1948ലെ ലണ്ടന്‍ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ രണ്ടാഴ്ച നീളുന്ന പരിശീലന ക്യാമ്പ് ഷില്ലോങ്ങില്‍ നടക്കുന്നു. അമ്പതോളം വരുന്ന ഇന്ത്യന്‍ താരങ്ങളാണ് മികവ് തെളിയിച്ച് അവസാന സ്‌ക്വാഡില്‍ കയറിപ്പറ്റാനായി ഷില്ലോങ്ങിന്റെ തണുപ്പില്‍ ബൂട്ടുകെട്ടി ഇരിക്കുന്നത്. 

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (AIFF) തലതൊട്ടപ്പന്മാര്‍ ടീം തിരഞ്ഞെടുപ്പിനായി അങ്ങ് കൊല്‍ക്കത്തയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചേര്‍ന്ന യോഗം ചേരുന്നു. ചൂടേറിയ സംഭവങ്ങള്‍ക്കാണ് യോഗം സാക്ഷ്യം വഹിച്ചത്. ഒരു ഇന്ത്യന്‍ താരം 'ഓവര്‍ റേറ്റഡ്' ആണെന്നും, ഇന്ത്യന്‍ ശൈലിക്കു ചേര്‍ന്നതല്ലെന്നും ഒരു മുതിര്‍ന്ന അംഗം വിശേഷിപ്പിച്ചു. മറ്റൊരു സെലക്ടറും ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന്റെ പ്രതിനിധിയുമായ ജ്യോതിഷ് ചന്ദ്രഗുഹ വിമര്‍ശനം കേട്ടു ദേഷ്യം കൊണ്ടു വിറച്ചു. അംഗത്തെ അദ്ദേഹം കസേരയെടുത്ത് അടിക്കാനൊരുങ്ങി. 

അസമില്‍ നിന്നുള്ള മറ്റൊരംഗത്തിന്റെ  ഇടപെടല്‍ അന്തരീക്ഷം തണുപ്പിച്ചെങ്കിലും, 'തര്‍ക്കവിഷയ'മായ ഫുട്ബോള്‍ താരം പിബിഎ സാലി ലണ്ടന്‍ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചില്ല. പിന്നീട് ഇന്ത്യയില്‍ നടന്ന 1951ലെ ഏഷ്യന്‍ ഗെയിംസിലും 1952-ലെ ഹെല്‍സിങ്കി ഒളിംപിക്സിലും സാലി രാജ്യത്തെ പ്രതിനിധീകരിച്ചെങ്കിലും ആദ്യമായി സൂയസ് കനാല്‍ താണ്ടിയ ദേശീയ ടീമില്‍ നിന്നും സാലി തഴയപ്പെട്ടു. അസോസിയേഷനകത്തെ രാഷ്ട്രീയ ഉള്‍പ്പോരുകള്‍ ആയിരുന്നു കാരണം. 1950ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്ന അവസരം ഇല്ലാതാക്കിയതും അതൊക്കെയാവാം. അറിയില്ല. 

ഏതായാലും സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം എല്ലാവരെയും നിരാശപ്പെടുത്തി. ഡോ.താലീ മെറാന്‍ ആവോ (Tali Meran Ao) നയിക്കുന്ന ഇന്ത്യന്‍ ടീം രാജ്യം കണ്ട മികച്ച ലെഫ്റ്റ് വിംഗര്‍ ഇല്ലാതെയാണ് ലണ്ടനിലേക്കു യാത്ര തിരിക്കുന്നത് എന്ന് ഗുഹ മാത്രമല്ല, ഇന്ത്യയില്‍ കാല്‍പന്തുകളിയെ നെഞ്ചേറ്റിയവരെല്ലാം വിശ്വസിച്ചു. എന്നാല്‍, സാലി ഇതിനു മറുപടി നല്‍കിയത് കളിക്കളത്തിലാണ്. ലണ്ടന്‍ യാത്രക്കു മുന്‍പ് ഇന്ത്യന്‍ ഒളിംപിക് ടീം, 'റെസ്റ്റ് ഓഫ് ഈസ്റ്റ് ബംഗാള്‍ ആന്‍ഡ് മോഹന്‍ ബഗാന്‍' ടീമിനെതിരെ ഒരു സൗഹൃദ മത്സരം കളിക്കുകയുണ്ടായി. സെലക്ടര്‍മാരെ നാണം കെടുത്തിക്കൊണ്ട് അന്ന് ഇന്ത്യന്‍ ടീം 1-2ന് തോറ്റു. സാലിയുടെ സ്വതസിദ്ധമായ ശൈലിയില്‍ പിറന്ന എണ്ണം പറഞ്ഞ ഒരു ഗോളും അതില്‍ ഉണ്ടായിരുന്നു!

***

കല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബിനുവേണ്ടി പന്തുതട്ടുന്ന ആദ്യ മലയാളിയായിരുന്നു കേരളം മറന്ന പുത്തന്‍പറമ്പില്‍ ബാബാഖാന്‍ അബ്ദുല്‍ റസാഖ് സാലി എന്ന കോട്ടയം സാലി. 1945ല്‍ ഈസ്റ്റ് ബംഗാളില്‍ ചേരുമ്പോള്‍ ഒരു ഫുട്ബോളര്‍ എന്ന നിലയില്‍ ആകര്‍ഷണീയനായിരുന്നില്ല യുവാവായ സാലി. എന്നാല്‍ പിന്നീട്  ഈസ്റ്റ് ബംഗാളിന്റെ മികച്ച സ്റ്റാര്‍ വിങ്ങറായി സാലി മാറി. ഒന്‍പതു സീസണിലായി നിരവധി വിജയങ്ങള്‍ ക്ലബിന് അദ്ദേഹം നേടിക്കൊടുത്തു. മറ്റു ഫോര്‍വേഡുകളെപ്പോലെ നിരന്തരം ഗോള്‍ വല ചലിപ്പിച്ചിരുന്നില്ലെങ്കിലും, അവസരത്തിനൊത്തുയരുന്ന കളിക്കാരനായിരുന്നു സാലി. 1945 മുതല്‍ 1953 വരെ തുടര്‍ച്ചയായി ടീമിന്റെ നട്ടെല്ലായി നിന്ന സാലി കല്‍ക്കത്താ നഗരത്തിന്റെ ദത്തു പുത്രനുമായി. 'പഞ്ച പാണ്ഡവന്മാര്‍' എന്ന പേരിലറിയപ്പെടുന്ന, ഈസ്റ്റ് ബംഗാളിന്റെ എക്കാലത്തെയും മികച്ച അഞ്ചു മുന്നേറ്റനിരക്കാരില്‍ ഒരാളായി ഈ മലയാളി ഇന്നും കൊല്‍ക്കത്തയില്‍ ഓര്‍മിക്കപ്പെടുന്നു.

1944ല്‍ ട്രാവന്‍കൂറില്‍ നടന്ന ഒരു ടൂര്‍ണമെന്റിനിടെയാണ് സാലിയുടെ കളിമികവില്‍ ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ ആകൃഷ്ടരാവുന്നത്. ലോക്കല്‍ ക്ലബിന് വേണ്ടി കളത്തിലിറങ്ങിയ അയാളെ കൊല്‍ക്കത്തയിലേക്ക് പറിച്ചുനടാന്‍ അവര്‍ ശ്രമിച്ചു. നല്ല നിലയിലായിരുന്ന അദ്ദേഹത്തിന്റെ കുടുംബം. പക്ഷെ മകന്‍ ദൂരെ ബംഗാളില്‍ ഒരു ക്ലബ്ബിനു വേണ്ടി കളിക്കുന്നത് വലിയ നേട്ടമായി കണ്ടില്ല. നിരാശരായെങ്കിലും ഒരവസരത്തിനായി അവര്‍ കാത്തിരുന്നു.

തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെട്ട ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ സാലിയെ ക്ലബ്ബില്‍ ചേര്‍ക്കാന്‍ രാജകൊട്ടാരത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. കൊട്ടാരത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സാലിയുടെ കുടുംബം ഒടുവില്‍ സമ്മതം മൂളി; ഒരു നിബന്ധനയോടെ. സാലിയുടെ ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കൊല്‍ക്കത്തയിില്‍ സൗകര്യം ഒരുക്കണം. അക്കാര്യം ഉറപ്പു നല്‍കിയ ക്ലബ് ഒരു മലയാളി ഫുട്ബോളറുടെ കരിയറിലെ പുതിയ അദ്ധ്യായത്തിന് അങ്ങനെ തുടക്കമിട്ടു.

ബംഗാളില്‍ തുടക്കത്തില്‍ സാലിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ക്ലബ്ബിന്റെ മുതിര്‍ന്ന ചില ഒഫിഷ്യലുകള്‍ സംശയാലുക്കളായിരുന്നു. ലുങ്കിയും ഷര്‍ട്ടുമിട്ട ഈ മലയാളി പയ്യന്‍ അക്രമകാരിയായ ഒരു വിംഗറാവുമോ എന്നവര്‍ ആശങ്കപ്പെട്ടു. അതാവണം, കൊല്‍ക്കത്ത ഫുട്ബാള്‍ ലീഗിന് വേണ്ടി സാലിയുമായി കരാര്‍ ഒപ്പിടും മുന്‍പ്, ജൂനിയര്‍ താരങ്ങള്‍ക്കായുള്ള പവര്‍ ലീഗില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം സാലിയുടെ മികവ് അവര്‍ തിരിച്ചറിഞ്ഞു. പിന്നീടുള്ളതു ചരിത്രം. ഒമ്പതു സീസണില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കളത്തില്‍ നിറഞ്ഞാടി ക്ലബ്ബിന്റെ സുവര്‍ണ്ണ താരമായി സാലി. Mr. Independent എന്ന വിളിപ്പേരും അയാള്‍ നേടി. 

തെക്കേ ഇന്ത്യയില്‍ നിന്നു ബംഗാളിലേക്ക് വണ്ടി കയറിയ അഞ്ചു പേരുടെ ഐതിഹാസികമായ ഒരു കൂട്ടുകെട്ടാണ് അന്നവിടെ രൂപപ്പെട്ടത്. ഇടതു വലതു വിംഗുകളില്‍ സാലിയും വെങ്കിടേഷും (Padattnom Venkatesh); ഇന്‍സൈഡ് സ്‌ട്രൈക്കേഴ്‌സ് ആയി അപ്പാറാവുവും അഹ് മദ് ഖാനും; സെന്റര്‍ ഫോര്‍വേഡായി കെ പി ധന്‍രാജും. ഈസ്റ്റ് ബംഗാളിന്റെ പേരുകേട്ട പഞ്ചപാണ്ഡവര്‍ ഇവരായിരുന്നു. എതിരാളികളെ നിലംപരിശാക്കിയാണ് ഈ മുന്നേറ്റനിര പേരെടുത്തത്. പല സീസണുകളിലായാണ് ക്ലബ്ബില്‍ എത്തിയതെങ്കിലും 1949ല്‍ ഇവര്‍ ഒരുമിച്ചതോടെയാണ് ഈസ്റ്റ് ബംഗാളിന്റെ സുവര്‍ണകാലം തുടങ്ങുന്നത് എന്നു പറയാം. ഇവരുടെ തോളിലേറി ഈസ്റ്റ് ബംഗാള്‍ നേടിയ വിജയങ്ങള്‍ നിരവധിയാണ്. 1949, 50, 52 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ലീഗ് കിരീടം, 1949, 50, 51 വര്‍ഷങ്ങളില്‍ ഐഎഫ്എ ഷീല്‍ഡ്, 1949ല്‍ റോവേഴ്സ് കപ്പ്, 1951ലും 52ലും ഡ്യുറന്റ് കപ്പ്, 1951, 52 വര്‍ഷങ്ങളില്‍ ഡിസിഎം ട്രോഫി. ഇങ്ങനെ പോകുന്നു ഈ സ്വപ്ന കൂട്ടുകെട്ട് ക്ലബ്ബിനു വേണ്ടി കൊയ്ത നേട്ടങ്ങളുടെ പട്ടിക. 

ആന്ധ്രയിലെ രാജഭൂമിയില്‍ നിന്നെത്തിയ അപ്പാറാവു ആയിരുന്നു കൂട്ടത്തില്‍ മുതിര്‍ന്ന താരം. പ്രായത്തിന്റെ മുന്‍തൂക്കം കൊണ്ട് ടീമിനെ നിയന്ത്രണം അദ്ദേഹത്തിനായിരുന്നു. കൃത്യതയുള്ള പാസുകള്‍ കൊണ്ടാണ് അദ്ദേഹം കാണികളുടെ കൈയ്യടി നേടിയത്. മികവുറ്റ ഡ്രിബ്ലിങ്ങിലൂടെ അഹ്മദ് ഖാനും. വെങ്കിടേഷ് ആക്രമണകാരിയായ വിംഗറായിരുന്നു. ധന്‍രാജ് ഗോള്‍ ദാഹിയായ സ്‌ട്രൈക്കറും. എന്നാല്‍ സാലി ഈസ്റ്റ് ബംഗാളിന്റെ 'താരമായത്' അനിവാര്യമായ അവസരങ്ങളില്‍ തന്റെ കളിമികവു പുറത്തെടുത്തുകൊണ്ടാണ്. പ്രധാനപ്പെട്ട മത്സരങ്ങളിലൊക്കെ ഈ മലയാളി ഫുട്ബോളര്‍ ഗോള്‍ വലകള്‍ ചലിപ്പിച്ചിട്ടുണ്ട്. വേഗതയും പന്തടക്കവും പാസുകള്‍ സ്വീകരിക്കുന്നതിലുള്ള പാടവവും സാലിയെ മൈതാനങ്ങളില്‍ വ്യത്യസ്തനാക്കി.

. . .

സാലി ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ട 1948ല്‍, ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ചൈനീസ് ഒളിംപിക് ടീം കൊല്‍ക്കത്തയിലെത്തി ചില പരിശീലന മത്സരങ്ങള്‍ കളിക്കുകയുണ്ടായി. ആദ്യമത്സരത്തില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അടിയറവു പറയിച്ച ചൈനീസ് ടീം ഈസ്റ്റ് ബംഗാളുമായുള്ള തൊട്ടടുത്ത മത്സരത്തില്‍ സാലിയുടെയും അപ്പാറാവുവിന്റെയും ഗോളുകള്‍ക്ക് തോറ്റു. മികച്ച ഫോമിലായിരുന്നു സാലി. തന്റെ പൊസിഷനില്‍ അയാള്‍ എതിരാളികളെ നിലം തൊടീച്ചില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ലെഫ്റ്റ് വിങ്ങറെന്നാണ് കൊല്‍ക്കത്ത ദിനപത്രമായ അമൃത ബസാര്‍ പത്രിക അന്ന് സാലിയെ വിശേഷിപ്പിച്ചത്. എന്നിട്ടും, ആ ഫുട്ബോളറുടെ മികവിനെ സെലക്ടര്‍മാര്‍ മാത്രം കാണാതെ പോയി.

വിദേശ ടീമുകള്‍ക്കെതിരെ എന്നും മികച്ച പ്രകടനമാണ് സാലി പുറത്തെടുത്തത്. 1951ല്‍ സ്വീഡനിലെ ഐഎഫ്‌കെ ഗോതന്‍ബര്‍ഗ് ക്ലബ്ബ് പ്രദര്‍ശനമത്സരം കളിക്കാനായി കൊല്‍ക്കത്തയില്‍ എത്തി. ആദ്യമത്സരത്തില്‍ മോഹന്‍ ബഗാനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണു സ്വീഡിഷ് ക്ലബ് കീഴ്‌പ്പെടുത്തിയത്. എന്നാല്‍ ഈസ്റ്റ് ബംഗാളുമായുള്ള മത്സരം അത്ര എളുപ്പമായിരുന്നില്ല. ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്ത ക്ലബ്ബിനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു യൂറോപ്യന്‍ താരങ്ങള്‍ക്ക്. ധന്‍രാജിന്റെ അളന്നു മുറിച്ചുള്ള ഒരു പാസ്സ് ഉയര്‍ന്നു പൊങ്ങി ഗോളിലേക്ക് വഴിതിരിച്ചുവിട്ട് സാലിയാണ് അന്ന് ഈസ്റ്റ് ബംഗാളിന് ജയം സമ്മാനിച്ചത്. 

അതേ സീസണില്‍ ഒരിക്കല്‍ക്കൂടി സാലി തന്റെ പ്രാധാന്യം തെളിയിച്ചു. 1951 സെപ്റ്റംബര്‍ 11നു നടന്ന IFA ഷീല്‍ഡ് ഫൈനലില്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടനേട്ടം എന്ന പ്രതീക്ഷയോടെ, ഈസ്റ്റ് ബംഗാള്‍ മോഹന്‍ ബഗാനെ നേരിടുന്ന മത്സരം. 32 മണിക്കൂറോളം വരിനിന്നാണ് അന്നു കാണികള്‍ മാച്ച് ടിക്കറ്റ് സ്വന്തമാക്കിയത്! ഈസ്റ്റ് ബംഗാളിന് മുന്‍തൂക്കമുണ്ടായിട്ടും പക്ഷെ ആദ്യപാദ മത്സരം സമനിലയില്‍ പിരിഞ്ഞു. നിര്‍ഭാഗ്യമെന്നോണം സാലി ഒരുപിടി നല്ല അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. മത്സരശേഷം, 'തങ്ങള്‍ക്കു വേണ്ടി കളിച്ചതിന്' ഒരു മോഹന്‍ ബഗാന്‍ ഒഫീഷ്യല്‍ സാലിയോട് പരിഹാസച്ചുവയോടെ നന്ദി പറഞ്ഞു.

എന്നാല്‍, സാലി അതിനു മറുപടി കൊടുത്തത് സെപ്റ്റംബര്‍ 18നു നടന്ന രണ്ടാം പാദ മത്സരത്തിലായിരുന്നു. ആദ്യ പകുതിയുടെ 90-ാം സെക്കന്‍ഡില്‍ ധന്‍രാജില്‍ നിന്നും ബാക്ക്പാസ് സ്വീകരിച്ചു സാലിയുതിര്‍ത്ത ഇടംകാലന്‍ ഷോട്ട് മോഹന്‍ ബഗാന്‍ കീപ്പര്‍ ചഞ്ചല്‍ ബാനര്‍ജിയെ നിഷ്പ്രഭനാക്കി. ആ ഗോളിന്റെ ഷോക്കില്‍ നിന്നുണര്‍ന്ന ബഗാന്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാലിയുടെ രണ്ടാം പ്രഹരം വന്നത്. 17ാം മിനുട്ടില്‍ സാലിയുടെ ഒരു ഹാഫ് വോളി വെടിയുണ്ട കണക്കെ ബഗാന്റെ ഗോള്‍ വലയില്‍ വീണു. രണ്ടു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാള്‍ ജയിച്ച ആ മത്സരം ശരിക്കും 17ാം മിനുട്ടില്‍ തന്നെ അവസാനിച്ചിരുന്നു!

പേരുകേട്ട ഹൈദരാബാദ് സിറ്റി പോലീസിനെ 1951ലെ ഡ്യുറന്റ് കപ്പ് സെമിഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ തോല്‍പിച്ചതും സാലിയുടെ മികവിലായിരുന്നു. ഡല്‍ഹിയിലെ പഴയകാല ഫുട്ബോള്‍ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കുന്ന മാച്ചാണ് അത്. ഡല്‍ഹി ഗേറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കടുത്ത പോരാട്ടമായിരുന്നു. അവസാന വിസിലിനു രണ്ടു മിനിറ്റ് മുന്‍പ് സാലി നടത്തിയ അതിഗംഭീരമായ നീക്കം കളിയുടെ ഗതി തിരുത്തിക്കുറിച്ചു. അഹ്മദ് ഖാനില്‍ നിന്നും പാസ് സ്വീകരിച്ച് അവിശ്വസനീയമായ ആംഗിളില്‍ നിന്നും സാലി തൊടുത്തു വിട്ട ഷോട്ട് ഹൈദരാബാദിന്റെ ഗോള്‍ വലയെ പ്രകമ്പനം കൊള്ളിച്ചു. ആ ഗോളില്‍ ഫൈനലില്‍ പ്രവേശിച്ച ഈസ്റ്റ് ബംഗാള്‍, സിറ്റി മേറ്റ് രാജസ്ഥാന്‍ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കപ്പും സ്വന്തമാക്കി. 

Kottayam Sali
സാലി. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

1950ല്‍ സാലി ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റനായി. നിമിത്തമെന്നോണം അവരുടെ മികച്ച സീസണുകളില്‍ ഒന്നായി അതു മാറി. ചരിത്രത്തിലാദ്യമായി തോല്‍വിയറിയാതെ ലീഗ് ചാമ്പ്യന്മാരാവാനും സര്‍വീസസിനെ IFA ഷീല്‍ഡ് ഫൈനലില്‍ തോല്‍പ്പിച്ച് ഡബിള്‍ കിരീടം നേടാനും ഈസ്റ്റ് ബംഗാളിന് ആ വര്‍ഷം സാധിച്ചു. ഗംഭീരമായിരുന്നു ആ ഫൈനല്‍. പുരാന്‍ ബഹദൂറിനു കീഴില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന സര്‍വീസസ്, മോഹന്‍ ബഗാനെ അവരുടെ മണ്ണില്‍ തളച്ചതിന്റെ ആവേശവുമായാണ് ഫൈനലിനിറങ്ങിയത്. എന്നാല്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിന്റെ മുന്നില്‍ അവര്‍ മുട്ടുമടക്കി. ഒരു ഗോളിലൂടെ സാലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ധന്‍രാജിന്റെ വകയായിരുന്നു മറ്റു രണ്ടു ഗോളും. അക്കൊല്ലത്തെ DCM ട്രോഫിയും ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു. കിരീടപോരാട്ടത്തില്‍ ഗോര്‍ഖ റെജിമെന്റിനെ രണ്ടു ഗോളുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്.

ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന സീസണായിരുന്നു അത്. പരിക്കുമൂലം ഒളിമ്പ്യന്‍ ബ്യോംകേശ് ബോസിന് (Byomkesh Bose) നിരവധി കളികള്‍ നഷ്ടമായിരുന്നു. പാകിസ്ഥാനിയായ പ്രതിരോധനിരക്കാരന്‍ താജ് മുഹമ്മദാകട്ടെ ഇന്ത്യയില്‍ തുടര്‍ന്ന് കളിക്കാന്‍ പാക് ഗവണ്മെന്റ് അനുവാദം നല്‍കാത്തതിനാല്‍ തിരിച്ചുപോയി. സീസണിന്റെ അവസാനത്തിലെ ഷീല്‍ഡ് കപ്പ് ഫൈനലാവുമ്പോഴേക്കും രണ്ടു വര്‍ഷം മുന്‍പ് കളിയില്‍ നിന്നും വിരമിച്ച ബേബി ഗുഹയെ തിരിച്ചു വിളിക്കേണ്ടി വന്നു ക്ലബ്ബിന്. എന്നിട്ടും ക്ലബ്ബിനെ ആ സീസണില്‍ അതിഗംഭീരമായി മുന്നോട്ടു നയിക്കാന്‍ സാലിക്കു കഴിഞ്ഞു. 

1951 ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് ടീമിലേക്കുള്ള സാലിയുടെ പ്രവേശനം തീര്‍ത്തും അയാളുടെ മികവിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. ലണ്ടന്‍ ഒളിംപിക് ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന സാലി, ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് മടങ്ങിയത് ഏഷ്യാഡ് ഗോള്‍ഡ് മെഡല്‍ കഴുത്തിലണിഞ്ഞു കൊണ്ടാണ്. മേവാലാലിന്റെ ഗോളില്‍ ഇന്ത്യ ഇറാനെ ഫൈനലില്‍ കീഴ്പ്പെടുത്തുമ്പോള്‍ നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ കാഴ്ചക്കാരനായി ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവുമുണ്ടായിരുന്നു.

ഹെല്‍സിങ്കി ഒളിംപിക്‌സ് ടീമിലേക്കു പരിഗണിക്കുക വഴി സാലിയോട് കാണിച്ച അനീതി സെലക്ടര്‍മാര്‍ തിരുത്തിയെങ്കിലും ഇന്ത്യയുടെ ആ ടൂര്‍ണമെന്റിലെ പ്രകടനം പരിതാപകരമായിരുന്നു. ജൂലൈ 15നു ഒളിംപിക് സോക്കര്‍ സ്റ്റേഡിയത്തില്‍ ബൂട്ടണിയാതെ പന്തു തട്ടാനിറങ്ങിയ ഇന്ത്യന്‍ ടീം നിലവിലെ വെള്ളി മെഡല്‍ ജേതാവായ യൂഗോസ്ലാവിയയോട് ഒന്നിനെതിരെ പത്തു ഗോളുകള്‍ക്കാണ് അടിയറവു പറഞ്ഞത്. ഈസ്റ്റ് ബംഗാളിന്റെ പേരുകേട്ട മുന്നേറ്റനിരക്കാരായ വെങ്കിടേഷും അഹമ്മദ്ഖാനും സാലിയും ആദ്യ ഇലവനില്‍ അണിനിരന്നിട്ടും യൂറോപ്യന്‍ ശക്തികളെ തടയാനാകാതെ ഇന്ത്യന്‍ ടീം തളര്‍ന്നു നിന്നു.

താരങ്ങള്‍ നിസ്സഹായരായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ പിടിവലികളുടെ ഇരകളായിരുന്നു അവര്‍. ടീം അധികൃതര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒളിംപിക്സിനായി ഹെല്‍സിങ്കിയില്‍ എത്തുന്നതോടെ മൂര്‍ച്ഛിക്കുകയും ടീമിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലേക്ക് വളരുകയും ചെയ്തു. പരിശീലകന്റെ അധികാരങ്ങളെ താഴ്ത്തികെട്ടാനുള്ള ഒരു വിഭാഗം ഒഫിഷ്യലുകളുടെ ശ്രമമായിരുന്നു വലിയ പ്രശ്നം. കോച്ചിനെ നിസ്സാരനാക്കിക്കൊണ്ട് ബോക്സിങ് സ്‌ക്വാഡിന്റെ ഭാഗമായിരുന്ന ഒരു ഒഫീഷ്യല്‍ ടീമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു. കൂടാതെ രണ്ടു തെക്കേ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള നിരന്തരമായ കലഹവും ടീം സ്പിരിറ്റിനെ ബാധിച്ചു. ഒരു പക്ഷെ, സാലി മറന്നുകളയാന്‍ ആഗ്രഹിക്കുന്ന 
ഒരു ടൂര്‍ണമെന്റായിരിക്കും അത്.

. . .

ഈസ്റ്റ് ബംഗാളില്‍ ഗുഹയുമായി നല്ല അടുപ്പം പുലര്‍ത്തിയ താരമായിരുന്നു സാലി. എങ്കിലും ഒരിക്കല്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് അധികൃതര്‍ തങ്ങളുടെ ക്ലബ്ബില്‍ ചേരുന്നതിനായി സാലിയെ ഒരു വിധം സമ്മതിപ്പിച്ചു. സാലിയും ക്ലബ് അധ്യക്ഷനും കരാര്‍ ഒപ്പിടുന്നതിനായി IFA ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് ഈസ്റ്റ് ബംഗാള്‍ ഒഫിഷ്യലുകള്‍ പാഞ്ഞെത്തി അദ്ദേഹത്തെ 'രക്ഷിച്ചെടുത്തു'! ചെറിയ തോതിലുള്ള സംഘര്‍ഷം തന്നെ അന്ന് IFA ഓഫീസിനു മുന്നില്‍ ഉണ്ടായി. ഒടുവില്‍ സാലി വീണ്ടും ഈസ്റ്റ് ബംഗാളിന് വേണ്ടിത്തന്നെ ബൂട്ട് അണിഞ്ഞു.

വിനീതനും മിതഭാഷിയുമായിരുന്നു സാലി, തികഞ്ഞ മനുഷ്യസ്നേഹിയും. 1946 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട സമയം. 'വടിവാളുകളുടെ ദിനങ്ങള്‍' എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഏഴു ദിവസം നീണ്ട കലാപത്തില്‍ ആയിരക്കണക്കിനു നിരപരാധികളുടെ ജീവനാണ് അന്നു കൊല്‍ക്കത്തയില്‍ പൊലിഞ്ഞത്. കലാപത്തിനിടെ ഒരു ഹോട്ടലില്‍ അകപ്പെട്ടു അപ്പാറാവുവും സാലിയും. അപ്പാറാവുവിനെ വിട്ടുനല്‍കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയുധങ്ങളുമായി കലാപകാരികള്‍ രാത്രി ഹോട്ടല്‍ ആക്രമിച്ചു.   

വെറും 20 വയസ്സുള്ള, ബംഗാളി അറിയാത്ത ആ മലയാളിതാരം അത്ഭുതകരമായിട്ടാണ് അന്ന് ആ സാഹചര്യത്തെ അതിജീവിച്ചത്. തന്റെ സഹതാരത്തോടു കട്ടിലിനടിയില്‍ ഒളിക്കാന്‍ നിര്‍ദ്ദേശിച്ച് സാലി, രക്തദാഹികളായ കലാപകാരികളുടെ മുന്നിലേക്ക് വാതില്‍ തുറന്നു. അപ്പാറാവു ആണെന്നു തെറ്റിദ്ധരിച്ച് അവര്‍ സാലിയെ വലിച്ചിഴച്ചുകൊണ്ടു പോയി. സ്നേഹിതന്റെ നിര്‍ദേശപ്രകാരം മറഞ്ഞിരുന്ന അപ്പാറാവു താന്‍ അദ്ദേഹത്തെ ഇനി കാണുകയുണ്ടാകില്ല എന്ന് പോലും ഉറപ്പിച്ചു. എന്നാല്‍ അരമണിക്കൂറിനു ശേഷം സാലി റൂമില്‍ തിരിച്ചെത്തി. സാലിയുടെ ധീരപ്രവൃത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി. താനും അവരുടെ സമുദായത്തില്‍നിന്നു തന്നെയാണ് എന്ന് കലാപകാരികളെ വിശ്വസിപ്പിക്കാനായത് വഴി അവര്‍ തന്നെ വിട്ടയച്ചു എന്നായിരുന്നു സാലിയുടെ വിശദീകരണം. ഏതായാലും തൊട്ടടുത്ത ദിവസം തന്നെ രണ്ടു താരങ്ങളെയും ക്ലബ് അധികൃതര്‍ സുരക്ഷിത താവളങ്ങളിലേക്കു മാറ്റി. 

സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുത്തി സാലി ചെയ്ത പ്രവൃത്തി അപ്പാറാവു ഒരിക്കലും മറന്നില്ല. കളിക്കളത്തിലെ മികച്ച പാസ്സുകളെല്ലാം അപ്പാറാവു എന്നും തന്റെ മലയാളി സുഹൃത്തിനു വേണ്ടി കരുതിവച്ചു. പ്രായവ്യത്യാസമുണ്ടെങ്കിലും സാലിയും അപ്പാറാവുവും കളത്തിനു പുറത്തും ആത്മസുഹൃത്തുക്കളായി തുടര്‍ന്നു. 

. . .

കുടുംബത്തിന് നല്‍കിയ ഉടമ്പടി പ്രകാരം, സാലിക്ക് കൊല്‍ക്കത്ത കോളേജില്‍ ബിരുദ പഠനത്തിന് ക്ലബ്ബ് അധികൃതര്‍ അഡ്മിഷന്‍ തരപ്പെടുത്തിയിരുന്നു. എന്നാല്‍, വിരളമായി മാത്രമേ അദ്ദേഹത്തിന് കോളേജില്‍ പോകാന്‍ സാധിച്ചുള്ളു. ഫൈനല്‍ ഇയര്‍ പരീക്ഷയുടെ തലേന്നാണ് യഥാസമയം അപേക്ഷ സമര്‍പ്പിക്കാഞ്ഞതിനാല്‍ തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്ന് സാലി അറിയുന്നത്. ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നു അന്നത്തെ യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍. സാലിക്കുവേണ്ടി യൂണിവേഴ്സിറ്റി നിയമം തന്നെ അദ്ദേഹം തിരുത്തിയെഴുതി എന്നാണ് കഥ. ഏതായാലും സാലി പരീക്ഷയെഴുതുകയും ബിരുദം നേടുകയും ചെയ്തു.

ജിയോളൊജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ക്ലബ് അധികൃതര്‍ സാലിക്ക് ജോലി തരപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഈസ്റ്റ് ബംഗാളിനോട് വിടപറഞ്ഞ് കസ്റ്റംസില്‍ ചേര്‍ന്നപ്പോള്‍ സാലി ആ ജോലിയും ഉപേക്ഷിച്ചു. സാലിയുടെ കൂടുമാറ്റം ഈസ്റ്റ് ബംഗാള്‍ അധൃകൃതരെ നിരാശരാക്കിയെങ്കിലും, അവര്‍ പ്രതികരിച്ചില്ല. ഫോം നഷ്ടപ്പെട്ടു തുടങ്ങിയ സാലി കരിയറിന്റെ അവസാനത്തിലാണെന്ന് അവരും മനസ്സിലാക്കിയിരിക്കണം. 

സാലിയുടെ വിടവാങ്ങലോടെ ഈസ്റ്റ് ബംഗാളില്‍ 'പഞ്ചപാണ്ഡവന്മാരുടെ' കാലത്തിനും തിരശീല വീണു. 1953 സീസണ്‍ ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാവേണ്ടതായിരുന്നു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി നടന്ന വേള്‍ഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ക്ലബ്ബിനു അവസരം കിട്ടിയിരുന്നു. ലോകമെമ്പാടും കമ്മ്യൂണിസ്റ്റുകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് എതിരായും, കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും നടത്തുന്ന ഫെസ്റ്റിവലാണ്. പക്ഷെ, അതില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ക്ലബ്ബിനകത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായി. മീറ്റിങ്ങുകള്‍ നിരവധി നടന്നു. ധന്‍രാജും സാലിയും മോശം ഫോമിലായിരുന്നു. ഒടുവില്‍ സാലി റൊമാനിയ ടൂറിനുള്ള ടീമിലെടുക്കപ്പെട്ടു. പക്ഷെ ധന്‍രാജിനെ ഒഴിവാക്കി. അതോടെ ധന്‍രാജ് രാജസ്ഥാന്‍ ക്ലബ്ബിലേക്ക് കൂടുമാറി. ഈസ്റ്റ് ബംഗാളിന്റെ പേരുകേട്ട മുന്നേറ്റനിരക്കാരില്‍ നിന്നും ആദ്യമായി ക്ലബ്ബിന്റെ പടിയിറങ്ങിയത് അദ്ദേഹമായിരുന്നു. ദിവസങ്ങള്‍ക്കകം കസ്റ്റംസില്‍ ജോലി ലഭിച്ച സാലിയും ക്ലബ്ബുമായുള്ള തന്റെ ഒന്‍പതു സീസണ്‍ നീണ്ട ബന്ധം അവസാനിപ്പിച്ചു. ക്ലബിന് അടുത്ത പ്രഹരം സമ്മാനിച്ച് മോഹന്‍ ബഗാന്‍ വെങ്കടേഷിനെയും റാഞ്ചി. തന്റെ വിടവാങ്ങല്‍ സൂചിപ്പിച്ചിരുന്ന വെറ്ററന്‍ അപ്പ റാവു വളരെ വിരളമായി മാത്രമേ മൈതാനത്തിറങ്ങിയുള്ളൂ. പഞ്ചപാണ്ഡവരില്‍ ബാക്കിയായത് അഹ്മദ് ഖാന്‍ മാത്രം. 

1953നു ശേഷം ഒരിക്കല്‍ പോലും പഞ്ചപാണ്ഡവന്മാര്‍ ഒരുമിച്ച് കൊല്‍ക്കത്ത മൈതാനങ്ങളില്‍ പന്ത് തട്ടിയില്ല. എങ്കിലും,  സാലിയെപ്പോലെ തന്നെ പ്രഗത്ഭരായ ആ മുന്നേറ്റ നിരക്കാര്‍ ഒന്നിച്ചു നിന്ന കാലം ഈസ്റ്റ് ബംഗാളിന്റെയും ആ നഗരത്തിന്റെയും ഫുട്ബോള്‍ കഥകളുടെ ഭാഗമായി തീര്‍ന്നു. 

Content Highlights: Kottayam Saleh indian footballer Fifa World Cup