അഞ്ച് പെനാല്‍ട്ടികള്‍, അടിച്ച ഗോള്‍ അനുവദിക്കാതിരിക്കല്‍, മഞ്ഞക്കാര്‍ഡുകള്‍... റഷ്യന്‍ ലോകകപ്പ് ഒരാഴ്ച പിന്നിടുമ്പോള്‍ വീഡിയോ അസിസ്റ്റന്റ് റഫറിമാരാണ് (വി.എ.ആര്.) താരങ്ങള്‍. മൈതാനത്തെ അദൃശ്യസാന്നിധ്യമായ 'വാറു'കള്‍ ലോകകപ്പ് അരങ്ങേറ്റത്തില്‍ത്തന്നെ വരവറിയിച്ചിരിക്കുകയാണ്.
കളി കൂടുതല്‍ സുതാര്യവും നിഷ്പക്ഷവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫിഫ റഷ്യന്‍ ലോകകപ്പില്‍ വാറുകളെ അവതരിപ്പിച്ചത്. കളിയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടാതെതന്നെ 'വാര്' ഉപയോഗപ്പെടുത്താനാവുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. എന്നാല്‍, ആദ്യഘട്ടം പിന്നിടുമ്പോള്‍ത്തന്നെ വാറുകള്‍ കളിയൊഴുക്കിനെ തടസ്സപ്പെടുത്തുന്നെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. വാര് ഉപയോഗിക്കാത്തതിനെതിരേ ബ്രസീലും ഇംഗ്ലണ്ടും പരാതിയും നല്കി. വാര് ഉപയോഗിക്കാതിരുന്നതുകാരണം ഇംഗ്ലണ്ടിന് അര്‍ഹമായ രണ്ടു പെനാല്‍റ്റികള്‍ നഷ്ടമായ കാര്യം അന്വേഷിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ലോകകപ്പില്‍ 21 കളികള്‍ പിന്നിടുമ്പോള്‍ 11 പെനാല്‍ട്ടികള്‍ അനുവദിച്ചുകഴിഞ്ഞു. 18 പെനാല്‍ട്ടികളാണ് ഇതുവരെയുള്ള ലോകകപ്പ് റെക്കോഡ്. അഞ്ച് പെനാല്‍ട്ടികള്‍ വാര് ഉപയോഗിച്ചാണ് അനുവദിച്ചത്. ഈ നില തുടര്‍ന്നാല്‍ പെനാല്‍ട്ടികളില്‍ ഇക്കുറി റെക്കോഡ് തിരുത്തിക്കുറിക്കപ്പെട്ടേക്കാം. ജര്‍മന്‍, ഇറ്റാലിയന്‍ ലീഗുകളില്‍ കഴിഞ്ഞ സീസണില്‍ പരീക്ഷിച്ച ശേഷമാണ് വാര് ലോകകപ്പിലും ഉപയോഗപ്പെടുത്താന്‍ ഫിഫ തീരുമാനിച്ചത്.
അസിസ്റ്റന്റ് റഫറി ഫ്ളാഗ് ഉയര്‍ത്താതെ ഗോള്‍ നേടിയാലും വീഡിയോ പരിശോധനയില്‍ ഓഫാണെന്നു കണ്ടാല്‍ ഗോള്‍ അനുവദിക്കില്ല. സ്പെയിനിനെതിരായ മത്സരത്തില്‍ ഇറാന് 62-ാം മിനിറ്റില്‍ വല ചലിപ്പിച്ചെങ്കിലും ഗോള്‍ അനുവദിച്ചിരുന്നില്ല. പന്ത് ഇറാന് താരത്തിന്റെ കൈയില്‍ തട്ടിയതായി വീഡിയോ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അത്.
വാര് വന്നതിനാല്‍ കാര്‍ഡുകളുടെ എണ്ണം കുറഞ്ഞതായാണ് വിലയിരുത്തല്‍. 20 മത്സരങ്ങളില്‍ ഒരു ചുവപ്പ് കാര്‍ഡ് മാത്രമാണ് വന്നത്. മഞ്ഞക്കാര്‍ഡുകളുടെ ശരാശരിയിലും കുറവുണ്ട്.
വാര് പ്രവര്‍ത്തനം എങ്ങനെ?
നാല് അവസരങ്ങളിലാണ് വീഡിയോ റഫറിമാരുടെ സേവനം തേടുക.
1. സംശയമുണര്‍ത്തുന്ന ഗോളുകള്‍
2. പെനാല്‍റ്റി കിക്കുകള്‍ അനുവദിക്കേണ്ടി വരുമ്പോള്‍
3. നേരിട്ടുള്ള ചുവപ്പുകാര്‍ഡ് നല്കുമ്പോള്
4. ആളുമാറി മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ നല്കുമ്പോള്
ഇത്തരം അവസരങ്ങളില്‍ മുഖ്യ റഫറി വീഡിയോ റഫറിയുടെ സഹായം തേടുന്നു. ചൂണ്ടുവിരലുകള്‍കൊണ്ട് വായുവില്‍ ഒരു ത്രികോണം വരയ്ക്കുന്നതിലൂടെ വീഡിയോ റഫറിയുടെ സഹായംതേടുന്നതായി മുഖ്യ റഫറി അറിയിക്കുന്നു. ഇയര്‍ഫോണിലൂടെ നിരന്തരമായി വാര് റൂമുമായി റഫറി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
വീഡിയോ റഫറി വീഡിയോ ഓപ്പറേഷന് റൂമില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ മോണിറ്ററുകളില്‍ റീപ്ലേ സ്ലോമോഷനിലും അല്ലാതെയും കണ്ടശേഷം സന്ദര്‍ഭം വിശദീകരിച്ച് മുഖ്യ റഫറിയെ ബോധിപ്പിക്കുന്നു. വീഡിയോ റഫറിയെ ഇതിന് സഹായിക്കാന്‍ വീഡിയോ ഓപ്പറേഷന് റൂമില്‍ ഒരു അസിസ്റ്റന്റ് റഫറിയും സാങ്കേതികവിദഗ്ധരും കാണും.
വാറിനെതിരേ...
ലോകകപ്പില്‍ വീഡിയോ റഫറിമാരെ ഉപയോഗിക്കുന്നതില്‍ ഫിഫയില്നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വീഡിയോ സാങ്കേതിക വിദ്യ കൃത്യമായിരിക്കില്ലെന്നാണ് ഫിഫയുടെ റഫറീയിങ് ഡയറക്ടര്‍ മാസ്സിമോ ബുസാക തന്നെ പറയുന്നത്. എങ്കിലും വാര് വിജയമാണെന്നാണ് ഫിഫയുടെ ഇതുവരെയുള്ള നിലപാട്.