'മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണോ ഇതെന്ന് എനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇത് വലിയ വിജയം തന്നെയാണ്. നിലവിലെ ലോകചാമ്പ്യന്‍മാര്‍ക്കെതിരേ ഇങ്ങനെയൊരു തുടക്കം ലഭിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കഠിനധ്വാനത്തിന്റെ ഫലമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഗോളാണിത്. ലോകകപ്പില്‍ കളിക്കുക എന്നത് ഏതൊരു താരത്തിന്റേയും സ്വപ്‌നമാണ്. പക്ഷേ എനിക്ക് ഇത് ഇരട്ടി മധുരമാണ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞില്ലേ'- മെക്‌സിക്കന്‍ തിരമാലയില്‍ ജര്‍മനിയെ മുക്കിയ ഹിര്‍വിങ് ലൊസാനോ കളിയിലെ താരത്തിനുള്ള പുരസ്‌കാരം നേടിയ ശേഷം പറഞ്ഞ വാക്കുകളാണിത്.

അതെ, മെക്‌സിക്കോയെ സംബന്ധിച്ച് അവരുടെ ചരിത്ര വിജയങ്ങളില്‍ ഒന്നു തന്നെയാണിത്. ജോക്കിം ലോയുടെ 23 അംഗ പടയ്‌ക്കെതിരെ പിടിച്ചുനില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. മിറോസ്ലാവ് ക്ലോസയുമായി ഉപമിക്കുന്ന ജര്‍മനിയുടെ യുവസ്‌ട്രൈക്കര്‍ ടിമോ വെര്‍ണറായിരുന്നു മത്സരത്തിന് മുമ്പ് വരെ ചിത്രത്തിലുണ്ടായിരുന്നത്. ജര്‍മന്‍ ലീഗില്‍ കളിക്കുന്ന വെര്‍ണര്‍ ഈ ലോകകപ്പിലെ അത്ഭുത താരമാകുമെന്ന് പ്രവചിക്കുന്നവരും കുറവല്ല. എന്നാല്‍ വെര്‍ണറുടെ അതേ പ്രായമുള്ള 22-കാരന്‍ ലൊസാനോ ഒരൊറ്റ കളിയിലൂടെ തന്നെ ആ കണക്കുകൂട്ടലുകള്‍ പുന:പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു.

ലൊസാനോയുടെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ജര്‍മനിക്കെതിരേ. യോഗ്യതാ റൗണ്ടില്‍ മെക്‌സിക്കോയ്ക്കായി നാല് ഗോളടിച്ച ആത്മവിശ്വാസം ഗ്രൗണ്ടിലിറങ്ങും മുമ്പ് ലൊസാനയ്ക്കുണ്ടായിരുന്നു. അത് വെറുതെയായില്ല.

കൗണ്ടര്‍ അറ്റാക്കിലൂടെ ഹാവിയര്‍ ഹെര്‍ണാണ്ടസ് മുന്നേറിയപ്പോള്‍ പാസ്സ് കൃത്യമായി സ്വീകരിക്കാന്‍ ലൊസാനൊ ഇടതുവിങ്ങിലൂടെ കയറി വന്നിരുന്നു

mexico goal
ബോക്‌സിനുള്ളിലെത്തിയപ്പോഴേക്കും ഹെര്‍ണാണ്ടസ് പന്ത് ലൊസാനയ്ക്ക് കൈമാറി. 

mexico goal

ആദ്യം മെസ്യൂദ് ഓസിലിനെ വെട്ടിച്ച ലൊസാനൊ ഷോട്ടിനായി തയ്യാറായി. 

mexico goal

തൊട്ടുപിന്നാലെ ടോണി ക്രൂസ് ഓടിയത്തിയെപ്പോഴേക്കും ലൊസാനൊ വലങ്കാല്‍ കൊണ്ട് പോസ്റ്റിന്റെ മൂലയിലേക്ക് പന്തെത്തിച്ചിരുന്നു

mexico goal

ഇതോടെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ മെക്‌സിക്കന്‍ ആരാധകര്‍ ആഘോഷങ്ങളിലേക്ക് പൊട്ടിത്തെറിച്ചു

ആ ഗോള്‍ മെക്‌സിക്കന്‍ കമന്ററിയില്‍ ഇങ്ങനെയായിരുന്നു


കളിക്കളത്തിലെത്തിയാല്‍ ഫോമിലാകുന്ന ലൊസാനോ പക്ഷേ ടീമംഗങ്ങള്‍ക്കിടയില്‍ വികൃതി കാട്ടുന്ന പയ്യനാണ്. ലൊസാനോയുടെ വിളിപ്പേര് തന്നെ ചുക്കി എന്നാണ്. സൈഡ് ബെഞ്ചിലിരുന്ന് സഹതാരങ്ങളെ പേടിപ്പിക്കുന്നതാണ്  ഇഷ്ട വിനോദം. താരങ്ങളുടെ പിറകുവശത്തേക്ക് അപ്രതീക്ഷിതമായി ചാടിയാണ് ലൊസാനോ അവരെ പേടിപ്പിക്കുക. ഇത് തന്നെയാണ് ഇങ്ങനെ വിളിപ്പേരിന് പിന്നിലെ കാരണവും. അതേ ചുക്കി ജര്‍മനയുടെ പേരുകേട്ട റൈറ്റ് ബാക്കായ കിമ്മിച്ചിന് ആദ്യ മത്സരത്തില്‍ തന്നെ നല്‍കിയ തലവേദന ചെറുതല്ല. 

ഡച്ച് ക്ലബ്ബായ പി.എസ്.വി എെന്തോവനുവേണ്ടി കളിക്കുന്ന ലൊസാനൊ 34 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് ഈ സീസണില്‍ നേടിയത്. ഡച്ച് ലീഗ് കിരീടം പി.എസ്.വി നേടുന്നതില്‍ ഈ പ്രകടനം നിര്‍ണായകമായി. അടുത്ത സീസണില്‍ ഒരുപക്ഷേ ലിവര്‍പൂളിനോ ആഴ്‌സണലിനോ എവര്‍ട്ടണോ വേണ്ടി ലൊസാനോ കളിച്ചേക്കാം. കാരണം ലോകകപ്പ് തുടങ്ങും മുമ്പ് തന്നെ ലൊസാനോയുടെ പിന്നാലെ ഈ ക്ലബ്ബുകളുണ്ട്.

Content Highlights: Hirving Lozano was impossible to ignore against Germany