നി നാലേ നാലു കളികള്‍ മാത്രം. തുടര്‍ച്ചയായി രണ്ടുകളികള്‍ ജയിക്കുന്ന ടീം ഞായറാഴ്ച രാത്രി ലോകകപ്പ് കിരീടമുയര്‍ത്തും. കിരീടത്തിനൊപ്പം ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരംകൂടി കിട്ടിയാല്‍ അത് ഇരട്ടിമധുരമാകും. റഷ്യന്‍ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ബോള്‍ പുരസ്‌കാരം ആര് സ്വന്തമാക്കും? 

ചിത്രം വ്യക്തമല്ല. കാരണം, അതിന് ഗോളുകള്‍ മാത്രം പോരാ, ടീമിന്റെയാകെ മുന്നേറ്റത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവനനല്‍കിയവരും ഓരോ കളിയിലും തന്റെ സാന്നിധ്യം അറിയിച്ചവരുമാണ് ലോകകപ്പിലെ മികച്ച താരമാവുക. ഗോള്‍ അടിച്ചതിനൊപ്പം അടിപ്പിക്കാനും മുന്നിലുണ്ടാകണം. അതിനൊപ്പം ടീം മുന്നേറുകയും വേണം. തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒന്നും ഉറപ്പിക്കാനാകില്ല.

കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് ഇപ്പോള്‍ മുന്നില്‍നില്‍ക്കുന്നത് ഇംഗ്ലണ്ടിന്റെ ഹാരി കെയ്നാണ്. നാലു കളിയില്‍ കെയ്ന്‍ ആറു ഗോള്‍ നേടി. മൂന്നുപേര്‍ നാലുവീതം ഗോളുകള്‍ നേടി. റൊമേലു ലുക്കാക്കു (ബെല്‍ജിയം), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ഡെനിസ് ചെറിഷേവ് (റഷ്യ). ഇതില്‍ റഷ്യയും പോര്‍ച്ചുഗലും പുറത്തായതിനാല്‍ ഹാരി കെയ്നും ലുക്കാക്കുവും തമ്മിലാണ് ഗോള്‍ഡന്‍ ബൂട്ടിനുള്ള പ്രധാന മത്സരം.

അഞ്ചുകളികളില്‍ ആറു ഗോളുകള്‍ നേടിയ ഹാരി കെയ്ന്‍ മികച്ച താരംകൂടിയായാല്‍ അത് ചരിത്രമാകും. കാരണം, ലോകകപ്പിന്റെ ചരിത്രത്തില്‍ സമീപകാലത്തൊന്നും ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും ഒരാള്‍ ഒരുമിച്ച് നേടിയിട്ടില്ല. കളിച്ച നാലുകളികളില്‍ മൂന്നിലും ഗോള്‍ നേടി എന്നതാണ് ഹാരി കെയ്നിനെ വേറിട്ടുനിര്‍ത്തുന്നത്. ഇതില്‍ മൂന്നും പെനാല്‍ട്ടിയിലൂടെയായിരുന്നു. എന്നാല്‍, പെനാല്‍ട്ടിയിലേക്ക് നയിക്കുന്നതിലും കെയ്നിന് നല്ല പങ്കുണ്ടായിരുന്നു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ ബെല്‍ജിയത്തിനെതിരേ കെയ്ന്‍ കളിച്ചില്ല. ടുണീഷ്യക്കെതിരേ ഇന്‍ജുറി സമയത്ത് (90+1) ഹാരി കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിന് ആദ്യജയം സമ്മാനിച്ചത്. യുവതാരങ്ങളുടെ കരുത്തില്‍ മുന്നേറുന്ന ഇംഗ്ലണ്ടിന്റെ കുതിപ്പില്‍ കെയ്ന്‍ എന്ന സ്ട്രൈക്കറുടെ അപാരവേഗവും ഫിനിഷിങ് മികവും സെറ്റ്പീസ് വൈദഗ്ധ്യവും വലിയ പങ്കുവഹിച്ചു.

goal

ഗോള്‍ എണ്ണത്തില്‍ റൊമേലു ലുക്കാക്കുവാണ് മുന്നില്‍നില്‍ക്കുന്നതെങ്കിലും മികച്ച താരമാകാനുള്ള മത്സരത്തില്‍ മുന്നില്‍നില്‍ക്കുന്ന ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡാണ്. പാനമയ്ക്കും ടുണീഷ്യയ്ക്കുമെതിരായ ഇരട്ടഗോളുകളാണ് ലുക്കാക്കുവിന്റെ ശേഖരത്തിലുള്ളത്. എന്നാല്‍, രണ്ടു ഗോളുകളേ നേടിയിട്ടുള്ളൂവെങ്കിലും ബെല്‍ജിയത്തിന്റെ കളി നിയന്ത്രിക്കുന്നതില്‍ ഹസാര്‍ഡ് എന്ന വിങ്ങര്‍ക്ക് വലിയ പ്രധാന്യമുണ്ട്. റൊമേലു ലുക്കാക്കു, കെവിന്‍ ഡിബ്രൂയ്ന്‍, ഡ്രെയ്ന്‍ മെര്‍ട്ടന്‍സ് തുടങ്ങിയ പ്രതിഭാശാലികള്‍ അണിനിരക്കുന്ന ബെല്‍ജിയം മുന്നേറ്റത്തില്‍ കളിയുടെ വേഗവും ഫലവും നിശ്ചയിക്കാന്‍ ഹസാര്‍ഡിന് കഴിയുന്നു.

പ്രതിഭാശേഷിയുള്ള താരങ്ങളാല്‍ സമ്പന്നമാണ് ഇക്കുറി ഫ്രാന്‍സ് ടീം. അവരുടെ അന്തിമടീമില്‍ ഇടംകിട്ടാതെപോയ അന്താരാഷ്ട്ര താരങ്ങളെക്കൊണ്ട് മറ്റൊരു ലോകകപ്പ് ടീമിനെയുണ്ടാക്കാമെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പോള്‍ പോഗ്ബ, എംബാപ്പെ, ഡെംബലെ തുടങ്ങിയ ഒരുകൂട്ടം താരങ്ങള്‍ക്കിടയില്‍നിന്ന് തന്റെ സ്വരം വേറിട്ടുകേള്‍പ്പിക്കുന്ന അന്റോയിന്‍ ഗ്രീസ്മാനും മികച്ച താരത്തിനുള്ള പുരസ്‌കാരമത്സരത്തില്‍ മുന്നിലുണ്ട്. കഴിഞ്ഞ യൂറോ കപ്പില്‍ ആറു ഗോളുകളുമായി ടോപ് സ്‌കോററും മികച്ച കളിക്കാരനുമായ ഗ്രീസ്മാന്‍, ലോകകപ്പിലും അതിന് അര്‍ഹനാണെന്ന് തെളിയിച്ചുകഴിഞ്ഞു.

സെമിയിലെത്തിയ ക്രൊയേഷ്യയുടെ യാത്ര എവിടെവരെയെന്ന് ഇനിയും പറയാറായിട്ടില്ല. രണ്ടുതവണ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് മുന്നേറിയതെങ്കിലും അവസാനംവരെ പോരാടാനുള്ള കരുത്തും നിശ്ചയദാര്‍ഢ്യവും അവരുടെ മുന്നേറ്റത്തിന് ഇന്ധനം പകരുന്നു. ഇന്ന് ലോകത്തെ മികച്ച ക്രിയേറ്റീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായി പരിഗണിക്കപ്പെടുന്ന ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിന് ടീമിന്റെ മുന്നേറ്റത്തില്‍ പ്രധാനപങ്കുണ്ട്. ടീം ഇനിയും മുന്നോട്ടുപോവുകയാണെങ്കില്‍ മോഡ്രിച്ച് മികച്ച കളിക്കാരനായാലും അദ്ഭുതപ്പെടേണ്ടതില്ല.

Content Highlights ; Golden Ball, Antoine Griezmann, eden hazard, luka modric, harry kane, FIFA World Cup 2019