നാലര പതിറ്റാണ്ടു മുന്‍പ് `ബോംബര്‍' ഗെര്‍ഡ് മുള്ളറും `കൈസര്‍' ബെക്കന്‍ബോവറും  `ഡാന്‍സിംഗ് ഡച്ച്മാന്‍' യൊഹാന്‍ ക്രൈഫും കാതടപ്പിക്കുന്ന ആരവങ്ങളുടെ  അകമ്പടിയോടെ മനസ്സില്‍ കയറിവന്നത് മ്യൂണിക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നിന്നല്ല; വിംസിയുടെ അഗ്‌നിചിറകുള്ള അക്ഷരങ്ങളില്‍ നിന്നാണ്. ജീവന്‍ തുടിക്കുന്ന ആ അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും വേണ്ടി, അവ കൂടിച്ചേര്‍ന്നുരസുമ്പോള്‍ ചിന്നിച്ചിതറുന്ന തീപ്പൊരികള്‍ക്ക് വേണ്ടി  അക്ഷമനായി കാത്തിരുന്ന കാലമുണ്ട് എന്റെ ജീവിതത്തില്‍. ബൂട്ടില്‍ നിന്ന് ചീറിപ്പായുന്ന പന്തിന്റെ മൂളക്കമാണ് ലോകത്തെ ഏറ്റവും ഉദാത്തമായ സംഗീതമെന്ന് വിശ്വസിച്ചിരുന്ന കാലം.  

മറ്റൊരു ലോകകപ്പിന് മോസ്‌കോയില്‍ പന്തുരുളുമ്പോള്‍, അറിയാതെ വിംസിയെ ഓര്‍ത്തുപോകുന്നു വീണ്ടും. മലയാളിയെ ലോക ഫുട്ബാളിന്റെ ചൂടും പുകയും വീറും വാശിയും ഉന്മാദവും  ലഹരിയും നിറഞ്ഞ വഴികളിലൂടെ ആദ്യമായി കൈപിടിച്ചു നടത്തിയ കളിയെഴുത്തുകാരന്‍. മാതൃഭൂമിയുടെ താളുകളിലെ ത്രസിക്കുന്ന ആ അക്ഷരങ്ങള്‍ക്ക് മീതെ വെറുതെ വിരലോടിക്കാറുണ്ടായിരുന്നു അന്നൊക്കെ; അവയ്ക്ക്  ജീവനുണ്ടോ എന്നറിയാന്‍. നീണ്ട സ്വര്‍ണത്തലമുടി കാറ്റില്‍ പറത്തി നൃത്തച്ചുവടുകളോടെ പന്തുമായി ബോക്‌സിലേക്ക് ഒഴുകിനീങ്ങുന്ന ക്രൈഫിനെയും ഈറ്റപ്പുലിയുടെ ശൗര്യത്തോടെ എതിര്‍ പ്രതിരോധനിര പിച്ചിച്ചീന്തുന്ന മുള്ളറെയുമൊക്കെ ഏതോ കൗബോയ് ചിത്രത്തിലെ വീരശൂരപരാക്രമികളായ നായകരെ പോലെ എന്നെന്നേക്കുമായി മനസ്സില്‍ കുടിയിരുത്തിയത് വിംസിയുടെ റിപ്പോര്‍ട്ടുകളായിരുന്നല്ലോ. മ്യൂണിക്കിലെ (1974) ആ ചരിത്രപ്രസിദ്ധമായ ഫൈനലില്‍ ഏരീ ഹാനിന്റെ ശക്തമായ മാര്‍ക്കിംഗില്‍ നിന്ന് കുതറിമാറി ബോക്‌സിനു തൊട്ടുള്ളില്‍ നിന്ന് ജര്‍മ്മന്‍ സ്ട്രൈക്കര്‍ മുള്ളര്‍ തൊടുത്ത വെടിയുണ്ട തകര്‍ത്തുകളഞ്ഞത് ഡച്ചുകാരുടെ സ്വപ്നങ്ങള്‍ മാത്രമല്ല ; അവരുടെ വിജയത്തിന് വേണ്ടി സ്‌കൂളിലെ പള്ളിയില്‍ മെഴുകുതിരി കത്തിച്ച്  ഉള്ളുരുകി പ്രാര്‍ത്ഥിച്ച  ഒരു പത്തുവയസ്സുകാരന്റെ ഹൃദയം  കൂടിയാണ്. ``രവിയുടെ സങ്കടം എനിക്ക് മനസ്സിലാകും. ആ റിപ്പോര്‍ട്ടുകളൊക്കെ എഴുതുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചതും ഹോളണ്ട് ജയിച്ചുകാണാനാണ്.'' വര്‍ഷങ്ങള്‍ക്ക് ശേഷമൊരു നാള്‍ ആ കാലത്തേക്ക് മനസ്സുകൊണ്ട് തിരിച്ചുനടക്കേ വിംസി പറഞ്ഞ വാക്കുകള്‍ ഓര്‍മ വരുന്നു.

വിംസിയെ ആദ്യം കണ്ടത് എന്നായിരുന്നു? 1975 ലാവണം. പഠനയാത്രയുടെ  ഭാഗമായി വയനാടന്‍ ചുരമിറങ്ങി കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു ഞങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍. മെഡിക്കല്‍ കോളേജിലെ ആരോഗ്യവിദ്യാഭ്യാസ പ്രദര്‍ശനം കാണുകയാണ് പ്രധാന ലക്ഷ്യം. തിരിച്ചു പോകും വഴി  റോബിന്‍സണ്‍ റോഡിലെ (ഇന്ന് കേശവമേനോന്‍ റോഡ്) മാതൃഭൂമിയിലും ചെന്നു; പ്രിന്റിംഗ് കാണാന്‍. സിലിണ്ടര്‍ പ്രസ്സിന്റെ പൊള്ളുന്ന ചൂട് ഏറ്റുവാങ്ങി സഹപാഠികള്‍ക്കൊപ്പം വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കേ, അടുത്തുണ്ടായിരുന്ന അറ്റന്‍ഡറോട് വെറുതെ ഒരു ചോദ്യം: ``ഈ വിംസീന്ന് പറഞ്ഞ ആള്‍ ഇവിടെയല്ലേ? മൂപ്പരെ കാണാന്‍ പറ്റ്വോ?'' അത്ഭുതത്തോടെ എന്നെ നോക്കി ആ മനുഷ്യന്‍; വയനാട്ടുകാരനായ ഈ പീറപ്പയ്യന്  വിംസിയുമായി എന്ത് ബന്ധം എന്ന് അന്തംവിട്ടിരിക്കണം അയാള്‍. തിരിച്ചു പോകും വഴി മുകളിലെ നിലയിലെ എഡിറ്റോറിയല്‍ ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ആ അറ്റന്‍ഡറാണ്. വാതിലിന് തൊട്ടു പുറത്തുനിന്ന്, കണ്ണാടിച്ചില്ലു കൊണ്ട് മറച്ച കൊച്ചു മുറിയിലേക്ക് ചൂണ്ടി അയാള്‍ പറഞ്ഞു: ``ദാ കണ്ടോളു. ആ ഇരിക്കുന്ന ആളാണ് വിംസി. ഇപ്പൊ തിരക്കിലാണ്. സംസാരിക്കാന്‍ പറ്റില്ല. കണ്ടിട്ട് പൊയ്‌ക്കോളൂ..''

vimcy
ഫോട്ടോ: എസ്.എൽ. ആനന്ദ്

ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തോടെ ഹാഫ് ഡോര്‍ മെല്ലെ തള്ളി അകത്തേക്ക് നോക്കി. മേശപ്പുറത്തെ ഫയലുകളുടെയും പത്രക്കെട്ടുകളുടെയും കൂമ്പാരത്തില്‍ തല പൂഴ്ത്തി ഒരു മെലിഞ്ഞ  മനുഷ്യനിരിക്കുന്നു. കട്ടി ഫ്രെയിമുള്ള കണ്ണടയാണ് ആദ്യം മനസ്സില്‍ തങ്ങിയത്. പിന്നെ മേശയുടെ ഒരു മൂലയ്ക്ക് ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്ന ട്രാന്‍സിസ്റ്റര്‍ റേഡിയോയും. ഒച്ചയുണ്ടാക്കാതെ മടങ്ങുമ്പോള്‍ വെറുതെ ഒന്നുകൂടി തിരിഞ്ഞുനോക്കി. എഴുത്തു നിര്‍ത്തി പേന താഴെവെച്ച് ഒരു സിഗരറ്റിന് തിരികൊളുത്തുകയാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. നിമിഷനേരത്തെ വിശ്രമം  മാത്രം. എരിയുന്ന സിഗരറ്റ് വിരലുകള്‍ക്കിടയില്‍ തിരുകി ചുറ്റുമുള്ള കോലാഹലമൊന്നും ശ്രദ്ധിക്കാതെ വീണ്ടും എഴുത്തിന്റെ തിരക്കിലേക്ക് തിരിച്ചുപോകുന്നു അദ്ദേഹം. കൗതുകം തോന്നി: എന്തായിരിക്കും വിംസി ഇപ്പോള്‍ എഴുതുന്നുണ്ടാകുക? നാളത്തേക്കുള്ള ``വാല്‍ക്കഷ്ണം'' ആയിരിക്കുമോ?  ഓരോ ലേഖനത്തിന്റെയും ഒടുവില്‍ ആക്ഷേപഹാസ്യം കലര്‍ത്തി വിംസി എഴുതിച്ചേര്‍ത്തിരുന്ന രസികന്‍ ``വാല്‍ക്കഷ്ണ''ങ്ങള്‍ പലയാവര്‍ത്തി വായിച്ചു തലതല്ലി ചിരിച്ചിട്ടുണ്ട് അന്നൊക്കെ. കുറിക്കുകൊള്ളുന്ന ആ മൊഴിമുത്തുകള്‍ നോട്ട് ബുക്കില്‍ പകര്‍ത്തിവെക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന ഹോബികളില്‍ ഒന്ന്.  ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ``ടിറ്റ്ബിറ്റ്സ്'' വാരികയിലെ ഒരു പംക്തികാരനോടാണ് `വാല്‍ക്കഷ്ണം' എന്ന പ്രയോഗത്തിന് കടപ്പാടെന്ന് വിംസി  പിന്നീടൊരിക്കല്‍ പറഞ്ഞു.

വിംസിക്ക് മുന്‍പ് ഫുട്ബാളിനെ കുറിച്ച് മലയാളത്തില്‍ എഴുതിയവര്‍ ഉണ്ടാകാം; മുഷ്ത്താഖിനേയും കെ പി ആര്‍ കൃഷ്ണനേയും പോലെ. പക്ഷേ വിംസി എഴുതിയത് കളിയെ കുറിച്ച് മാത്രമായിരുന്നില്ല. കളിയ്ക്കുള്ളിലെ കളിയെക്കുറിച്ചു കൂടിയാണ്. ഇരുതല മൂര്‍ച്ചയുള്ള ശൈലിയില്‍, തൊട്ടാല്‍ പൊള്ളുന്ന വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഒരു മാലയിലെന്നോണം കൊരുത്ത് വിംസി എഴുതിയ കുറിപ്പുകള്‍ ഏതു സസ്‌പെന്‍സ് ത്രില്ലറിനോടും കിടപിടിക്കുമായിരുന്നു. ടെലിവിഷനും ഇന്റര്‍നെറ്റും ഗൂഗിളും വിക്കിപ്പീഡിയയും ഒന്നും ആരും സ്വപ്നം കണ്ടുതുടങ്ങിയിട്ടു പോലും ഇല്ലാതിരുന്ന കാലമാണെന്നോര്‍ക്കണം. വിദേശ വാര്‍ത്താ ഏജന്‍സികളെയും ബി ബി സിയുടെ സ്‌പോര്‍ട്ട്‌സ് പ്രക്ഷേപണങ്ങളെയും വല്ലപ്പോഴും വന്നുകിട്ടുന്ന വേള്‍ഡ് സോക്കര്‍ പോലുള്ള   മാസികകളെയും മാത്രം ആശ്രയിച്ച് 1960 കളിലും 70 കളിലും അദ്ദേഹം എഴുതിക്കൂട്ടിയിരുന്ന ലേഖനങ്ങള്‍ എത്രമാത്രം ആസ്വാദ്യകരവും ആവേശകരവുമായിരുന്നു എന്നോര്‍ത്തുപോകും, ആധുനിക മലയാള കായിക സാഹിത്യങ്ങളില്‍ ചിലത് വായിക്കുമ്പോള്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിംസി സ്വന്തം ലേഖനങ്ങളില്‍ അവതരിപ്പിച്ച ``ജാര്‍ഗണു''കളില്‍ നിന്ന് ഇന്നും പൂര്‍ണവിമുക്തി നേടിയിട്ടില്ല മലയാളത്തിലെ സ്‌പോര്‍ട്‌സ് പത്രപ്രവര്‍ത്തനം. നിറയൊഴിക്കുന്ന ബൂട്ടുകളും പൊട്ടിത്തെറിക്കുന്ന സ്റ്റേഡിയങ്ങളും മനം പുരട്ടുന്ന ആവണക്കെണ്ണക്കളിയും ഇരമ്പുന്ന ഗാലറികളും മിന്നുന്ന ഗോളും ഒക്കെ സ്‌പോര്‍ട്ട്‌സ് സാഹിത്യശാഖക്ക് വിംസിയുടെ ക്ലാസിക്ക് സംഭാവനകള്‍. ``പന്ത് വലയിലേക്ക് ചെത്തിയിട്ടു'' എന്നെഴുതിയ വിദ്വാന്റെ മുന്‍പില്‍ ആയുധം വെച്ച് കീഴടങ്ങുന്നു ഞാന്‍  എന്ന് ശൈലീവല്ലഭനായ സാക്ഷാല്‍ വി.കെ.എന്നിനെ കൊണ്ട് നിരുപാധികം എഴുതിക്കാന്‍ വിംസിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?

പക്ഷേ, കളിയെഴുത്തില്‍ ഭാഷയിലെ പൊടിപ്പും തൊങ്ങലും അതിരുവിടരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്.  മാതൃഭൂമി വാര്‍ഷികപ്പതിപ്പിന് വേണ്ടി  രണ്ടായിരത്തില്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തില്‍ വിംസി പങ്കുവെച്ച ഒരു നിരീക്ഷണം ഓര്‍ക്കുന്നു: ``ഭാഷക്ക് വേണ്ടതിലേറെ പൊലിമ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ അരോചകമാകും. അതേ സമയം ആ ശൈലിയില്‍ നാം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറയാറുള്ള ``ചിമുക്ക്'' നന്നായി വേണം താനും. വെടിക്കെട്ടുകളെ കുറിച്ച് പറയുമ്പോഴാണ് ചിമുക്ക് കയറിവരിക. വാസ്തവത്തില്‍ വെടിക്കെട്ടിലെ ചിമുക്ക് -- ഇംഗ്ലീഷില്‍ പഞ്ച് -- പോലെ തന്നെയാണ് കളിയെഴുത്തിലെ ചിമുക്കും. അത് നിങ്ങളുടെ ശൈലി കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഏതായാലും പലരും പയറ്റിനോക്കുന്ന പൈങ്കിളി സ്‌റ്റൈല്‍ വേണ്ടേ വേണ്ട. വായനക്കാര്‍ വെറുക്കും...'' ആകര്‍ഷകമായ ആ ചിമുക്ക് തന്നെയായിരുന്നു എന്നും വിംസിയുടെ എഴുത്തിന്റെ കരുത്ത്. ഫുട്ബാളിനെയും ഫുട്ബാളര്‍മാരെയും കുറിച്ചെഴുതുമ്പോഴാണ് വിംസിയുടെ തൂലിക  ശരിക്കും ``വെളിച്ചപ്പെടുക''യും ചോര ചിന്തുകയും ചെയ്യുക.  വിമര്‍ശനങ്ങളാണെങ്കില്‍ ആക്രമണത്തിന് മൂര്‍ച്ച  കൂടും. കായിക സംഘടനകളുടെ  തലപ്പത്തെ കടല്‍ക്കിഴവന്മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു ഈ  മെലിഞ്ഞ മനുഷ്യന്‍. 

vimcy
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

1950 ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ചേര്‍ന്ന വിളയാട്ടുശ്ശേരി മുള്ളമ്പലത്ത് ബാലചന്ദ്രന്‍  ``വി.എം.ബി.സി''യും കാലക്രമത്തില്‍  ``വിംസി'' എന്ന ചുരുക്കപ്പേരുമായി മാറിയത് ജ്യേഷ്ഠ തുല്യനായ പത്രപ്രവര്‍ത്തകന്‍ കെ.ആര്‍ പണിക്കരുടെ പ്രേരണയിലാണ്. 1930 കളില്‍ കോഴിക്കോട്ട് തമ്പടിച്ചിരുന്ന വെള്ളപ്പട്ടാള ടീമുകളെ ചാലഞ്ചേഴ്സിന്റെ നാടന്‍ ധ്വരമാര്‍ വരച്ചവരയില്‍ നിര്‍ത്തുന്ന`` മില്യണ്‍ ഡോളര്‍ കാഴ്ച'' കാണാന്‍ മാനാഞ്ചിറ മൈതാനത്തിന് ചുറ്റും മറച്ചുകെട്ടിയിരുന്ന ഓലത്തട്ടികകളിലൂടെ നുഴഞ്ഞുകയറിയിരുന്ന ബാല്യത്തെ കുറിച്ച്  എഴുതിയിട്ടുണ്ട് അദ്ദേഹം. ഈ കടുത്ത കളിക്കമ്പത്തില്‍ നിന്ന് തന്നെയാണ് മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കളിയെഴുത്തുകാരനിലേക്കുള്ള വിംസിയുടെ  വളര്‍ച്ചയും. ``കോഴിക്കോട്ടെ ശരാശരി ഫുട്‌ബോള്‍ പ്രേമിയാണ് എന്റെ ഹീറോ. കളിക്കാരല്ല അവരാണ് ഇവിടത്തെ കളിയുടെ ജീവന്‍.''-- അര നൂറ്റാണ്ടു മുന്‍പ് അദ്ദേഹം  എഴുതി. കോട്ടായി അച്ചു മുതല്‍ ഡീഗോ മാറഡോണ വരെയുള്ള കളിക്കാരോടുള്ളതിനേക്കാള്‍ പ്രതിബദ്ധത പണം മുടക്കി കളി കാണാനെത്തുന്ന സാധാരണക്കാരായ  ഈ കളിപ്രേമികളോട് മരണം വരെ കാത്തുസൂക്ഷിച്ചു വിംസി.

2010 ജനുവരി 9 നാണ്  വിംസി ഓര്‍മയായത്. മറ്റൊരു പന്തുകളിയുത്സവത്തിന്റെ  ആവേശ ലഹരിയില്‍ കേരളം  മതിമറക്കുമ്പോള്‍ ലോക ഫുട്ബാളിന്റെ  മാസ്മര ലോകത്തേക്ക് ആദ്യമായി മലയാളിയെ കൂട്ടിക്കൊണ്ടുപോയ  മനുഷ്യനെ മറക്കുവതെങ്ങിനെ? 

Content Highlights: Vimcy sports writer Vilayattasseri Mullambalath Balachandran world cup memories football