ലോകകപ്പ് ഫുട്‌ബോളില്‍ കളി കാര്യമായി തുടങ്ങുകയാണ്. റഷ്യയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ കളിക്കാനുള്ള പന്ത് ഫിഫ അവതരിപ്പിച്ചു.

1970ല്‍ മെക്‌സിക്കോയില്‍ നടന്ന ഒന്‍പതാം ലോകകപ്പിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന അഡിഡാസിന്റെ കറുപ്പും വെളുപ്പും നിറത്തിലുള്ള ടെല്‍സ്റ്റര്‍ 18 പന്ത് കൊണ്ടാവും ഇക്കുറി കളി. 1970ന് പുറമെ 74ലെ ലോകകപ്പിലും കളിച്ച പന്താണ് ടെല്‍സ്റ്റര്‍ ഏളാസ്റ്റ്. പെലെ, മുള്ളര്‍, ഫെച്ചെറ്റി, ബോബി മൂര്‍ തുടങ്ങിയവരുടെ പ്രതിഭ അറിഞ്ഞ പന്ത്. ഈ ഓര്‍മകള്‍ ഒരിക്കല്‍ക്കൂടി ഉണര്‍ത്തുന്നതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ടെല്‍സ്റ്റര്‍ 18 എന്ന പുതിയ പന്ത്.

ടാങ്കോ, അസ്‌റ്റെക്ക, ക്യുസ്ട്ര, ജബുലാനി, ബ്രസൂക്ക എന്നിവയുടെ പിന്‍മുറക്കാരനായാണ് ടെല്‍സ്റ്റര്‍ 18 എത്തുന്നത്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഈ പന്ത് നേരത്തെ കളിച്ചു പരീക്ഷിച്ചിട്ടുണ്ട്. ഈ പന്ത് കളിച്ചുനോക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് മെസ്സി പ്രതികരിച്ചത്.

leonal Messi
ലയണൽ മെസ്സി ലോകകപ്പിന് ഉപയോഗിക്കുന്ന ടെൽസ്റ്റർ 18 പന്തുമായി. ഫോട്ടോ:  എ.പി

ടെലിവിഷന്‍ സ്റ്റാര്‍ എന്നതില്‍ നിന്നാണ് ടെല്‍സ്റ്റര്‍ എന്ന പേര് രൂപപ്പെട്ടത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വികള്‍ക്കുവേണ്ടി കറുപ്പും വെളുപ്പും പാനലുകള്‍ വച്ച ആദ്യത്തെ പന്തായിരുന്നു ടെല്‍സ്റ്റര്‍. ഫുട്‌ബോളിന്റെ ഡിസൈനിനെ അടിമുടി മാറ്റിമറിച്ചത് പന്ത്രണ്ട് കറുപ്പ് പഞ്ചകോണും ഇരുപത് വെള്ള ഷഡ്‌കോണുമുള്ള ഈയൊരു പന്താണ്.

അര നൂറ്റാണ്ടിനുശേഷം വീണ്ടും വരുമ്പോള്‍ ടെല്‍സ്റ്ററിന് സാങ്കേതികപരമായി ഒരുപാട് മാറ്റങ്ങളുണ്ട്. മിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പന്തിന് റീസൈക്കിള്‍ ചെയ്ത പാക്കേജിങ്ങാണുള്ളത്. ഇതിന് പുറമെ സ്മാര്‍ട്ട്‌ഫോണുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന എന്‍.എഫ്.സി. ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്.

Content Highlights: Fifa World Cup Football Soccer Russia Telstar 18 Ball Messi Pele NFC Chip Adidas 2018 World Cup