കൊച്ചി: കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയ്ക്ക് മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസ്സി.കോമില് (messi.com) ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ (#VamosLeo) വീഡിയോ വോട്ടെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള വീഡിയോ ഒന്നാമതെത്തി.
ഇക്കാര്യമറിയിച്ചുകൊണ്ടുള്ള മെയില്‍, വീഡിയോ അപ്ലോഡ് ചെയ്ത ചെല്ലാനത്തെ ഫാദര്‍ വിപിന്‍ ലഭിച്ചു. മെസ്സിയുടെ വെബ്സൈറ്റിലും വിജയിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മെസ്സി കയ്യൊപ്പിട്ട ഫുട്ബോളാണ് സമ്മാനമായി ലഭിക്കുക.
ലോകകപ്പിനോടനുബന്ധിച്ച് അര്‍ജന്റീനയെയും മെസ്സിയെയും പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോകളാണ് വാമോസ് ലിയോ കോണ്ടസ്റ്റില് ഉള്‍പ്പെടുത്തിയിരുന്നത്.
തിരഞ്ഞെടുത്ത വീഡിയോകള്‍ മെസ്സിയുടെ ഒഫീഷ്യല്‍ സൈറ്റില്‍ വോട്ടിങിനായി പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വീഡിയോകളില്‍ മൂന്നണ്ണം കേരളത്തില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.
അപ്ലോഡ് ചെയ്ത വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന വീഡിയോയ്ക്കായിരുന്നു സമ്മാനം. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോ മറ്റു വീഡിയോകളെ ഏറെ പിന്നിലാക്കിയാണ് സമ്മാനര്‍ഹമായത്. കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോ സമീപത്തെ പള്ളിയിലെ കൊച്ചച്ചന് ഫാദര്‍ വിപിന്‍ മാളിയേക്കലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത്.
സമ്മാനം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ ചെല്ലാനത്തെ ഒരു കായിക പ്രാധാന്യമുള്ള സ്ഥലമെന്ന നിലയില്‍ അടയാളപ്പെടുത്താനായതിലാണ് തനിക്ക് കൂടുതല്‍ കൃതാര്ത്ഥതയെന്നും ഫാദര്‍ വിപിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മന:പൂര്‍വമല്ലെങ്കിലും പലപ്പോഴും കടലാക്രമണം പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചെല്ലാനം വാര്‍ത്തകളില്‍ ഇടംപിടിക്കാറ്. അതിനപ്പുറം ഇവിടത്തെ മണ്ണില്‍ ആഴത്തില്‍ വേരോടിയ കായിക സംസ്കാരത്തെ പുറംലോകത്തെത്തിക്കാന്‍ ഈ നേട്ടം സഹായകമായതില്‍ ഏറെ സന്തോഷമുണ്ട് -വിപിനച്ചന് കൂട്ടിച്ചേര്‍ത്തു.
നേരത്തേ, ചെല്ലാനത്തെ മെസ്സി 'ഫെയ്സ്ബുക്കിലെടുത്ത' വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിപിനച്ചന്റെ ഫെയ്സ്ബുക്ക് ലൈവ് കണ്ട് മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണ അദ്ദേഹത്തെ നേരിട്ട് വിളിക്കുകയും വീഡിയോ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്ത ലോകകപ്പ് വീഡിയോ കൊളാഷില്‍ ഈ വീഡിയോയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു വാമോസ് ലിയോ കോണ്ടസ്റ്റിലേക്കും വീഡിയോ തിരഞ്ഞെടുത്ത വിവരം അധികൃതര്‍ അറിയിച്ചത്.
കോണ്ടസ്റ്റില് ഒന്നാമതെത്തിയിരിക്കുന്നു എന്നു കാണിച്ചു കൊണ്ടുള്ള മെയില്‍ രണ്ടു ദിവസം മുമ്പുതന്നെ ഫാദര്‍ വിപിന്‍ ലഭിച്ചിരുന്നു. മെസ്സി കയ്യൊപ്പിട്ട ഫുട്ബോള്‍ അയക്കുന്നതിനായി വിലാസവും മറ്റു വിവരങ്ങളുമൊക്കെ ചോദിച്ചുകൊണ്ടായിരുന്നു മെയില്‍. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ച ശേഷം ഇന്നാണ് വെബ്സൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചത്.