മുഹമ്മദ് സലയ്ക്ക് ഇത് പെരുന്നാള്‍ ദിനം മാത്രമല്ല, പിറന്നാള്‍ ദിനം കൂടിയായിരുന്നു. എന്നാല്‍, ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും നെഞ്ചിലേറ്റി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാമെന്ന ഈജിപ്ഷ്യന്‍ മെസ്സിയുടെ സ്വപ്‌നം പക്ഷേ, യാഥാര്‍ഥ്യമായില്ല. ലോകകപ്പ് ഫുട്‌ബോളില്‍ യുറുഗ്വായ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍ സലയ്ക്ക് കളിക്കാനായില്ല. ടീം തോല്‍വി ഏറ്റുവാങ്ങുന്നത് പകരക്കാരുടെ ബെഞ്ചിലിരുന്ന് കാണേണ്ടിയും വന്നു.

യുറുഗ്വായ്‌ക്കെതിരായ മത്സരം നടക്കുന്ന ജൂണ്‍ പതിനഞ്ചായിരുന്നു സലയുടെ ഇരുപത്തിയേഴാം ജന്മദിനം. ജന്മദിനാഘോഷവും പെരുന്നാള്‍ ആഘോഷവും അങ്ങനെ കണ്ണീരില്‍ കുതിരുകയും ചെയ്തു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ ഫൗള്‍ കാരണം തോളെല്ലിനേറ്റ പരിക്കാണ് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ കൂടിയായ സലയുടെ ലോകകപ്പ് സ്വപ്‌നത്തിന് തരിച്ചടിയായത്. പരിക്കേറ്റ സല ഈ ലോകകപ്പില്‍ ഉണ്ടാകില്ലെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിക്ക് പൂര്‍ണമായി ഭേദമായെന്നും സല നൂറ് ശതമാനം ഫിറ്റ്‌നസ് കൈവരിച്ചുവെന്നുമായിരുന്നു കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞിരുന്നത്.

salah

കോച്ചിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്  വലിയ ആവേശത്തിലായിരുന്നു ഇരുപത്തിയെട്ട് കൊല്ലത്തിനുശേഷം ടീം ലോകകപ്പ് കളിക്കുന്നത് കാണാന്‍ കാത്തിരുന്ന ഈജിപ്ഷ്യന്‍ ആരാധകര്‍. അവസാന ലൈനപ്പ് വന്നതോടെ സകലരും നിരാശരായി. സുവാരസ്-സല ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ച മറ്റ് ഫുട്‌ബോള്‍ ആരാധകര്‍ക്കും നിരാശയായിരുന്നു ഫലം.

സലയ്ക്ക് പകരം മര്‍വന്‍ മൊഹ്‌സെന്നിനെ സ്‌ട്രൈക്കറാക്കിയാണ് ഈജിപ്ത് കളിച്ചത്.

ഈജിപ്തിനുവേണ്ടി 57 മത്സരങ്ങള്‍ കളിക്കുകയും 33 ഗോളുകള്‍ നേടുകയും ചെയ്ത സല 2011ല്‍ നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ ഈജിപ്തിനുവേണ്ടി കളിച്ചിരുന്നു. ഈ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ നാലു ഗോളുകളാണ് സല ഈജിപ്തിനുവേണ്ടി നേടിയത്. കോംഗോയ്ക്കും ഘാനയ്ക്കുമെതിരെയായിരുന്നു ഗോളുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പോര്‍ച്ചുഗലിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും സല ഗോള്‍ നേടിയിരുന്നു.

Content Highlights: Mohamed Salah Fifa WorldCup 2018 Egypt BirthDay