ഒരു ലോകകപ്പ് ജയത്തിന്റെ ട്രോഫി തിയാഗോയുടെ വീട്ടിലിരിപ്പുണ്ട്. അത് അച്ഛൻ നേടിയതാണ്. ഇനിയൊന്ന് സ്വന്തമായി നേടണം, അതിനുള്ള ശ്രമത്തിലാണ് സ്പാനിഷ് മധ്യനിരതാരം.

തിയാഗോ അൽകന്താരയ്ക്ക് മൂന്നു വയസ് പ്രായമുള്ളപ്പോഴാണ് അച്ഛൻ മാസീന്യോ അടങ്ങിയ ബ്രസീൽ ടീം ഇറ്റലിയെ തോൽപ്പിച്ച് ലോകകിരീടം ഉയർത്തിയത്. ആ പെരുമയ്ക്കൊപ്പമെത്താനുള്ള സുവർണാവസരമാണ് മകന് മുന്നിൽ റഷ്യ തുറന്നിടുന്നത്.

നാലു വിജയങ്ങളുടെ ദൂരം മാത്രമേ തിയാഗോയ്ക്ക് കിരീടത്തിലേക്കുള്ളൂ. അച്ഛൻ ബ്രസീലിനൊപ്പമാണ് കിരീടം ഉയർത്തിയെതെങ്കിൽ മകൻ സ്പാനിഷ് ടീമിന് വേണ്ടിയാണ് ലോകകപ്പ് കളിക്കുന്നതെന്ന വ്യത്യാസമുണ്ട്.

1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലായിരുന്നു മാസീന്യോ കളിച്ചത്. അന്ന് ബെബോറ്റോയുടെ കൂടെ തൊട്ടിലാട്ട ആഘോഷത്തിൽ പങ്കെടുത്ത മൂവരിൽ ഒരാൾ.

മക്കൾ ബ്രസീലിന് കളിച്ച് കാണണം എന്ന് തന്നെയായിരുന്നു മാസീന്യോയുടെ ആഗ്രഹം. എന്നാൽ, തിയാഗോയ്ക്ക് മുന്നിൽ ആദ്യം രണ്ട് അവസരങ്ങളുണ്ടായിരുന്നു. ഒന്നുങ്കിൽ താൻ ജനിച്ച ഇറ്റലിക്ക് വേണ്ടി കളിക്കുക അല്ലെങ്കിൽ അച്ഛന്റെ ബ്രസീലിന് വേണ്ടി കളിക്കുക. എന്നാൽ, ഇതു രണ്ടും തിയാഗോ തിരഞ്ഞെടുത്തില്ല. പകരം തന്നെ കളിക്കാരനാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച സ്പെയിനിനുവേണ്ടി കളിക്കാനായിരുന്നു തിയാഗോയുടെ ഇഷ്ടം. ‘‘ഞാൻ ഇവിടെയാണ് ജീവിച്ചത്, വളർന്നതും, അതുകൊണ്ട് തന്നെ എനിക്ക് സ്പെയിൻ മതി’’ -തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാൽ തിയാഗോ നൽകുന്ന മറുപടിയാണിത്.

ഫ്ളമെങ്കോയിൽ നിന്നാണ് തിയാഗോ പന്തുതട്ടി തുടങ്ങിയത്. ലാലിഗ ക്ലബ്ബ് ബാഴ്‌സലോണയില്ലെത്തിയപ്പോഴാണ് കളിക്കാരന്റെ പൂർണതയിലേക്കെത്തുന്നത്. ബാഴ്‌സലോണയിൽ കളിക്കുമ്പോൾ തന്നെ തിയാഗോ സ്പെയിനിന് വേണ്ടി കളിച്ചുതുടങ്ങി. ആദ്യ അണ്ടർ-16 ടീമിൽ, പിന്നീട് 17, 18, 19, 21 ടീമുകളിലും തിയാഗോ ഇടം പിടിച്ചു. 2010-ൽ സ്പെയിൻ ആദ്യമായി ലോകകപ്പുയർത്തുമ്പോൾ അന്നത്തെ അണ്ടർ-19 സ്പാനിഷ് ടീം ക്യാമ്പിലായിരുന്നു തിയാഗോ. അന്ന് ടീമിലുണ്ടായിരുന്ന ഇസ്കോ, റോഡ്രിഗോ എന്നിവർ ഇപ്പോഴും തിയാഗോയുടെ കൂടെ ലോകകപ്പിനുണ്ട്. സ്പെനിനായി അണ്ടർ-21 യൂറോ കിരീടം നേടിയിട്ടുണ്ട് തിയാഗോ. അന്ന് ഫൈനലിൽ തിയാഗോ നേടിയ ഹാട്രിക്കാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. അന്ന് ഒപ്പം കളിച്ച ഡേവിഡ് ഡിഗിയയാണ് ലോകകപ്പ് ടീമിന്റ കാവൽക്കാരൻ. നിലവിൽ ജർമൻ ബുണ്ടസ് ലിഗ ക്ലബ്ബ് ബയറൺ മ്യൂണിക്കിന് വേണ്ടിയാണ് തിയാഗോ കളിക്കുന്നത്. സ്പെയിനിനായി 31 മത്സരങ്ങളിൽ കളിച്ചു. രണ്ട് ഗോളും നേടി.

മകൻ സ്പെയിനിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും അച്ഛൻ മാസീന്യോ നിരാശപ്പെടേണ്ടി വരില്ല. തന്റെ മറ്റൊരു മകനായ റാഫീന്യ ബ്രസീലിയൻ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഇറ്റാലിയൻ സീരി ഫുട്‌ബോളിൽ ഇന്റർമിലാന് വേണ്ടി കളിക്കുന്ന റാഫിന്യ ബ്രസീൽ ദേശീയ ടീമിനായി രണ്ടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരുഗോളും നേടി.