ഫുട്‌ബോള്‍ ആരാധനയ്ക്ക് പേരുകേട്ട സ്ഥലമാണ് കേരളം. അത് അര്‍ജന്റീനയോ ബ്രസീലോ ആണെങ്കില്‍ പറയുകയും വേണ്ട. ഇന്ത്യ കളിക്കുന്നില്ലെങ്കിലും ഫിഫ ലോകകപ്പ് ആവേശം അതിന്റെ പരകോടിയില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണാം. കേരളത്തിന്റെ  ഈ ഫുട്‌ബോള്‍ പ്രേമത്തില്‍ ഇപ്പോള്‍ വീണിരിക്കുന്നത് മറ്റാരുമല്ല, ഫുട്‌ബോളിലെ മിശിഹ സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെ! തന്റെ ഫെയ്‌സ്ബുക്ക് പേജിലെ ആരാധക വീഡിയോകളില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ മെസ്സി ഇപ്പോള്‍ അതിലൊന്നിനെ മികച്ച വീഡിയോ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

കൊച്ചിയിലെ തീരപ്രദേശ ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള വീഡിയോയാണ് മെസ്സിയുടെ ഒഫിഷ്യല്‍ പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോകളില്‍ ചെല്ലാനത്ത് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്ന വീഡിയോയും കേരളത്തിലേതെന്ന് തോന്നിക്കുന്ന മറ്റൊരു ദൃശ്യവും ഉണ്ടായിരുന്നു. മെസ്സി ആരാധകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ചെയ്ത വീഡിയോകളില്‍ നിന്ന് തിരഞ്ഞടുത്ത ദൃശ്യങ്ങള്‍ സംയോജിപ്പിച്ച് തയ്യാറാക്കിയ വീഡിയോ ആയിരുന്നു ഇത്. ഇതിനു പിന്നാലെയാണ് മെസ്സിയുടെ വെബ്‌സൈറ്റില്‍ നടക്കുന്ന മികച്ച ആരാധക വീഡിയോയ്ക്കുള്ള വോട്ടെടുപ്പിലേക്ക് പൂര്‍ണ വീഡിയോ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതായി മെസ്സിയുടെ ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്.

മെസ്സിയുടെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ

ചെല്ലാനത്തെ അര്‍ജന്റീന ആരാധകരാണ് 35 അടി ഉയരമുള്ള മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് സ്ഥാപിക്കുന്നത് സമീപത്തെ പള്ളിയിലെ കൊച്ചച്ചന്‍ ഫാദര്‍ വിപിന്‍ മാളിയേക്കല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവായി അപ്​ലോഡ് ചെയ്തു. ഇത് ഓള്‍ കേരള മെസ്സി ഫാന്‍സ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നെന്ന് ചെല്ലാനത്തെ മെസ്സി ആരാധകര്‍ പറയുന്നു. വിപിനച്ചനെ ബാഴ്‌സലോണ അധികൃതര്‍ ബന്ധപ്പെടുകയും വീഡിയോ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങനെയാണ് ദൃശ്യങ്ങള്‍ മെസ്സിയുടെ പേജിലെ കോമ്പിനേഷന്‍ വീഡിയോയില്‍ ഉള്‍പ്പെട്ടത്. 

എന്നാല്‍, പിന്നീട് ബാഴ്‌സയില്‍ നിന്നും വീണ്ടും വിളിച്ച് മെസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വോട്ടെടുപ്പിലേക്കും വീഡിയോ തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കുകയായിരുന്നെന്ന് ചെല്ലാനത്തെ അര്‍ജന്റീന ആരാധകരില്‍ ഒരാളായ ഫ്രെഡി പറയുന്നു. വോട്ടെടുപ്പില്‍ നിലവില്‍ ഒന്നാംസ്ഥാനത്താണ് ചെല്ലാനത്ത് നിന്നുള്ള വീഡിയോ. 25 വരെയാണ് വോട്ട് ചെയ്യുന്നതിനുള്ള സമയം. വിജയികള്‍ക്ക് മെസ്സി ഒപ്പിട്ട ഫുട്‌ബോളാണ് സമ്മാനം. അത് കിട്ടുമോ എന്നറിയില്ല. എന്നാല്‍ ഇതൊക്കെ ഇത്തവണ അര്‍ജന്റീന കപ്പടിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഫ്രെഡി കൂട്ടിച്ചേര്‍ത്തു.

മെസ്സി തിരഞ്ഞെടുത്ത ചെല്ലാനത്തെ ആരാധകരുടെ വീഡിയോ

അര്‍ജന്റീനയുടെ മാത്രമല്ല പ്രധാനപ്പെട്ട ടീമുകളുടെയെല്ലാം ആരാധകര്‍ ചെല്ലാനത്തുണ്ട്. മെസ്സിയുടെ കട്ടൗട്ട് കാറ്റില്‍ ചരിഞ്ഞുപോയപ്പോള്‍ എല്ലാ ടീമുകളുടെയും ആരാധകര്‍ ഒന്നിച്ചെത്തിയാണ് അത് നേരെയാക്കിയതെന്ന് ഇവര്‍ പറയുന്നു. മലപ്പുറവും കോഴിക്കോടുമൊക്കെയാണ് എപ്പോഴും എടുത്തുപറയുന്നതെങ്കിലും അതിനൊപ്പമോ അതിലേറെയോ ഫുട്‌ബോള്‍ ഉയിരിലേറ്റുന്നവരാണ് ചെല്ലാനംകാരെന്ന് ഇവിടത്തുകാരനായ പീറ്റര്‍ പറയുന്നു. ചെല്ലാനത്തെ വീടുകളില്‍ നിങ്ങള്‍ക്ക് മെസ്സിയെയും നെയ്മറിനെയും തിയാഗോയെയുമൊക്കെ കാണാം. താരങ്ങളോടുള്ള ആരാധന മൂത്ത് കുട്ടികള്‍ക്ക് അവരുടെ പേരു നല്‍കുന്നത് ഇവിടെ സാധാരണമാണ് -പീറ്റര്‍ പറയുന്നു.

അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കാണ് ചെല്ലാനത്ത് ആരാധകര്‍ കൂടുതല്‍. മറ്റു ടീമുകള്‍ക്കുള്ള പിന്തുണയും കുറവല്ല. ടീമേതായാലും എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് കാണുന്നതിനായി സമീപത്തെ ഹാള്‍ വാടകയ്‌ക്കെടുത്ത് എല്ലാ മത്സരവും പ്രൊജക്ടര്‍ വെച്ച് പ്രദര്‍ശിപ്പിക്കുന്നുണ്ടിവര്‍. വെറുതെയല്ല ചെല്ലാനംകാരുടെ ആവേശം മെസ്സിയുടെ കണ്ണിലും പെട്ടത്!

ചെല്ലാനത്ത് നിന്ന് മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ വീഡിയോ

Content Highlights: Lionel Messi shares video of fans from Chellanam