ഹാരി എഡ്വേര്‍ഡ് കെയ്ന്‍... പേരു പോലുതന്നെ സ്‌റ്റൈലിഷായ കളിയഴകുമായി മൈതാനത്ത് നിറഞ്ഞ ഇവനാണ് നായകന്‍. വന്‍മരങ്ങള്‍ വിറകൊള്ളുന്ന റഷ്യന്‍മണ്ണില്‍ ഇംഗ്ലണ്ടിനെ വിജയത്തിന്റെ ഭൂമികയില്‍ താങ്ങിനിര്‍ത്തിയ നായകന്‍. ടുണീഷ്യക്കെതിരായ മത്സരത്തില്‍ ഇരട്ടഗോളുമായി മുന്നില്‍നിന്ന് നയിച്ച ഹാരി കെയ്ന്‍ ഏറക്കുറെ ഒറ്റയ്ക്കാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്.

മത്സരത്തിലെ ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ടിനെ ഹാരി മുന്നിലെത്തിച്ചെങ്കിലും ഫര്‍ജാന്‍ സാസിയിലൂടെ ടുണീഷ്യ ഒപ്പമെത്തിയതോടെ മറ്റൊരു സമനില ആരാധകര്‍ മണത്തതാണ്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പൊരുതിയ ഹാരി ഒടുവില്‍ ഇഞ്ചുറി സമയത്തെ ഗോളിലൂടെ ഇംഗ്ലണ്ടിന് വിജയവും നിര്‍ണായകമായ മൂന്നു പോയന്റും സമ്മാനിക്കുകയായിരുന്നു.

കളിയുടെ തുടക്കത്തില്‍ അപാരമായ ആക്രമണ ഫുട്ബോളുമായി ഇംഗ്ലണ്ട് കളം നിറഞ്ഞതോടെ മികച്ച മാര്‍ജിനിലുള്ള വിജയമാണ് എല്ലാവരും പ്രതീക്ഷിച്ചത്. 11-ാം മിനിറ്റില്‍തന്നെ ഹാരിയുടെ ഗോള്‍ വന്നതോടെ ആ പ്രതീക്ഷ ആളിക്കത്തുകയും ചെയ്തു. എന്നാല്‍ ആളിക്കത്തിയ ഇംഗ്ലീഷ് ആക്രമണത്തെ പതുക്കെ തണുപ്പിക്കുന്ന പ്രതിരോധ ഫുട്ബോളിലേക്ക് ടുണീഷ്യ തിരിഞ്ഞതോടെ ഗോള്‍ എന്ന സ്വപ്നം വീണ്ടും പൂവണിയിക്കാന്‍ ഇംഗ്ലണ്ടിനായില്ല.

ബോള്‍ പൊസഷനില്‍ 61-39 എന്ന നിലയിലും ഷോട്ടുകളുടെ എണ്ണത്തില്‍ 18-6 എന്ന നിലയിലും മുന്നിലെത്തിയിട്ടും ഇംഗ്ലണ്ടിന് രണ്ടാം ഗോളെന്ന ലക്ഷ്യത്തില്‍ എത്താതെ പോയപ്പോള്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും സ്‌പെയിനിന്റെയും വഴിയില്‍തന്നെയാണ് അവരുമെന്ന് കരുതിയതാണ്. ഇഞ്ചുറിസമയത്ത് പക്ഷേ, പ്രതിഭയുടെ സ്പര്‍ശം എന്താണെന്ന് അടയാളപ്പെടുത്തി ഹാരി നിര്‍ണായകമായ ഗോളടിച്ചു. 

ആഷ്ലി യങ്ങിന്റെ കോര്‍ണറില്‍നിന്ന് മഗൈ്വര്‍ തലകൊണ്ടു ചെത്തിയിട്ട പന്ത് മനോഹരമായ ഹെഡറിലൂടെ ഹാരി കെയ്ന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നേരത്തേ ഹാരിയുടെ ആദ്യഗോളിനും വഴിയൊരുക്കിയത് ആഷ്ലിങ്ങിന്റെ കോര്‍ണറായിരുന്നു. ആഷ്ലി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് സ്റ്റോണ്‍സ് ഹെഡ് ചെയ്തത് ടുണീഷ്യ ഗോളി തടുത്തിട്ടെങ്കിലും പോസ്റ്റിന് തൊട്ടുമുന്നില്‍ കൃത്യമായി നിലയുറപ്പിച്ചിരുന്ന ഹാരി കെയ്ന്‍ പന്ത് വീണ്ടും വലയിലേക്ക് പായിക്കുകയായിരുന്നു.