ർജന്റീനയ്ക്കെതിരായ മത്സരത്തിന് മുൻപ് വിക്ടർ മോസസിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു സൂപ്പർ ഈഗിൾസിന്റെ കോച്ച് ഗെർനട്ട് ഗോർ. ആദ്യ രണ്ട് മത്സരങ്ങളിലെ ഫോമില്ലായ്മ തന്നെ കാരണം. ഐസ്​ലൻഡിനെതിരായ മത്സരത്തിൽ മോസസിനെ വിങ്ബാക്ക് സ്ഥാനത്തേയ്ക്ക് പിൻവലിക്കുക വരെ ചെയ്തിരുന്നു റോർ. ഇതിൽ നിരാശനായ മോസസിനെ അനുനയിപ്പിക്കാൻ നൈജീരിയൻ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷന് ഇടപെടേണ്ടിവരെ വന്നു. അവസാന നിമിഷം ടീമിലെത്തിയ മോസസ് ടീമിന്  മധുരം സമ്മാനിക്കുക മാത്രമല്ല, കോച്ചിനോട് മധുര പ്രതികാരം ചെയ്യുക കൂടിയായിരുന്നു. അർജന്റീനയെ മറികടക്കാനായില്ലെങ്കിലും മോസസിന്റെ പെനാൽറ്റി ഗോളിൽ കുറച്ചു നേരത്തേയ്ക്കെങ്കിലും നൈജീരിയയയുടെ നോക്കൗട്ട് സ്വപ്നങ്ങൾ പൂത്തുനിന്നു.

എന്നാൽ, അമ്പത്തിയൊന്നാം മിനിറ്റിൽ ഹാവിയർ മഷരാനോ സമ്മാനിച്ച പെനാൽറ്റിയിൽ ഗോളി അർമാനിയെ കബളിപ്പിച്ച് പന്ത് മെല്ലെ വലയിലയ്ക്ക് തള്ളിയിടുമ്പോൾ മോസസിന്റെ ഉള്ളിൽ നിറഞ്ഞത് ഗ്യാലറിയയിലെ നിലയ്ക്കാത്ത ആരവങ്ങളായിരുന്നില്ല. ഒരായിരം ആരവങ്ങൾ കൊണ്ട് നിശബ്ദമാക്കാനാവാത്ത വെടിയൊച്ചകളുടെയും നിലവിളികളുടെയും കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. ചുടുചോരയുടെ മണമായിരുന്നു. അച്ഛന്റെയും അമ്മയുടെയും മറിവേറ്റ, മരവിച്ച ജഡങ്ങളായിരുന്നു.

നൈജീരിയയിലെ കഡുനയിലെ വർഗീയ കലാപത്തിൽ പാസ്റ്ററായിരുന്ന അച്ഛനും അമ്മയും കൊല്ലപ്പെടുമ്പോൾ തെരുവിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനൊന്ന് വയസ്സുകാരൻ മോസസ്.  കൂട്ടുകാരാണ് അവനെ കലി തുള്ളി നടന്ന കലാപകാരികളിൽ നിന്ന് ഒളിപ്പിച്ചത്. അവൻ പിന്നെ നൈജീരിയയിൽ നിന്നില്ല. ബന്ധുക്കൾ പണം പിരിച്ച് അവനെ ഇംഗ്ലണ്ടിലേയ്ക്ക് ഒളിച്ചു കടത്തി. തെക്കൻ ലണ്ടനിലെ ഒരു കുടുംബമാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മോസസിനെ വളർത്തിയത്.

moses

സ്റ്റാൻലി ടെക്നിക്കൽ ഹൈ സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകങ്ങളേക്കാൾ വലിയ കൂട്ട് ഫുട്ബോളായിരുന്നു. ട്രാൻഡ്രിജ് ലീഗിൽ കോസ്മോസിനുവേണ്ടിയാണ് കളിച്ചു തുടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ക്രിസ്റ്റൽ പാലസിലും വീഗൻ അത്​ലറ്റിക്കിലും ചെൽസിയിലും ലിവർപൂളിലും സ്റ്റോക് സിറ്റിയിലും വെസ്റ്റ്ഹാമിലുമായി കത്തിക്കയറി. ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിലും കളിച്ചു. ഇംഗ്ലണ്ടിന്റെ സീനിയർ ടീമിൽ ഇടം ലഭിക്കാതായതോടെയാണ് 2012ൽ ജന്മനാട്ടിലേയ്ക്ക് മടങ്ങിയത്. നൈജീരിയക്കുവേണ്ടി ഇതുവരെയായി ഇരുപത് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. 2013ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

Conetent Highlights: Fifa WorldCup Argentina Nigeria Victor Moses Penalty Religious riots in Kaduna