റെനെ ഹ്വിഗിറ്റ ഒരു പ്രതിഭാസമായിരുന്നു. ബാറിന് കീഴില്‍ സാദാ ഗോളിയായി ഒതുങ്ങിക്കൂടാന്‍ മനസ്സില്ലാത്തവനായിരുന്നു. കരിവണ്ടിനെപ്പോലെ കാലുവളച്ച് പന്തടിച്ചകറ്റും. സ്‌ട്രൈക്കറെപ്പോലെ ചാട്ടൂളി കണക്ക് കയറിക്കളിക്കും. ഗോളടിക്കും. 1990ലെ ലോകകപ്പ് ചരിത്രത്തില്‍ ഓര്‍ക്കപ്പെടുക കൊളംബിയക്കാര്‍ സ്‌നേഹപൂവം എല്‍ ലോക്കോ അഥവാ ഭ്രാന്തന്‍ എന്നു വിളിക്കുന്ന ഹിഗ്വിറ്റയുടെ നമ്പറുകള്‍ കൊണ്ടാവും.

എന്നാല്‍, ഹിഗ്വിറ്റയുടെ ഈ പ്രതിഭാവിലാസത്തെ മറ്റൊരു ഇതിഹാസം പൊളിച്ചടുക്കുന്നതിനും അതേ ലോകകപ്പ് സാക്ഷിയായി. മുപ്പത്തിയെട്ടാം വയസ്സില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ആല്‍ബര്‍ട്ട് റോജര്‍ മൂ മില്ല എന്ന കാമറൂണിന്റെ റോജര്‍ മില്ല.

പ്രീക്വാര്‍ട്ടറില്‍ എക്‌സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റില്‍ മില്ല അടിച്ച ഗോളിന് കാമറൂണിനെതിരേ  പിന്നിട്ടുനില്‍ക്കുകയായിരുന്നു കൊളംബിയ. തോറ്റാല്‍ പുറത്ത്. സ്‌ട്രെക്കര്‍മാര്‍ ഗോള്‍ മടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ബാറിന് കീഴില്‍ ഹിഗ്വിറ്റയിലെ ഭ്രാന്തന്‍ ഉണര്‍ന്നു. ഗോള്‍ പോസ്റ്റും ഗോള്‍ ഏരിയയും വിട്ട് പന്തുമായി നേരെ കൊളംബിയന്‍ ഏരിയയിലേയ്ക്ക് കുതിച്ചു. എന്നാല്‍, അവിടെ റോജര്‍ മില്ലയ്ക്ക് മുന്നില്‍ പിഴച്ചു. ഗോളിയും പ്രതിരോധക്കാരുമില്ലാത്ത കൊളംബിയന്‍ ഗോള്‍മുഖത്തേയ്ക്ക് പന്തുമായി മില്ല പറന്നു. ഹിഗ്വിറ്റ പിറകെ ഓടിയെങ്കിലും മുപ്പത്തിയെട്ടുകാരനായ മില്ലയെ തൊടാനായില്ല. ഒടുവില്‍ ബോക്‌സില്‍ സ്ലൈഡ് ടാക്ലിങ്ങിലൂടെ വീഴ്ത്താന്‍ ശ്രമിക്കുമ്പോഴേയ്ക്കും മില്ല വല കുലുക്കിക്കഴിഞ്ഞിരുന്നു. പിന്നീട് 115-ാം മിനിറ്റില്‍ ബെര്‍ണാഡോ റെഡിന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആഫ്രിക്കന്‍ ടീമാവാനുള്ള കാമറൂണിന്റെ നിയോഗത്തിന് തടയിടാനായില്ല.

വീരനെന്നു വാഴ്ത്തിയ അതേ ഗ്യാലറി ഹിഗ്വിറ്റയെ കൂവിവിളച്ചു. അപൂര്‍വ  പ്രതിഭാസത്തിന്റെ ഉദയത്തിനും അസ്തമയത്തിനും അങ്ങനെ അതേ ലോകകപ്പ് സാക്ഷ്യം വഹിച്ചു.

വിശ്വവിഖ്യാതമായ സ്‌കോര്‍പ്യൺ കിക്ക് പോലെ തന്നെ  ഹിഗ്വിറ്റയുടെ ഈ മണ്ടത്തരവും മില്ലയുടെ ഗോളും പിന്നീട് എത്രയോ വട്ടം ആഘോഷിക്കപ്പെട്ടു. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനുശേഷം ഈ രംഗങ്ങളുടെ റീപ്ലേയ്ക്ക് ലോകകപ്പ് ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അതിന് ലോകചാമ്പ്യന്‍ ജര്‍മനിയുടെ ആയുസ്സിന്റെ വില നല്‍കേണ്ടിവന്നെന്നു മാത്രം.

തൊണ്ണൂറില്‍ ഹിഗ്വിറ്റിയായിരുന്നെങ്കില്‍ 2018ല്‍ വില്ലന്‍ ജര്‍മനിയും ഒന്നാം നമ്പർ ഗോളി മാന്വല്‍ ന്യൂയറാണ്. നായകനായത് ദക്ഷിണ കൊറിയന്‍ സ്‌ട്രൈര്‍ സോന്‍ ഹ്യൂങ്മിന്നും. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കിം യങ് വോന്‍ നേടിയ ഗോളിന് മുന്നിലായിരുന്നു ദക്ഷിണ കൊറിയ. എപ്പോള്‍ വേണമെങ്കിലും റഫറിയുടെ വിസില്‍ മരണം മുഴക്കാം. ഗോള്‍ മടക്കിയില്ലെങ്കില്‍ ജര്‍മനിക്ക് മടക്കടിക്കറ്റും മാനക്കേടും ഉറപ്പ്. എല്ലാം മറന്ന് ആക്രമിക്കുന്നതിനിടെയാണ് ഒരു കോര്‍ണര്‍ വീണുകിട്ടുന്നത്. സമനില പോലും ആത്മഹത്യാപരമായ അവസ്ഥയില്‍ ന്യൂയര്‍ സ്വന്തം പോസ്റ്റ് വിട്ട് എതിര്‍ ഏരിയയിലെത്തി. ഗോള്‍കീപ്പറുടെ മാത്രമല്ല,  മിഡ്ഫീല്‍ഡറുടെ വേഷവും തനിക്ക് ചേരുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിന് പക്ഷേ നൽകേണ്ടിവന്ന വില വലുതായി.

പ്ലേമേക്കറാവാന്‍ പോയ ന്യൂയറുടെ കാലില്‍ നിന്നും പന്ത് റാഞ്ചിയ പകരക്കാരന്‍ മിഡ്ഫീല്‍ഡര്‍ ജു സെജോങ് രണ്ടാമതൊന്ന് ആലോചിക്കാതെ എതിര്‍ ഗോള്‍ ഏരിയയിലേയ്ക്ക് കോരിയിട്ടുകൊടുത്തു. മഴവില്ലു പോലെ ജര്‍മന്‍ ബോക്‌സില്‍ വന്നു വീണ പന്ത്  ഗോളിയും പ്രതിരോധക്കാരുമില്ലാത്ത ഹാഫിലൂടെ ഓടിച്ചെന്നു പിടിച്ച് ഒഴിഞ്ഞ വലയിലേയ്ക്ക് ചെത്തിയിടാന്‍ വലിയ ആയാസമൊന്നും വേണ്ടിവന്നില്ല ഹ്യുങ്മിന്നിന്. ജർമൻ ആരാധകരുടെ നിലവിളിക്കിടയിൽ ഹിഗ്വിറ്റയും മില്ലയുമെല്ലം ആരാധകരുടെ മനസ്സിൽ മിന്നിമാഞ്ഞ നിമിഷം. അന്ന് വീണുടഞ്ഞത് ഹിഗ്വിറ്റയെന്ന വിഗ്രഹമാണെങ്കില്‍  കസാന്‍ അരീനയില്‍ തകര്‍ന്നുവീണത് ജര്‍മനി എന്ന ഫുട്‌ബോളിലെ വന്‍മതിലാണെന്നു മാത്രം.

ന്യൂയറുടെ പിഴവ്‌

ഹിഗ്വിറ്റയുടെ പിഴവ്‌

Content Highlights:  Manuel Neuer Colombia legend Rene Higuita GoalKeeping Mistakes