മോസ്‌ക്കോ : ഫ്രങ്ക് പുഷ്‌കാസിനെ മറികടന്ന്‌ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന യൂറോപ്യന്‍ താരമെന്ന പദവിയിലേക്കാണ് മൊറോക്കയ്‌ക്കെതിരായ പോര്‍ച്ചുഗലിന്റെ വിജയഗോളിലൂടെ റൊണള്‍ഡോ എത്തിയത്. ഒപ്പം രാജ്യാന്തര ഫുട്‌ബോളിലെ എക്കാലത്തെയും രണ്ടാമത്തെ ഗോള്‍വേട്ടക്കാരനെന്ന പദവിയും. 109 ഗോളുകള്‍ നേടിയുള്ള ഇറാന്റെ അലി ദെയിയാണ് റൊണോയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. 85 ഗോളുകളാണ് 152 മത്സരങ്ങളില്‍ നിന്നായി 33-കാരനായ പോര്‍ച്ചുഗീസ് താരം നേടിയത്.

ഹംഗറിക്കും സ്‌പെയിനിനും ബൂട്ടണിഞ്ഞിട്ടുള്ള ഫ്രങ്ക് പുഷ്‌കാസ് 84 ഗോളുകള്‍ നേടിയാണ് യൂറോപ്യന്‍ ഗോള്‍വേട്ടക്കാരനായി തുടര്‍ന്നിരുന്നത്. 89 മാച്ചുകളായിരുന്നു അദ്ദേഹം കളിച്ചത്.

ഈ റെക്കോഡുകള്‍ക്കെല്ലാം പുറമെ റൊണാള്‍ഡോ മറ്റൊരു നേട്ടം കൂടി കൈവരിച്ചിട്ടുണ്ട് മൊറോക്കോയ്‌ക്കെതിരേ  നാലാം മിനിറ്റില്‍ നെടിയ ഹെഡ്ഡര്‍ ഗോളിലൂടെ. ഒരു ലോകകപ്പില്‍ ഇടത് കാല്‍ കൊണ്ടും വലത് കാല്‍കൊണ്ടും ഹെഡ്ഡറിലൂടെയും സ്‌കോര്‍ ചെയ്യുന്ന പോര്‍ച്ചുഗീസ് താരമെന്ന ജോസ് ടോറസിന്റെ നേട്ടത്തിനൊപ്പം റൊണാള്‍ഡോ എത്തി. 1966-ലെ ലോകകപ്പിലായിരുന്നു ടോറസിന്റെ നേട്ടം. 

അഞ്ചു തവണ ബാലന്‍ ദ്യോർ പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡോ റഷ്യന്‍ ലോകകപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്നായി നാലുഗോളുകള്‍ നേടിക്കഴിഞ്ഞു.

രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ഛേത്രിയും അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും 21-ാം സ്ഥാനം പങ്കിടുകയാണ്. 64 ഗോളുകളാണ് ഇരുവരും നേടിയിട്ടുള്ളത്.

Content Highlights: Portugal star Ronaldo becomes second leading international scorer with Morocco goal