വീഡിയോ റഫറിയാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ഫ്രാന്‍സിനുവേണ്ടിയുള്ള പോള്‍ പോഗ്ബയുടെ ഗോളില്‍ വിധിയെഴുതിയത്. ഓസീസ് ഫുള്‍ബാക്ക് അസിസ് ബെഹിച്ചിനോട് മല്ലിട്ട് ഇടങ്കാല്‍ കൊണ്ട് പോഗ്ബ കോരിയിട്ട പന്ത് ഗോളിയെ മറികടന്ന് ക്രോസ് ബാറില്‍ ഇടിച്ചാണ് ഗോള്‍ ലൈന്‍ കടന്നത്.

പന്ത് ഗോള്‍ലൈന്‍ കടന്നുവോ എന്നു സംശയമായിരുന്നു തുടക്കത്തില്‍. റഫറിമാര്‍ കാണാത്ത ആ കാഴ്ച, വീഡിയോ റഫറിയാണ് കണ്ടെത്തി ഗോളാണെന്ന് വിധിച്ചത്.

എന്നാല്‍, വീഡിയോ റഫറിമാരും ഗ്രൗണ്ടിലെ റഫറിമാരും ഗ്യാലറിയിലും ടിവിയിലുമെല്ലാം കളി കണ്ടവരുമൊന്നും കാണാതെ പോയ മറ്റൊന്നു കൂടിയുണ്ടായിരുന്നു ആ ഗോളിന് പിറകില്‍. വലയിലേയ്ക്ക് പന്ത് കോരിയിട്ട പോഗ്ബയുടെ ഇടങ്കാലിലെ ഷീന്‍ പാഡില്‍ ഒരു ചിത്രമുണ്ടായിരുന്നു. കളിക്കിടെ ആരും കാണാതിരുന്ന ആ ചിത്രം മത്സരശേഷം പോഗ്ബ തന്നെയാണ് ലോകത്തിന് കാട്ടിക്കൊടുത്തത്.

തനിക്ക് കിട്ടിയ മെഡലലുകളില്‍ ഒന്ന് കഴുത്തിലണിഞ്ഞിരിക്കുന്ന അച്ഛന്‍ ഫാസൗ അന്റോണിയുടെ ചിത്രമായിരുന്നു അത്. അച്ഛന്റെ ചിത്രമടങ്ങിയ ഷിന്‍ പാഡുമായാണ് പോഗ്ബ പിന്നീട് ഫോട്ടോയ്ക്ക് പോസ് ചെയ്ത്.

അച്ഛന്റെ ഫോട്ടോ മാത്രമല്ല, ഫ്രഞ്ചില്‍ എഴുതിയ വികാരനിര്‍ഭരമായ ഒരു കുറിപ്പുമുണ്ടായിരുന്നു പാഡില്‍. ദൈവമേ അവര്‍ പറയുന്നതിന് എന്നെ ശകാരിക്കരുതേ. അവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ക്ക് എന്നോട് പൊറുക്കേണമേ. അവര്‍ എന്നെ കുറിച്ച് ചിന്തിക്കുന്നത് എന്തോ എന്നെ അതിനേക്കാള്‍ മികച്ചവനാക്കണേ എന്നായിരുന്നു കുറിപ്പിലെ വാചകങ്ങള്‍.

കഴിഞ്ഞ വര്‍ഷമാണ് ദീര്‍ഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്ന അന്റോണി മരിച്ചത്. അച്ഛന്‍ മരിച്ചശേഷം പോഗ്ബ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ്  പോരാട്ടം.

2013 മുതല്‍ ഫ്രഞ്ച് ടീമില്‍ അംഗമായ ഈ മിഡ്ഫീല്‍ഡര്‍ 55 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇതുവരെയായി പത്ത് ഗോളുകളാണ് നേടിയത്.

Content Highlights: Paul Pogba Sheen Pad Fathers Picture shin-pad Fifa World Cup 2018 France