യണല്‍ മെസ്സി പെനാല്‍റ്റിയെടുക്കാന്‍ വന്നപ്പോള്‍ തീര്‍ത്തും അക്ഷോഭ്യനായിരുന്നു ഐസ്‌ലന്‍ഡ് ഗോളി ഹാന്‍സ് ഹാല്‍ഡോര്‍സണ്‍. സംവിധായകന്റെ ആജ്ഞയ്ക്ക് കാത്തുനില്‍ക്കുന്ന ഒരു താരത്തെ പോലെയായിരുന്നു. ഒറ്റ കുതിപ്പിന് പറന്ന് മെസ്സിയുടെ കിക്ക് തടഞ്ഞതോടെ അക്ഷരാര്‍ഥത്തിൽ മൂന്നേകാൽ ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ നായകനും ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന മെസ്സി ഫാന്‍സിന്റെ മനസ്സിലെ വില്ലനുമായി ഹാല്‍ഡോര്‍സണ്‍.

ഇത്തരം നായകരും വില്ലന്മാരുമൊന്നും പുതുമയുള്ള കാര്യങ്ങളല്ല ഹാല്‍ഡോര്‍സണ്. കാരണം ആക്ഷന്‍ നിറഞ്ഞ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സ്‌ട്രൈക്കര്‍മാരുടെ നീക്കങ്ങൾ തടയുന്ന ഒരു വെറും ഗോളി മാത്രമല്ല, ഹാല്‍ഡോര്‍സണ്‍. നായകരോടും വില്ലന്മാരോടും സ്റ്റാര്‍ട്ട് ആക്ഷന്‍ പറയുന്ന അറിയപ്പെടുന്ന ഒരു സംവിധായകന്‍ കൂടിയാണ്. സിനിമ പിടിക്കുന്ന കാര്യം വന്നാല്‍ വേണമെങ്കില്‍ കളി ഉപേക്ഷിച്ച് പോകാന്‍ വരെ തയ്യാറുമാണ്.

യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ കീഴിലുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന യൂറോവിഷന്‍ സോങ് മത്സരത്തിന്റെ ഫൈനല്‍ വരെയത്തിയിട്ടുണ്ട് ഹാല്‍ഡോര്‍സണ്‍ സംവിധാനം ചെയ്ത നെവര്‍ ഫൊര്‍ഗെറ്റ് എന്ന ആല്‍ബം. 2012-ല്‍ യൂറോവിഷനില്‍ ഐസ്​ലന്‍ഡില്‍ നിന്നുള്ള എന്‍ട്രിയായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്. നിഗൂഢമായ ഒരു സ്ത്രീക്ക് പിന്നിലൂടെ അവരുടെ രഹസ്യമന്വേഷിച്ച് നടക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഥ വിഷയമാക്കിയതായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്.

ഐസ്​ലന്‍ഡിലെ റെയ്‌ക്കേവിക്കില്‍ ജനിച്ച ഹാല്‍ഡോര്‍സണ്‍ ഒരു കാലത്ത് ഫുട്ബോള്‍ പാര്‍ട്ട് ടൈം ജോലി മാത്രമായിരുന്നു. ചെറുപ്പത്തിലേ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ഹാല്‍ഡോര്‍സണ്‍ 12 വയസ്സുള്ളപ്പോള്‍ തന്നെ തന്റെ ആദ്യ ഹ്രസ്വ ചിത്രം പുറത്തിറക്കി. വിസിആറും വീഡിയോ ക്യാമറയും ഉപയോഗിച്ചായിരുന്നു അന്നത്തെ സിനിമാ പരീക്ഷണങ്ങള്‍.

ഫുട്ബോള്‍ കളിച്ച് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം കിട്ടുക സിനിമ പിടിക്കുമ്പോഴാണെന്നതും ഹാല്‍ഡോര്‍സണിന്റെ സിനിമയോടുള്ള ഇഷ്ടത്തിനുള്ള ഒരു കാരണമായിരുന്നു. സിനിമാപിടിത്തമൊക്കെ കഴിഞ്ഞ് വൈകീട്ട്  അഞ്ച് മണിക്ക് ശേഷം മാത്രമായിരുന്നു പണ്ടൊക്കെ പേരിനുള്ള ഫുട്ബോള്‍ പരിശീലനം.

ആല്‍ബവും ഹ്രസ്വചിത്രവും ചെയ്ത് പ്രതിഭ തെളിയിച്ച ഹാല്‍ഡോര്‍സണ്‍ ഇപ്പോള്‍ ഒരു മുഴുനീള ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഐസ്ലന്‍ഡിലെ ഒറ്റപ്പെട്ട സ്ഥലത്ത് നടക്കുന്ന ഒരു ഗോസ്റ്റ് ത്രില്ലറാണ്  മനസ്സിലുള്ള സിനിമ.

എന്ന് ഫുട്‌ബോള്‍ വിടുന്നുവോ അന്നൊരു മുഴുവന്‍ സമയ സംവിധായകനായി മാറും ഹാല്‍ഡോര്‍സണ്‍. ഫുട്‌ബോള്‍ അവസാനിപ്പിച്ചാല്‍ ജോലി തിരിച്ചുനല്‍കാമെന്ന് പണ്ട് ജോലി ചെയ്തിരുന്ന സാഗാ ഫിലിം വാക്ക് കൊടുത്തിട്ടുണ്ട്.

എന്തായാലും രണ്ട് വര്‍ഷം മുന്‍പത്തെ യൂറോ കപ്പിലും ഇപ്പോള്‍ അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് സമനിലയിലും ഹാല്‍ഡോര്‍സണ്‍ പുറത്തെടുത്ത പ്രകടനം ഒരു ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഹാല്‍ഡോര്‍സണ്‍ ഷൂട്ടിങ്ങിനിടയില്‍

Content Highlights: hannes halldorsson iceland goalkeeper  saves messi's penalty