നെതര്‍ലന്‍ഡ്‌സായിരുന്നു കുറേക്കാലം ബെല്‍ജിയത്തിന്റെ ഫുട്‌ബോള്‍ വൈരികള്‍. 1905ല്‍ നെതര്‍ലന്‍ഡ്‌സിന്റെ തോല്‍വിക്ക് ബെല്‍ജിയം ടീമിലെ മൂന്ന് ചെകുത്താന്മാരാണ് കാരണക്കാര്‍ എന്നാണ് ഒരു ഡച്ച് റിപ്പോര്‍ട്ടര്‍ എഴുതിയത്. ഒരു വര്‍ഷത്തിനുശേഷം ലിയോപോള്‍ഡ് എഫ്.സിയുടെ മാനേജരായ പിയറി വാക്കിയേഴ്‌സ് ഇതുവച്ച് ചുവന്ന ജഴ്‌സിയണിഞ്ഞ ബെല്‍ജിയം ടീമിനെ റെഡ് ഡെവിള്‍സ് എന്നു വിളിച്ചു. അവര്‍ വെള്ളക്കുപ്പായമിട്ടപ്പോള്‍ വെളുത്ത ചെകുത്താന്മാരായി.

എന്നാല്‍, ചെകുത്താന്മാര്‍ എന്ന വിശേഷണം ടീമിന് നല്ലതല്ലെന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട് ഇപ്പോഴും ബെല്‍ജിയത്തില്‍. ദൈവത്തോട് ഏറ്റുമുട്ടി പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ചെകുത്താന്മാരുടെ പേര് പേറുന്നത് കൊണ്ടാണ് ബെല്‍ജിയത്തിന് മികച്ച ടീമുണ്ടായിട്ടും ഓരോ ടൂര്‍ണമെന്റുകളില്‍ നിന്നും ശൂന്യമായ കൈയുമായി മടങ്ങേണ്ടിവരുന്നതെന്നും ഇവര്‍ ശങ്കയേതുമില്ലാതെ വിശ്വസിക്കുന്നു.

വിശ്വാസവും അന്ധവിശ്വാസവും എന്തുമാവട്ടെ രണ്ടു പതിറ്റാണ്ടിനുള്ളില്‍ രണ്ടു തവണ ഒരു സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ കുടമുടയ്ക്കാനായിരുന്നു ചുവന്ന ചെകുത്താന്മാരുടെ വിധി. രണ്ടേ രണ്ടു തവണയാണ് അവര്‍ ലോകകപ്പില്‍ അത്ഭുതകരവും അവിശ്വസനീയവുമായ കുതിപ്പ് നടത്തിയത്. രണ്ടു തവണയും സെമിയില്‍ കാലിടറി. 1986ല്‍ സ്വപ്നം തകര്‍ത്തത് ഡീഗോ മാറഡോണയാണെങ്കില്‍ 2018ല്‍ അത് സാമ്വല്‍ ഉംറ്റിറ്റി എന്ന കാമറൂണ്‍ വംശജനായ ഡിഫന്‍ഡറുടെ ഊഴമായിരുന്നു.

എന്നാല്‍, 1986ല്‍ ഗയ് തൈസ് എന്ന ഇതിഹാസ പരിശീലകന്റെ പരിശീലനത്തില്‍, എന്‍സോ സ്‌കിഫോയുടെയും യാന്‍ ക്യുല്‍മാന്‍സിന്റെയും കളിമികവിലിറങ്ങിയ ടീമില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു 2018ല്‍ റോബര്‍ട്ടോ മാര്‍ട്ടിന്‍സിന്റ ശിക്ഷണത്തിലിറങ്ങിയ ബെല്‍ജിയം. 1905ല്‍ ഡച്ച് റിപ്പോര്‍ട്ടര്‍ മൂന്ന് ചെകുത്താന്മാരെക്കുറിച്ചാണ് എഴുതിയതെങ്കില്‍ റഷ്യന്‍ ലോകകപ്പില്‍ മൂന്നല്ല, ആറ് ചെകുത്താന്മാരെങ്കിലുമുണ്ടായിരുന്നു. ബെല്‍ജിയം ഫുട്‌ബോളിന്റെ ഗോള്‍ഡന്‍ ജനറേഷന്‍ എന്ന് സകലരും വിശേഷിപ്പിച്ച ഇവരുടെ മികവിലാണ് റഷ്യയില്‍ ടീം എല്ലാ മത്സരങ്ങളും ജയിച്ച് സെമിവരെ എത്തിയത്. 

ഫ്രാന്‍സിനെതിരേയും ഒരു ജയം അസാധ്യമായിരുന്നില്ല. റൊമേലു ലുക്കാക്കുവും എഡന്‍ ഹസാര്‍ഡും മൗറാന്‍ ഫെല്ലെയ്‌നിയും വിന്‍സന്റ് കംപനിയുമെല്ലാം ഉണ്ടായിട്ടും, കളിയില്‍ ആധിപത്യം ലഭിച്ചിട്ടും, അവര്‍ ഫ്രാന്‍സിനോട് അടിയറവു പറഞ്ഞു. ആസ്റ്റക് സ്റ്റേഡിയത്തിലെ ദുരന്തം രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.  മെസ്സിയുള്ളപ്പോഴല്ലെങ്കില്‍ എപ്പോഴാണ് അര്‍ജന്റീന വീണ്ടും ലോകകപ്പ് നേടുക എന്നു ചോദിക്കുന്നത് പോലെ ഈ ഗോള്‍ഡന്‍ ജനറേഷന്റെ സമയത്തല്ലെങ്കില്‍ പിന്നെയെപ്പോഴാണ് ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പില്‍ മുത്തമിടുക? ഒന്ന് ഫൈനല്‍ വരെയെങ്കിലും എത്തുക?

Content Highlights: world cup semi final defeat of belgium and history