സാമ്വല്‍ ഉംറ്റിറ്റിയെ കാമറൂണ്‍ ടീമില്‍ കളിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു റോജര്‍ മില്ല. കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വേണ്ട പിന്തുണയെല്ലാം കൊടുക്കുകയും ചെയ്തു. കാമറൂണിലെ യൗന്‍ഡെയില്‍ ജനിച്ച് വളര്‍ന്ന ഉംറ്റിറ്റി പക്ഷേ മനസ്സ് കൊടുത്തത് മൂന്നാം വയസ്സ് മുതല്‍ വളര്‍ന്ന ഫ്രാന്‍സിനായിരുന്നു.

പക്ഷേ, ജന്മനാടിനെ ഉപേക്ഷിച്ച് വന്ന ഉംറ്റിറ്റിയുടെ മനസ്സ് കാണാന്‍ ഫ്രാന്‍സ് ഏറെ വൈകി. സെന്റര്‍ ബാക്ക് ജെറെമി മാത്യുവിക്ക് പരിക്കേല്‍ക്കുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു. കുട്ടിക്കാലം മുതൽ കളിച്ചുരുവരുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം മുന്‍പ് ഒരു ജൂലൈ മൂന്നിന് യൂറോകപ്പില്‍ ആദില്‍ റാമിക്ക് പകരമാണ് കോച്ച് ദിദിയര്‍ ദേഷാംപ്‌സ് ഉംറ്റിറ്റിയെ പരീക്ഷിച്ചത്.

1966ല്‍ ഗബ്രിയല്‍ ഡി മിഷേലിനുശേഷം ഫ്രാൻസിനുവേണ്ടി ഒരു പ്രധാന ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ ഔട്ട്ഫീല്‍ഡ് താരമെന്ന ബഹുതി സ്വന്തമാക്കിയ ഉംറ്റിറ്റി ആദ്യ മത്സരത്തില്‍ തന്നെ സകലരെയും ഞെട്ടിച്ചു. അന്നു നല്‍കിയ എഴുപത്തിയേഴ് പാസും ലക്ഷ്യം തെറ്റിയില്ല. മത്സരത്തില്‍ ഫ്രാന്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. ജര്‍മനിക്കെതിരായ സെമിയിലും ഉംറ്റിറ്റിയുടെ പ്രകടനം മുക്തകണ്ഠം പ്രശസംസയ്ക്ക് പാത്രമായി. അന്ന് അപാര ഫോമിലായിരുന്ന തോമസ് മുള്ളറെ തളയ്ക്കുന്നതില്‍ ഉംറ്റിറ്റി വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ബോക്‌സിലേയ്ക്ക് ജര്‍മന്‍കാര്‍ തൊടുത്തുവിട്ട ഏതൊരു പന്തിനും വിഘാതമായി ഉംറ്റിറ്റിയും തലയോ ബൂട്ടോ ഷീന്‍ പാഡോ ഉണ്ടായിരുന്നു.

പിന്നെ ഒരു മടക്കമുണ്ടായിട്ടില്ല. തിരിഞ്ഞുനോട്ടവുമുണ്ടായിട്ടില്ല. മാഴ്‌സെ ഡെസെയ്‌ലിയെയും ലിലിയന്‍ തുറാമിനെയും പോലെ ഫ്രഞ്ച് നിരയുടെ നെടുന്തൂണാവുകയായിരുന്നു ഉംറ്റിറ്റിയും. ഇപ്പോള്‍ ലിലിയന്‍ തുറാമിനെപ്പോലെ പിന്‍നിരയില്‍ നിന്ന് വന്ന് മിന്നുന്നൊരു ഗോള്‍ നേടി ടീമിനെ മറ്റൊരു ലോകകപ്പ് ഫൈനലിലും എത്തിച്ചിരിക്കുകയാണ് ഈ ബാഴ്‌സ താരം.

samuel umtiti
1998 ലോകകപ്പില്‍ തുറാമിന്റെ ഗോളാഘോഷം ഫോട്ടോ: ഗെറ്റി ഇമേജസ്‌

കിരീടം നേടിയ 1998ല്‍ ലിലിയന്‍ തുറാം നേടിയ ഇരട്ടഗോളിലാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ച് ഫൈനലിലെത്തിയത്. ഇതേ തുറാമിന്റെ പാതയിലാണ് ഇപ്പോള്‍ ഉംറ്റിറ്റിയും. അന്ന് ടീമിനെ നയിച്ച് ദിദിയര്‍ ദെഷാംപ്‌സ് പരിശീലകനായി ടീമിനൊപ്പമുണ്ട് എന്നത് ചരിത്രത്തിന്റെ കൗതുകകരമായ  യാദൃശ്ചികതയായി.

ബാഴ്‌സയിലായാലും ഫ്രാന്‍സിലായാലും ഇന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് ഉംറ്റിറ്റി. കുട്ടികളുടെ ഒരു പുസ്തകം വായിക്കുന്നത് പോലെയാണ് ഉംറ്റിറ്റി കളി വായിക്കുന്നത് എന്നാണ് പത്രപ്രവര്‍ത്തകനായ സാം മാസ്‌ഡെന്‍ വിലയിരുത്തിയത്. പന്ത് പ്രതിരോധിക്കുന്നതിലും ചാലഞ്ചുകള്‍ നടത്തുന്നതിലും മില്ലിസെക്കന്‍ഡിന്റെ ടൈമിങ്ങാണ് ഉംറ്റിറ്റിയുടേതെന്നും റിസ്‌ക്കുകള്‍ എടുക്കുന്ന ഉംറ്റിറ്റിയില്‍ നിന്ന് തെറ്റായ ഒരു വിന്യാസം അപൂര്‍വമാണെന്നും ബാഴ്‌സയില്‍ ചേര്‍ന്ന സമയത്ത് സാം കുറിച്ചു. ഇപ്പോള്‍ പോള്‍ പോഗ്ബയും എംബാപ്പെയും ഗ്രീസ്മനും പരാജയപ്പെട്ടപ്പോള്‍ മുന്നില്‍ കയറി വിജയഗോള്‍ നേടാനും ഉംറ്റിറ്റിയേ ഉണ്ടായുള്ളൂ.

അമ്പത്തിയൊന്നാം മിനിറ്റില്‍ ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി പിറകോട്ട് കുത്തിയിട്ടത്. ബെല്‍ജിയന്‍ ഗോളി തിബൂട്ട് കുര്‍ട്ടോയ്സിനെയും കടന്ന് പന്ത് വലയില്‍. ഫ്രാന്‍സ് ഫൈനലിലും. ഫ്രാന്‍സിനുവേണ്ടിയുള്ള ഉംറ്റിറ്റിയുടെ മൂന്നാം ഗോളായിരുന്നു സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പിറന്നത്. സൗഹൃദ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും ഇറ്റലിക്കുമെതിരേയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍. 

Content Highlights: Samule Umtiti and Llilain Thuram France Defeneders Repeat History World Cup