വീട്ടിലെ ചുമരുകളിലാകെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം ഒട്ടിച്ചുവെച്ച കുഞ്ഞു കൈലിയന്‍ എംബാപ്പെയുടെ ചിത്രം ഈ ലോകകപ്പ് ദിനങ്ങളില്‍ പലകുറി കണ്ടിട്ടുണ്ടാകും. ഫ്രാന്‍സിലെ ഓരോ ഫുട്ബോള്‍ താരത്തിന്റെയും കരിയര്‍ രൂപപ്പെട്ടതിന്റെ വ്യക്തമായ ചിത്രമാണ് അത്. നിശ്ചദാര്‍ഢ്യത്തോടെ ഫുട്ബോള്‍ കരിയറാക്കുകയും അതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയരുകയും ചെയ്ത കൈലിയന്‍ എംബാപ്പെയുടേതിന് സമാനമാണ് അന്റൊയിന്‍ ഗ്രീസ്മാന്റെയും സാമുവല്‍ ഉംറ്റിറ്റിയുടെയും പോള്‍ പോഗ്ബയുടെയുമൊക്കെ ജീവിതം.

ഫുട്ബോളിനെ പിന്തുടരുക. അതിലൂടെ എത്താവുന്നിടത്തോളം എത്തുക. അതായിരുന്നു ഇവരുടെയൊക്കെ ജീവിതമന്ത്രം. ലോകകപ്പ് നെഞ്ചോടുചേര്‍ത്തുനില്‍ക്കുമ്പോള്‍, അവരുടെ മനസ്സിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടാവുക ഈ മുഹൂര്‍ത്തത്തിനുവേണ്ടി ജീവിതത്തില്‍ വേണ്ടെന്നുവെച്ച കുട്ടിക്കാലത്തെയും കൗമാരകാലത്തെയുമൊക്കെ കൗതുകങ്ങളായിരിക്കും.

താന്‍ ഫ്രാന്‍സിനുവേണ്ടി ബൂട്ടണിയുമെന്നും താന്‍ കളിക്കുന്ന ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടുമെന്നും താന്‍ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടുമെന്നും ഒമ്പതാം വയസ്സില്‍ത്തന്നെ എംബാപ്പെ മനസ്സിലുറപ്പിച്ചിരുന്നുവെന്ന് ആ കളിക്കാരനെ ഏറെക്കാലമായി അടുത്തുകാണുന്ന റൊണാന്‍ ബോഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ പറയുന്നു. എങ്ങനെ ഓരോഘട്ടത്തിലും മനസ്സിലുറപ്പിച്ച എംബാപ്പെ സ്വയം രൂപപ്പെടുത്തിയതാണ് അവന്റെ കരിയര്‍. ക്രിസ്റ്റ്യാനോയുടെ ചിത്രമൊട്ടിച്ചുവെച്ചത്, ഒരുനാള്‍ തന്റെ ചിത്രം അനേകം കുട്ടികളുടെ ചുവരുകളില്‍ നിറയ്ക്കണമെന്ന ഉത്തമമായ ആഗ്രഹത്തോടെയായിരുന്നു.

തന്റെ ആരാധനാമൂര്‍ത്തിക്കൊപ്പം ഒരേകാലത്ത് കളിക്കാന്‍ സാധിക്കുകയും അദ്ദേഹത്തിന്റെപോലും ആരാധന നേടിയെടുക്കുന്ന തരത്തിലേക്ക് വളരുകയും ചെയ്യുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ പ്രതിഭയാകുന്നത്. എംബാപ്പെയുടെ കുതിപ്പുകണ്ട് 'ഇവനെത്ര മിടുക്ക'നെന്ന് ഇതിനകം പലകുറി ക്രിസ്റ്റ്യാനോ മനസ്സില്‍ പറഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. ലോകകപ്പിലെ മികച്ച യുവതാരമായി മടങ്ങുമ്പോള്‍, എംബാപ്പെയ്ക്കുമുന്നില്‍ വിശാലമായ കരിയര്‍ തുറന്നുകിടക്കുകയാണ്.

യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ചുവെന്നതാണ് ഫ്രഞ്ച് വിജയത്തിന്റെ ആണിക്കല്ല്. ശരാശരി 26 വയസ്സാണ് ഈ ടീമിന്റെ പ്രായം. 1998-ല്‍ കിരീടം നേടിയ ടീമിനെക്കാളും ചെറുപ്പമാണ് ഈ ടീമിന്. പ്രായത്തെപ്പോലെ, ഈ ഫ്രഞ്ച് ടീമിനും 1998-ലെ ടീമിനെപ്പോലെ വ്യത്യസ്ത വംശീയതകള്‍ കൂടിച്ചേരുന്നതുകൊണ്ടുള്ള നിറപ്പകിട്ടും അധികോര്‍ജവും അവകാശപ്പെടാനുണ്ട്. 1998-ലെ ലോകകപ്പ് ടീമിനെ വിളിച്ചിരുന്നത് റെയിന്‍ബോ ടീം എന്നായിരുന്നു. ഫ്രാന്‍സ് എന്ന ഏകത്വത്തിനായി പോരാടുന്ന നാനാദേശങ്ങളിലെ വംശീയത പേറുന്ന താരങ്ങളാണ് ആ പേരിന് പിന്നില്‍.

വംശീയതയോ, വിവേചനമോ, വിദ്വേഷപ്രചാരണമോ ഒന്നുമില്ലാത്ത ഫ്രാന്‍സില്‍ എല്ലാവരും സന്തുഷ്ടരാണ് -1998ലെ ചാമ്പ്യന്‍ ടീമിലംഗമായിരുന്ന മാഴ്സല്‍ ദെസേയിയുടെ മാതാപിതാക്കള്‍ അന്നുപറഞ്ഞത് ഒരുപക്ഷേ, ഉംറ്റിറ്റിയുടെയും എംബാപ്പെയുടെയുമൊക്കെ മാതാപിതാക്കളും പറയുന്നുണ്ടാകും. മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും കരുതലിന്റെയും ആ വിശാലമനസ്‌കതയാണ് 1990-ലും 1994-ലും യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഫ്രാന്‍സിനെ 1998-ല്‍ ചാമ്പ്യന്മാരാക്കിയത്. 2002-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഫ്രാന്‍സ് 2006-ല്‍ ഫൈനലിലെത്തി.

ഫ്രാന്‍സ് ഫുട്ബോളിന്റെ സര്‍വകലാശാലയാണ്. ബ്രസീല്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ ഫുട്ബോള്‍താരങ്ങളെ കയറ്റിയയക്കുന്ന രാജ്യങ്ങളിലൊന്ന്. ഫ്രഞ്ച് ലീഗ് യൂറോപ്പില്‍ അഞ്ചാമതാണെങ്കിലും മുന്നിലുള്ള നാല് ലീഗുകളും താരനിബിഡമാകുന്നത് ഫ്രഞ്ചുതാരങ്ങളാലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫ്രഞ്ച് താരങ്ങള്‍മാത്രം ഫസ്റ്റ് ഇലവനില്‍ കളിച്ചിരുന്ന കാലം ആഴ്സനലിനുണ്ടായിരുന്നു. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുപതുലക്ഷത്തോളം കളിക്കാരും ഇരുപതിനായിരത്തോളം ക്ലബ്ബുകളും ഫ്രാന്‍സിലുണ്ട്. 

ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഒളിമ്പിക് ലിയോണ്‍ കിരീടം നേടിയിരുന്ന കാലത്ത്, ഓരോ തവണയും അവിടെനിന്ന് മറ്റു വലിയ ലീഗുകളിലേക്ക് ചേക്കേറുന്ന താരങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഈ ചേക്കേറല്‍ ഏറിയതോടെ, ഏഴുതവണ ചാമ്പ്യന്മാരായതോടെ, ലിയോണിന്റെ ആവനാഴി വറ്റിവരളുകയും ചെയ്തു. താരങ്ങള്‍ പുറത്തേക്കുമാത്രം പോയിരുന്ന ഫ്രാന്‍സിലേക്ക് മറ്റുരാജ്യങ്ങളില്‍നിന്നുള്ള മുന്‍നിര താരങ്ങള്‍ തിരിച്ചെത്താന്‍ തുടങ്ങിയത് പാരീസ് സെയ്ന്റ് ജര്‍മൈന്റെ സമീപകാലത്തുണ്ടായ വളര്‍ച്ചയോടെയാണ്.

Content highlights : Kylian Mbappe, FIFA World Cup 2018,  Antoine Griezmann, Paul Pogba,Kylian Mbappe, N'Golo Kante