ഡെവര്‍ സുക്കര്‍ രണ്ടു പതിറ്റാണ്ടിനുശേഷം പുനരവതരിച്ച പോലെയാണ് ഇപ്പോള്‍ ഇവാന്‍ റാക്കിറ്റിച്ച്. രണ്ടു വ്യത്യസ്ത കാലങ്ങളില്‍ നിന്ന് ക്രൊയേഷ്യയ്ക്ക് ഒരേ സ്വപ്നം സമ്മാനിച്ചവരാണിവര്‍. സുക്കര്‍ക്ക് പക്ഷേ, 1998ലെ ലോകകപ്പിന്റെ സെമിയില്‍ സിനദിന്‍ സിദാന്റെയും ലിലിയന്‍ തുറാമിന്റെയും ഫ്രാന്‍സിന് മുന്നില്‍ കാലിടറി. ഫുട്ബോള്‍ ഉണ്ടും ശ്വസിച്ചും സ്വപ്നംകണ്ടും ജീവിക്കുന്ന ക്രൊയേഷ്യക്കാര്‍ ഇപ്പോള്‍ ഭയക്കുന്നത് സെന്റ് ഡെനിയിലെ ആ രാത്രിയെയാണ്. അന്ന് സുക്കര്‍ സിദാന് മുന്നില്‍ വീണതു പോലെ മോസ്‌ക്കോയില്‍ ഇവാന്‍ റാക്കിറ്റിച്ച് ഹാരി കെയ്നിന് മുന്നില്‍ വീഴുമോ എന്നൊരു ആധിയുണ്ട് ബാള്‍ക്കന്‍ യുദ്ധം ബാക്കിവെച്ച ക്രൊയേഷ്യയിലെ പുതിയ തലമുറയ്ക്ക്. 

എന്നാല്‍, അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കെങ്കിലും മുന്നില്‍ തോറ്റുകൊടുക്കാന്‍ മനസ്സുള്ളവനല്ല റാക്കിറ്റിച്ച്. സ്വിറ്റ്സര്‍ലന്‍ഡോ ക്രൊയേഷ്യയോ എന്നൊരു ചോദ്യത്തിന് ചങ്കുറപ്പോടെ ക്രൊയേഷ്യ എന്ന് ഉത്തരം പറഞ്ഞവനാണ് റാക്കിറ്റിച്ച്. കുട്ടിക്കാലത്ത് അച്ഛന്‍ കൊണ്ടുവന്ന ക്രൊയേഷ്യയുടെ ചുവപ്പുകള്ളി ജെഴ്സിയുള്ള പെട്ടി പൊട്ടിച്ചപ്പോള്‍ തുള്ളിച്ചാടിവയനാണ്. ക്രൊയേഷ്യയുടെ ഒരു ലോകകപ്പ് വിജയം മറ്റേത് ക്രൊയേഷ്യക്കാരനേക്കാളും ആഗ്രഹിക്കുന്നുണ്ട് സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ തന്നെ വളര്‍ന്ന ക്രൊയേഷ്യക്കാരനായ റാക്കിറ്റിച്ച്.

ഒരു പതിറ്റാണ്ട് മുന്‍പ് മാത്രം അറുതി വന്ന യുദ്ധത്തിന്റെ ചോരയുണങ്ങാത്ത മനസ്സു പേറുന്ന ക്രൊയേഷ്യക്കാര്‍ക്ക് ഒരു ലോകകപ്പ് വിജയം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മറ്റാരെക്കാളും നന്നായി റാക്കിറ്റിച്ചിന് അറിയാം. 1991ല്‍ യുദ്ധം കൊടുമ്പിരി കൊണ്ട കാലത്ത് ക്രൊയേഷ്യയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേയ്ക്ക് പലായനം ചെയ്തവരാണ് റാക്കിറ്റിച്ചും കുടുംബവും. 'ഞാനും സഹോദരനും ജനിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലാണ്. ക്രൊയേഷ്യയെക്കുറിച്ച് ടി.വിയിലൂടെയും അച്ഛനും അമ്മയും കാണിച്ചു തന്നെ ചിത്രങ്ങളിലൂടെയും അവരുടെ ഫോണ്‍ സംഭാഷണങ്ങളിലൂടെയുമുള്ള പരിചയം മാത്രമേയുള്ളൂ.

കുട്ടികളായ ഞങ്ങള്‍ക്ക് അവിടെ നടക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. യുദ്ധത്തെക്കുറിച്ച് ഞങ്ങളുടെ രക്ഷിതാക്കള്‍ ഒന്നും തന്നെ പറഞ്ഞുതന്നിരുന്നില്ല. അവര്‍ അത് പറയാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഇടയ്ക്ക് ക്രൊയേഷ്യയില്‍ നിന്നുള്ള ഫോണ്‍ വരുമ്പോള്‍ അവര്‍ വിതുമ്പിക്കരയുന്നത് കാണാമായിരുന്നു.

സത്യത്തില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരായിരുന്നു. അകലെ ആയതുകൊണ്ട് അവിടെ നടക്കുന്നതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ടി.വിയില്‍ യുദ്ധത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു. ഇത് അസാധ്യമാണ്. ഇതെങ്ങനെ സംഭവിക്കുന്നു.

രാജ്യം സ്വതന്ത്രമാകുമ്പോള്‍ തന്നെ ദേശീയ ടീം ഫുട്ബോള്‍ കളിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ അച്ഛന്‍ ദേശീയ ടീമിന്റെ ജെഴ്സി അടങ്ങിയ പെട്ടി പൊട്ടിച്ചപ്പോഴുള്ള ആഹ്ളാദം പറഞ്ഞറിയിക്കാനാവില്ല. അന്നു രാത്രി പുറത്ത് പേരൊന്നും എഴുതാത്ത ജഴ്സിയണിഞ്ഞാണ് ഞങ്ങള്‍ ഉറങ്ങിയത്. അന്ന് മറ്റൊരു വേഷവും ഞങ്ങള്‍ക്ക് വേണ്ടായിരുന്നു.

എന്നാല്‍, ഞാന്‍ ആദ്യമായി കളിച്ചത് ക്രൊയേഷ്യയുടെ ജഴ്സിയണിഞ്ഞായിരുന്നില്ല. എന്റെ മറുപാതി രാജ്യമായ സ്വിറ്റ്സര്‍ലന്‍ഡിന്റെ ജഴ്സിയണിഞ്ഞായിരുന്നു ആദ്യത്തെ കളി. ഞാന്‍ അടിമുടി ഒരു സ്വിറ്റ്സര്‍ലന്‍ഡുകാരനായിരുന്നു. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം സ്വിറ്റ്സര്‍ലന്‍ഡില്‍. കൂട്ടുകാരെല്ലാം സ്വിറ്റ്സര്‍ലന്‍ഡുകാര്‍. അതുകൊണ്ട് തന്നെ യൂത്ത് ടീമുകളില്‍ കളിക്കുന്ന കാലത്ത് അഞ്ചു വര്‍ഷം കളിച്ചത് സ്വിറ്റ്സര്‍ലന്‍ഡിന്റെ ജഴ്സിയിലാണ്. എങ്കിലും എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം അപഹരിച്ചത് അപ്പോഴും ക്രൊയേഷ്യ തന്നെയായിരുന്നു.

1998ലെ ലോകകപ്പ് ഞങ്ങള്‍ കണ്ടത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചാണ്. അച്ഛനും സഹോദരനും ഒപ്പമുണ്ടായിരുന്നു. 1992ല്‍ അംഗീകരിക്കപ്പെട്ട് ആറ് കൊല്ലത്തിനുശേഷം ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ ഞങ്ങള്‍ ജര്‍മനിക്കെതിരേ കളിക്കുകയാണ്. തൊണ്ണൂറ് മിനിറ്റും ഞങ്ങളെ അന്ന് സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ആദ്യം കളി കാണൂ. എന്നിട്ടാവാം സംസാരം എന്നായിരുന്നു അച്ഛന്റെ ഉത്തരവ്. അച്ഛന്‍ ആ മത്സരം മതിമറന്ന് കാണുകയായിരുന്നു. അച്ഛനേക്കാള്‍ വലിയൊരു ഫുട്‌ബോള്‍ ഭ്രാന്തന്‍ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. നമ്പര്‍ നാല് ജഴ്‌സിയണിഞ്ഞ ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു അച്ഛന്‍. അച്ഛനെ സംബന്ധിച്ചിടത്തോളം ക്രൊയേഷ്യയും ഫുട്‌ബോളുമാണ് എല്ലാം. ജര്‍മനിക്കെതിരേ ക്രൊയേഷ്യ ജയിച്ചപ്പോള്‍ അച്ഛന്‍ പറക്കുകയാണ്.

ഞാന്‍ കളിക്കേണ്ടത് സ്വിറ്റ്‌സര്‍ലന്‍ഡിനോ ക്രൊയേഷ്യയ്‌ക്കോ വേണ്ടിയാണെന്ന ചോദ്യമുയര്‍ന്നപ്പോള്‍ അച്ഛന്റെ ആശങ്ക എനിക്ക് ഊഹിക്കാമായിരുന്നു. ഞാന്‍ സ്വിസ് കോച്ചിനെ വിളിക്കുമ്പോള്‍ മുറിക്ക് പുറത്ത് അദ്ദേഹത്തിന്റെ കാല്‍പ്പെരുമാറ്റം കേള്‍ക്കാമായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി മാത്രമേ ഞാന്‍ കളിക്കൂ എന്നു കരുതിയ ഒരു കാലമുണ്ടായിരുന്നു. അതായിരുന്നു എന്റെ ടീം. പത്ത് വര്‍ഷം മുന്‍പ് ക്രൊയേഷ്യന്‍ പ്രസിഡന്റ് സ്ലാവല്‍ ബിലിച്ച്, ബാസിലില്‍ എന്റെ കളി കാണാന്‍ വന്നു. പിന്നീട് ഞങ്ങള്‍ സംസാരിക്കുകയും ചെയ്തു. എനിക്ക് ഒരുപാട് ആരാധന തോന്നിയ ആളായിരുന്നു അദ്ദേഹം. എന്നാല്‍, എന്നെ അദ്ദേഹം ഒരിക്കലും സമ്മര്‍ദത്തിലാക്കിയിട്ടില്ല. ടീമിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതിയും അതില്‍ ഞാന്‍ ഭാഗമാകാനുള്ള ആഗ്രഹവും മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്റെ കൂടെ വരൂ. ഞങ്ങളുടെ കൂടെ കളിക്കൂ. എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍, ഒരു തീരുമാനമെടുക്കുക എനിക്ക് എളുപ്പമായിരുന്നില്ല. കുറേക്കാലമായി എന്റെ മസസ്സിലുള്ള ഒരു കാര്യമായിരുന്നു ഇത്. ജര്‍മനിയില്‍ കളിക്കാന്‍ പോകുംമുന്‍പ് തന്നെ ഇക്കാര്യം ഒരു തീരുമാനം ഉണ്ടാവേണ്ടിയിരുന്നു.

rakitic
Photo Courtesy: AFP

ഇതിനെക്കുറിച്ച് മാത്രമാണ് ആ രാത്രി ഞാന്‍ ചിന്തിച്ചത്. ഞാന്‍ എന്റെ ഹൃദയത്തിന് ചെവിയോര്‍ത്ത് എന്നിട്ട് ഫോണ്‍ കൈയിലെടുത്തു. ആദ്യം വിളിച്ചത് സ്വിസ് കോച്ചിനാണ്. ഞാന്‍ ഏറെയും കളിച്ചത് അവര്‍ക്കുവേണ്ടിയായിരുന്നല്ലോ. ക്രെയേഷ്യയ്ക്കുവേണ്ടി കളിക്കുക എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി കളിക്കുക എന്നായിരുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതിനുശേഷമാണ് ഞാന്‍ ക്രൊയേഷ്യന്‍ പ്രസിഡന്റിനെ വിളിക്കുന്നത്.

ആ സമയമത്രയും എന്റെ അച്ഛന്‍ മുറിയുടെ പുറത്തുണ്ടെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ കാലൊച്ച എനിക്ക് കേള്‍ക്കാമായിരുന്നു. മുറി തുറന്നപ്പോള്‍ അദ്ദേഹം എന്നെ തന്നെ നോക്കിനില്‍ക്കുകയായിരുന്നു. ഞാന്‍ എന്ത് തീരുമാനമാനമാണെടുത്തതെന്ന് അദ്ദേഹത്തോട് പറഞ്ഞില്ല. തീരുമാനം എന്തായാലും എനിക്കൊപ്പം നില്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ രണ്ടുപേര്‍ക്കും അതൊരു വല്ലാത്ത നിമിഷമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒന്ന് കളിപ്പിക്കാന്‍ തീരുമാനിച്ചു ഞാന്‍.

ഞാന്‍ പറഞ്ഞു: ഞാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി തന്നെയാണ് കളിക്കാന്‍ പോകുന്നത്. ഓ.. ശരി. നന്നായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നെ ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: ഏയ് അല്ല... ഞാന്‍ ക്രൊയേഷ്യയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. അതു കേട്ടപാതി അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. പിന്നെ പൊട്ടിക്കരയാന്‍ തുടങ്ങി.

ഓരോ തവണ ക്രൊയേഷ്യയ്ക്കുവേണ്ടി കളിക്കാനിറങ്ങുമ്പോഴും ഞാന്‍ അച്ഛനെ ഓര്‍ക്കും. ബൂട്ടണിഞ്ഞ ഞാന്‍ എവിടെ നില്‍ക്കണമെന്നാണ് അച്ഛനും ക്രൊയേഷ്യക്കാരും ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം. അത് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല-റാക്കിറ്റിച്ച് കുറിച്ചു.

Content Highlights: Ivan Rakitic Croatian Footballer Life Story World Cup 2018