണമെന്റിലുടനീളം റൊണാള്‍ഡോയുടെ മനസ്സിനെ എന്തോ അലട്ടിയിരുന്നെന്ന് പില്‍ക്കാലത്ത് ചില ടീമംഗങ്ങള്‍ പറഞ്ഞിരുന്നു. റൊണാള്‍ഡോയുടെ പ്രശ്‌നം അയാളുടെ കളിയുടെ ഫോമല്ല, മനസ്സാണെന്ന് പെലെയും പറഞ്ഞിട്ടുണ്ട്.

Ronaldo

 കാല്‍മുട്ടിലെ പരിക്കിന് എടുത്ത ഇഞ്ചക്ഷനാണ് റോയ്ക്ക് പ്രശ്‌നമായതെന്നും ഒരു വാദഗതിയുണ്ടായിരുന്നു അന്ന്. എന്നാല്‍, അതല്ല, അന്നത്തെ ആ നാടകീയ സംഭവങ്ങള്‍ ഫിഫയുടെ തിരക്കഥയാണെന്നൊരു ഗുരുതരമായ ആരോപണവുമുണ്ട്. 18 ദശലക്ഷം പൗണ്ട് വരുന്ന ഒരു വലിയ അഴിമതിയുടെ കഥയാണ് അതിന് പിന്നിലെന്നും വാദമുണ്ട്. അപാര ഫോമിലായിരുന്ന സിദാനെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല റൊണാള്‍ഡോയ്ക്കായിരുന്നു. റൊ തളര്‍ന്നതോടെ സിദാന് കാര്യങ്ങള്‍ എളുപ്പമായി. ഫൈനലിലെ രണ്ട് ഗോളും സിദാന്റെ വകയായിരുന്നു.

ആതിഥേയരായ ഫ്രാന്‍സിനെ ജയിപ്പിക്കാന്‍ ഫിഫ തന്നെ നടത്തിയ വലിയൊരു കരുനീക്കമായിരുന്നു അതെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പിന്നീട് കണ്ട സംഭവവികാസങ്ങള്‍. അന്ന് ഫൈനലില്‍ തോറ്റു കൊടുത്താല്‍ 2002ലെ ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള വഴി സുഗമമാക്കാമെന്നും 2014ലെ ലോകകപ്പ് വേദി സമ്മാനിക്കാമെന്നുമായിരുന്നു ഫിഫയുടെ വാഗ്ദാനം എന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. 18 ദശലക്ഷം പൗണ്ട് വരുന്ന അഴിമതിയായിരുന്നു ഇതെന്നും ആരോപണമുണ്ടായിരുന്നു. അന്നീ കഥകള്‍ക്ക് ആരും ചെവികൊടുത്തില്ല. പക്ഷേ, 2002ല്‍ താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ പെട്ട ബ്രസീല്‍ ഒടുക്കം കപ്പടിച്ചു. 2014ലെ ലോകകപ്പിന് വേദിയാവുകയും ചെയ്തു. റൊണാള്‍ഡോയുടെ കഥയുടെ ചുരുള്‍ മാത്രം എന്നിട്ടും അഴിഞ്ഞില്ല.

Content Highlights: Fifa WorldCup 1998World Cup Ronaldo Brazil France Zidane WorldCupMystries