ക്രൊയേഷ്യ ആവേശത്തിലാണ്. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ പോകുകയാണ് അവര്‍. കാല്‍പ്പന്തുകളിയിലൂടെ സ്വാതന്ത്രസമരത്തിന് തുടക്കം കുറിച്ച ഒരു രാജ്യത്തിന് അഭിമാനിക്കാന്‍ ഇതില്‍പ്പരം മറ്റെന്തുവേണം.

യൂഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം നേടി 1991-ലാണ് ക്രൊയേഷ്യയെന്ന രാജ്യം പിറക്കുന്നത്. 1998-ലെ ലോകകപ്പില്‍ സെമിവരെ എത്തിയതാണ് അവരുടെ ഇതിനു മുന്‍പത്തെ മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ അവര്‍ മികച്ച ഫോമിലാണ്. നായകന്‍ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മാരിയോ മാന്‍ഡ്‌സുകിച്ചും, പെരിസിച്ചും അടങ്ങുന്ന സുവര്‍ണ തലമുറയാണ് ഇത്തവണ ക്രൊയേഷ്യയെ നയിക്കുന്നത്.

എന്നാല്‍ ഇവരുടെ മത്സരമികവിനൊപ്പം ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയില്‍പ്പെടുന്ന മറ്റൊന്നുണ്ട്. ക്രൊയേഷ്യയുടെ ഫുട്‌ബോള്‍ ജഴ്‌സി. 

croatian football team

അര്‍ജന്റീന, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, റഷ്യ, ഒടുവില്‍ ഇംഗ്ലണ്ട് തുടങ്ങി കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ക്രൊയേഷ്യ ഇറങ്ങിയത് അവരുടെ കടും നീല നിറത്തിലുള്ള റിസര്‍വ് ജഴ്‌സിയിലാണ്. എന്നാല്‍ ഇതല്ല ക്രൊയേഷ്യയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ജഴ്‌സി.

ഈ ലോകകപ്പില്‍ നൈജീരിയക്കെതിരായ അവരുടെ ആദ്യ മത്സരം കണ്ടവര്‍ക്കറിയാം ചുവപ്പും വെളുപ്പും കലര്‍ന്ന് ചെസ്‌ബോര്‍ഡിലെ കളങ്ങള്‍ പോലുള്ള ഡിസൈനിലാണ് ക്രൊയേഷ്യയുടെ ഔദ്യോഗിക ജഴ്‌സി. 

മേജര്‍ ടൂര്‍ണമെന്റുകളുടെ ഫിക്‌സ്ചര്‍ തയാറാക്കുമ്പോള്‍ ഫിഫ ടീമുകളെ എ, ബി എന്നിങ്ങനെ തിരിക്കാറുണ്ട്. ഇതു പ്രകാരം എ ടീം ഹോം ജഴ്‌സിയും ബി ടീം സെക്കന്‍ഡ് ജഴ്‌സിയും ഉപയോഗിക്കണമെന്നതാണു ചട്ടം. എന്നാല്‍, ലോകകപ്പില്‍ എല്ലാ ടീമുകളും അവരുടെ ഹോം ജഴ്‌സിയും സെക്കന്‍ഡ് ജഴ്‌സിയും ഉപയോഗിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. ജഴ്‌സി ഒരേനിറത്തിലുള്ള ടീമുകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ടീമുകള്‍ വ്യത്യസ്ത ജഴ്‌സിയില്‍ ഇറങ്ങുന്നത്. ടീമുകളെ തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലുള്ള നിറങ്ങള്‍ തീരുമാനിച്ച ശേഷം കൂടിയാണു ജഴ്‌സി ഏതാണെന്നു പ്രഖ്യാപിക്കുക.

croatian football team

ഇക്കാരണത്താലാണ് ക്രൊയേഷ്യക്ക് തങ്ങളുടെ തനത് ജഴ്‌സിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. എന്നാല്‍ ഫൈനലില്‍ ക്രൊയേഷ്യ ചെസ്‌ബോര്‍ഡ് ജഴ്‌സിയില്‍ ഇറങ്ങണമെന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. അതിന് കാരണവുമുണ്ട്. 

കോട്ട് ഓഫ് ആര്‍മ്‌സ് ഓഫ് ക്രൊയേഷ്യ (Coat of arms of Croatia) എന്നറിയപ്പെടുന്ന ഒരു കവചമാണ് ക്രൊയേഷ്യയുടെ ഔദ്യോഗിക ചിഹ്നം. ചുവപ്പും വെളുപ്പും കലര്‍ന്ന് ചെസ്‌ബോര്‍ഡിലെ കളങ്ങള്‍ പോലെ തന്നെയാണ് ഇതിന്റെ രൂപകല്‍പ്പനയും. 1998-ലെ  ചരിത്ര നേട്ടത്തില്‍ അവര്‍ ധരിച്ചിരുന്നതും ഇതേ ജഴ്‌സിയായിരുന്നു.

ഓരോ ക്രൊയേഷ്യന്‍ താരവും ആരാധകരും ആഗ്രഹിക്കുന്നത് തങ്ങളുടെ ചരിത്രത്തിന്റെ ഭാഗം കൂടിയായ ചെസ്‌ബോര്‍ഡ് ജഴ്‌സിയില്‍ ഇറങ്ങാനാണ്. അവ ടീമിന്റെ വിജയിക്കാനുള്ള ആവേശവും കരുത്തും തെളിയിക്കുന്നതാണെന്നാണ് ആരാധകരുടെ വിശ്വാസം.

ഫൈനലില്‍ ഫ്രാന്‍സിനെതിരെ ക്രൊയേഷ്യ തങ്ങളുടെ ഔദ്യോഗിക ജഴ്‌സിയില്‍ തന്നെയാണ് ഇറങ്ങുക. ഫ്രാന്‍സ് അവരുടെ ഔദ്യോഗിക ജഴ്‌സിയായ നീലയിലും. ഇനി ക്രൊയേഷ്യക്ക് ജഴ്‌സി മാറ്റം ഒരു പ്രശ്‌നമായേക്കില്ല. ഫിഫയുടെ ഔദ്യോഗിക പദവി ലഭിച്ച് 26-ാം വര്‍ഷം അവര്‍ ഫൈനല്‍ കളിക്കാനിറങ്ങുകയാണ്. അതും ആ ചെസ്‌ബോര്‍ഡ് ജഴ്‌സിയില്‍ തന്നെ.

croatian football team

ക്രൊയേഷ്യന്‍ പ്രസിഡന്റും മന്ത്രിമാരും ഒന്നടങ്കം ചരിത്രത്തിലാദ്യമായി രാജ്യം ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന നാറ്റൊ ഉച്ചക്കോടിക്കിടെ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും ക്രൊയേഷ്യന്‍ ടീമിന്റെ ജഴ്‌സി നല്‍കിയത് വാര്‍ത്തയായിരുന്നു. ക്രൊയേഷ്യന്‍ ടീമിന്റെ ചുവപ്പും വെള്ളയും ചേര്‍ന്ന ജഴ്‌സികളില്‍ അവരുടെ പേരുകളെഴുതിയാണ് കൈമാറിയത്.

1993-ല്‍ ഫിഫയുടെ അംഗീകാരം ലഭിക്കുമ്പോള്‍ 123-ാം സ്ഥാനത്തായിരുന്ന ഒരു രാജ്യത്തിന്റെ കുതിപ്പിനു പിന്നിലെ ഊര്‍ജം ആ ജഴ്‌സികൂടിയായിരുന്നു. അഞ്ചുവര്‍ഷത്തിനകം കന്നിലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി റാങ്കിങ്ങില്‍ മൂന്നാമതെത്തി അവര്‍. യുദ്ധം മുറിവേല്‍പിച്ച ക്രൊയേഷ്യന്‍ മനസുകള്‍ക്ക് അവരുടെ ഫുട്‌ബോള്‍ ടീമെന്നാല്‍ ജീവനാണ്. ചുവപ്പും വെളുപ്പും നിറങ്ങള്‍ ആവേശവും. ആ ആവേശമാണ് ഈ വരുന്ന ഞായറാഴ്ച ലുഷ്‌നിക്കിയില്‍ അവരുടെ ഊര്‍ജവും.

Content Highlights: the hostory behind croatia's extra cool checkerboard jersy