മെദീരയിലെ മണല്‍ പുരണ്ട തന്റെ ബൂട്ടുകള്‍ കെട്ടിപ്പിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന 12കാരന്‍ പൊട്ടിക്കരഞ്ഞു. അവന്റെ യാത്ര തുടങ്ങുകയാണ്. വലിയൊരു യാത്ര. ഒരു പക്ഷെ ഇനി മെദീരയിലേക്ക് അവന്‍ തിരിച്ചുവരില്ല. വിമാനത്തിലിരുന്ന് അവന്‍ മെദീരയുടെ, കടലില്‍ മാഞ്ഞുപോകുന്ന രേഖാചിത്രത്തെ ഒരിക്കല്‍ക്കൂടി നോക്കി. അവനു കണ്ണീര്‍ മുട്ടി. 
 
മെദീര ഭൂമിക്കു സംഭവിച്ച അക്ഷരത്തെറ്റാണെന്നേ ഒരാകാശസഞ്ചാരിയ്ക്ക് തോന്നൂ. അറ്റ്ലാന്റിക്കിന്റെ അഗാധമായ ഏകാന്തതയില്‍ പൊങ്ങിക്കിടക്കുന്ന ഒരു പായ്ക്കപ്പലിന്റെ വലുപ്പം മാത്രം തോന്നിക്കുന്ന ദ്വീപ്. യൂറോപ്പിനും ആഫ്രിക്കക്കുമിടയില്‍ കടലിന്റെ കണ്ണെത്താത്ത നീലപ്പില്‍ കൊടുങ്കാറ്റുകള്‍ക്കും സമുദ്രകോപങ്ങള്‍ക്കുമിടയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെ അതു കിടന്നു. മലകളും കാടുകളും നിറഞ്ഞ ഒരു പച്ചത്തുരുത്ത്. ക്രിസ്റ്റ്യാനോവിന് അത് താന്‍ കൈകാല്‍ കുടഞ്ഞു കിടന്ന തന്റെ പ്രിയപ്പെട്ട കളിത്തൊട്ടിലാണ്. കളിച്ചു വളര്‍ന്ന കളിക്കളമാണ്. കടലിനപ്പുറത്തെ വിശാലമായ ഫുട്ബോള്‍ ലോകത്തേക്ക് വാടാമല്ലിപ്പൂക്കളുടെയും പെരുംജീരകത്തിന്റെയും മണമുള്ള മെദീരയെ ഉപേക്ഷിച്ച് അവന്‍ പോവുകയാണ്. 
 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മാന്ത്രികനായ ഫുട്ബോള്‍ സഞ്ചാരി കടല്‍ കടന്നു വന്‍കരയിലെത്തി തന്റെ ജൈത്രയാത്ര ആരംഭിക്കുന്നതു വരെ മെദീരയെ ലോകം അധികം അറിഞ്ഞിരുന്നില്ല. ഏകാന്തസഞ്ചാരികളുടെ ദ്വീപായിരുന്നു എന്നും മെദീര. ലോകത്തെങ്ങും കിട്ടാത്ത വീഞ്ഞാണ് മെദീരയുടെ പ്രലോഭനം. വിദൂരങ്ങളില്‍ നിന്നു പായ്ക്കപ്പലുകളില്‍ വന്നിരുന്ന സാഹസികരായ കുടിയേറ്റക്കാരും കപ്പല്‍ച്ചേതത്തില്‍പ്പെട്ടു വഴിതെറ്റി വന്നണയുന്ന നാവികരും നാടുകടത്തപ്പെട്ട കുറ്റവാളികളുമല്ലാതെ പണ്ടാരും മെദീരയില്‍ വന്നിരുന്നില്ല. പോര്‍ച്ചൂഗീസ് വന്‍കരയില്‍ നിന്നെത്രയോ ദൂരെ, അറ്റ്ലാന്റിക്കിലെ അഗാധവിശാലതയില്‍ ഉപേക്ഷിക്കപ്പെട്ടതുപോലെ ഒറ്റപ്പെട്ടു കിടന്ന മെദീരയുടെ ഏകാന്ത ഭംഗികളില്‍ ഫുട്ബോളിന്റെ വസന്തവിസ്മയമായി തളിര്‍ത്തുവന്ന ആദ്യത്തെ കുട്ടിയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകം കീഴടക്കിയ മെദീരയുടെ മുന്തിരിച്ചാറ്. ഫുട്ബോളിലെ ലഹരി പിടിപ്പിക്കുന്ന വീഞ്ഞ്. 
 
ലിസ്ബണിലെ സ്പോര്‍ട്ടിങ് ക്ലബ്ബിലേക്കു പോവുകയാണ് കൊച്ചു ക്രിസ്റ്റ്യാനോ. സ്പോര്‍ട്ടിങ്ങിന്റെ വലവീശലില്‍ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ കളിച്ചു നടന്ന ഈ സ്വര്‍ണമീനും അകപ്പെട്ടു. കടലില്‍ പുളച്ചു നടന്ന കുഞ്ഞു സ്രാവിനെ അവര്‍ ലിസ്ബണ്‍ അക്കാദമിയിലെ ഇടുങ്ങിയ സ്ഫടികപാത്രത്തില്‍ തളച്ചു. മെദീരയിലെ കളിച്ചു കൊതിതീരാത്ത കുഞ്ഞുന്നാളുകളെക്കുറിച്ച് ക്രിസ്റ്റ്യാനോ ഇപ്പോഴും ഗൃഹാതുരതയോടെ ഓര്‍മ്മിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടി.വി.യില്‍ മുമ്പു വന്ന ഒരഭിമുഖത്തില്‍ ആ ഓര്‍മകളുടെ സുഗന്ധം നുകര്‍ന്ന് കണ്ണടച്ച് ധ്യാനിച്ച് ഒരു നിമിഷം മിണ്ടാതിരിക്കുന്ന ക്രിസ്റ്റ്യാനോവിനെ കാണാം. പതിഞ്ഞ ശബദത്തില്‍ മെദീരയെക്കുറിച്ച് പറയുന്ന ക്രിസ്റ്റ്യാനോ. വിമാനത്തിലിരുന്നു കരഞ്ഞ ആ കുട്ടിയുടെ ഓര്‍മ്മകളില്‍ നിശ്ശബ്ദനാവുന്ന ക്രിസ്റ്റ്യാനോ. 
 
മെദീരയിലെ അക്കാലത്തെ തെരുവുകള്‍ പൊടിപുരണ്ടതായിരുന്നുവെന്ന് ക്രിസ്റ്റ്യാനോ ഓര്‍മ്മിക്കുന്നുണ്ട്. സന്ധ്യകള്‍ ഏകാന്തവും. വീഞ്ഞിന്റെ മദഗന്ധം സദാ വട്ടമിട്ടു നില്‍ക്കുന്ന ദ്വീപ്. മണല്‍പ്പരപ്പില്‍ പന്തുതട്ടുന്ന കുട്ടികളും പ്രണയാതുരരായ മിഥുനങ്ങളും സഞ്ചാരികളായ മറുനാട്ടുകാരും നിറഞ്ഞ കടല്‍ത്തീരങ്ങള്‍. ദ്വീപിന്റെ ഉള്ളിലേക്ക്,  കാടുകളിലേക്കും മുന്തിരിത്തോട്ടങ്ങളിലേക്കും ചെങ്കുത്തായ മലനിരകളിലേക്കും, പോകുമ്പോള്‍ ഉഷ്ണവും മൗനവും കനത്തു വരും. 'ലിസ്ബണിലേക്കുള്ള യാത്രയില്‍ വിമാനത്തിലിരുന്നും ലിസ്ബണിലെ ഭ്രാന്തു പിടിപ്പിക്കുന്ന തിരക്കില്‍ ഒറ്റക്കിരുന്നും മെദീരയെ ഓര്‍ത്ത് ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു'- നാണം പുരണ്ട ചിരിയോടെ ക്രിസ്റ്റ്യാനോ പറയുന്നു. 
 
സ്പോര്‍ട്ടിങ് ലിസ്ബന്റെ അല്‍ക്കോചീറ്റെ ഫുട്ബോള്‍ അക്കാദമിയില്‍ പത്തു കുട്ടികളെ ഒരു മുറിയിലാണ് പാര്‍പ്പിച്ചിരുന്നത്. അവന്റെ ദ്വീപു ഭാഷ എല്ലാവര്‍ക്കും പരിഹാസത്തിനു വിഷയമായിരുന്നു. പലപ്പോഴും അവന്‍ ഒറ്റക്കായിരുന്നു. കളി ഇല്ലാത്തപ്പോള്‍ വിഷാദവാനോ വഴക്കാളിയോ ആയിരുന്നു അവന്‍. മാനേജര്‍ ഡിഫ്രൈറ്റാസ് ഒടുവില്‍ ആന്‍ജലീനക്കു കത്തയച്ചു. ഉടന്‍ പുറപ്പെടുക. റോണി അനുദിനം പ്രശ്നക്കാരനായി വരികയാണ്. സ്ട്രീറ്റ് ഗ്യാങ്ങുമായി അവന്‍ ഇന്നലെയും അടിയുണ്ടാക്കി. അമ്മ അടുത്തില്ലെങ്കില്‍ അവനെ നേര്‍വഴിക്കു നയിക്കാന്‍ ബുദ്ധിമുട്ടായേക്കും.
 
അമ്മയ്ക്കവനെ അറിയാം. ഫുട്ബോള്‍ കളിക്കാന്‍ പറ്റണം. ഇല്ലെങ്കില്‍ അവന്‍ അക്രമാസക്തനോ വിഷാദിയോ ആവും. ഫുട്ബോളൊഴിച്ച് ഒന്നിലും അവനു മനസ്സു നില്‍ക്കില്ല. എതിര്‍പ്പുകള്‍ അവനെ ഉത്തേജിപ്പിക്കുകയേ ഉള്ളൂ. ഫുട്ബോളില്‍ വളരണം, ഉയരങ്ങള്‍ കീഴടക്കണം. ആ ഒറ്റ ആഗ്രഹം അവനെ എന്നും പ്രചോദിപ്പിച്ചു. അമ്മ അവനു തണലായി. അമ്മയുടെ പ്രോത്സാഹനത്തില്‍ അവന്‍ വളര്‍ന്നു, വലുതായി. മെദീരയില്‍ നിന്നെന്ന പോലെ, പോര്‍ച്ചുഗലില്‍ നിന്നും അവന്‍ പോയി. അവന്റെ യാത്ര തുടര്‍ന്നു. നാവികരുടെ നാട്ടില്‍ നിന്ന് ലോകസഞ്ചാരിയായി അവന്‍ വളര്‍ന്നു. ഫുട്ബോള്‍ ലോകത്തു പടര്‍ന്നു പന്തലിച്ചു. കളിക്കളങ്ങളെ അമ്മാനമാടി. യൂറോപ്പിലെ മികച്ച താരമായി. ലോകത്തെ രണ്ടാമനായി. കോടികളുടെ സുല്‍ത്താനായി. 
 
ഒറ്റക്കാവുമ്പോള്‍ പക്ഷെ അവന്‍ മെദീരയിലെ മണല്‍പുരണ്ട ആ പഴയ ബൂട്ടുകള്‍ പുറത്തെടുക്കും. അതു തുടച്ചു വെക്കും. അസ്വസ്ഥനാവും. അതിനാലാവണം, ഓള്‍ഡ് ട്രാഫോഡിലും അമ്മ ആന്‍ജലീന അവനൊപ്പം വേണമെന്ന് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസ ഗുരു സര്‍ അലക്സ് ഫെര്‍ഗൂസന്‍ നിര്‍ബന്ധിച്ചത്. 'മെദീരയെക്കുറിച്ചോ കൂട്ടുകാരെക്കുറിച്ചോ കളിച്ചു വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ചോ ഓര്‍മിപ്പിച്ചാല്‍ അവനിപ്പോഴും കരയും' -ആന്‍ജലീന ആ അഭിമുഖത്തില്‍ ചിരിയോടെ പറയുന്നുണ്ട്.
 
എന്നാല്‍ ഫുട്ബോളിനെക്കുറിച്ചു പറഞ്ഞാല്‍ അവന്‍ പിടഞ്ഞുണരും. 2005ലെ യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ റഷ്യക്കെതിരായ മാച്ചിനു തൊട്ടു മുമ്പാണ് അച്ഛന്‍ മരിച്ചു എന്ന വാര്‍ത്ത വന്നത്. അന്നത്തെ കളി നിര്‍ണായകമായിരുന്നു. കോച്ച് സ്‌കൊളാരി തീരുമാനം അവനു വിട്ടു. നിനക്കിഷ്ടമുള്ളതുപോലെ ചെയ്യുക -അമ്മയും പറഞ്ഞു. ജയിച്ചാല്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടും. തിരിച്ചു പോയില്ലെങ്കില്‍ അച്ഛനെ ഇനിയൊരിക്കലും കാണാന്‍ പറ്റില്ല. ക്രിസ്റ്റ്യാനോ തീരുമാനിച്ചത് കളിക്കാനായിരുന്നു. ഹൃദയബന്ധങ്ങള്‍ക്കു വലിയ വില കല്‍പ്പിക്കുന്ന പോര്‍ച്ചുഗീസ് സമൂഹം ക്രിസ്റ്റ്യാനോവിന്റെ തീരുമാനത്തെ രാജ്യത്തിനു വേണ്ടിയുള്ള മഹാത്യാഗമായാണ് കണ്ടത്. പോര്‍ച്ചുഗല്‍ യോഗ്യത നേടി. ക്രിസ്റ്റ്യാനോ അവരുടെ വീരനായകനുമായി.
 
ഫുട്ബോള്‍ ഒരു മഹത്തായ ത്യാഗമാണെന്ന് ക്രിസ്റ്റ്യാനോ വീണ്ടും തെളിയിച്ചത് 2006 ലോകകപ്പിലാണ്. കോടികളുടെ പ്രൊഫഷനല്‍ കോണ്‍ട്രാക്ടാണ് ഇക്കുറി റോണി രാജ്യത്തിനു വേണ്ടി വലിച്ചെറിയാന്‍ തയ്യാറായത്. ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടറില്‍ സ്വന്തം ടീമംഗവും കളിക്കൂട്ടുകാരനുമായ വെയ്ന്‍ റൂണിയെ ഫൗള്‍ ചെയ്തുകൊണ്ട് മാഞ്ചസ്റ്ററിന്റെ ആരും കൊതിക്കുന്ന കുപ്പായത്തേക്കാള്‍ തനിക്കു വലുത് രാജ്യമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അയാള്‍. ഇംഗ്ലണ്ടില്‍ റോണോക്കെതിരെ പ്രതിഷേധം അലയടിച്ചപ്പോള്‍ പോര്‍ച്ചുഗലില്‍ അയാള്‍ വീണ്ടും വീരനായകനായി. ആ കാലുകളുടെ വിലയറിയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ പോര്‍ച്ചുഗലില്‍ പറന്നെത്തി ക്രിസ്റ്റ്യാനോവിനെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ആദ്യമൊക്കെ  എതിര്‍ത്തു നിന്ന മാഞ്ചസ്റ്ററിന്റെ കാണികളും പിന്നീടയാളുടെ കളിയോടുള്ള സമീപനത്തെ മാനിക്കാനും അയാളെ ബഹുമാനിക്കാനും തയ്യാറായി. അതു പോലെ കഴിവും പ്രതിബദ്ധതയും തികഞ്ഞൊരു കളിക്കാരനെ നൂറ്റാണ്ടിലൊരിക്കലേ കിട്ടൂ എന്ന് മാഞ്ചസ്റ്ററിലെ പ്രബുദ്ധരായ കാണികള്‍ക്കറിയാം. 
 
കുടുംബമാണ് ക്രിസ്റ്റ്യാനോക്ക് എല്ലാം. താങ്ങും തണലും കരുത്തും പിന്തുണയുമൊക്കെ. സംഘര്‍ഷനിമിഷങ്ങളിലെല്ലാം അവന്‍ കൂടപ്പിറപ്പുകളിലേക്കെത്തുന്നു. 'പ്ലാനറ്റ റൊണാള്‍ഡോ' എന്ന പേരില്‍ ക്രിസ്റ്റ്യാനോവിന്റെ ജീവിതത്തെക്കുറിച്ചു ബിബിസി ചെയ്ത ഡോക്യുമെന്ററിയില്‍ അയാളുടെ ജീവിതത്തിന്റെ ഈ വൈകാരികചിത്രമുണ്ട്.
 
ക്രിസ്റ്റ്യാനോ​
 
മുഴുവന്‍ പേര്:  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവിയ്രോ
ജനനത്തീയതി: 05-02-1985
ജനനസ്ഥലം: ഫുന്‍ചാല്‍, മെദീര ദ്വീപ്, പോര്‍ച്ചുഗല്‍
ഉയരം: 184സ.മെീ.
തൂക്കം: 78കിലോ
ടീം:  പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്
മുന്‍ ക്ലബ്ബുകള്‍: സ്പോര്‍ട്ടിങ് ലിസ്ബണ്‍, ഡിപ്പോര്‍ടിവോ നാഷനല്‍, ആന്‍ഡോറീന്യ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 
കുട്ടിക്കാല ഹീറോ: മാറഡോണ
ആരാധനാ പാത്രങ്ങള്‍: ലൂയി ഫിഗോ, തിയറി ഹെന്റി
കാണാനാഗ്രഹിക്കുന്ന താരം: മൈക്ക് ടൈസണ്‍
ഹോബി: ഗോള്‍ഫ്, സിനിമ, സംഗീതം
 
നാലു മക്കളില്‍ ഇളയവനായിരുന്നു ക്രിസ്റ്റ്യാനോ. കുടുംബത്തിന്റെ ഓമനയായി അവന്‍ വളര്‍ന്നു. അച്ഛന്‍ ഡെനിസാണ് അവനെ ലോകമറിയുന്ന ഫുട്ബോളറാക്കിയത്. ക്ലബ്ബില്‍ ചേര്‍ക്കാനും പരിശീലനങ്ങള്‍ക്കു കൊണ്ടുപോകാനുമൊക്കെ അച്ഛന്‍ തന്നെയാണ് ഉണ്ടായിരുന്നത്. ആന്‍ഡോറീന്യ ഫുട്ബോള്‍ ടീമിന്റെ സഹായിയായിരുന്നു അയാള്‍. എട്ടാം വയസ്സില്‍ത്തന്നെ അയാള്‍ മകന് ആന്‍ഡോറീന്യയില്‍ പ്രവേശനം തരപ്പെടുത്തിക്കൊടുത്തു. മകന്‍ ഉയരങ്ങളിലേക്കു കയറിപ്പോകുന്നത് കണ്ട് ആഹ്ലാദവാനായാണ് ഡെനിസ് കണ്ണടച്ചത്. ഡെനിസ് മദ്യപനായിരുന്നു. കുടിച്ചു കുടിച്ച് ലിവര്‍ തകരാറിലായാണ് അയാള്‍ മരിച്ചത്. 
 
വീട് നയിച്ചിരുന്നത് അമ്മ ആന്‍ജലീനയാണ്. അമ്മ ഒരു കുക്കായിരുന്നു. അവരാണ് മക്കളെ വളര്‍ത്തി വലുതാക്കിയതും അവര്‍ക്കു മൂല്യങ്ങളും സ്നേഹവും പകര്‍ന്നു നല്‍കിയതും. 2003ല്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായി 12 മില്യണ്‍ പൗണ്ടിന്റെ കരാര്‍ ഒപ്പു വെച്ചയുടനെ ക്രിസ്റ്റിയാനോ അമ്മയോട് ഇനി ജോലിക്കു പോകണ്ട എന്നു പറഞ്ഞു. രണ്ടു സഹോദരിമാരും ഒരു സഹോദരനും അമ്മയുമുള്‍പ്പെട്ട ആ കുടുംബം പിന്നീടെന്നും റോണിയുടെ സമ്പത്തിന്റെയും പ്രശസ്തിയുടെയും തണലിലായിരുന്നു. സഹോദരി കാത്തിയ, റൊണാള്‍ഡ എന്ന പേരില്‍ പോര്‍ച്ചുഗലില്‍ പ്രശസ്തയായ പോപ്പ് ഗായിക. രണ്ടാമത്തെ സഹോദരി എല്‍മ സിആര്‍-സെവന്‍ ഷര്‍ട്ടുകളുടെ വ്യാപാരം നടത്തുന്നു. (സിആര്‍-7: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജേഴ്സി നമ്പര്‍ ഏഴ്. പോര്‍ച്ചുഗലിലെ ഏറ്റവും വ്യാപാരമൂല്യമുള്ള ബ്രാന്‍ഡ്). സഹോദരന്‍ ഹ്യൂഗോ  കളിക്കാരനാണ്. ലോവര്‍ ഡിവിഷന്‍ ലീഗിലൊക്കെ കളിച്ചിട്ടുണ്ട്. അമ്മ ആന്‍ജലീന ക്രിസ്റ്റ്യാനോക്കൊപ്പമാണ് താമസം. മെദീരയില്‍ നിന്ന് എത്രയോ ദൂരം ആ കൊച്ചുകുടുംബം പിന്നിട്ടിരിക്കുന്നു. സ്വപ്നം കാണാനാവാത്ത ഉയരങ്ങളും.
 
ചെറിയ വീടായിരുന്നു ഞങ്ങളുടേത്. 'പ്ലാനറ്റ റൊണാള്‍ഡോ'യില്‍ കാത്തിയ പറയുന്നു. ഒരു മുറിയില്‍ റോണിയും ഹ്യൂഗോയും കിടക്കും. മറ്റൊന്നില്‍ ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളും അമ്മയും. ഇന്നും അന്നത്തെ അതേ സ്വഭാവമാണ് അവന്. എന്തിനും ഞങ്ങളുടെ പിന്തുണയും കൂട്ടും വേണം. ഈയിടെയായി എല്ലാ ക്രിസ്മസും ഞങ്ങള്‍ ബന്ധുക്കളടക്കം പത്തു മുപ്പതു പേര്‍ ചേര്‍ന്നാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് അവനെനിക്കു തന്നത് ഇതാ, ഈ വാച്ചാണ്. ചിത്രത്തിന്റെ ഫ്രെയിമില്‍  വാച്ചില്‍ തലോടിക്കൊണ്ട് അതു പറയുന്ന കാത്തിയയുടെ കണ്‍കോണുകളില്‍ അഭിമാനത്തിന്റെ കണ്ണീര്‍ത്തിളക്കം കാണാം. 
 
റൊണാള്‍ഡോ എന്നവനു പേരിട്ടത് അമേരിക്കന്‍ പ്രസിഡന്റ്  റൊണാള്‍ഡ് റെയ്ഗന്റെ പേരിനെ അനുകരിച്ചാണ്. അതുപോലെ പ്രശസ്തനാവണമെന്നൊന്നും കരുതിയല്ല ഡെനിസ് അതു ചെയ്തത്. അയാള്‍ക്കെന്തോ ആ പേരിഷ്ടമായി. അത്ര തന്നെ. മൂന്നാം വയസ്സു മുതലേ അവന്‍ കളിക്കുമായിരുന്നു. എത്രയോ കളിക്കാരെ കണ്ടിട്ടുള്ള ഡെനിസിന് ഈ കുട്ടിയില്‍ ഒരു വലിയ ഫുട്ബോളറുണ്ട് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞു. പത്താം വയസ്സാവുമ്പോഴേക്കും റോണി ദ്വീപിലെങ്ങും പ്രശസ്തനായി. ദ്വീപില്‍ രണ്ടു ടീമുകളാണ് ഉണ്ടായിരുന്നത്. മാരിറ്റിമോയും നാഷനലും. ആന്‍ഡോറീന്യ അക്കാദമി വിടാറായപ്പോള്‍ റോണിയെ നാഷനല്‍ വാങ്ങി. രണ്ടു വര്‍ഷത്തിനകം, 12 വയസ്സാവുമ്പോഴേക്കും, അവന്റെ മികവില്‍ അവര്‍ അണ്ടര്‍-13 ലീഗ് ജേതാക്കളായി. അതോടെ പോര്‍ച്ചുഗലിലെ പ്രശസ്തമായ ക്ലബ്ബ്, സ്പോര്‍ട്ടിങ് ലിസ്ബണ്‍ അവനെ നോട്ടമിട്ടു. 
 
'അവരുടെ അല്‍ക്കോചീറ്റെ അക്കാദമിയില്‍ പഠിക്കാനും കളിക്കാനുമുള്ള അവസരം കിട്ടുക എന്നത് പോര്‍ച്ചുഗലില്‍ ഒരു കുട്ടിക്കു കിട്ടാവുന്ന ഏറ്റവും വലിയ അവസരമാണ്. ദ്വീപില്‍ നിന്ന് അത്ര ചെറുപ്പത്തില്‍ ലിസ്ബണിലേക്കു പോയിട്ടുള്ള കുട്ടികള്‍ തന്നെ അപൂര്‍വമായിരുന്നു. അവനെയോര്‍ത്ത് അഭിമാനവും അവനെ പിരിയുന്നതോര്‍ത്തുള്ള സങ്കടവും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. അവനും കരച്ചിലായിരുന്നു. ഒടുവില്‍ ആഴ്ചകള്‍ക്കകം ഞാനും ലിസ്ബണില്‍ അവനൊപ്പം താമസമാക്കി..' അഭിമാനത്തിന്റെ പൂക്കള്‍ വിരിയുന്ന മുഖവുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന അമ്മ ആന്‍ജലീനയുടെ വാക്കുകള്‍.  
 
17ാം വയസ്സില്‍ ലിസ്ബണിന്റെ ഫസ്റ്റ് ഇലവനില്‍ റോണി അരങ്ങേറ്റം കുറിച്ചു. മോറിയോറന്‍സിനെതിരായ മാച്ചില്‍ രണ്ടു ഗോളടിച്ചു കൊണ്ടുള്ള ആ തുടക്കം സ്വപ്നതുല്യമായിരുന്നു. പോര്‍ച്ചുഗലിനു പുറത്തേക്കും അവന്റെ പേര് എത്തിത്തുടങ്ങി. അണ്ടര്‍-17 ലോകകപ്പില്‍ കളിച്ചതോടെ അവന്‍ യൂറോപ്പിലെ വമ്പന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചു. ലിവര്‍പൂളിന്റെ കോച്ച് ബെനിറ്റസാണ് ആദ്യം അവനെ തേടിയെത്തിയത്. ലിസ്ബണിലെ കളിക്കൂട്ടുകാരനായ റിക്കാര്‍ഡോ ക്വാറിസ്മയെ ബാഴ്സലോണയും വലവീശി. അതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന ലിസ്ബന്റെ ഒരു പ്രദര്‍ശന മത്സരം ക്രിസ്റ്റ്യാനോയുടെ ജീവിതത്തില്‍ വഴിത്തിരിവായി. 2003 ആഗസ്ത് ഒമ്പതിനായിരുന്നു ആ കളി. 3-1ന് മാഞ്ചസ്റ്റര്‍ തോറ്റു. ക്രിസ്റ്റ്യാനോവിന്റെ പ്രകടനമായിരുന്നു കളിയുടെ വിധി നിര്‍ണയിച്ചത്. കളി കഴിഞ്ഞപ്പോള്‍ മാഞ്ചസ്റ്ററിലെ ചില സീനിയര്‍ താരങ്ങള്‍ മാനേജര്‍ അലക്സ് ഫെര്‍ഗൂസനെ സമീപിച്ച് ചോദിച്ചു. ആ പയ്യനെ നമുക്കു വാങ്ങിക്കൂടേ? മൂന്നു ദിവസങ്ങള്‍ക്കകം, ആഗസ്ത് 12ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുകയും ചെയ്തു. 12.25 മില്യണ്‍ പൗണ്ടിന്റെതായിരുന്നു കരാര്‍. പോര്‍ച്ചുഗലില്‍ ഒരു ജൂനിയര്‍ താരത്തിനു കിട്ടുന്ന ഏറ്റവും വലിയ തുക. മാത്രമല്ല, ഡേവിഡ് ബെക്കാം ഉപേക്ഷിച്ചു പോയ ഏഴാം നമ്പര്‍ ജേഴ്സിയും ഫെര്‍ഗൂസന്‍ അവനു നല്‍കി.  
 
ഓള്‍ഡ് ട്രാഫോഡിലെ ക്രിസ്റ്റ്യാനോവിന്റെ അരങ്ങേറ്റം ബോള്‍ട്ടണെതിരെ ആയിരുന്നു. 60ാം മിനുട്ടില്‍ 1-0നു മാഞ്ചസ്റ്റര്‍ മുന്നിട്ടു നില്‍ക്കെയാണ് അവനിറങ്ങിയത്. 4-1നു ജയിച്ചു കയറിയ മാഞ്ചസ്റ്റിന്റെ ആ 30 മിനുട്ട് പ്രകടനം സമാനതകളില്ലാത്തതായിരുന്നു. മൈതാനത്തെ തീപിടിപ്പിച്ച നീക്കങ്ങളുമായി റോണി മാഞ്ചസ്റ്റര്‍ ആരാധകരെ കൈയിലെടുത്തു. ഒരു പെനാല്‍ട്ടി നേടുകയും രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ മാന്‍ ഓഫ് ദ മാച്ച് പ്രകടനവുമായാണ് കളം വിട്ടത്. പിറ്റേന്നിറങ്ങിയ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ ക്രിസ്റ്റ്യാനോവിനെ താരതമ്യം ചെയ്തത് ജോര്‍ജ് ബെസ്റ്റുമായാണ്. മാഞ്ചസ്റ്ററിന്റെ 'ദ ബെസ്റ്റ് എവര്‍ ' എന്ന് മീഡിയ റോണിയെ വാഴ്ത്തി. മറ്റൊരു താരത്തിനും ഓള്‍ഡ് ട്രാഫോഡില്‍ ഇത്ര സ്വപ്നതുല്യമായ ഒരു തുടക്കം ലഭിച്ചിട്ടില്ല. 
 
അതൊരു യാത്രയുടെ തുടക്കമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പദവിയിലേക്കുള്ള കുതിപ്പ്. എണ്ണമറ്റ ഗോളുകളും കപ്പുകളും അവാര്‍ഡുകളും റെക്കോഡുകളും അംഗീകാരങ്ങളും അവിസ്മരണീയ പ്രകടനങ്ങളുമായി ആ കുതിപ്പ് തുടരുന്നു. റൊണാള്‍ഡോയുടെ ഷോകേസില്‍ ഇല്ലാത്തത് ഒരേയൊരു ട്രോഫി മാത്രം. അതു ലോകകപ്പാണ്. അതിലേക്ക് ഇനി മൂന്നോ നാലോ ചുവടുകള്‍. പോര്‍ച്ചുഗലിന്റെ മഹാനായ ഫുട്‌ബോള്‍ പുത്രന് ആ ടീം തിരിച്ചു കൊടുക്കേണ്ട പ്രതിഫലമാണ് അത്. പോര്‍ച്ചുഗീസ് ഫുട്ബോളിനെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരങ്ങളിലേക്കു നയിച്ചതിന്. ഫിഗോയുടെ തലമുറ പിന്‍വാങ്ങിയാലും പോര്‍ച്ചുഗല്‍ ദുര്‍ബലരാവില്ലെന്നു പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിന്. 2004ലെ യൂറോ കപ്പ് ഫൈനലില്‍ ഫിഗോ ഉണ്ടായിട്ടും ഗ്രീസിനോടു തോറ്റ് കണ്ണീര്‍ പൊഴിച്ചു ഗ്രൗണ്ടില്‍ നിന്ന പോര്‍ച്ചുഗലല്ല, ക്രിസ്റ്റ്യാനോവിന്റെ ചിറകില്‍ 2016ല്‍ കപ്പുയര്‍ത്തി നിന്നത്. 2006 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നു കൊണ്ട് സെമി വരെ കുതിച്ചു കയറിയതും ആ കാലുകളുടെ ബലത്തിലായിരുന്നു. 12 വര്‍ഷത്തിനിപ്പുറവും സായംസന്ധ്യയിലെത്തിയ ആ സൂര്യന്‍ തന്നെയാണ് പോര്‍ച്ചുഗലിനു വെളിച്ചം പകരാനുള്ളത്. രണ്ടു കളിയില്‍ നാലു ഗോളുമായി അയാള്‍ ടീമിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചു കഴിഞ്ഞു. അവന്റെ ബൂട്ടുകളില്‍ തങ്ങളെ ചാമ്പ്യന്മാരാക്കാന്‍ പോന്ന വരപ്രസാദമമുണ്ടെന്ന് പോര്‍ച്ചുഗീസ് ആരാധകര്‍ വിശ്വസിക്കുന്നു. 
 
അതില്‍ അദ്ഭുതമില്ല. ക്രിസ്റ്റ്യാനോവിനെപ്പോലെ ഒരു ഫുട്ബോളര്‍ ദശാബ്ദങ്ങളില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. കരുത്തിന്റെ കാളപ്പോരായ ഫുട്‌ബോളില്‍ കവിത പോലെ നിറഞ്ഞവനാണ് ക്രിസ്റ്റ്യാനോ. മാരകഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കളിയില്‍ സര്‍ഗാത്മകതയും സംഹാരാത്മകതയും സമന്വയിപ്പിച്ച താണ്ഡവനൃത്തമാണ് ക്രിസ്റ്റ്യാനോ കാഴ്ചവെക്കുന്നത്. അവന്റെ കളിയുടെ അഴകും ആനന്ദവും പൂര്‍വികരില്‍ നിന്നു വ്യത്യസ്തമാവുന്നത് അതിലെ കലാംശത്തിലാണ്. മെദീരയിലെ വീഞ്ഞുപോലെ അതു നമ്മെ പ്രലോഭിപ്പിക്കുന്നു. അതിന്റെ വ്യാഖ്യാനിക്കാനാവാത്ത ആനന്ദത്തിന് അടിമകളാക്കുന്നു. കലയും കളിയും അതിവിചിത്രമായ അനുപാതത്തില്‍ അവന്റെ ചലനങ്ങളില്‍ സമ്മേളിക്കുന്നു. മൈതാനത്തില്‍ ആരും കാണാത്ത ആരങ്ങളും ചതുരങ്ങളും അവന്‍ നിര്‍മ്മിക്കുന്നു. വളഞ്ഞും പുളഞ്ഞും സഞ്ചരിക്കുന്ന മഴവില്ലുകളെയും ഇടിമിന്നലുകളെയും സൃഷ്ടിക്കുന്നു. ചലനത്തിന്റെ ഓരോ അണുവിടയിലും താളത്തിന്റെ സൂക്ഷ്മസംഗീതം പൊഴിക്കുന്നു. വന്യമായ വേഗതയും മന്ദമായ പദവിന്യാസങ്ങളും അസാധാരണമായ അളവുകളില്‍ കൂട്ടിക്കെട്ടുന്നു. പന്തിനെ മനസ്സിന്റെ വഴിയേ നടത്തുന്നു. എതിരാളികളെ അപമാനിതരാക്കി, എതിര്‍വലകളെ മാനഭംഗപ്പെടുത്തി മെരുക്കാനാവാത്ത കാളക്കൂറ്റനെപ്പോലെ അവന്‍ മൈതാനങ്ങളില്‍ നിന്നു മൈതാനങ്ങളിലേക്കു സഞ്ചരിക്കുന്നു. അതെ, ഫുട്ബോളില്‍ ദശാബ്ദങ്ങളില്‍ മാത്രം സംഭവിക്കുന്ന കാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.  
 
മെദീരയിലെ മണല്‍ പുരണ്ട ബൂട്ടുകളില്‍ ഇന്ദ്രജാലമൊളിപ്പിച്ചു കടത്തിയ ആ 12 കാരന്‍ യാത്ര തുടരുകയാണ്. ഫുട്ബോളിലെ ചക്രവര്‍ത്തി പദം തേടി. അതിലേക്ക് ഇനി ഏതാനും ചുവടുകളേയുള്ളൂ. അയാളതു നേടുമോ, അതോ ബ്രാഡ് മാനെപ്പോലെ മഹത്വത്തിലേക്കുള്ള അവസാന കടമ്പയില്‍ അയാള്‍ ഇടറി വീഴുമോ? കാത്തിരിക്കുക. 
 
(Originally published in Mathrubhumi Sports Masika, updated on 20 June 2018)