നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ റൗണ്ടില്‍ തകര്‍ന്നടിഞ്ഞു. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ട ജര്‍മനി സ്വീഡനെ രണ്ടാം മത്സരത്തില്‍ 2-1 ന് പരാജയപ്പെടുത്തി പ്രാണവായു തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയയുമായുള്ള മത്സരത്തില്‍ അവിശ്വസനീയമാംവിധം ജര്‍മന്‍നിര തകര്‍ന്നടിഞ്ഞു. 2014 ലെ ലോക ചാമ്പ്യന്മാരുടെ നിഴല്‍ പോലുമാകാന്‍ 2018 ലെ ജര്‍മനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

നിലവിലെ ലോകചാമ്പ്യന്‍മാര്‍ ലോകകപ്പിലെ ആദ്യറൗണ്ടില്‍ പുറത്താകുന്ന ദുരന്തം ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത്. 2006 ലെ ജേതാക്കളായ ഇറ്റലി 2010 ലെ ലോകകപ്പില്‍ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തുപോയി. ഗ്രൂപ്പ് എഫില്‍ ആദ്യത്തെയും രണ്ടാമത്തെയും മത്സരത്തില്‍ സമനില പിടിച്ച ഇറ്റലി സ്ലോവാക്യയുമായുള്ള മൂന്നാം മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ലോകകപ്പില്‍ നിന്ന് പുറത്ത് പോയി. 

2010 ലെ ജേതാക്കളായ സ്‌പെയിന്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് 2014ൽ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങിയത്. ഹോളണ്ടിനെതിരേ 5-1നും ചിലിയോട് 2-0നും തോറ്റതോടെയാണ് സ്‌പെയിന്‍ പ്രീ-ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയത്. തുടര്‍ച്ചയായി രണ്ട് യൂറോകപ്പും ഒരു ലോകകപ്പും നേടിയ സ്‌പെയിനിന്റെ പതനം ഏറെ ഞെട്ടലോടെ അന്ന് ആരാധകര്‍ കണ്ടുനിന്നത്.

2014ലെ ജേതാക്കളായ ജർമനിയും ഇപ്പോഴിതാ ചാമ്പ്യന്മാരുടെ ശാപത്തിൽ നിന്ന് മുക്തരാവാതെ മടങ്ങുന്നു.

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് ആറാമത്തെ തവണയാണ് ലോകചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താവുന്നത്. മേല്‍പ്പറഞ്ഞ പരാജയങ്ങള്‍ക്ക് പുറമെ 1950 ല്‍ ഇറ്റലിയും 1966 ല്‍ ബ്രസീലും 2002 ഫ്രാന്‍സും ഒന്നാം റൗണ്ടില്‍ അടിതെറ്റിവീണു.

1938ല്‍ ഹംഗറിയെ 4-2 ന് പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായി. രണ്ടാം ലോകമഹായുദ്ധത്തിന് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീടൊരു ലോകകപ്പ് നടക്കുന്നത്. അന്ന് ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് മൂന്നിലായിരുന്നു ഇറ്റലിയും. ആ ലോകകപ്പില്‍ ഇന്ത്യ കളിച്ചില്ല. ഇന്ത്യയുടെ പിന്‍മാറ്റത്തിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അന്ന് ആദ്യത്തെ മത്സരത്തില്‍ സ്വീഡനോട് 2-3 ന് പരാജയപ്പെട്ട ഇറ്റലി പാരാഗ്വയുമായുള്ള മത്സരത്തില്‍ 2-0 ത്തിന് വിജയിച്ചിരുന്നുവെങ്കിലും സ്വീഡന് പിന്നിലായതോടെ അസൂറികളുടെ സ്വപ്‌നം ആദ്യ റൗണ്ടില്‍ പൊലിഞ്ഞു. 

1966-ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ലോകകപ്പില്‍ ബ്രസീലിനെയും സമാനമായ ദുരന്തം പിടികൂടി. 1962-ലെ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പ് പോരാട്ടത്തില്‍ ഒരു മത്സരത്തില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളു. പോര്‍ച്ചുഗല്‍, ഹംഗറി, ബള്‍ഗേറിയ എന്നീ രാജ്യങ്ങളായിരുന്നു ബ്രസീലിന്റെ ഗ്രൂപ്പില്‍. ബള്‍ഗേറിയക്കെതിരെയുള്ള പോരാട്ടത്തില്‍ സൂപ്പര്‍താരങ്ങളായ പെലെയും ഗരിഞ്ചയും ഒരോ ഗോള്‍ വീതം നേടി വിജയം ആവര്‍ത്തിച്ചു. തുടര്‍ച്ചയായുള്ള മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടിയ റെക്കോഡും ഇരുവരും സ്വന്തമാക്കി. എന്നാല്‍ ബള്‍ഗേറിയയുടെ അക്രമോത്സുകമായ പ്രതിരോധം പെലെയ്ക്ക് പരിക്ക് സമ്മാനിച്ചു. തുടര്‍ന്ന് അടുത്ത മത്സരത്തില്‍ പെലേയ്ക്ക് കളിക്കാന്‍ സാധിച്ചില്ല, ഇത് ബ്രസീലിന് കടുത്ത തിരിച്ചടിയായി. തുടര്‍ന്നുള്ള മത്സരത്തില്‍ 1-3 ന് ഹംഗറിയോടും  1-3 ന് പോര്‍ച്ചുഗലിനും പരാജയപ്പെട്ട ബ്രസീല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി.

1998-ല്‍ സ്വന്തം മണ്ണില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സായിരുന്നു 2002ലെ ഇര. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ഒരു സമനില മാത്രമായിരുന്നു ഫ്രാന്‍സിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരായ സെനഗലിനോടു 1-0 ത്തിന് തോറ്റ ചാമ്പ്യന്മാര്‍ ഉറുഗ്വെക്കെതിരേ സമനില നേടിയെങ്കിലും അവസാന കളിയില്‍ ഡെന്മാര്‍ക്കിനോട് 2-0 ത്തിന് കീഴടങ്ങിയതോടെ ഗ്രൂപ്പില്‍ ഏറ്റവും അവസാനസ്ഥാനക്കാരായി ലോകകപ്പില്‍ നിന്ന് പുറത്ത് പോയി.