ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ചുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മെക്‌സിക്കോ. സത്യത്തില്‍ ഈ ഫലത്തില്‍ അദ്ഭുതപ്പെടേണ്ടതില്ല. ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകളിലൊന്നാണ് മെക്‌സിക്കോ. 1930-ലെ ആദ്യ ലോകകപ്പില്‍ കളിച്ച അവര്‍ പതിനാറാമത്തെ ലോകകപ്പിനാണ് ഇക്കുറി എത്തിയത്. കഴിഞ്ഞ ആറു ലോകകപ്പുകളിലും പ്രീക്വാര്‍ട്ടര്‍ കളിച്ച മൂന്നു ടീമുകളിലൊന്ന്. മറ്റു രണ്ടു ടീമുകള്‍ ബ്രസീലും ജര്‍മനിയുമാണെന്നറിയുക.

കറുപ്പും വെളുപ്പും നിറഞ്ഞതാണ് മെക്‌സിക്കോയിലെ ജീവിതം. മയക്കുമരുന്നും അധോലോകങ്ങളും അരങ്ങുവാഴുന്ന ഒരു സമാന്തര ലോകമുണ്ടവിടെ. ഫുട്ബോളിനും അതില്‍നിന്ന് മോചനമില്ല. ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലൂടെയാണ് മെക്‌സിക്കോ ടീം റഷ്യയിലെത്തിയത്. കഴിഞ്ഞവര്‍ഷം ലോകകപ്പിനുള്ള തയ്യാറെടുപ്പിനിടെയാണ് ടീമിലെ മുതിര്‍ന്ന അംഗമായ റാഫേല്‍ മാര്‍ക്വേസ് അന്താരാഷ്ട്ര മയക്കുമരുന്നുകടത്ത് സംഘത്തിലെ കണ്ണിയാണെന്ന് യു.എസ്. ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ആരോപണമുന്നയിച്ചത്.

ലോകകപ്പിനു തൊട്ടുമുമ്പ് ടീമിനെ പിടിച്ചുകുലുക്കി മറ്റൊരു വിവാദമുയര്‍ന്നു. അവസാന സൗഹൃദമത്സരം കഴിഞ്ഞ രാത്രി മെക്‌സിക്കോ ടീം ഒന്നടങ്കം രാത്രി മുഴുവന്‍ നീണ്ട ലഹരിപ്പാര്‍ട്ടി നടത്തിയെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ടുചെയ്തു. പാര്‍ട്ടിയില്‍ മുപ്പതോളം ലൈംഗികത്തൊഴിലാളികളും ഉണ്ടായിരുന്നെന്ന് ആരോപണമുയര്‍ന്നതോടെ ടീമിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു. 

എന്നാല്‍, ഫുട്ബോള്‍ അസോസിയേഷന്‍ താരങ്ങള്‍ക്കൊപ്പം നിന്നു. അവര്‍ പരിശീലനത്തിന് കൃത്യമായി എത്തുന്നുണ്ടെന്നും അവധിദിനം ഇഷ്ടംപോലെ ആഘോഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അസോസിയേഷന്‍ നിലപാടെടുത്തു. വിവാദം കത്തിപ്പടര്‍ന്നപ്പോള്‍, തങ്ങള്‍ തെറ്റൊന്നും ചെയ്തില്ലെന്ന് വിശദീകരിച്ച് സ്ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് വീഡിയോ പുറത്തുവിട്ടു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും താരം വാക്കുനല്‍കി.

മെക്‌സിക്കോയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇത്തരം വിവാദങ്ങള്‍ എന്നുമുണ്ടായിരുന്നു. 2010-ല്‍ ഒരു അപരിചിത വനിതയോടൊപ്പം താരങ്ങള്‍ രാത്രിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ 11 താരങ്ങള്‍ക്ക് ഫെഡറേഷന്‍ പിഴചുമത്തിയിരുന്നു. എഫ്രൈന്‍ ജുവാരസ്, കാര്‍ലോസ് വെല എന്നിവര്‍ക്ക് ആറുമാസം വിലക്കും കിട്ടി.

പാര്‍ട്ടികളും വിവാദങ്ങളും അതിനൊപ്പം അപ്രതീക്ഷിതമായ വിജയങ്ങളുമെല്ലാം ചേര്‍ന്നതാണ് മെക്‌സിക്കന്‍ ഫുട്ബോള്‍. ആദ്യകളിയില്‍ ലോകചാമ്പ്യന്‍മാരെ ഞെട്ടിച്ച ടീമില്‍നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം.