വിട്ടു നിറമുള്ള തലപ്പാവ്  ശ്രദ്ധാപൂര്‍വം അഴിച്ചെടുത്ത് മേശപ്പുറത്ത്  ഭദ്രമായി മടക്കിവെച്ചു ആദ്യം. പിന്നെ, കാഴ്ച  മറച്ച്  മുഖത്തേക്ക് വാര്‍ന്നു കിടന്ന എണ്ണക്കറുപ്പാര്‍ന്ന  മുടി  കൈകള്‍ കൊണ്ട്  വാരിയെടുത്ത്  നെറുകയില്‍ കെട്ടിവെച്ചു. കവിളോടു ചേര്‍ത്ത് ചുരുട്ടിവെച്ചിരുന്ന താടി നിവര്‍ത്തിയിട്ട്, മീശ ചെറുതായി പിരിച്ച്, കണ്ണാടി നോക്കിയൊന്ന് മൃദുവായി മന്ദഹസിച്ച് നേരെ കിടക്കയിലേക്ക്. ഇന്ദര്‍ സിംഗിന്റെ ഒരു പകല്‍ അവസാനിക്കുകയാണ്. ചുണ്ടിലൊരു  പ്രാര്‍ത്ഥനയുമായി കണ്ണടച്ച് കട്ടിലില്‍ മലര്‍ന്നുകിടന്നു, ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും ആപല്‍ക്കാരിയായ സ്ട്രൈക്കര്‍. 

തൊട്ടടുത്ത കട്ടിലില്‍  ആ ``പകര്‍ന്നാട്ടം'' ആസ്വദിച്ച്  ഉറക്കം നടിച്ചു കിടക്കുമ്പോഴും, ശ്രദ്ധ മുഴുവന്‍ ആ  കാല്‍പാദങ്ങളിലായിരുന്നു.  തലങ്ങും വിലങ്ങും ഗോളടിച്ചുകൂട്ടിയ പാദങ്ങള്‍. എന്ത് മഹേന്ദ്രജാലമായിരിക്കാം അവയില്‍   ഈ കൊച്ചു മനുഷ്യന്‍   ഒളിച്ചുവെച്ചിരിക്കുക? ഒരു നിമിഷം, എഴുന്നേറ്റ് ചെന്ന് ആ കാലുകള്‍  തൊട്ടു വന്ദിക്കാന്‍ കൊതിച്ചു ഉള്ളിലെ  പന്തുകളിഭ്രാന്തനായ  ആ പഴയ  സ്‌കൂള്‍ കുട്ടി. ഉറങ്ങാന്‍ വേണ്ടി കണ്ണടച്ചു കിടന്നിട്ടും ഓര്‍മ്മയില്‍  വീണ്ടും നൃത്തച്ചുവടുകള്‍ തീര്‍ക്കുന്നു  ഇന്ദര്‍ സിംഗ്. 

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് കാണികളുടെ കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കിടയിലേക്ക് തൂവെള്ള ജേഴ്‌സിയണിഞ്ഞ്  ഇറങ്ങിവരികയാണ് ഫഗ്വാരയിലെ ജഗ്ജിത് കോട്ടണ്‍ ടെക്‌സ്‌ടൈല്‍ മില്‍സ് ടീം - ഇന്ദറിന്റെ നേതൃത്വത്തില്‍.  മുളങ്കമ്പുകളില്‍ വലിച്ചുകെട്ടിയ ഉച്ചഭാഷിണികളിലൂടെ അനൗണ്‍സര്‍ സേതുവിന്റെ ഘനഗംഭീര ശബ്ദമൊഴുകുന്നു: ``ഇതാ വരുന്നു കോഴിക്കോടിന്റെ പ്രിയപ്പെട്ട ഫുട്ബാള്‍ മാന്ത്രികന്‍, ജെ സി ടിയുടെ പടക്കുതിര . ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ വീരനായകന്‍, ഏഷ്യന്‍ ഓള്‍സ്റ്റാര്‍ ഹീറോ, ഹാട്രിക്ക് വീരന്‍, അര്‍ജുന അവാര്‍ഡ് ജേതാവ്....ഇന്ദര്‍ സിംഗ്..''  ആ പേരിന്റെ മാന്ത്രിക മുഴക്കം ഹൃദയത്തില്‍ ഏറ്റുവാങ്ങി സ്റ്റേഡിയം ഒന്നാകെ ഇരമ്പുന്നു. ഗാലറിയില്‍ തൊട്ടടുത്തിരുന്ന കൂട്ടുകാരന്റെ ഉറക്കെയുള്ള ആത്മഗതം: ''നോക്കിക്കോ, ഇന്ന് ആന്ധ്രയെ പൊരിക്കും ഇന്ദര്‍ സിംഗ്....''

നാഗ്ജി ട്രോഫിയിലെ നിര്‍ണായക മത്സരം. എതിരാളികള്‍ ശക്തരായ ഹൈദരാബാദ് ഇലവന്‍. കളി സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിയ  ഘട്ടത്തില്‍, കോഴിക്കോട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ``എളാപ്പ'' എന്ന് വിളിക്കുന്ന ഹൈദരാബാദ് സ്ട്രൈക്കര്‍ സുള്‍ഫിക്കര്‍ ആലം ഖാന്റെ ഒരു ഹൈ ക്രോസ്സ് വായുവിലുയര്‍ന്നു തടഞ്ഞു വരുതിയിലാക്കി, എതിര്‍ ഹാഫിലേക്ക് കുതിക്കുന്നു ജെ സി ടിയുടെ കരുത്തനായ സ്റ്റോപ്പര്‍ ഗുര്‍ചരണ്‍ സിംഗ് പാര്‍മര്‍.  നിഴല്‍ പോലെ തന്നെ പിന്തുടര്‍ന്ന എതിര്‍ ഹാഫ് ബാക്കില്‍ നിന്ന് മധ്യരേഖക്കടുത്തുവെച്ചു സമര്‍ത്ഥമായി കുതറിമാറി, ഓടുന്ന ഓട്ടത്തില്‍ പന്ത് ഇടതുവശത്തേക്ക് പാസ്  ചെയ്യുന്നു  പാര്‍മര്‍. 

Inder Singh
ഡ്യുറാന്‍ഡ് ഫൈനലിന് മുന്‍പ് ഇന്ദര്‍ സിംഗിനെ മുഖ്യാതിഥിക്ക് പരിചയപ്പെടുത്തുന്ന ജെ.സി.ടി കോച്ച് ജി.എസ് വിര്‍ക്ക്.

അവിടെ ഇന്ദര്‍ സിംഗുണ്ട്;  മിക്കവാറും ഏകനായി, മാര്‍ക്ക് ചെയ്യപ്പെടാതെ. ടച്ച് ലൈനിനടുത്തുവെച്ച്  പന്ത് ഞൊടിയിടയില്‍  നിയന്ത്രിച്ചെടുത്ത് ദീര്‍ഘകായരായ എതിര്‍ മിഡ്ഫീല്‍ഡര്‍മാരുടെ ഇടയിലൂടെ വെടിയേറ്റ സിംഹത്തെപ്പോലെ  പോലെ മുന്നിലേക്ക് കുതിക്കുന്നു ഇന്ദര്‍. ഗ്രൗണ്ടിന് കുറുകെ ചാട്ടുളി പോലൊരു സ്പ്രിന്റാണ് പിന്നെ. ഓട്ടത്തിനൊടുവില്‍ പന്ത് ഹൈദരാബാദ് പെനാല്‍റ്റി ഏരിയക്ക് തൊട്ടു പുറത്തു കാത്തുനിന്ന പ്രേംസിങ്ങിന് കൈമാറി, ഇടംവലം നോക്കാതെ  ബോക്‌സിനകത്തു നുഴഞ്ഞു  കയറി  റിട്ടേണ്‍ പാസിനായി ജാഗ്രതയോടെ കാത്തുനില്‍ക്കുന്നു ജെ സി ടിയുടെ സൂപ്പര്‍ സ്ട്രൈക്കര്‍. 

ഒരു നിമിഷം പോലും പാഴാക്കിയില്ല പ്രേംസിംഗ്. ഞൊടിയിടയില്‍  പന്ത് വീണ്ടും ഇന്ദറിന്റെ മുന്നില്‍. ഇത്തവണ ഇടതുകാലിന്റെ ഇന്‍സ്റ്റെപ്പ് കൊണ്ട് പന്ത് തടുത്ത് അതേ  ശ്വാസത്തില്‍ വലതു കാലിലേക്ക് മറിച്ച് നേരെ പോസ്റ്റിലേക്ക് നിറയൊഴിക്കുന്നു ഇന്ദര്‍. കോഴിക്കോടന്‍  ഭാഷയില്‍ `കിണ്ണം കാച്ചിയ' ഷോട്ട്. ഇടത്തേക്ക് ഡൈവ് ചെയ്ത ആറടിക്കാരനായ ഗോള്‍കീപ്പറുടെ വിരലുകള്‍ ചുംബിച്ചുകൊണ്ട് പന്ത് ഹൈദരാബാദിന്റെ വലയില്‍ ചെന്നൊടുങ്ങിയപ്പോള്‍,  വീര്‍പ്പടക്കി  കാത്തിരുന്ന ഗാലറികള്‍ സ്വയം  മറന്ന് പൊട്ടിത്തെറിക്കുന്നു. ``ഗോ.....ള്‍.'' സഹകളിക്കാരായ   സുഖ്വീന്ദറും  പര്‍മീന്ദറും കാശ്മീര സിംഗും കുല്‍ത്താര്‍ സിംഗും അമര്‍ജിത് ഭാട്യയുമെല്ലാം പരസ്പരം ആശ്ലേഷിച്ച് ആവേശ പൂര്‍വം ഗോള്‍ ആഘോഷിക്കേ, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മദ്ധ്യരേഖക്കടുത്തേക്ക് തിരിച്ചു നടക്കുന്നു ഇന്ദര്‍. താനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍.

അതായിരുന്നു  ഇന്ദര്‍സിംഗ്. ശ്വാസോഛ്വാസം പോലെ  ഗോളടി  നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന കളിക്കാരന്‍. ഇന്ത്യ സൃഷ്ടിച്ച  ഏറ്റവും മികച്ച ഇന്‍സൈഡ് ഫോര്‍വേഡ്. കളിക്കളത്തിലെ മിന്നല്‍ വേഗത്തിന്റെ പേരില്‍   ജപ്പാന്‍കാര്‍   ബുള്ളറ്റ് ട്രെയിന്‍ എന്ന്  ഓമനപ്പേരിട്ടു വിളിച്ച  പന്തയക്കുതിര. വന്‍ പ്രതിഫലത്തില്‍ മലേഷ്യന്‍ ദേശീയ ടീമിന്റെ ജേഴ്സി അണിയാനുള്ള പ്രധാനമന്ത്രി തുങ്കു അബ്ദുറഹ്മാന്റെ ക്ഷണം സ്വന്തം നാടിനോടുള്ള സ്‌നേഹം കൊണ്ട് മാത്രം വിനയപൂര്‍വം നിരസിച്ച ദേശസ്‌നേഹി. രണ്ട് ഹാട്രിക്കടക്കം 23  ഗോള്‍ നേടി ഒരു സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് മുഴുവന്‍ സ്വന്തം ബൂട്ടുകള്‍ കൊണ്ട് വരിഞ്ഞുകെട്ടിയ  അതിമാനുഷന്‍. 

ഫുട്ബാള്‍ ജീവിതത്തില്‍ ഒരിക്കലും ആപല്‍ക്കരമായ ടാക്ലിംഗിന്റെ  പേരില്‍ `ബുക്ക്' ചെയ്യപ്പെട്ടിട്ടില്ലാത്ത മാന്യന്‍. അതിനു മുന്‍പോ  പിന്‍പോ ഉണ്ടായിട്ടില്ല ഇന്ത്യക്കൊരു ഇന്ദര്‍. ഇന്നുമില്ല; ഇന്ത്യന്‍ ഫുട്ബാളില്‍ പ്രൊഫഷണലിസം കത്തിജ്വലിച്ചു നില്‍ക്കുന്നു എന്ന് പറയപ്പെടുന്ന ഇക്കാലത്തും.  ഇന്ദറിന്റെ കളി കാണാന്‍ വെയിലും മഴയും വകവെക്കാതെ മൈതാനങ്ങള്‍ക്കു  പുറത്ത് മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ട് ഒരിക്കല്‍.  ജെ സി ടിക്കും പഞ്ചാബിനും ഇന്ത്യക്കും വേണ്ടി കളിക്കളത്തില്‍ ആ അഞ്ചടി അഞ്ചിഞ്ചുകാരന്‍  തിരികൊളുത്തിയ  വെടിക്കെട്ടുകള്‍ കാണാന്‍. അതൊരു കാലം.

അതേ ഇന്ദര്‍ സിംഗാണ്  തൊട്ടപ്പുറത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്നത്;  കൈനീട്ടിയാല്‍ തൊടാവുന്ന അകലത്ത്.  ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 1980 കളുടെ ഒടുവില്‍  ന്യൂഡല്‍ഹിയില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍   സംഘടിപ്പിച്ച   ത്രിദിന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഞങ്ങള്‍. ഇന്ദര്‍ മുന്‍ ഇന്ത്യന്‍ താരം എന്ന നിലയില്‍. ഞാന്‍ കളിയെഴുത്തുകാരനെന്ന നിലയിലും. അല്‍പ്പം വൈകിയെത്തിയ എന്നെ ലോദി ഹോട്ടലിലെ റിസപ്ഷനിസ്റ്റ് സ്വീകരിച്ചത് ക്ഷമാപണത്തോടെ: ``സാര്‍, സിംഗിള്‍ റൂമുകള്‍  എല്ലാം നിറഞ്ഞു. ഇനി ഒരു വലിയ ഡബിള്‍ റൂമേ ഉള്ളൂ. ഫെഡറേഷന്‍ തന്നെ ബുക്ക് ചെയ്തതാണ്. അവിടെ ഒരു കിടക്ക ഒഴിവുണ്ട്. വിരോധമില്ലെങ്കില്‍ ഇന്ന് രാത്രി ആ മുറിയില്‍  താമസിക്കാം.'' എനിക്കെന്തു വിരോധം? സഹമുറിയന്‍ ആരെന്നറിയാന്‍ ചെറിയൊരു  കൗതുകം മാത്രം. ചോദിച്ചപ്പോള്‍ തീര്‍ത്തും അലസമായി റിസപ്ഷനിസ്റ്റിന്റെ മറുപടി: ``ഓ, ഏതോ ഒരു സര്‍ദാര്‍ജിയാണ്. കോച്ച് ആണെന്ന് തോന്നുന്നു. പേര് ഇന്ദര്‍ സിംഗ്..'' 

inder singh
1973 ലെ മെര്‍ദേക്ക കപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ ഇന്ദര്‍ സിംഗ് (നില്‍ക്കുന്നവരില്‍ ഇടത്തു  നിന്ന് ആറാമത്)

ഞെട്ടിത്തരിച്ചു ബോധം കെട്ടു വീണില്ലെന്നേയുള്ളൂ. ആ നിമിഷം തിടുക്കത്തില്‍ കീശയില്‍ നിന്ന് പേനയെടുത്ത് തുറന്നുകൊണ്ട് ഞാന്‍ പറഞ്ഞു: ``എവിടെ ഒപ്പിടണം? പറയൂ....എനിക്കാ റൂം മതി.''

മലയാളത്തിലെ കളിയെഴുത്തിന് ``പഞ്ചും മൊഞ്ചു''മുള്ള ഭാഷ  സമ്മാനിച്ച വിംസിയുടെ അക്ഷരങ്ങളിലൂടെയാവണം ബാലെ നര്‍ത്തകനെപ്പോലെ  ഇന്ദര്‍ സിംഗ് ആദ്യമായി മനസിലേക്ക് ഡ്രിബിള്‍ ചെയ്തു കടന്നുവന്നത്. അതും എന്തൊരു വരവ്.  ``മാതൃഭൂമി''യുടെ താളുകളില്‍ വിംസി വരച്ചിട്ട  വാങ്മയ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന  ഗോളടി യന്ത്രത്തിന്  ഒരു റോമന്‍ പടയാളിയുടെ രൂപഭാവങ്ങളായിരുന്നു.  ചങ്കുറപ്പുള്ള, തോല്‍ക്കാന്‍ മനസ്സില്ലാത്ത  ആ പടയാളിയെ ആദ്യമായി മൈതാനത്തില്‍ കണ്ടു നിര്‍വൃതിയടഞ്ഞത്  നാഗ്ജി ട്രോഫിയില്‍. കോഴിക്കോട്ടുകാരുടെ ലോകകപ്പും യൂറോപ്യന്‍ കപ്പും കോപാ അമേരിക്കയും ഒക്കെയായി   സേട്ട് നാഗ്ജി അമര്‍സീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വിളങ്ങി നിന്നിരുന്ന കാലം. പാട്ടിനും പന്തുകളിക്കുമായി പകുത്തുനല്‍കിയ വൈകുന്നേരങ്ങളായിരുന്നു അന്നത്തെ കോളേജ് വിദ്യാര്‍ത്ഥിയുടേത്. പിന്നെയും ഒന്ന് രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവന്നു പ്രിയതാരത്തെ  നേരിട്ട് കണ്ടു സംസാരിക്കാന്‍ .  

ജോലി ചെയ്തിരുന്ന പത്രത്തിന്റെ സ്‌പോര്‍ട്‌സ് പേജിന്റെ ചുമതലക്കാരനായിരുന്ന ശ്രീധരന്‍ മാഷ് ഒരു നാള്‍ വിളിച്ചു പറയുന്നു: ``ഇന്ന് നാഗ്ജിയില്‍ ജെ സി ടിയുടെ കളിയുണ്ട്. നാളെ ഇന്ദര്‍ സിംഗിന്റെ ഒരു ഇന്റര്‍വ്യൂ വേണം.'' പിറ്റേന്ന് കാലത്ത് നടക്കാവിലെ വൃന്ദാവന്‍ ഹോട്ടലില്‍ ചെന്ന് ഇന്ദറിനെ അന്വേഷിക്കുന്നു. പഞ്ചാബ് കളിക്കാര്‍ പതിവായി താമസിക്കുന്ന ഹോട്ടലാണ്. പാചകക്കാരനെയും അലക്കുകാരനെയുമൊക്കെ കൊണ്ടാണ് അവര്‍ ടൂര്‍ണമെന്റിന് വരിക. വെപ്പും തീനുമെല്ലാം സ്വന്തം വക. വൃന്ദാവനില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞു: ആദ്യം ടീം കോച്ചിനെ കാണൂ. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഇന്ദര്‍ സംസാരിക്കില്ല. ജെ.സി.ടിയുടെ കോച്ചും മാനേജറും എല്ലാമായ ഗുര്‍ചരണ്‍ സിംഗ് വിര്‍ക്കിന്റെ സാന്നിധ്യത്തില്‍ അങ്ങനെ ഇന്ദറിനെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്യുന്നു. തികച്ചും ഏകപക്ഷീയമായ അഭിമുഖം.  പല ചോദ്യങ്ങള്‍ക്കും ഉത്തരം ലജ്ജാവിവശമായ ഒരു പുഞ്ചിരി മാത്രം. അല്ലാത്തപ്പോള്‍ തലയാട്ടല്‍. പഞ്ചാബി അല്ലാതെ ലോകത്തൊരു ഭാഷയും ഇന്ദര്‍ സിംഗിന് മനസ്സിലാവില്ല എന്നറിഞ്ഞത് അന്നാണ്. എങ്കിലും ഒരു ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടി.

ചോദ്യം ഇതായിരുന്നു: ``ഇങ്ങനെ തോന്നുംപടി ഗോളുകള്‍ അടിച്ചുകൂട്ടുന്നതിനു പിന്നിലെ രഹസ്യമെന്താണ്?'' ഉത്തരം: ``അറിയില്ല. ഓര്‍മ്മവെച്ച കാലം മുതല്‍  ചെയ്തുകൊണ്ടിരിക്കുകയാണ്. പോസ്റ്റിനടുത്ത് വെച്ച് പന്ത് കിട്ടുന്നു. ഞാന്‍ അടിക്കുന്നു. അത്ര മാത്രം.'' ഇന്ദറിന്റെ അതീവലളിതമായ വിശദീകരണം  ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിത്തരവേ  ജി എസ് വിര്‍ക്കിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി  ഇന്നുമുണ്ട് ഓര്‍മ്മയില്‍. ``നിങ്ങള്‍ ഇന്നലെ ഗ്രൗണ്ടില്‍ കണ്ട ഇന്ദര്‍ അല്ല ഈ ഇന്ദര്‍. അത് ശരിക്കും പുലി. ഇത് പൂച്ചക്കുട്ടി.''- വിര്‍ക്ക് പറഞ്ഞു. ``സ്വന്തം കളിയെ കുറിച്ച് ഞങ്ങളോട് പോലും മിണ്ടാറില്ല അയാള്‍. അഹങ്കാരം കൊണ്ടല്ല; ഒന്നും പറയാനില്ലാത്തതു കൊണ്ടാണ്.'' 

inder singh
ഡ്യുറാന്‍ഡ്  കപ്പിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഇന്ദര്‍ ഏറ്റുവാങ്ങുന്നു 

രസകരമായ ഒരു ഓര്‍മ്മ കൂടി പങ്കവെച്ചു വിര്‍ക്ക്. 1960-കളില്‍ കൊലാലംപൂരിലെ മെര്‍ദേക്ക ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍  ഉശിരന്‍  പ്രകടനം കാഴ്ചവെച്ച ഒരു ദിവസം, കളി കഴിഞ്ഞ ശേഷം ഓട്ടോഗ്രാഫ് വേട്ടക്കാരായ ആരാധകര്‍ക്കിടയില്‍ പെട്ടുപോകുന്നു ഇന്ദര്‍. എന്തു ചെയ്യണമെന്നറിയാതെ ബേജാറായി നില്‍ക്കുകയാണ് അദ്ദേഹം. ``ഇന്ത്യയില്‍ അത്തരമൊരു അനുഭവം അതുവരെ നേരിടേണ്ടി വന്നിട്ടില്ല ഇന്ദറിന്. അതുകൊണ്ടു തന്നെ ആരാധകര്‍ പിന്നാലെ കൂടിയപ്പോള്‍ ടീം മാനേജറുടെ അടുത്ത് പാഞ്ഞെത്തി അയാള്‍. ഇതൊരു സാധാരണ ഏര്‍പ്പാടാണെന്ന് പറഞ്ഞു അയാളെ സമാധാനിപ്പിച്ചത് മാനേജറാണ്. വിറക്കുന്ന കൈകളോടെ ഓട്ടോഗ്രാഫില്‍ ഒപ്പിട്ടു കൊടുക്കുന്ന പാവം ഇന്ദറിന്റെ മുഖഭാവം നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.'' നിഷ്‌കളങ്കനായ ആ നാട്ടിന്‍പുറത്തുകാരന്‍ എന്നുമുണ്ടായിരുന്നു ഇന്ദറിന്റെ ഉള്ളില്‍. ഇന്നും ഉണ്ടാവണം - ഈ എഴുപത്തഞ്ചാം വയസ്സിലും. 
 
ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ടോപ് സ്‌കോററായി 1960 കളുടെ തുടക്കത്തില്‍  ഇന്ത്യന്‍ ഫുട്ബാളില്‍ ജ്വലിച്ചുയര്‍ന്നതാണ്   ഇന്ദര്‍. പതിനെട്ടാം വയസ്സില്‍ ഇന്ദറിനെ ജലന്തര്‍ ലീഡേഴ്സില്‍ എത്തിച്ചതും സ്‌ഫോടനാത്മകമായ ആ ഗോളടിമികവ് തന്നെ. ലീഡേഴ്സിന്റെ എല്ലാ അഖിലേന്ത്യാ വിജയങ്ങള്‍ക്കും പിന്നില്‍ വെടിയുണ്ടകളുതിര്‍ക്കുന്ന ബൂട്ടുകളുമായി തലയുയര്‍ത്തിനിന്ന ഇന്ദറില്‍ അന്നത്തെ ഇന്ത്യന്‍ കോച്ച് ഹാരി റൈറ്റ്,  മേവാലാലിന്റെയും നെവില്‍ ഡിസൂസയുടെയും പിന്‍ഗാമിയെ കണ്ടെത്തിയത് സ്വാഭാവികം.  ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റനിരയില്‍ ഇന്ദര്‍ എത്തിപ്പെട്ടത് അങ്ങനെയാണ്. 1974 ല്‍ ലീഡേഴ്സ് വിട്ട് ഇന്ദര്‍  ജെ സി ടിയിലെത്തുന്നു.  മറ്റൊരു ജൈത്രയാത്രയുടെ തുടക്കം. ജി എസ് വിര്‍ക്കിനെ പിന്തുടര്‍ന്ന് 1990 കളുടെ ആദ്യമാണ്  ഇന്ദര്‍ സിംഗ് ജെ സി ടിയുടെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ദര്‍ മാനേജറും പഴയ കളിക്കൂട്ടുകാരന്‍ സുഖ്വീന്ദര്‍ സിംഗ് പരിശീലകനുമായ ടീമിന്റെ   അശ്വമേധകാലമായിരുന്നു പിന്നെ. 1990 കളില്‍ രണ്ടു തവണ ഫെഡറേഷന്‍ കപ്പ് നേടി ജെ സി ടി. 1996 -97 സീസണിലെ ആദ്യ ദേശീയ ലീഗ് കിരീടവും. തീര്‍ന്നില്ല. ഡ്യൂറാന്‍ഡ്, നാഗ്ജി, സിസേഴ്‌സ്, റോവേഴ്‌സ്, ഐ എഫ് എ ഷീല്‍ഡ് .... പങ്കെടുത്ത അഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകളിലെല്ലാം  വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിച്ചു  അവര്‍. പക്ഷേ, അധികം നീണ്ടുനിന്നില്ല  സ്വപ്നതുല്യമായ ആ കുതിപ്പ്.

ഇന്ത്യന്‍  ഫുട്‌ബോളിന്റെ ജനപ്രീതി അനുദിനം കുറഞ്ഞുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്   2011 ല്‍  ജെ സി ടി അവരുടെ  ടീം പിരിച്ചുവിടുന്നു. കേരളത്തിലെ കളിക്കമ്പക്കാരുടെ ചങ്കു തകര്‍ത്ത തീരുമാനം. ലീഡേഴ്സിനും ബി എസ് എഫിനും പഞ്ചാബ് പൊലീസിനും പിറകെ ജെ സി ടിയും  രംഗത്തു നിന്ന് മാഞ്ഞതോടെ ഇന്ദറിനെ കുറിച്ചും കേള്‍ക്കാതായി.  പഞ്ചാബ് ഫുട്ബാളിന്റെ സുവര്‍ണ്ണകാലം ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞിരുന്നു. കളി നിര്‍ത്തിയ ശേഷം  വര്‍ഷങ്ങളോളം സംഘടനാ തലത്തില്‍ സജീവമായിരുന്ന ഇന്ദര്‍ 2011 - ഓടെ പൂര്‍ണ്ണമായും കുടുംബ ജീവിതത്തിലേക്ക് പിന്‍വാങ്ങുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ  ആവേശോജ്വലമായ ഒരു യുഗത്തിന്റെ അന്ത്യം. കൗമാര യൗവനങ്ങള്‍  മുഴുവന്‍ കളിക്ക് സമര്‍പ്പിച്ച് ഒടുവില്‍ ജീവിതത്തിന്റെ ``സൈഡ് ലൈനി''ല്‍  ചെന്നൊടുങ്ങിയ അനേകമനേകം ഇന്ത്യന്‍ ഫുട്ബാളര്‍മാരില്‍ ഒരാളായി വിസ്മൃതനാകുന്നു ഇന്ദര്‍ സിംഗ് എന്ന ഇതിഹാസവും. 

അടുത്തൊരു നാള്‍ പട്യാലയില്‍  നിന്നും സുഹൃത്തും സ്‌പോര്‍ട്‌സ് ലേഖകനുമായ  സനില്‍ ഷാ വിളിച്ചു. പ്രമുഖ ചാനലിന് വേണ്ടി ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്  റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചാബില്‍ എത്തിയതാണ് സനില്‍. ``നാളെ ഞാന്‍ ഫഗ്വാരയിലേക്ക് പോകുന്നു. ഇന്ദര്‍ സിംഗിനെ കാണാന്‍.''- മുന്‍ തലമുറയിലെ കളിയെഴുത്തുകാര്‍ ഇന്ദറിനെ കുറിച്ച് എഴുതിപ്പിടിപ്പിച്ച വീരകഥകള്‍ കുട്ടിക്കാലം മുതലേ ആവേശപൂര്‍വം മനസ്സില്‍ കൊണ്ടുനടന്നിരുന്ന സനിലിന്റെ ശബ്ദത്തില്‍ എന്നിട്ടും  നിരാശ. ``പക്ഷേ ഇവിടെ ആര്‍ക്കും അറിയില്ല ഇന്ദര്‍ സിംഗ്  എന്നൊരു കളിക്കാരനെ  കുറിച്ച്. പലരും കേട്ടിട്ടുപോലുമില്ല. പുതിയ തലമുറയിലെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരോട്  അന്വേഷിച്ചപ്പോള്‍ അവര്‍ ചോദിക്കുകയാണ്  ഇന്ദര്‍ സിംഗോ? അങ്ങനെയൊരു പന്തുകളിക്കാരനുണ്ടോ എന്ന്. ശരിക്കും സങ്കടം തോന്നി... അദ്ദേഹത്തിന്റെ മേല്‍വിലാസം കണ്ടുപിടിക്കാന്‍,  ഒപ്പം കളിച്ചിരുന്ന സുഖ്വീന്ദര്‍ സിംഗിന്റെ  സഹായം തേടേണ്ടി വന്നു എനിക്ക്.... കഷ്ടം തന്നെ. എത്ര വലിയ ലെജന്‍ഡ് ആയിരുന്നു   ഇന്ദര്‍, അല്ലേ?  എന്നിട്ടും....'' സനിലിന്റെ വാക്കുകള്‍ മുറിയുന്നു. 

ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്ത ശേഷം വെറുതെ കണ്ണടച്ചിരുന്നു കുറെ നേരം. കാതുകളില്‍ ആ  പഴയ ആരവം വീണ്ടും മുഴങ്ങുന്നു.  തൂവെള്ള ജേഴ്സിയണിഞ്ഞ്  വരിവരിയായി മൈതാനത്തേക്ക്  കടന്നുവരികയാണ് ജെ സി ടി മില്‍സ് ടീം. മുന്നില്‍ രാജകുമാരനെപ്പോലെ ഇന്ദര്‍ സിംഗ്. ചൂളമര ഗാലറിയുടെ ഒരു കോണില്‍ പതിനായിരങ്ങളില്‍ ഒരാളായി , കണ്ണുകളില്‍ അണയാത്ത  വിസ്മയവുമായി ഒരു കുട്ടി. അടുത്തിരുന്ന മുതിര്‍ന്ന കുട്ടിയുടെ ചുമലില്‍ പിടിച്ചു കുലുക്കി  അവന്‍ ചോദിക്കുന്നു: ``ഇന്ദര്‍ സിംഗിനെ ആര്‍ക്കെങ്കിലും തോല്‍പ്പിക്കാന്‍ പറ്റ്വോ ഏട്ടാ?''

തെല്ലൊരു മടുപ്പോടെ തല തിരിച്ച്  മുതിര്‍ന്ന കുട്ടി പിറുപിറുത്തു: ``അറിയില്ല്യ. ചെലപ്പോ കൊറേ കാലം കഴിഞ്ഞാല്‍ ആരെങ്കിലും തോല്‍പ്പിക്കുമായിരിക്കും. കൊറേ കൊറേ കാലം കഴിഞ്ഞ്....''

(മാതൃഭൂമി ആഴ്ച്ചതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഈ ലക്കം വാങ്ങാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക)

Content Highlights: RRavi Menon Writes On Inder Singh former Indian football player and captain