ഷ്യയില്‍ ലോകകപ്പ് ആവേശത്തിന് കൊടി ഉയര്‍ന്നപ്പോള്‍ മുതല്‍ പ്രവചനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. ലോകകപ്പ് പ്രവചനങ്ങള്‍ കൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയ പോള്‍ നീരാളിക്കു പിന്‍ഗാമിയായെത്തി എത്തിയ  അക്കില്ലസ് പൂച്ചയുടെ മുതല്‍ ഇങ്ങ് കേരളത്തിലെ സുലൈമാന്‍ കോഴിയുടെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നൈജീരിയ-അര്‍ജന്റീന മത്സരത്തോടെ അക്കില്ലസ് പൂച്ചയുടെ കാര്യം ട്രോളന്മാര്‍ തീരൂമാനമാക്കി. പലരും അക്കിലിസിന് പകരം വീട്ടിലുള്ള പൂച്ചക്കിട്ടാണ് കലി തീര്‍ത്തതെന്ന് മാത്രം.

ഫുട്‌ബോള്‍ ആരാധകരും പണ്ഡിതന്മാരും പ്രവചിച്ച പട്ടികയിയെല്ലാം ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും സ്‌പെയിനുമെല്ലാമാണ് മുന്നിട്ടുനിന്നത്. പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി 2018 ഫുട്‌ബോള്‍ ലോകകപ്പ് മുന്നേറി. കിരീട സാധ്യത കല്പിക്കപ്പെട്ടവരെല്ലാം വഴിയില്‍ വീണു. എന്നാല്‍ ഒരു മലയാളിയുടെ പ്രവചനം കിറുകൃത്യമായിരിക്കുകയാണ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ഷിഹാബ് എ ഹസനാണ് സെമിഫൈല്‍, ഫൈനല്‍ ലൈനപ്പുകള്‍ ക്യത്യമായി പ്രവചിച്ചത്. 

എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ ഷിഹാബ് എ ഹസന്‍ സൗദി അറേബ്യയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സര്‍വീസ് എഞ്ചനീയറായി ജോലി ചെയ്യുകയാണ്. സൗദിയിലായതിനാല്‍ കളികാണുന്നത് സൗകര്യപ്രദമായിരുന്നുവെന്ന് ഷിഹാബ് പറഞ്ഞു. 'ജോലി സമയം കഴിഞ്ഞ് കളികാണാനുള്ള സമയമുണ്ടായിരുന്നു. രാത്രി ഉറക്കളച്ചൊന്നും കാണേണ്ടി വന്നില്ല. അതിനാല്‍ തന്നെ ഒന്ന് രണ്ട് കളി ഒഴിച്ച് എല്ലാം കണ്ടിരുന്നു. ഗ്രൂപ്പ് ഘട്ടം കണ്ടപ്പോള്‍ ടീമുകളെക്കുറിച്ച് ഏകദശരൂപം കിട്ടി. ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ഇവയൊന്നും അധികം മുന്നോട്ടുപോകുമെന്ന് തോന്നിയില്ല.'-ഷിഹാബ് പറഞ്ഞു.

പ്രാഥമിക ഘട്ടത്തിലെ പ്രവചനം

ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട് എന്നി ടീമുകളില്‍ പ്രതീക്ഷ തോന്നി. അധികവും യുവ നിരയാണ് ഈ ടീമുകളില്‍. ക്ലബ് ഫുട്ബള്‍ കാണാറുള്ളതിനാല്‍ തന്നെ അവരുടെ കളിക്കാരുടെ കഴിവിനെക്കുറിച്ച് ബോധം ഉണ്ടായിരുന്നു. പ്രാഥമിക ഘട്ടത്തിലെ 12 കളികള്‍ ബാക്കിയുള്ളപ്പോഴാണ് പ്രവചനം നടത്തിക്കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളെ നിശ്ചയിച്ച ശേഷം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് എഴുതി നോക്കി. അതില്‍ നിന്ന് വിജയിക്കുന്നവര്‍ എന്ന കണക്കില്‍ എഴുതി നോക്കിയാണ് സെമി ഫൈനല്‍ വരെ എഴുതിയത്. 

ഫ്രാന്‍സ്- ബെല്‍ജിയം സെമി കടുപ്പം

സെമിയില്‍ ഫ്രാന്‍സ് - ബെല്‍ജിയം മത്സരം കുറച്ച് കടുപ്പമായിരുന്നു. യഥാര്‍ഥത്തില്‍ ഫൈനല്‍ മത്സരം ആകേണ്ട കളിയായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍ അത് സെമിയായി. ഫ്രാന്‍സിനാണ് കുറച്ചുകൂടി മുന്‍തൂക്കം തോന്നിയത്. മറുവശത്ത് ഇംഗ്ലണ്ടിന് സെമി വരെ കാര്യങ്ങള്‍ എളുപ്പമായിരുന്നു. അവര്‍ ഒരു ഘട്ടത്തിലും പരീക്ഷിക്കപ്പെട്ടില്ല. സ്വീഡനെല്ലാം നന്നായി കളിക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. 

ക്രൊയേഷ്യയുടെ കാര്യമെടുത്താല്‍ അവരുടെ കളിയോടുള്ള സമീപനം മികച്ചതാണ്. ലോകോത്തര കളിക്കാരാണ് അവരുടെ ടീമിലുള്ളത്. ഏതൊരു അവസ്ഥയിലും കളിക്കാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും അവര്‍ക്ക് കഴിവുണ്ട്. മനക്കരുത്ത് അവര്‍ക്ക് കൂടുതലാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഫൈനലിലും ഫ്രാന്‍സ് നേടുമെന്ന് തോന്നി. 

പ്രവചനം സത്യമാകും എന്ന് കരുതിയില്ല 

പ്രവചനം ശരിയാകും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇടക്ക് കളി കണ്ട ശേഷം എഴുതി ഫെയ്‌സ്ബുക്കില്‍ ഇടാറുണ്ട്. അങ്ങനെ എഴുതിയിട്ടതാണ്. പോസ്റ്റ് ചെയ്തപ്പോള്‍ കൂട്ടുകാരെല്ലാം കളിയാക്കി. ഓരോ കളി കഴിയുംതോരും ഞാന്‍ പറഞ്ഞത് ശരിയായി വന്നു. ശരിയായപ്പോള്‍ എനിക്കും സന്തോഷം. അവരെ തിരിച്ച് കളിയാക്കാമല്ലോ എന്നതായിരുന്നു എന്റെ സന്തോഷം.

ലോകകപ്പ് ജേതാവിനെ​ പ്രവചിച്ചുകൊണ്ട് ഷിഹാബ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് 

ഇത്തവണ ഒരു ടീമിനോടും പ്രത്യേകിച്ച് ആഭിമുഖ്യം ഇല്ലാതെ കളി ആസ്വദിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ തുടങ്ങിയത്. ആ തീരുമാനം തൃപ്തികരമായ രീതിയില്‍ കളിലഹരി പകര്‍ന്നു തരുന്നുമുണ്ട്. ടൂര്‍ണമെന്റ് തുടങ്ങും മുന്നേ എഴുതിത്തള്ളാന്‍ മനസ്സില്‍ തോന്നിപ്പിച്ച അര്‍ജന്റിനക്ക് നന്ദി !

(തുടക്കത്തിലെ ഫുട്‌ബോള്‍ പ്രേമികളോട് ഒരു വാക്ക് : ഫാന്‍സ് എന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ കാട്ടിക്കൂട്ടുന്ന വെറുപ്പിക്കലുകള്‍ എത്ര അസഹയനീയമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഫാനിസം എന്ന കുപ്പായം ഊരി വച്ചുതന്നെ കളികാണണം.)

ഇതുവരെയുള്ള പ്രകടനങ്ങള്‍ വച്ച് നോക്കിയാല്‍ ഈ ലോകകപ്പില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം സ്‌പെയിന്‍ തന്നെയാണ്. ലാ ലീഗ പോലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ് നിലവിലുള്ള രാജ്യം മൊറോക്കോ പോലെയുള്ള ചെറുടീമിനോട് ഏറെക്കുറെ തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ച നിരാശാജനകമെന്നേ പറയേണ്ടൂ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പ്രകടനം ഒഴിച്ച് നിര്‍ത്തിയാല്‍ പോര്‍ച്ചുഗല്‍ ടീം വന്‍തോല്‍വിയാണ്. അര്‍ജന്റിനയുടെ കാര്യം പറയേണ്ടതില്ലല്ലോ, അഞ്ചു തവണ 'ബാള്‍ ഡി ഓര്‍' പുരസ്‌കാരം ഏറ്റു വാങ്ങിയ മെസി എന്ന ലോകോത്തരതാരം അര്‍ജന്റൈന്‍ ടീമില്‍ കളിക്കുന്നുണ്ട് എന്നു ശ്രദ്ധയില്‍പ്പെട്ടത് ഐസ്ലണ്ടിനോട് പെനാല്‍റ്റി മിസ് ആക്കിയപ്പോള്‍ ആണെന്നത് ദുരന്തമല്ലെങ്കില്‍ പിന്നെന്താണ് ?.

ബ്രസീലാകട്ടെ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ 7up കുടിച്ചതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. പഴയ കാല ബ്രസീല്‍ പ്രതാപത്തിന്റെ നിഴലെന്നു പോലും വിശേഷിപ്പിക്കനാവാത്ത വിധമാണ് ഈ ലോകകപ്പിലും ബ്രസീല്‍ ടീമിന്റെ ദയനീയ പ്രകടനം.

ഈ ലോകകപ്പില്‍ കളിക്കുന്നതില്‍ ഏറ്റവും സാങ്കേതികതികവുള്ള ടീം ആണെങ്കിലും തോമസ് മുള്ളറിന്റെ ഫോമില്ലായ്മ ജെര്‍മനിയെ പിന്നോട്ട് വലിക്കുന്നു. എങ്കിലും മുള്ളര്‍ ഫോം വീണ്ടെടുക്കുന്നതിന്റെ മിന്നലാട്ടങ്ങള്‍ സ്വീഡനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ കണ്ടത് പ്രതീക്ഷക്ക് വക നല്‍കുന്നു.

ജെര്‍മനിയുമായുള്ള അവസാനഗ്രൂപ്പ് മത്സരത്തില്‍ കൊറിയക്കാര്‍ അത്ഭുതങ്ങള്‍ ഒന്നും കാണിക്കില്ലെന്ന് തന്നെ വിശ്വസിക്കാം. എടുത്തുപറയേണ്ട മറ്റൊരു ഏഷ്യന്‍ടീം ജപ്പാനാണ്. എങ്കിലും ജപ്പാന്റെ കുതിപ്പ് രണ്ടാം റൌണ്ടില്‍ ഇംഗ്ലണ്ടിനു മുന്നില്‍ അവസാനിച്ചേക്കും.

ഇറാന്‍, മൊറോക്കോ തുടങ്ങിയ കൊച്ചു ടീമുകളുടെ മികച്ച പ്രകടനങ്ങള്‍ ഈ ലോകകപ്പില്‍ കണ്ണിനു കുളിര്‍മ്മയായി. ഭാഗ്യക്കേട് കൊണ്ടാണ് മൊറോക്കോ രണ്ടാം റൌണ്ടില്‍ കടക്കാതിരുന്നത്. അതുപോലെ അവസാനനിമിഷം വരെ പോര്‍ച്ചുഗലിനെ വെള്ളം കുടിപ്പിച്ചാണ് ഇറാന്‍ സെക്കണ്ട് റൌണ്ട് കാണാതെ പുറത്തായത്. വീരോചിതം പൊരുതിയാണ് യാത്രപറയുന്നത് എന്നതില്‍ ഇരു ടീമുകള്‍ക്കും അഭിമാനിക്കാം.

സൌത്ത്അമേരിക്കയില്‍ നിന്നുള്ള ടീമുകളില്‍ പെറു, കോസ്റ്ററിക്ക, പാനമ ടീമുകള്‍ക്ക് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല.

ആതിഥേയര്‍ എന്ന ആനുകൂല്യം പരമാവധി മുതലാക്കി ആദ്യ രണ്ടു കളികളില്‍ തിളങ്ങിയെങ്കിലും യുറുഗ്വെയോട് തകര്‍ന്നടിഞ്ഞത് റഷ്യന്‍ ടീമിലുള്ള നാട്ടുകാരുടെ പ്രതീക്ഷ മങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള ഒരൊറ്റ മത്സരത്തിലൂടെ ലൂയി സുവാറസ് എന്തുകൊണ്ടാണ് താന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണെന്നത് വീണ്ടും അടിവരയിട്ടു തെളിയിച്ചു.

പ്രതിഭയുള്ള യുവരക്തത്തിന്റെ ചിറകിലേറി കുതിക്കുന്ന ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ ടീമുകളാണ് ഈ ലോകകപ്പില്‍ അത്ഭുതം തീര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നവര്‍.

ഇതുവരെയുള്ള വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന ഒരു സെമിഫൈനല്‍ ലൈനപ്പാണ് എന്റെ പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ 'ഫ്രാന്‍സ് x ബെല്‍ജിയം', 'ക്രോയേഷ്യ x ഇംഗ്ലണ്ട്' ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത പൂര്‍വ്വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫൈനലില്‍ ക്രോയെഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും.