ഷ്യയിലെ ഓരോ മൈതാനവും അഹമ്മദ് മൂസയ്ക്ക് കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതം. കഴിഞ്ഞ കുറെക്കാലമായി മോസ്‌കോക്കാര്‍ മെയ്സ എന്ന ഓമനപ്പേരിലാണ് ഈ 25-കാരനെ വിളിക്കുന്നത്. 2012 മുതല്‍ റഷ്യയിലെ സി.എസ്.കെ.എ. മോസ്‌കോയ്ക്ക് വേണ്ടിയാണ് മൂസയുടെ കളി. ഈയൊരു പരിചയംതന്നെയാണ് വെള്ളിയാഴ്ച ഐസ്ലന്‍ഡിനെതിരേ ഇരട്ടഗോള്‍ നേടാന്‍ സഹായിച്ചതും.

ദുരിതകാലം പിന്നിട്ടാണ് മൂസ ഫുട്‌ബോളിന്റെ മുന്‍നിരയിലേക്കെത്തുന്നത്. പ്ലാറ്റോ സംസ്ഥാനത്തെ ജോസ് നഗരത്തിലായിരുന്നു ജനനം. നാലു വയസ്സുള്ളപ്പോള്‍ അച്ഛന്‍ അല്‍ഹാജി മൂസ അന്തരിച്ചു. അമ്മ സാറ മോസസിനൊപ്പമാണ് വളര്‍ന്നത്. പന്ത് തട്ടി തുടങ്ങിയതോടെ മൂസയെ ജി.ബി.എസ്. ഫുട്ബോള്‍ അക്കാദമി സ്വന്തമാക്കി. 

2007 സെപ്റ്റംബറില്‍ നൈജീരിയയിലെ ജോ സംസ്ഥാനത്തെ ഒരു പ്രാദേശിക പത്രത്തില്‍ വന്ന ലേഖനമാണ് കരിയര്‍ മാറ്റിമറിച്ചത്. 'ശ്രദ്ധയില്‍പ്പെടാത്ത പ്രതിഭ' എന്ന തലക്കെട്ടില്‍ ലേഖനം ശ്രദ്ധയില്‍പ്പെട്ട നൈജീരിയന്‍ ദേശീയ ലീഗ് ടീം ജൂത്തിലെത്തിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നൈജീരിയന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് കാനോ പില്ലേഴ്സ് താരവുമായി കരാറിലെത്തി. ഇതോടെ സ്വന്തമായി സമ്പാദിക്കാനും മൂസ തുടങ്ങി. കാന പില്ലറിലെ രണ്ടു വര്‍ഷം മൂസയുടെ പ്രതിഭ വളര്‍ത്തി ഒപ്പം സാമ്പത്തികമായും മൂസ ഉണര്‍ന്നു. ഈ രണ്ടു വര്‍ഷത്തിനിടെ മൂസ് അമ്മയ്ക്കും സഹോദരിമാര്‍ക്കും വീടുംവെച്ച് നല്‍കി.

കാനോ പില്ലറില്‍ ഡച്ച് ക്ലബ്ബ് വെന്‍ലോയിലേക്കും പിന്നീട് മോസ്‌കോയിലേക്കും പറന്നു. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നു തവണ ടീമിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

2010 ല്‍ വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളുടെ യൂത്ത് ഫുട്ബോളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പതിനേഴ് വയസ്സ് മാത്രമുള്ള മൂസയെ പരിശീലകന്‍ ലാര്‍സ് ലാഗെര്‍ബാക്ക് ലോകകപ്പ് ക്യാമ്പിലേക്ക് വിളിച്ചു. എന്നാല്‍ പരിക്ക് കാരണം താരത്തിന് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലേക്ക് പറക്കാനായില്ല. ബ്രസീല്‍ ലോകകപ്പില്‍ ഗോളടിച്ച മൂസ റഷ്യയിലും സ്‌കോര്‍ ചെയ്തതോടെ മറ്റൊരു റെക്കോഡെത്തി. രണ്ട് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ നൈജീരിയന്‍ താരമായി മാറി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നൈജീരിയക്കാരനെന്ന റെക്കോഡും (നാല്) സ്വന്തം പേരിലാക്കി.

മെസ്സിക്കെതിരേ ഗോളടിക്കും

ലോകകപ്പില്‍ നൈജീരിയ ഐസ്ലന്‍ഡിനെ തോല്‍പ്പിച്ചതോടെ അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ തുടരാമെന്ന പ്രതീക്ഷയായി. ചൊവ്വാഴ്ച അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കുകയും ക്രൊയേഷ്യക്കെതിരേ ഐസ്ലന്‍ഡ് ജയിക്കാതിരിക്കുകയും ചെയ്താല്‍ മുന്‍ചാമ്പ്യന്‍മാര്‍ മുന്നേറും. എന്നാല്‍ ചൊവ്വാഴ്ച ലയണല്‍ മെസ്സിക്കും സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്നാണ് മൂസയുടെ മുന്നറിയിപ്പ്. 

അതിന് ചരിത്രത്തിന്റെ അകമ്പടിയുമുണ്ട്. മൂസ എന്നൊക്കെ മെസ്സിക്കെതിരേ കളിച്ചിട്ടുണ്ടോ അന്നൊക്കെ ഗോളടിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും അര്‍ജന്റീനയും നൈജീരിയയും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് അര്‍ജന്റീന ജയിച്ച മത്സരത്തില്‍ നൈജീരിയയുടെ രണ്ടു ഗോളും നേടിയത് മൂസയായിരുന്നു. ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് കളിക്കുന്ന സമയത്തും ബാഴ്സലോണയ്‌ക്കെതിരേ മൂസ ഇരട്ടഗോള്‍ നേടി.

മെസ്സിക്കെതിരേ കളിച്ചപ്പോഴൊക്കെ ഞാന്‍ ഗോളടിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലും എന്തും സംഭവിക്കാം, മിക്കവാറും ഞാന്‍ ഇരട്ടഗോള്‍ നേടും എന്നായിരുന്നു മൂസയുടെ പ്രതികരണം.