നിഷ്നി സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയെ നേരിടാനിറങ്ങുമ്പോള്‍ അര്‍ജന്റീനയുടെയും ലക്ഷക്കണക്കിന് ആരാധകരുടെയും കണ്ണുകള്‍ മെസ്സി എന്ന പത്താം നമ്പറിലായിരുന്നു. അതിന് ക്രൊയേഷ്യയുടെ മറുപടിയും ഒരു പത്താം നമ്പറായിരുന്നു -ലൂക്ക മോഡ്രിച്ച് എന്ന മധ്യനിരയിലെ മാന്ത്രികന്‍.

ക്രൊയേഷ്യയുടെ ആദ്യഗോള്‍ അര്‍ജന്റീന ഗോളിയുടെ മണ്ടത്തരത്തില്‍നിന്നാണ് വന്നതെങ്കില്‍, എണ്‍പതാം മിനിറ്റില്‍ 20 വാര അകലെനിന്നുള്ള ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ച് ടീമിനെ പ്രീക്വാര്‍ട്ടറിലേക്ക് എടുത്തുയര്‍ത്തി. റഷ്യന്‍ ലോകകപ്പിലെ രണ്ടാം ഗോള്‍. രാജ്യത്തിനുവേണ്ടി പതിനാലാം ഗോള്‍.

മിഡ്ഫീല്‍ഡില്‍ ഏതു റോളും മോഡ്രിച്ചിന് വഴങ്ങും. കളിയുടെ വേഗവും താളവും നിയന്ത്രിക്കുന്ന ലോകത്തെ ഏറ്റവും മികച്ച താരം. താരധാരാളിത്തമുള്ള റയല്‍ മഡ്രിഡിനായാലും ക്രോയേഷ്യക്കായാലും അതില്‍ മാറ്റമില്ല. ക്രൊയേഷ്യയ്ക്ക് ഏറെക്കാലം താലോലിക്കാന്‍ ഡാവന്‍ സുകേര്‍ എന്ന പേരുണ്ടായിരുന്നു. 1998 ലോകകപ്പില്‍ ആറു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ സുകേറിന്റെ വീരഗാഥകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് വളര്‍ന്നുവന്ന ക്രൊയേഷ്യന്‍ കരുത്താണ് ഇപ്പോള്‍ കാണുന്നത്. 2006 മുതല്‍ മോഡ്രിച്ച് ടീമിലുണ്ട്. ഇത് മൂന്നാം ലോകകപ്പ്. രാജ്യത്തിനുവേണ്ടി 108-ാമത്തെ മത്സരമായിരുന്നു വ്യാഴാഴ്ച.

2010-ല്‍ ക്രൊയേഷ്യ ലോകകപ്പിന് യോഗ്യതനേടിയില്ല. കഴിഞ്ഞതവണ ബ്രസീലില്‍ ആദ്യറൗണ്ടില്‍ പുറത്തായി. റഷ്യയില്‍ പക്ഷേ, രണ്ടു കളിയില്‍ അഞ്ചുഗോളുമായി ക്രോട്ടുകള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ അതിന്റെ അമരത്ത് മോഡ്രിച്ചുണ്ട്. കളിക്കുശേഷം അര്‍ജന്റീന ടീമിനെ ആശ്വസിപ്പിക്കാനും താരം മറന്നില്ല. അടുത്ത കളിയില്‍ അവര്‍ക്കുവേണ്ടി ഐസ്ലന്‍ഡിനെ തോല്‍പ്പിക്കുമെന്നാണ് മോഡ്രിച്ച് പ്രഖ്യാപിച്ചത്.