ഷ്യന്‍ ലോകകപ്പില്‍ താരമെന്ന ചോദ്യത്തിനുള്ള ഉത്തരം ഫ്രഞ്ച് താരം എംബാപ്പെയുടെ വേഗതയിലുണ്ട്. അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ വേഗത കൊണ്ട് അമ്പരപ്പിച്ച എംബാപ്പെയെ റയല്‍ മാഡ്രിഡ് വരെ നോട്ടമിട്ടുണ്ട്. അതും നെയ്മറെ ഒഴിവാക്കിയാണ് എംബാപ്പെയെ റയല്‍ പരിഗണിക്കുന്നത്. ഈ ലോകകപ്പില്‍ എംബാപ്പെ വീണ്ടും കാണികളെ അമ്പരപ്പിച്ചു. ബെല്‍ജിയത്തിനെതിരെയായ സെമിഫൈനലിലായിരുന്നു അത്.

എംബാപ്പെയെ മാര്‍ക്ക് ചെയ്യാനുള്ള ദൗത്യം ഏല്‍പിച്ചത് ഫെല്ലെയ്‌നിയെ ആയിരുന്നു. പക്ഷേ പലപ്പോഴും ആ ദൗത്യത്തില്‍ ഫെല്ലെയ്‌നി പരാജയപ്പെട്ടു. ഉംറ്റിറ്റിയിലൂടെ ഫ്രാന്‍സ് മുന്നിലെത്തി നില്‍ക്കുന്ന സമയം. മത്സരം 56-ാം മിനിറ്റിലേക്ക് കടക്കുന്നു. എംബാപ്പെയെന്ന 19-കാരന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് ആ ഒരു നിമിഷം ആരാധകര്‍ തിരിച്ചറിഞ്ഞു. ബോക്‌സിനുള്ളില്‍ വെച്ച് മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഒളിവര്‍ ജിറൗഡിന് കൈമാറിയ പാസ്സായിരുന്നു അത്.

ലൂക്കാസ് ഹെര്‍ണാണ്ടസ്‌ ബോക്‌സിനുള്ളിലുണ്ടായിരുന്ന മറ്റിയൂഡിക്ക് പന്ത് കൈമാറുന്നു. മറ്റിയൂഡി അത് എംബാപ്പെയ്ക്ക് തട്ടിയിട്ടു കൊടുക്കുന്നു. ആ സമയത്ത് പോസ്റ്റിന് പുറംതിരിഞ്ഞാണ് എംബാപ്പെ നിന്നിരുന്നത്. ആ നില്‍പ്പില്‍ തന്നെ ബാക്ക് ഹീല്‍ പാസിലൂടെ ജിറൗഡിന് കണക്കാക്കി പന്ത് നല്‍കി. ആ ബാക്ക് ഹീലിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. വലം കാല്‍ കൊണ്ട് പാസ് സ്വീകരിച്ച് ഇടങ്കാല്‍ കൊണ്ട് ജിറൗഡിന് ഉരുട്ടിയിട്ടു കൊടുക്കുകയായിരുന്നു എംബാപ്പെ. കൃത്യമായ പ്ലെയ്‌സ്ങ്ങില്‍ പന്ത് നിയന്ത്രിച്ച് ജിറൗഡ് അടിച്ച ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയെങ്കിലും എംബാപ്പെയുടെ ആ പാസ് കണ്ട് കാണികള്‍ അമ്പരന്നു.

സോഷ്യല്‍ മീഡിയയിലും എംബാപ്പെയുടെ ആ ബാക്ക് ഹീല്‍ പാസിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. പലരും തങ്ങളുടെ അമ്പരപ്പാണ് പങ്കുവെച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അസിസ്റ്റുകളിലൊന്നിനെ ജിറൗഡ് കളഞ്ഞുകുളിച്ചു എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഫ്രഞ്ച് താരത്തിന്റെ ആത്മവിശ്വാസമാണ് അത് കാണിക്കുന്നതെന്നും മറ്റു ചിലര്‍ പറയുന്നു. ഏതായാലും ഗോളടിക്കാതെ തന്നെ ആ ഒരൊറ്റ പാസ്സ് കൊണ്ട് എംബാപ്പെ സെമിയിലെ താരമായി.

Content Highlights: Kylian Mbappe  pass for France vs Belgium World Cup 2018 Semi Final