സ്ട്രേലിയയില്‍ നടന്ന കഴിഞ്ഞ എ.എഫ്.സി. ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍, ജപ്പാനും യു.എ.ഇ.യും തമ്മില്‍ മത്സരിക്കുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് തുല്യത പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. അഞ്ചു കിക്കുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും തുല്യം. 

സഡന്‍ഡെത്തില്‍ ആദ്യ കിക്കെടുക്കാനായെത്തിയത് ജപ്പാന്റെ ഷിന്‍ജി കഗാവ. അന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി കളിച്ചുകൊണ്ടിരുന്ന കഗാവയ്ക്ക് ലക്ഷ്യം തെറ്റി. അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച് പ്രതിരോധ താരം ഇസ്മായില്‍ അഹമ്മദ് യു.എ.ഇ.യെ സെമിയിലേക്കെത്തിക്കുമ്പോള്‍ മൈതാനത്തിന്റെ മൂലയിലിരുന്നു പൊട്ടിക്കരയുകയായിരുന്നു കഗാവ.

അന്ന് ജപ്പാന്റെ പെനാല്‍ട്ടിയെടുക്കുന്ന ആദ്യത്തെ അഞ്ചു താരങ്ങളുടെ പട്ടികയില്‍ പോലും പരിശീലകന്‍ ഹാവിയര്‍ അഗ്വെയര്‍ കഗാവയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ മൂന്നു വര്‍ഷത്തിനപ്പുറം കഗാവ മാറി. ജപ്പാന് കിട്ടിയ പെനാല്‍ട്ടിയെടുക്കാന്‍ വിധിക്കപ്പെട്ടത് ഈ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ് താരമായിരുന്നു. കൊളംബിയന്‍ ഗോളി ഡേവിഡ് ഓസ്പിനയ്ക്ക് ഒരവസരം പോലും നല്‍കാതെ കഗാവ ജപ്പാന്റെ ചരിത്രവിജയത്തിലേക്ക് വഴിതെളിയിച്ചു.

ജപ്പാന്‍ ഫുട്ബോളിന്റെ നിലവില്‍ ഏറ്റവും മൂല്യമേറിയ താരമാണ് കഗാവ. മൈതാന മധ്യത്തില്‍ പ്ലേമേക്കറുടെ റോളിലാണ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ് താരം കളിക്കുന്നത്. വലതുഭാഗത്തും ഇടതുവിങ്ങിലും ഒരേപോലെ കളിക്കാനാവുന്ന ലോകത്തിലെ അപൂര്‍വതാരങ്ങളിലൊരാള്‍. മുമ്പ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി കളിച്ച 29-കാരന്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടി കളിക്കുന്ന ആദ്യ ജപ്പാനീസ് താരമാണ്.

Content Highlight : Shinji Kagawa, Japan, FIFA World Cup 2018, World Cup football