ഷ്യന്‍ ലോകകപ്പില്‍ സുവര്‍ണപാദുകത്തിനുവേണ്ടിയുള്ള പോരാട്ടം ഇത്തവണ കനക്കും. രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും നാലു ഗോളോടെ ടോപ് സ്‌കോറര്‍പട്ടത്തിനായുള്ള മത്സരം ചൂടുപിടിപ്പിച്ചു. റഷ്യയുടെ ഡെനീസ് ചെറിഷേവും സ്‌പെയിനിന്റെ ഡീഗോ കോസ്റ്റയും മൂന്നു ഗോളോടെ തൊട്ടുപിന്നിലുണ്ട്. ഏഴു താരങ്ങള്‍ ഇരട്ടഗോള്‍ നേടി.

ആദ്യകളിയില്‍ സ്‌പെയിനിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ മൊറോക്കോക്കെതിരേ ഒരുതവണ സ്‌കോര്‍ ചെയ്തു. പാനമയ്‌ക്കെതിരേ ഇരട്ടഗോള്‍ നേടിയ ലുക്കാക്കു രണ്ടാമത്തെ കളിയില്‍ ടുണീഷ്യക്കെതിരേയും രണ്ടുതവണ ലക്ഷ്യംകണ്ടു. ചെറിഷേവും കോസ്റ്റയും രണ്ടു കളിയിലും സ്‌കോര്‍ ചെയ്താണ് മൂന്നു ഗോളോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

റഷ്യയുടെ അര്‍ടെം സ്യൂബ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, ബ്രസിലിന്റെ ഫിലിപ്പ് കുട്ടീന്യോ, നൈജീരിയയുടെ അഹമ്മദ് മൂസ, ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡ്, ഓസ്‌ട്രേലിയയുടെ മിലെ ജഡിനാക്, ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ച് എന്നിവര്‍ രണ്ടു ഗോളോടെ മത്സരരംഗത്ത് സജീവമാണ്. 

കഴിഞ്ഞ ലോകകപ്പില്‍ ആറു ഗോള്‍ നേടിയ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസാണ് ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകം നേടിയത്. 16 ഗോള്‍ നേടിയ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. 

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്ടെയ്നാണ്. 1958-ല്‍ 13 ഗോള്‍. 1954-ല്‍ 11 ഗോള്‍ നേടിയ ഹംഗറിയുടെ സാന്ദോര്‍ കോസിസാണ് രണ്ടാം സ്ഥാനത്ത്. 1970 ലോകകപ്പില്‍ 10 ഗോള്‍ നേടിയ പശ്ചിമജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ മൂന്നാം സ്ഥാനത്തുണ്ട്.