റ്റലിക്കാരന്‍ ജിയാന്നി റിവേറയുടെയും ഇംഗ്ലീഷുകാരന്‍ ജെഫ് ഹേസ്റ്റിന്റെയും ഗോളുകള്‍ പോലെ മറ്റൊരു ഗോളും ജര്‍മന്‍ ഫുട്‌ബോളിനെ ഇത്രമേൽ മുറിവേല്‍പിച്ചിട്ടില്ല. വെംബ്ലി സ്റ്റേഡിയത്തിലെ ഹേസ്റ്റിന്റെ 120-ാം മിനിറ്റിലെ വിവാദ ഗോളിലാണ് അന്ന് പശ്ചിമ ജര്‍മനിക്ക് 1966 ലെ ലോകകപ്പ് ഇംഗ്ലണ്ടിന് മുന്നില്‍ അടിവറവയ്‌ക്കേണ്ടിവന്നത്. 1970ല്‍ മെക്‌സിക്കോയിലെ അസ്റ്റക് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെപ്പേരെ സാക്ഷിനിര്‍ത്തി 111-ാം മിനിറ്റില്‍ റിവേര നേടിയ ഗോളിലാണ് അവര്‍ ലോകകപ്പിന്റെ സെമിയില്‍ ഇറ്റലിനോട് അടിയറവു പറഞ്ഞത്. ഈ ഇറ്റലിയെ മലര്‍ത്തിയടിച്ച് അന്ന് കപ്പടിച്ചത് പെലെയുടെ ബ്രസീല്‍.

വര്‍ഷങ്ങള്‍ക്കുശേഷം മറ്റ് രണ്ട് ഇഞ്ചുറി ടൈം ഗോളുകള്‍ ഇതിലും ആഴത്തിലുള്ള മുറിവേല്‍പിച്ചിരിക്കുകയാണ് ജര്‍മനിക്ക്. സോന്‍ ഹ്യൂങ്-മിന്നും കിം യങ് ഗ്വോനും തൊണ്ണൂറ്റിമൂന്നാം മിനിറ്റിലും തൊണ്ണൂറ്റിയാറാം മിനിറ്റിലും പായിച്ച രണ്ട് വെടിയുണ്ടകള്‍ ജര്‍മനിയുടെ മിന്നുന്നൊരു ചരിത്രത്തിലാണ് ചോരചിന്തിയിരിക്കുന്നത്.

നാലു വട്ടം കപ്പടിക്കുകയും നാലു തവണ റണ്ണറപ്പാവുകയും മൂന്ന് വട്ടം മൂന്നാം സ്ഥാനക്കാരാവുകയും ചെയ്തു. ഇതിനേക്കാള്‍ മെച്ചപ്പെട്ടൊരു റെക്കോഡ് അഞ്ചു വട്ടം കപ്പടിച്ച ബ്രസീലിനു മാത്രം. 1982ലും '86ലും റണ്ണറപ്പാവുകയും 1990ല്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുകയും ചെയ്ത ടീം 2002 മുതല്‍ തുടര്‍ച്ചയായി സെമിഫൈനല്‍ കളിക്കുകയും ചെയ്തു. ജയിക്കാനായി ജയിച്ചവര്‍ എന്ന വിശേഷണം എന്തുകൊണ്ടും ചേരുന്നത് ജര്‍മനിക്ക് മാത്രമായി. സമ്പന്നമായ ഈയൊരു ചരിത്രമാണ് കസാന്‍ അരീനയിലെ ഇഞ്ചുറി ടൈമില്‍ ദക്ഷിണ കൊറിയയുടെ മുന്നില്‍ തകര്‍ന്നു തരിപ്പണമായത്.

'ഫുട്‌ബോള്‍ ഒരു സാധാരണ കളിയാണ്. ഇരുപത്തിരണ്ട് പേര്‍ ഒരു പന്തിനെ പിന്തുടരുന്നു. ജര്‍മനി ഇനി മുതല്‍ എന്നും ജയിക്കുന്നവരല്ല. മുന്‍കാല പതിപ്പുകളെല്ലാം ഇനി ചരിത്രം' ദക്ഷിണ കൊറിയയോട് തോറ്റ് ജര്‍മനി ലോകകപ്പില്‍ നിന്ന് മടങ്ങിയ രാത്രി വന്ന ഗാരി ലിനേക്കറുടെ ട്വീറ്റാണിത്. ജര്‍മനി ഡീഗോ മാറഡോണയോട് ഫൈനലില്‍ തോറ്റ ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു ലിനേക്കര്‍.

ലിനേക്കര്‍ പറഞ്ഞതു പോലെ ഒരു സാധാരണ കളിയില്‍ സാധാരണ ടീം മാത്രമായി ഒരൊറ്റ രാത്രി ജര്‍മനി. ഒരൊറ്റ ജയം മാത്രം സമ്പാദ്യമായി ഇറാന്റെയും സൗദിയുടെയും മറ്റും വഴിയിലൂടെയാണ് ചാമ്പ്യന്മാര്‍ നാലു വര്‍ഷം മുന്‍പ് ഗോട്‌സേയുടെ എക്‌സ്ട്രാ ടൈം  ഗോളില്‍ നേടിയ കപ്പ് അടിയറവച്ചു മടങ്ങുന്നത്.

AP18178589059432.jpg
Photo Courtesy: AP

കഴിഞ്ഞ ലോകകപ്പ് വിജയത്തിനുശേഷം ജര്‍മനിയെ പിന്തുടര്‍ന്നവര്‍ക്ക് പക്ഷേ, റഷ്യയിലെ വീഴ്ച അത്ഭുതമല്ല. 1970 മുതല്‍ ഗ്രൗണ്ടില്‍ അപാരമായ ഫോം തുടരുന്ന ജര്‍മനിയായിരുന്നില്ല കഴിഞ്ഞ കുറച്ചു കാലങ്ങളായി. ജോക്കിം ലോ റഷ്യയിലേയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത് മുതല്‍ ടീമിനെ അടുത്തറിയുന്നവരില്‍ പലരും നെറ്റിചുളിച്ചു. മാന്വല്‍ ന്യൂയര്‍, മാറ്റ് ഹമ്മല്‍സ്, മെസ്യൂട്ട് ഓസില്‍, തോമസ് മുള്ളര്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ പുറത്തിരുത്തി താരതമ്യേന ഒരു യുവനിരയുമായാണ് ടീം കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കിരീടം ചൂടിയത്. എന്നാല്‍, ലോകകപ്പില്‍  ഇത്തരമൊരു ലോട്ടറിക്ക് ലോ ഒരുക്കമായിരുന്നില്ല. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ തഴയപ്പെട്ടവരെല്ലാം ടീമില്‍ തിരിച്ചെത്തി. 

മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി അപാരപ്രകടനം പുറത്തെടുക്കുന്ന ലിറോയ് സാനെയെപ്പോലുള്ളവര്‍ തഴയപ്പെട്ടു. പകരം ജൂലിയന്‍ ബ്രാന്‍ഡിറ്റിനെയാണ് ലോ തന്റെ ടീമിലെക്ക് വിളിച്ചത്. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ  പ്രകടനം ഈ ടീമിന് ലോകകപ്പില്‍ ആവര്‍ത്തിക്കാനായില്ല. മെക്‌സിക്കോയുടെയും സ്വീഡന്റെയും ദക്ഷിണ കൊറിയയുടെയും മാറിയവേഗത്തിനൊപ്പം പിടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അര്‍ജന്റീനയ്ക്ക് മെസ്സിയും പോര്‍ച്ചുഗലിന് റൊണാള്‍ഡോയുമുള്ളതുപോലൊരു ആയുധം ജര്‍മന്‍ നിരയിലുണ്ടായില്ല. ക്ലിന്‍സ്മാന്റെയും ക്ലോസെയുടെയും പൊഡോള്‍സ്‌കിയുടെയുമെല്ലാം അഭാവം നികത്താന്‍ മരിയോ ഗോമസിനോ മാര്‍ക്കോ റൂസിനോ ടിമോ വെര്‍ണര്‍ക്കോ കഴിഞ്ഞില്ല. ഫലത്തില്‍ സംഹാരശേഷിയില്ലാത്ത ഒരു സൈന്യമായാണ് ലോയും കൂട്ടരും റഷ്യയിലെത്തിയത്.

ക്ലോസെയ്ക്ക് പകരക്കാരനാവുമെന്നും ഈ ലോകകപ്പിലെ താരമാകുമെന്നും കണക്കുകൂട്ടിയവനായിരുന്നു ടിമോ വെര്‍ണര്‍. എന്നാല്‍ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിപ്പോയി. പതിനൊന്നംഗ സംഘമല്ല ജര്‍മനിയെന്നും ഞങ്ങള്‍ 23 പേരാണെന്നും, പ്ലാന്‍ എയില്ലെങ്കില്‍ പ്ലാന്‍ ബിയുണ്ടെന്നുമുള്ള ജോക്കിം ലോയുടെ ആത്മവിശ്വാസത്തിന് കൂടിയേറ്റ തിരിച്ചടിയായിരുന്നു ഈ ലോകകപ്പ്. 

10 മത്സരങ്ങളില്‍ 10 എണ്ണത്തിലും വിജയിച്ചാണ് ജര്‍മനി യോഗ്യതയെന്ന കടമ്പ പിന്നിട്ടത്. 43 ഗോളുകളടിച്ചു കൂട്ടിയ ജര്‍മനി ആകെ വഴങ്ങിയത് നാല് ഗോളുകള്‍ മാത്രമാണ്. എന്നാല്‍ ലോകകപ്പിന് തൊട്ടടുത്ത് എത്തിയതോടെ ജര്‍മനി പിന്നോട്ട് വലിയാന്‍ തുടങ്ങി. സൗഹൃദ മത്സരങ്ങളിലെ പ്രകടനം തന്നെ കണ്ടാല്‍ മതി. ഓസ്ട്രിയയോടെ 2-1നാണ് ഒന്നാം റാങ്കുകാര്‍ തോറ്റത്. അന്ന് ന്യൂയറും ഓസിലും ഖദീരയും ഹെക്ടറും വെര്‍ണറും റൂയിസും ഗോമസും ടീമിലുണ്ടായിരുന്നു. കളിച്ചിരുന്നു. പക്ഷേ കാര്യമുണ്ടായില്ലെന്ന് മാത്രം. പിന്നീട് സൗദ്യ അറേബ്യക്കെതിരെയും ജര്‍മനിയുടെ ദൗര്‍ബല്യം കണ്ടു. അന്ന് 2-1ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

Content Highlights: Why Germany Out Of World Cup 2018