ഷ്യയിലെ പുല്‍ത്തകിടിയില്‍ പന്തുമായി ലൂക്ക മോഡ്രിച്ച് ഓടിയത് 39.1 മൈലാണെന്നാണ് കണക്ക്. അതായത് 63 കിലോമീറ്റര്‍. എന്നാല്‍, ഓട്ടത്തിന്റെ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ലൂക്ക മോഡ്രിച്ചിന് ചിലപ്പോള്‍ ചിരിവരും. മറ്റു ചിലപ്പോള്‍ കണ്ണില്‍ ഈറനണിയും. മനസ്സില്‍  ഇരുണ്ടൊരു കാര്‍മേഘം വന്നു മൂടും.

പത്ത് ഇരുപത്തിയേഴ്  കൊല്ലം മുന്‍പൊരു രാത്രിയിലും ഏതാണ്ട് ഇതിനോടടുത്ത ദൂരം ലൂക്ക മോഡ്രിച്ച് ഓടിയിട്ടുണ്ട്. ആറാം വയസ്സില്‍ രാത്രിയുടെ ഇരുട്ടിനെയും ഡിസംബറിന്റെ മരംകോച്ചുന്ന തണുപ്പിനെയും വകഞ്ഞുമാറ്റി വീട്ടുകാര്‍ക്കൊപ്പം പ്രാണന്‍ കൈയില്‍ പിടിച്ച് ഓടുമ്പോള്‍ പിറകില്‍ കത്തിയമരുന്ന വീടിനെ വേദനയോടെ തിരിഞ്ഞുനോക്കിയിട്ടുണ്ട് ലൂക്ക. തെരുവില്‍ സെര്‍ബിയന്‍ സൈന്യം വളഞ്ഞിട്ടുപിടിച്ച് വെടിവെച്ചുകൊന്ന മുത്തച്ഛന്റെ അലര്‍ച്ച നേര്‍ത്തു നേര്‍ത്തു വരുന്നത് സങ്കടമടക്കിപ്പിടിച്ച് കേട്ടിട്ടുണ്ട്.

കുഞ്ഞു ലൂക്കയുടെ ആ ഓട്ടം നിലച്ചത് ഏതാണ്ട് അമ്പത് കിലോമീറ്റര്‍ അപ്പുറമുള്ള സദറിലാണ്. ഈ തീരപ്രദേശത്തെ ഒരു  ഹോട്ടലിലെ ഷെഡ്ഡിലായിരുന്നു പിന്നെ വളര്‍ന്നത്. വെലെബിറ്റ് പര്‍വതനിരകള്‍ അതിരിടുന്ന വടക്കന്‍ ഡാല്‍മേഷ്യയിലെ മോഡ്രിചിയെന്ന കൊച്ചുഗ്രാമത്തില്‍ ഇപ്പോഴുമുണ്ട് അന്ന് തീവിഴുങ്ങിയ ആ വീട്. കല്ലുകൊണ്ട് കെട്ടിപ്പൊക്കിയ കൊച്ചുവീട് മുക്കാലും നിലംപൊത്തിക്കഴിഞ്ഞു. കല്ലടരുകളില്‍ പാഴ്‌ച്ചെടികള്‍ തലനീട്ടുന്നു. മൈനുകളുണ്ട്, സൂക്ഷിക്കുക എന്ന ബോര്‍ഡുകളുണ്ട് വീടിന്റെ പരിസരത്ത് ഇപ്പോഴും.

മോഡ്രിച്ചിയില്‍ നിന്നും മോസ്‌ക്കോയിലെ ലോകകപ്പിന്റെ ഫൈനല്‍ വേദിവരെയെത്താന്‍ ലൂക്ക മോഡ്രിച്ചെന്ന താരം സഹിച്ച യാതനകളുടെ നേര്‍സാക്ഷ്യമാണ് അക്രമങ്ങളെയും കാലത്തെയും ചെറുത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ഈ വീട്.

luka modric
മോഡ്രിച്ചിന്റെ പഴയ വീട്  ഫോട്ടോ: ഗെറ്റി ഇമേജസ്‌

1991 ഡിസംബര്‍ എട്ടിനായിരുന്നു ആ ദാരുണ സംഭവം. ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ജെ.എന്‍.എയെന്ന സെബിയന്‍ സൈന്യം സൈനികന്‍ കൂടിയായ ലൂക്ക മോഡ്രിച്ച് സീനിയറിനെ വീടാക്രമിച്ചു വധിച്ചത്. ഈ മുത്തച്ഛന്റെ പേരാണ് ലൂക്ക മോഡ്രിച്ചിനുമിട്ടത്. ലൂക്കയുടെ മുത്തച്ഛനെ കൂടാതെ ഗ്രാമത്തിലുള്ള നിരവധി പേരെ ആ രാത്രി സെര്‍ബിയന്‍ സേന വധിച്ചു. ആറു വയസ്സുകാരന്‍ മകനുമായി അച്ഛന്‍ സ്‌റ്റൈപ്പ് മോഡ്രിച്ചും അമ്മ റഡോയ്ക്കാ മോഡ്രിച്ചും അന്നു രാത്രി തന്നെ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. 

പിറ്റേന്നാണ് അവര്‍ ഓടിത്തളര്‍ന്ന് കൊച്ചു തീരപ്രദേശമായ സദറിലെത്തുന്നത്. അവിടെ ഹോട്ടല്‍ ഇസിലെ താത്കാലിക ക്യാമ്പില്‍ കയറിപ്പറ്റി. ദിവസങ്ങളോളം വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ അവര്‍ ഒരു കുഞ്ഞു ഷെഡ്ഡില്‍ കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. ക്രൊയേഷ്യന്‍ സൈനികര്‍ക്കുവേണ്ടിയുള്ള വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉണ്ടാക്കുന്ന ഫാക്ടറിയില്‍ മെക്കാനിക്കായി സ്‌റ്റൈപ്പും റഡോയ്ക്ക ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം പുലര്‍ത്തിയത്.

എന്നാല്‍, ജീവിതം മാത്രമല്ല,  കുഞ്ഞു ലൂക്കയ്ക്ക് ഫുട്‌ബോള്‍ പരിശീലനവും  അത്ര എളുപ്പമായിരുന്നില്ല. ബാള്‍ക്കന്‍ യുദ്ധം മൂര്‍ധന്യാവസ്ഥയിലെത്തിയ കാലമായിരുന്നു. ഗ്രനേഡുകളുടെയും ബുള്ളറ്റുകളുടെയും കാതടപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുഞ്ഞു ലൂക്കയുടെയും കൂട്ടുകാരുടെയും കളി. വഴിയില്‍ കുഴിച്ചിട്ട മൈനുകള്‍ ചവിട്ടാതെ നോക്കുക എന്നത് വലിയൊരു സാഹസമായിരുന്നു. ദൂരെ എവിടെയെിങ്കിലും വെടിയൊച്ചയോ ഗ്രനേഡിന്റെ ശബ്ദമോ കേട്ടാല്‍ ഓടി വീട്ടില്‍ കയറണം.

ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ പൊട്ടിയ പന്ത് തട്ടിക്കളിച്ചുകൊണ്ടാണ് അവന്‍ വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ആ സ്വപ്നസാഫല്യവും അത്ര എളുപ്പമായിരുന്നില്ല മോഡ്രിച്ചിന്. പത്താം വയസ്സില്‍  മെലിഞ്ഞ്, ഉയരം കുറഞ്ഞ്, നാണംകുണിങ്ങിയായ കൊച്ചു പയ്യന്‍ ഫുട്‌ബോള്‍ കളിക്കാന്‍ യോഗ്യനല്ലെയായിരുന്നു പരിശീലകരില്‍ ഏറെപ്പേരുടെയും അഭിപ്രായം. ഹായ്ഡുക്ക് സ്പ്ലിറ്റ് എന്ന ക്ലബിന് പത്തു വയസ്സുകാരന്‍ മോഡ്രിച്ചിനെ തിരിച്ചയച്ച ചരിത്രം വരെയുണ്ട്. ടോമിസ്ലാവ് ബാസിച്ച് എന്ന പരിശീലകന്റെയും 2002ല്‍ ഡയനാമോ സെഗ്‌രബിന്റെ സെലക്ടര്‍മാരുടെ കണ്ണു തുറക്കേണ്ടിവന്നു രാശിതെളിയാന്‍.

പിന്നെ പന്ത്രണ്ട് വര്‍ഷം മുന്‍പ് ക്രൊയേഷ്യയുടെയും നാലു വര്‍ഷം  മുന്‍പ് ടോട്ടനം വഴി റയലിന്റെയും അണിയിലെത്തുന്നതുവരെയുള്ള ചരിത്രത്തിന്  സമാനതകള്‍ ഏറെയില്ല ഫുട്‌ബോളില്‍. വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പില്‍ ക്രൊയേഷ്യ അത്ഭുതങ്ങള്‍ എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണക്കാരില്‍  ഒരാള്‍ മോഡ്രിച്ച് തന്നെയാണ്.

ഇരുപത്തിയേഴ് വര്‍ഷം മുന്‍പ് ജീവനും കൊണ്ടോടിയ ആ ആറു വയസ്സുകാരന്‍ മുപ്പത്തിരണ്ടാം വയസ്സില്‍ ഒരു സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ടീമിന് ഫൈനലിൽ അടിപതറിയെങ്കിലും ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള സുവർണ പന്ത് മോഡ്രിച്ച് സ്വന്തമാക്കി. സുവർണ പന്തുമായുള്ള  ഈ ഓട്ടത്തില്‍ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മമര്‍ തുടങ്ങിയ വിഗ്രഹങ്ങളെല്ലാം വീണുടഞ്ഞുകഴിഞ്ഞു. മോഡ്രിച്ചിന്റെ അടുത്ത ഊഴം മെസ്സിയും ക്രിസ്റ്റ്യാനോയും പങ്കിടുന്ന ലോക ഫുട്ബോളർ അവാർഡാണ്. യുദ്ധങ്ങളാണ് തനിക്ക് കരുത്ത് പകരുന്നതെന്ന് പറഞ്ഞിട്ടുണ്ട് പണ്ടൊരിക്കൽ മോഡ്രിച്ച്. ഈ യുദ്ധത്തിലും മോഡ്രിച്ച് വിജയിക്കാതിരിക്കില്ല. റഷ്യ നൽകുന്ന സൂചന അതാണ്.

Content Highlights: Luka Modric Croatian Football Player  Life Story