പാരീസിന്റെ വടക്കു കിഴക്കേ അറ്റത്തുള്ള ബോണ്ടിയില്‍ ജനിച്ചുവളര്‍ന്ന എംബാപ്പെയ്ക്ക് റഷ്യയില്‍ ലോകകപ്പിനെത്തുമ്പോള്‍ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഒരൊറ്റ രാത്രിയെങ്കിലും ആ സ്വര്‍ണക്കപ്പ് കെട്ടിപ്പിടിച്ചൊന്നുറങ്ങണം. ബാലൺ ദ്യോറിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഈ ആഗ്രഹം എംബാപ്പെ തുറന്നുപറയുകയും ചെയ്തു. ഒടുവില്‍ മോസ്‌ക്കോയിലെ ലുഷ്‌നിക്കിയില്‍ ആ ആഗ്രഹം സഫലമായിരിക്കുന്നു എന്നു മാത്രമല്ല, നാല് ഗോളുമായി ഫ്രാന്‍സിന്റെ ആ യാത്രയ്ക്ക് ഇന്ധനം കൂടിയായിരിക്കുകയാണ് എംബാപ്പയെന്ന പത്തൊമ്പതുകാരന്‍. കിരീടത്തില്‍ ചുംബിക്കുമ്പോള്‍ എംബാപ്പെയുടെ കൈയില്‍ ഒരു കുഞ്ഞു ട്രോഫി കൂടിയുണ്ടായിരുന്നു, റഷ്യയിലെ മികച്ച യുവതാരത്തിനുള്ള ട്രോഫി.

പ്രതീക്ഷയുടെ ഭാരവുമായി വന്ന മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും യാത്രക്കിടയില്‍ മടങ്ങിയപ്പോള്‍ വേഗത കൊണ്ട് എതിര്‍ താരങ്ങളേയും കാണികളേയും ഒരുപോലെ അമ്പരപ്പിച്ചു എംബാപ്പെ. ക്രൊയേഷ്യക്കെതിരായ ഫൈനലിനിറങ്ങും മുമ്പ് എംബാപ്പെയുടെ കാലുകളിലേക്കു തന്നെയായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ 65-ാം മിനിറ്റില്‍ അതിനുള്ള ഉത്തരമെത്തി. ബോക്‌സിന് പുറത്തുനിന്നൊരു വലങ്കാലന്‍ ഷോട്ട്. ആ ഷോട്ട് ചെന്നു പതിച്ചത് ക്രൊയേഷ്യയുടെ വലയില്‍ മാത്രമല്ല, 'പെലെയ്ക്ക് ശേഷം' എന്ന ലോകകപ്പ് ചരിത്രത്തിലേക്ക് കൂടിയാണ്. ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാര താരമെന്ന ചരിത്ര നേട്ടം. അന്ന് 1958ലെ ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരെ ഗോള്‍ നേടുമ്പോള്‍ 17 വയസ്സും 249 ദിവസവുമായിരുന്നു പെലെയുടെ പ്രായം. സ്വീഡനെ 5-2ന് തോല്‍പ്പിച്ച് ബ്രസീല്‍ ലോകകിരീടം നേടുകയും ചെയ്തു. 

പണ്ട് ഒരാഴ്ച സിനദിന്‍ സിദാനൊപ്പം റയല്‍ മാഡ്രിഡില്‍ കഴിഞ്ഞിട്ടുണ്ട് കൈലിയന്‍ എംബാപ്പെ. മാഡ്രിഡിലെ അന്തരീക്ഷമൊക്കെ നന്നായി പിടിച്ചെങ്കിലും എംബാപ്പെ റയലുമായി കരാര്‍ ഒപ്പിട്ടില്ല. പരിശീലനം കഴിഞ്ഞ് പിറ്റേന്ന് തന്നെ അച്ഛനും മകനും ഫ്രാന്‍സിലേയ്ക്ക് വിമാനം കയറി.

അച്ഛന്റെ പരിശീലനത്തില്‍ കളിച്ചു പഠിച്ചു തുടങ്ങിയ എംബാപ്പെയ്ക്ക് ഫ്രാന്‍സ് വിട്ടൊരു കളിയില്ല അന്നും ഇന്നും. റയലും ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഉള്‍പ്പടെ യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ നിന്നെല്ലാം നല്ല ചൂടന്‍ ഓഫറുകളുണ്ടായിരുന്നു മിന്നല്‍വേഗമുള്ള ഈ താരത്തിന്. എന്നാല്‍, കോടികളുടെ കിലുക്കമുള്ള ഈ ഓഫറുകള്‍ക്ക് പകരം എംബാപ്പെ തിരഞ്ഞെടുത്ത് മൊണാക്കോയാണ്. രണ്ടു വര്‍ഷത്തിനുശേഷം വായ്പാതാരമായി പോയതാവട്ടെ പി.എസ്.ജിയിലേയ്ക്കും.

സ്വന്തം നാടിനുവേണ്ടി കളിക്കുന്നത് മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ കട്ട ആരാധകനായ എംബാപ്പെയുടെ സവിശേഷത. ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലുമെടുക്കാറില്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായ എംബാപ്പെ. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് എംബാപ്പെ ഉപയോഗിക്കുന്നത്. അതും വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിന്.

Content Highlights: Mbappe emulates Pele with World Cup final goal