ബ്രസീലിനെതിരായ കളിയില്‍ മികച്ച തന്ത്രങ്ങളുമായെത്തിയ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന് ഫ്രാന്‍സിനെതിരായ സെമിഫൈനലില്‍ എല്ലാം പിഴച്ചു. മറുവശത്ത് ദിദിയര്‍ ദെഷാംപ്സ് ജയിക്കാനാവശ്യമായ എല്ലാ ചേരുവകളും മിതമായ രീതിയില്‍ ചേര്‍ക്കുകയും ചെയ്തു.

ബ്രസീലിനെതിരേ വിജയിച്ച ഗെയിംപ്ലാനിലും ഫോര്‍മേഷനിലും മാറ്റം വരുത്തിയാണ് ബെല്‍ജിയം ഫ്രാന്‍സിനെതിരേ കളിക്കാനിറങ്ങിയത്. ടൂര്‍ണമെന്റിലാദ്യമായി അവര്‍ 4-2-3-1 ശൈലിയിലേക്ക് വന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ മാരുവാനെ ഫെല്ലെയ്നിയെ അറ്റാക്കിങ് മിഡ്ഫീല്‍ഡിന്റെ കേന്ദ്രബിന്ദുവാക്കിയതായിരുന്നു മാര്‍ട്ടിനെസിന്റെ പ്രധാനതന്ത്രം. 

റൊമേലു ലുക്കാക്കുവിനൊപ്പം ഉയരക്കാരനായ രണ്ടാം സ്ട്രൈക്കറെന്ന റോളും ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. ഡിബ്രുയ്നും ഹസാര്‍ഡും രണ്ട് വിങ്ങുകളിലും കളിച്ചു. മറ്റൊരു പ്രധാന നീക്കം. നസെര്‍ ചാഡ്ലിയുടെ റോളായിരുന്നു. ആക്രമിക്കുമ്പോള്‍ വിങ്ങറായും പ്രതിരോധിക്കുമ്പോള്‍ വിങ്ബാക്കായും കയറിയിറങ്ങി കളിക്കാനായിരുന്നു ചാഡ്ലിയെ നിയോഗിച്ചത്.

മറുവശത്ത് ഫ്രാന്‍സ് 4-2-3-1 ശൈലിയില്‍തന്നെ തുടര്‍ന്നു. പ്രതിരോധത്തിന് പ്രാധാന്യം നല്‍കി കളിക്കാനായിരുന്നു അവരുടെ തീരുമാനം. ലുക്കാക്കു-ഹസാര്‍ഡ്-ഡിബ്രുയ്ന്‍ ത്രയത്തിന് സ്വന്തം ഹാഫില്‍ സ്‌പേസ് നല്‍കാതെ കളിക്കാനും പൊടുന്നനെയുള്ള പ്രത്യാക്രമണത്തിനുമുള്ള ഗെയിംപ്ലാനാണ് ദെഷാംപ്സ് തയ്യാറാക്കിയത്. എന്‍ഗോളെ കാന്റെ, പോള്‍ പോഗ്ബ എന്നീ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരെ കേന്ദ്രമാക്കിയാണ് പരിശീലകന്‍ തന്ത്രം മെനഞ്ഞത്. ഗെയിംപ്ലാന്‍ ടീം പിഴവുകളില്ലാതെ നടപ്പാക്കുകയും ചെയ്തു.

ക്വാര്‍ട്ടറിലും സെമിയിലും ഫ്രാന്‍സിന്റെ പ്രതിരോധയൂണിറ്റിന് വന്ന ഉറപ്പ് ശ്രദ്ധേയമാണ്. ബെല്‍ജിയത്തിന് പിഴച്ചത് അവരുടെ ആക്രമണ പദ്ധതിയിലായിരുന്നു. ഫെല്ലെയ്നിയെ ലുക്കാക്കുവിന് പിന്നില്‍ കളിപ്പിച്ച നീക്കം പാളി. പന്ത് നന്നായി വിതരണം ചെയ്ത് കളിക്കാന്‍ കഴിയുന്ന കളിക്കാരനല്ല ഫെല്ലെയ്നി. ഹസാര്‍ഡിനെ കാന്റെ നിഴല്‍ പോലെ പിന്തുടരുകയും ചെയ്തതോടെ ലുക്കാക്കുവിലേക്കുള്ള പന്തൊഴുക്ക് കുറഞ്ഞു. ഫ്രാന്‍സ് രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധിച്ചത്. ആക്രമണത്തിന് അതിവേഗത്തിലുള്ള പ്രത്യാക്രമണം. 

എംബാപ്പെയെ എതിര്‍പ്രതിരോധം പൂട്ടാതിരിക്കാന്‍ സ്വന്തം ഹാഫില്‍ പൊസിഷന്‍ നിശ്ചയിച്ചാണ് കളിച്ചത്. പന്ത് കിട്ടിയാല്‍ വേഗം കൊണ്ടും ഡ്രിബ്ലിങ് മികവ് കൊണ്ടും എതിര്‍പ്രതിരോധനിരക്കാരെ മറികടക്കാനുള്ള താരത്തിന്റെ കഴിവിനെയാണ് പരിശീലകന്‍ ഉപയോഗപ്പെടുത്തിയത്. ഇടതുവിങ്ങിലൂടെ ബ്ലെയ്സ് മറ്റിയുഡിയെ ആക്രമണത്തിനായി കൂടുതല്‍ ഉപയോഗപ്പെടുത്തി. എംബാപ്പയില്‍നിന്ന് എതിര്‍ പ്രതിരോധത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

രണ്ടാമതായി ബെല്‍ജിയം നിരയിലെ അപകടകാരികളാ ഹസാര്‍ഡിനും ഡിബ്രുയ്നും അപകടകരമായ മുന്നേറ്റങ്ങള്‍ക്ക് സ്‌പേസ് അനുവദിക്കാതിരിക്കാനുള്ള പദ്ധതി. പോള്‍ പോഗ്ബയെയും കാന്റെയെയും ഇതിനായി നിയോഗിച്ചു. പോഗ്ബ പന്തുമായി എതിര്‍ ഹാഫിലേക്ക് പോയ സന്ദര്‍ഭങ്ങള്‍ അപൂര്‍വമായത് ഇത്തരമൊരു തന്ത്രത്തിന്റെ ഭാഗമായാണ്.

സ്വന്തം പ്രതിഭകൊണ്ട് എതിര്‍ പ്രതിരോധത്തിന്റെ ചക്രവ്യൂഹം ഭേദിക്കാന്‍ ഹസാര്‍ഡിന് ഇടയ്ക്കിടെ കഴിഞ്ഞെങ്കിലും ഡിബ്രുയ്ന്‍ കുരുങ്ങിപ്പോയി. മധ്യനിരയില്‍ വിറ്റ്സലും ഡെംബലെയും മങ്ങിയതും ബെല്‍ജിയത്തിന് തിരിച്ചടിയായി. കളിയുടെ അവസാനഘട്ടത്തിലാണ് മാര്‍ട്ടിനെസ് ബുദ്ധിപൂര്‍വമായ മാറ്റത്തിന് മുതിര്‍ന്നത്. ഡ്രൈസ് മെര്‍ട്ടന്‍സിനെ വലതുവിങ്ങില്‍ കളിപ്പിച്ച്, ഡിബ്രുയ്നെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലേക്ക് മാറ്റി. ഇതോടെ ബെല്‍ജിയം മധ്യനിര ചലനാത്മകമായി. 

മെര്‍ട്ടന്‍സ് മികച്ച ക്രോസുകള്‍ ബോക്‌സിലേക്ക് നല്‍കുകയും ചെയ്തു. അവസാനഘട്ടത്തില്‍ ഫ്രഞ്ച് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കാന്‍ ഈ തന്ത്രത്തിനായി. എന്നാല്‍ ലുക്കാക്കുവിന്റെ മങ്ങിയ ഫോമും റാഫേല്‍ വരാന്‍, പവാര്‍ഡ് എന്നിവരുടെ മികച്ച പ്രതിരോധവും നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ ഫോമും ബെല്‍ജിയത്തിന് പുറത്തേക്കുള്ള വഴിയൊരുക്കി.

Content Highlights : Roberto Martinez, Didier Deschamps,Marouane Fellaini